കിച്ചണിലെ താരമാണ് കിച്ച
text_fieldsബഹിരാകാശത്തു പോയി കട്ടന്‍ചായയിട്ട് കുടിക്കാന്‍ ആഗ്രമുള്ളവര്‍ ധാരാളമുണ്ട്. എന്നാല്‍, ബഹിരാകാശ സഞ്ചാരികള്‍ക്ക് ഭക്ഷണം പാചകം ചെയ്തു നല്‍കാന്‍ ആഗ്രഹമുള്ള ഒരാളുണ്ട് കൊച്ചിയില്‍. പേര് നിഹാല്‍ രാജ്. ‘ആസ്ട്രനോട്ട് ഷെഫ്’ ആകാനുള്ള ഒന്നാം ക്ലാസുകാരന്‍റെ ആഗ്രഹം കേട്ട് ചിരിക്കണ്ട. ചില്ലറക്കാരനല്ല നിഹാല്‍ എന്ന കിച്ച. ‘കിച്ച ട്യൂബ്’ എന്ന യൂട്യൂബ് ചാനലിലൂടെ അറിയപ്പെടുന്ന കുട്ടി ഷെഫാണ് നിഹാല്‍. കിച്ചയുടെ സ്പെഷല്‍ വിഭവങ്ങളും പാചകവും ലോകം കാണുന്നത് ഈ യൂട്യൂബ് ചാനലിലൂടെയാണ്.
നാലാം വയസ്സില്‍ കിച്ചയുടെ വിഡിയോ ഫേസ്ബുക്ക് വിലക്ക് വാങ്ങി. അതും 2000 ഡോളറിന്. അങ്ങനെ ഫേസ്ബുക്കിന് എന്തെങ്കിലും വില്‍ക്കുന്ന ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ വ്യക്തിയായി കിച്ച മാറി. ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള അമേരിക്കന്‍ ടെലിവിഷന്‍ പരിപാടിയായ എലന്‍ ഷോയില്‍ അവതാരക എലന്‍ ഡിജെനറസിനെ പുട്ടുണ്ടാക്കാന്‍ പഠിപ്പിച്ചയാളാണ് കിച്ച. ലോകപ്രശസ്തരും പ്രതിഭകളും മാത്രം പങ്കെടുക്കുന്ന ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച ഇന്ത്യയിലെ തന്നെ അപൂര്‍വം പേരില്‍ ഒരാള്‍. കിച്ചയുടെ ഷോയുടെ തലേദിവസം മിഷേല്‍ ഒബാമയും കിച്ചക്കുശേഷം ഹിലരി ക്ലിന്‍റനുമായിരുന്നു ഷോയില്‍ പങ്കെടുത്തത്.
‘കിച്ച ട്യൂബ്’ വിഡിയോ ഹിറ്റായ സമയത്താണ് എലന്‍ ഷോയിലേക്ക് ക്ഷണം കിട്ടുന്നത്. അടുത്തിടെ യു.കെയില്‍ ഒരു കുക്കറി ഷോ ചെയ്തു. ലോകത്തിലെ ഏറ്റവും പ്രതിഭകളായ 130 കുട്ടികളില്‍ നിന്ന് 13 പേരെ അതിഥികളായി തെരഞ്ഞെടുത്തു. അതിലൊരാളായിരുന്നു കിച്ച. കിച്ചയുടെ കൊച്ചു കൊച്ചുവിശേഷങ്ങള്‍ ഇവിടെ തീരുന്നില്ല....
കിച്ച കിച്ചണിലത്തെിയതിങ്ങനെ
അമ്മ റൂബി എറണാകുളത്തെ അറിയപ്പെടുന്ന കേക്ക് മേക്കറാണ്. കോളജ് പ്രഫസര്‍ ജോലി ഒഴിവാക്കിയാണ് റൂബി കേക്ക് നിര്‍മാണത്തിലേക്ക് ഇറങ്ങിയത്. അമ്മയുടെ പാചകം കണ്ടാണ് കിച്ച വളര്‍ന്നത്. കളിച്ചുനടക്കേണ്ട പ്രായത്തില്‍ അടുക്കളയില്‍ കയറിയ കിച്ചയെ അമ്മ നിരുത്സാഹപ്പെടുത്തിയില്ല. അമ്മയെ സഹായിക്കാനും മറ്റും താല്‍പര്യം കാണിച്ചപ്പോഴും ഒരു ഷെഫാകുമെന്ന് അവരാരും കരുതിയിട്ടില്ല. ഒരിക്കല്‍ ടാങ്കും ഐസും കൊണ്ടും അവന്‍ ഐസ് പോംപ്സികള്‍ ഉണ്ടാക്കി. കിച്ചയുടെ ആവശ്യപ്രകാരം പിതാവ് രാജഗോപാല്‍ വിഡിയോ എടുത്ത് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു. നിരവധി പേരാണ് അതു കണ്ട് അഭിപ്രായം പറഞ്ഞത്. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നതിനാല്‍ വിഡിയോയുടെ ആരാധകര്‍ക്ക് കൂടി. തുടര്‍ന്നാണ് കിച്ചക്ക് മാത്രമായി ഒരു യൂടൂബ് ചാനല്‍ ആരംഭിച്ചത്. 2015 ജനുവരിയിലാണ് ഇത്. സെന്‍ട്രല്‍ പിക്ചേഴ്സിന്‍റെ മാനേജരാണ് രാജഗോപാല്‍. അദ്ദേഹം തന്നെയാണ് കിച്ചയുടെ വിഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്നതും. യൂടൂബര്‍ ആകണമെന്ന കിച്ചയുടെ ആഗ്രഹം ഇതോടെ സഫലമായി. 'കിച്ച ട്യൂബ്' എന്ന പേര് തെരഞ്ഞെടുത്തതും അവന്‍ തന്നെ.
മിക്കി മൗസ് മാംഗോ ഐസ്ക്രീമും നാടന്‍ പുട്ടും
മിക്കിമൗസ് മാംഗോ ഐസ്ക്രീമും അരിപ്പുട്ടുമാണ് കിച്ചയെ ലോകത്തെ അറിയിച്ച വിഭവങ്ങള്‍. മിക്കിമൗസ് ഐസ്ക്രീമിന്‍റെ വിഡിയോയാണ് സ്പേസ് ഫോര്‍ എവരിതിങ് എന്ന കാമ്പയിന് വേണ്ടി ഫേസ്ബുക്ക് വാങ്ങിയത്. കൂടാതെ, എലന്‍ ഷോയിലൂടെ പുട്ടുണ്ടാക്കല്‍ അങ്ങ് അമേരിക്കയും കടന്നു. ലോകത്തെവിടെ പോയാലും ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. എവിടെ പോയാലും കേരളത്തിന്‍റെ തനതായ വിഭവം ഉണ്ടാക്കണമെന്ന് കിച്ചക്ക് നിര്‍ബന്ധമുണ്ട്. അതിനാലാണ് പുട്ടും കോക്കനട്ട് പുഡിങ്ങും ഒക്കെ തയാറാക്കുന്നത്. ഓരോ വിഡിയോക്കും ലൈക്കും കമന്‍റും പതിനായിരങ്ങള്‍ കടക്കും. താനൊരു സെലിബ്രിറ്റി ‘ഷെഫ്’ ആണെങ്കിലും അമ്മയുണ്ടാക്കുന്ന വിഭവങ്ങള്‍ കഴിക്കാനാണ് കിച്ചക്ക് ഇഷ്ടം. ഏറ്റവും പ്രിയം മുത്തശ്ശിയുണ്ടാക്കുന്ന നെയ്റോസ്റ്റ്. ചേച്ചി നിദയും നല്ല പാചകക്കാരിയാണ്. പാചകം കഴിഞ്ഞാല്‍ ഫുട്ബാളും വിഡിയോ ഗെയിം കളിക്കലുമാണ് ഹോബികള്‍. പിന്നെ സ്വന്തമായി പാകം ചെയ്തത് മറ്റാര്‍ക്കും കൊടുക്കാതെ ഒറ്റക്ക് കഴിക്കാനും -കുട്ടി ഷെഫിന്‍റെ മുഖത്ത് കള്ളപുഞ്ചിരി വിടര്‍ന്നു.
കുട്ടി പാചകക്കാര്‍ക്ക് കിച്ചയുടെ ടിപ്സ്
- പാചകം ഒരിക്കലും എളുപ്പമുള്ള ജോലിയല്ല, വളരെ ശ്രദ്ധ ആവശ്യമുള്ളതാണ്.
- ഏത് വിഭവം ഉണ്ടാക്കുമ്പോഴും അത് ചെറുതാണെങ്കിലും വലുതാണെങ്കിലും അതിനെക്കുറിച്ച് നന്നായി പഠിച്ചിരിക്കണം.
- പാചകം ചെയ്യുന്നതിനിടയില്‍ ബെസ്റ്റ് ഫ്രണ്ടിനെ കണ്ടാല്‍ പോലും ഹായ് പറയാന്‍ നില്‍ക്കരുത്. ആ ഒരുനിമിഷത്തിനുള്ളില്‍ പല അപകടവും സംഭവിക്കും
- കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായി പാചകം ചെയ്യാന്‍ ഇന്‍ഡക്ഷന്‍ കുക്കറാണ് നല്ലത്, ഗ്യാസ് അടുപ്പും സാധാരണ അടുപ്പിലും കുട്ടികള്‍ പാചകത്തിന് മുതിരരുത്
- തീ, കത്തി പോലുള്ള മൂര്‍ച്ചയുള്ള സാധനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം സൂക്ഷിക്കണം. ഇക്കാര്യത്തില്‍ മുതിര്‍ന്നവരുടെ സഹായം തേടണം
- ഏത് വിഭവമാണോ ഉണ്ടാക്കാന്‍ പോകുന്നത് അതിനുള്ള എല്ലാ അവശ്യസാധനങ്ങളും ആദ്യമേ റെഡിയാക്കി വെക്കണം
- ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുമ്പോഴും ചൂടിന്‍റെ അളവെല്ലാം കൃത്യമായി കണക്കാക്കി നല്‍കണം. അല്ളെങ്കില്‍ വിഭവം കരിഞ്ഞുപോകുകയോ വേവ് കൂടിപ്പോകുകയോ ചെയ്യാം
- ചൂട് തട്ടാതിരിക്കാനുള്ള ഗ്ലൗസുകളും ഹോട്ട് പോട്ട് ഹോള്‍ഡറും മറ്റും ഉപയോഗിക്കണം
പാചക ഉപകരണങ്ങളിലും വേണം ശ്രദ്ധ
- പാചകം ചെയ്യാന്‍ നോണ്‍സ്റ്റിക് കുക്ക് പാത്രങ്ങളാണ് നല്ലത്
- കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കടയില്‍ ലഭിക്കും
- വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മുതിര്‍ന്നവര്‍ ഒപ്പമുണ്ടാവണം.
- കുട്ടിള്‍ക്ക് കൈകാര്യം ചെയ്യാവുന്ന പാത്രങ്ങള്‍ നോക്കി തെരഞ്ഞെടുക്കണം.
തയാറാക്കിയത്: ലിസി പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.