മീന്‍ കോട്ടയം
text_fieldsകോട്ടയത്തു നിന്നും ചങ്ങനാശ്ശേരിയിലേക്കുള്ള യാത്രയില്‍ ആരും രുചിയുള്ള ഭക്ഷണം കഴിക്കാനിറങ്ങുന്ന ഒരു സ്ഥലമുണ്ട്. എം.സി റോഡരികില്‍ പള്ളം ജങ്ഷനിലെ കരിമ്പുംകാല റസ്റ്റാറന്‍റിന് മുന്നില്‍. അത് മറ്റൊന്നിനുമല്ല, നല്ല നാടന്‍ഭക്ഷണം കഴിക്കാനാണ്. മീനാണ് ഇവിടത്തെ സ്പെഷല്‍. അതും കരിമീന്‍ തന്നെ. കുടുംബത്തോടെ ആള്‍ക്കാര്‍ വന്നു ഭക്ഷണം കഴിച്ചു പോവുകയാണിപ്പോള്‍. മീന്‍രുചി നാവിന്‍തുമ്പില്‍ പിടിച്ചാല്‍ പിന്നെ രക്ഷയില്ല. ഓരോ ദിവസവും വരുന്നവരുടെ എണ്ണം വര്‍ധിക്കുകയാണിപ്പോള്‍. പി. ഭാസ്കരന്‍ പണ്ട് റസ്റ്റാറന്‍റിനെക്കുറിച്ച് പാട്ടുപോലും എഴുതിയിട്ടുണ്ട്. എം.എ. ബേബി, കോടിയേരി ബാലകൃഷ്ണന്‍, പി.ജെ. ജോസഫ് എന്നിവരുമത്തെി ഭക്ഷണം കഴിക്കാറുണ്ട്. മോഹന്‍ലാല്‍ മുതല്‍ കുഞ്ചാക്കോ ബോബന്‍ വരെ ഇവിടത്തെ രുചി അറിഞ്ഞിട്ടുണ്ട്.
രുചിയുടെ ഗ്രാമീണതയാണ് കരിമ്പുംകാല എന്നുപറയാം. കൃത്രിമമായി ഒന്നും ചേരുവയായി ചേര്‍ക്കാറില്ല. പാക്കറ്റില്‍ കിട്ടുന്ന മസാലക്കു പകരം ഇവര്‍തന്നെ പൊടിച്ചെടുക്കുന്ന മസാലക്കൂട്ടാണ് കറികളില്‍ ചേര്‍ക്കുന്നത്. ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനൊപ്പം കുക്കറില്‍ വേവിക്കുന്ന സമ്പ്രദായവും ഇവിടില്ല. തീ കത്തിച്ച് മണ്‍ചട്ടിയിലും ഓട്ടുരുളിയിലുമാണു പാചകം. തിരക്കു വര്‍ധിച്ചതോടെ ഗ്യാസ് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. പണ്ടൊക്കെ ഉരലില്‍ ഇടിച്ചെടുത്താണ് മുളകും മല്ലിയുമൊക്കെ പാചകത്തിന് ഉപയോഗിച്ചിരുന്നത്. ജോലിക്കാരുണ്ടെങ്കിലും അച്ഛന്‍െറയും മകന്‍െറയും പൂര്‍ണമായ മേല്‍നോട്ടത്തിലാണെല്ലാം. രാവിലെ പാലപ്പവും താറാവുകറിയുമായാണ് ഇവിടെ ദിനം ആരംഭിക്കുന്നത്. ഉച്ചക്ക് പരമ്പരാഗത രീതിയില്‍ നോണ്‍വെജ് ഊണ്. ഊണിനൊപ്പമുള്ള ചുണ്ടുതോരനും മാങ്ങാ അച്ചാറും പ്രശസ്തമാണ്.
1958ലാണ് റസ്റ്റാറന്‍റ് ആരംഭിക്കുന്നത്. ഒരിക്കല്‍ വന്നു കഴിച്ചിട്ടു പോയാല്‍ പിന്നെ കോട്ടയത്തു വരുന്നവരെല്ലാം ഇവിടെ വന്നിട്ടേ മടങ്ങൂ. അത്രക്കാണ് കരിമ്പുംകാലയുടെ രുചി രഹസ്യം. അപ്പര്‍ കുട്ടനാട്ടിലെ മലരിക്കലില്‍ ജനിച്ച അടിവാരത്തില്‍ എം.കെ. ഭാസ്കരനാണ് കായല്‍കടന്ന് ഇവിടെയത്തെി ഭക്ഷണശാല തുടങ്ങിയത്. ഇപ്പോള്‍ ഭാസ്കരന്‍െറ മകന്‍ എ.ബി. ശശിയും മകന്‍ പ്രമിയുമാണ് റസ്റ്റാറന്‍റിന്‍െറ പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കുന്നത്. റസ്റ്റാറന്‍റിന് സമീപമാണ് ഇവരുടെ വീട്. ഭാസ്കരന്‍െറ അമ്മ ജാനകിയമ്മയില്‍ നിന്നാണ് ഇവര്‍ക്ക് ഈ കൈപ്പുണ്യം ലഭിച്ചത്. ആദ്യ കാലത്ത് കപ്പ, ബീഫ്, മീന്‍ എന്നിവ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഇന്ന് അപ്പം, പുട്ട്, ചപ്പാത്തി, കപ്പ, പൊറോട്ട, ഊണ്, താറാവുകറി, താറാവ് റോസ്റ്റ്, കോഴിക്കറി, കരിമീന്‍ പൊള്ളിച്ചത്, ചെമ്മീന്‍, ഞണ്ട് റോസ്റ്റ്, കരിമീന്‍ മപ്പാസ്, കൊഞ്ച്, പൊടിമീന്‍ ഫ്രൈ എന്നിവയുമുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരും എഴുത്തുകാരുമെല്ലാം ഭക്ഷണം കഴിക്കാന്‍ എത്താറുണ്ട്.
കെ.പി. ഉമ്മര്‍, അടൂര്‍ഭാസി, വയലാര്‍, പി. ഭാസ്കരന്‍, തകഴി, കൊട്ടാരക്കര ശ്രീധരന്‍നായര്‍, തിക്കുറിശ്ശി, പി. കേശവദേവ്, മുട്ടത്തു വര്‍ക്കി, എസ്.പി. പിള്ള, മനോജ് കെ. ജയന്‍, എം.ജി. രാധാകൃഷ്ണന്‍, വയലാര്‍ ശരത് ചന്ദ്രവര്‍മ, മേരി റോയ്, ജോണി ആന്‍റണി, വിജയരാഘവന്‍, ഐ.വി. ശശി, സീമ, കെ.പി.എ.സി ലളിത, സി.വി. ബാലകൃഷ്ണന്‍, എം.ജി. ശ്രീകുമാര്‍, നവ്യാനായര്‍ ഉള്‍പ്പെടെയുള്ള നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും എഴുത്തുകാരുമെല്ലാം ഇവിടെയത്തെി ഭക്ഷണം കഴിച്ചിട്ടുണ്ട്. ചിലരൊക്കെ പലതവണ വന്നിട്ടുണ്ട്. പുട്ട്-ചെമ്മീന്‍ റോസ്റ്റ്, പുട്ട്-താറാവുകറി, ചപ്പാത്തി-ചിക്കന്‍ റോസ്റ്റ്, അപ്പം-താറാവു റോസ്റ്റ് എന്നിവയാണ് ഇവിടത്തെ ജനപ്രിയ വിഭവങ്ങള്‍. കൊഴുവ വറുത്തതും മറ്റൊരു വിഭവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.