ആസ്ട്രേലിയക്കാരുടെ പൊതു ആഹാരം
text_fieldsഭക്ഷണം വളരെ ആസ്വദിച്ച് രുചിയറിഞ്ഞു കഴിക്കുന്നവരാണ് പൊതുവെ ആസ്ട്രേലിയക്കാർ. മാംസ ഭക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്ന ഇവിടെയുള്ളവരുടെ ഇഷ്ട വിഭവങ്ങൾ വളരെ വ്യത്യസ്തമാണ്. പ്രാതലിന് ഓട്ട്സ്് പോലുള്ള ധാന്യങ്ങൾ വേവിച്ചത് അല്ലെങ്കിൽ ബ്രഡ് ടോസ്റ്റിനോടൊപ്പം വെജിമൈറ്റ് എന്ന ഫുഡ് പേസ്റ്റുമാണ് കൂടുതലായി ഉപയോഗിക്കുന്നത്. ജാം പോലെ ടിന്നുകളിൽ ലഭിക്കുന്ന ഒരു പരമ്പരാഗത ആസ്ട്രേലിയൻ വിഭവമാണ് വെജിമൈറ്റ്. പാൽ പുളിപ്പിച്ചുണ്ടാക്കുന്ന യോഗ്ഹർട്ടിൽ വിവിധതരം പഴങ്ങൾ അരിഞ്ഞു ചേർത്തതും പ്രാതലിനുള്ള വിഭവങ്ങളാണ്.
റോസ്റ്റ് ചെയ്ത ഇറച്ചി, നമ്മുടെ കട് ലറ്റിനോട് വിദൂര സാമ്യമുള്ള പാറ്റീസ്, സ്റ്റീക്, ബേക്കൺ എന്നിവയും ഇവിടത്തുകാരുടെ രാത്രി വിഭവങ്ങളാണ്. ഇവയുടെ കൂടെയെല്ലാം വെജിറ്റബ്ൾ സലാഡുകളുമുണ്ടാകും. കൂടെ അൽപം മധുരത്തിെൻറ മേമ്പൊടിയായി ആപ്പിൾ പൈയോ കേക്കോ ഉണ്ടാകും. അല്ലെങ്കിൽ ഐസ്ക്രീമോ ജെല്ലി സ്ലൈസുകളോ ചൂടുള്ള ചോക്ലറ്റ് ഡ്രിങ്കോ മിൽക്ക് ഷേക്കുകളോ കാണും.
മലയാളികൾക്ക് ഇഷ്ടമായതും കേരളത്തിലുള്ളവർക്ക് എളുപ്പത്തിൽ പാചകം ചെയ്യാവുന്നതുമായ ഏതാനും ആസ്ട്രേലിയൻ വിഭവങ്ങളാണ് ഇവിടെ. കുറച്ചു വർഷങ്ങളായി സൗത്ത് ആസ്ട്രേലിയയിലെ അഡലെയ് ഡിൽ സർക്കാർ സർവിസിൽ ജോലി ചെയ്യുന്ന എറണാകുളം തൃപ്പൂണിത്തുറ സ്വദേശി സുവർണ മഹേഷ് ആണ് പുതുമയാർന്ന വിഭവങ്ങൾ പരിചയപ്പെടുത്തുന്നത്.
മൊസൈക് ജെല്ലി പുഡിങ്
എളുപ്പത്തിൽ തയാറാക്കാവുന്നതും ഏവർക്കും പ്രിയങ്കരവുമായ മധുര പലഹാരമാണ് മൊസൈക് ജെല്ലി പുഡിങ്. ആസ്ട്രേലിയയിൽ ക്രിസ്മസ്കാലങ്ങളിൽ മറ്റു പലഹാരങ്ങളെന്ന പോലെ തന്നെ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണിത്.
ചേരുവകൾ:
- പാക്കറ്റ് ജെല്ലി പൗഡർ –ആറ് പാക്കറ്റ്
- തിളച്ചവെള്ളം –ഒരു പാക്കറ്റ് ജെല്ലി പൗഡറിന് ഒരു കപ്പ് വീതം
- ജെലറ്റിൻ –20 ഗ്രാം
- കണ്ടൻസ്മിൽസ്–1 ടിൻ
- തിളച്ച വെള്ളം –ഒന്നര കപ്പ്
തയാറാക്കേണ്ടവിധം:
പാക്കറ്റിലുള്ള ജെല്ലി പൗഡർ ഓരോന്നും ആറു പാത്രങ്ങളിലായി ഒരു കപ്പ് തിളച്ച വെള്ളം വീതം ചേർത്ത് കലക്കി മാറ്റിവെക്കുക. ഈ മിശ്രിതം ചൂടാറിക്കഴിഞ്ഞ ശേഷം ഫ്രിഡ്ജിൽ രണ്ടു മണിക്കൂർ സെറ്റാകുന്നതു വരെ വെക്കുക. ശേഷം, ഓരോ പാത്രത്തിലെ ജല്ലിയും ശ്രദ്ധയോടെ ചതുരത്തിൽ മുറിച്ച് വലിയൊരു ഗ്ലാസ്പാത്രത്തിലേക്ക് പകർത്തുക. ശേഷം, ജലറ്റിൻ പൗഡർ (20 ഗ്രാം) മറ്റൊരു പാത്രത്തിലെടുത്ത് അതിലേക്ക് ഒന്നര കപ്പ് തിളച്ച വെള്ളം ചേർത്ത് അലിയും വരെ ഇളക്കുക. ഇതിലേക്ക് ചൂടാറിയ ശേഷം മാത്രം, ഒരു ടിൻ കണ്ടൻസ്മിൽക് ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം, നേരത്തേ മുറിച്ചു വെച്ചിരിക്കുന്ന ജെല്ലിയുടെ പാത്രത്തിലേക്ക് പകരുക. വളരെ സൂക്ഷിച്ച് ഓരോ ജല്ലിയും ക്രമത്തിൽ സാവധാനം ഇളക്കി യോജിപ്പിക്കുക. ശേഷം, ഫ്രിഡ്ജിൽ കുറഞ്ഞത് ആറു മണിക്കൂർ സെറ്റാകുന്നതുവരെ വെക്കുക. ശേഷം, ഇഷ്ടമുള്ള ആകൃതിയിലോ ചതുരാകൃതിയിലോ മുറിച്ച് ഉപയോഗിക്കാം. വളരെ സ്വാദിഷ്ഠമായ മഴവില്ലിെൻറ വർണങ്ങളോടു കൂടിയ മൊസൈക് ജെല്ലി പുഡിങ് തയാർ. (85 ഗ്രാം വീതം വിവിധ ഫ്ലേവറുകളിലുള്ള ജെല്ലി പൗഡർ ആണ് വേണ്ടത്)
പാലക്ക് ചീസ് പഫ്സ്
ചേരുവകൾ:
- സവാള –ഒരെണ്ണം ചെറുതായി അരിഞ്ഞത്
- വെജിറ്റബ്ൾ ഓയിൽ –2 ടീസ്പൂൺ
- പാലക്ക് –2 കപ്പ് അരിഞ്ഞത്
- ഉപ്പ് –കാൽ ടീസ്പൂൺ
- grated cheese -100 ഗ്രാം
- എഗ്ഗ് –1 (വേണമെങ്കിൽ)
- പഫ് പാസ്സ്ട്രി ഷീറ് –1 പാക്കറ്റ്
- ബട്ടർ –250ഗ്രാം
തയാറാക്കേണ്ടവിധം:
ഓവൻ 200 ഡിഗ്രി ചൂടാക്കിവെക്കുക. സവാള പൊടിയായരിഞ്ഞതും ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് പാലക്ക് ചീര ഇട്ട് വഴറ്റിയ ശേഷം ചീകിയെടുത്ത ചീസ് (grated cheese) ചേർത്ത് നന്നായി യോജിപ്പിക്കുക. മുട്ട ആവശ്യമെങ്കിൽ മാത്രം വേറെ തന്നെ സ്ക്രാമ്പിൾഡ് ചെയ്ത് ഇതിലേക്ക് യോജിപ്പിക്കാവുന്നതാണ്. ശേഷം ഈ മിശ്രിതം പഫ് പേസ്ട്രി ഷീറ്റ് ആവശ്യാനുസരണം ചതുരാകൃതിയിൽ മടക്കുക. വക്കുകൾ നന്നായി മടക്കി ഉറപ്പിക്കുക. ശേഷം, ബ്രഷ് ഉപയോഗിച്ച് ഇതിനുമേൽ ബട്ടർ തടവിവെക്കുക. ഒരു വലിയ ബേക്കിങ് ട്രേയിൽ നിരത്തിവെച്ച് ചൂടാക്കിവെച്ചിരിക്കുന്ന ഓവനിൽവെച്ച് 15 മിനിറ്റ് ബേക്ക് ചെയ്യുക. മുകൾവശം കരുകരുപ്പായി ബ്രൗൺ നിറമായി കഴിയുമ്പോൾ ഓവനിൽ നിന്ന് പുറത്തെടുത്ത് ചൂടാറിയ ശേഷം സോസ് കൂട്ടി കഴിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.