അറേബ്യന്‍ വിഭവങ്ങളില്‍ കൊതിയുണര്‍ത്തുന്നു മലപ്പുറം...
text_fieldsഅറേബ്യന്‍ രുചികളിലൂടെയാണ് മലപ്പുറത്തിന്‍െറ സ്വാദ് ജനങ്ങളില്‍ നിറയുന്നത്. പ്രവാസികള്‍ കൂടുതലുള്ള ജില്ലയായതിനാല്‍ അറബ് നാടുകളിലെ തീന്മേശകളില്‍ വിളമ്പുന്ന വിഭവങ്ങള്‍ അതേ രുചിയോടെ തന്നെ മലപ്പുറത്തെ വീടുകളിലും ഹോട്ടലുകളിലും സുലഭമായി ലഭിക്കും. അറേബ്യന്‍ കബ്സ, മന്തി റൈസ്, മജ്ബൂസ്, ബ്രോസ്റ്റഡ് ചിക്കന്‍, അല്‍ബൈക്, ഷവര്‍മ ജോഹ ഇവയൊക്കെ മലപ്പുറത്തുകാര്‍ക്ക് പരിചിതമായിട്ട് നാളുകളേറെയായി. മലപ്പുറത്തു നിന്ന് സൗദിയിലെത്തിയവരില്‍ മറ്റു ജോലികള്‍ തരപ്പെടാതെ വന്നപ്പോള്‍ അധിക പേരും പാചകക്കാരായിട്ടാണ് തൊഴിലെടുത്തത്.
അറേബ്യന്‍ വിഭവങ്ങളുടെ സ്വാദ് മലപ്പുറത്തുകാരുടെ നാവിനെ രസം പിടിപ്പിച്ചപ്പോള്‍ നാട്ടിലും അവ പരീക്ഷിച്ചു നോക്കി. പരീക്ഷണം നൂറുമേനി വിജയിച്ചു. അറേബ്യന്‍ സ്പെഷല്‍ മീന്‍കറികളായ ഫിഷ് മബ്ലി, ഫിഷ് മഷായി, ഫിഷ് ഇദാം, ഫിഷ് ഫ്രൈ എന്നിവയും മലപ്പുറത്ത് സുലഭമാണ്. മലപ്പുറത്തുകാരുടെ ജീവിത നിലവാരം വര്‍ധിച്ചതോടൊപ്പം തന്നെ ഭക്ഷണ രീതിയിലും മാറ്റങ്ങള്‍ വന്നുതുടങ്ങി. അങ്ങനെ മലപ്പുറം കേരളത്തില്‍ സൗദി വിഭവങ്ങളുടെ ആസ്ഥാനമായി. അപ്പങ്ങളെമ്പാടും ഒറ്റക്ക് ചുട്ടത് മലപ്പുറത്തെ സ്വന്തം അമ്മായിയാണ്.
അതിഥിയെ സ്വീകരിക്കാനും സല്‍ക്കരിക്കാനും മലപ്പുറത്തെ സ്ത്രീകള്‍ക്കുള്ള മിടുക്ക് വേറെത്തന്നെയാണ്. ഒറ്റയടിക്ക് നൂറു തരം അപ്പങ്ങളും പലഹാരങ്ങളും ഞൊടിയിടെ തീന്മേശയിലെത്തിക്കാന്‍ കഴിവുള്ള സ്ത്രീകള്‍ മലപ്പുറത്തുണ്ട്. മലപ്പുറം സ്പെഷല്‍ സമൂസ, ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, ഉന്നക്കായ, പൊരിച്ച പത്തിരി, കട് ലറ്റ്, മുട്ടമാല, മുട്ടസുര്‍ക്ക, പഴംനിറച്ചത്, പഴം പൊരിച്ചത്, ഇലയട, ബോണ്ട, സുഗിയന്‍, പൊരിച്ച പത്തിരി... അപ്പങ്ങളുടെ നിര നീണ്ടങ്ങനെ കിടക്കും. ഇവയുടെ പേര് കേട്ടാല്‍ തന്നെ നാവില്‍ വെള്ളമൂറും.
അപ്പങ്ങള്‍ ഒറ്റക്ക് ചുട്ടു തീര്‍ക്കുമ്പോഴേക്കും അടുപ്പത്ത് ബിരിയാണി ചൂടോടെ വെന്തുകിടപ്പുണ്ടാവും. മലപ്പുറം സ്പെഷല്‍ ബീഫ് ബിരിയാണി എടുത്തു പറയേണ്ടതു തന്നെ. പുറത്തു നിന്ന് മലപ്പുറതെത്തുന്നവനെ കൊതിപ്പിക്കുന്ന വിഭവങ്ങളാണ് നൈസ് പത്തിരിയും ബീഫ്കറിയും. നോമ്പു കാലത്താണ് മലപ്പുറത്തെ വീടകങ്ങളില്‍ പത്തിരിച്ചട്ടി അടുപ്പത്ത് കയറുന്നത്. നല്ല നൈസ് പത്തിരിയും മസാലയും തേങ്ങ ചിരകിയതും ചേര്‍ത്തരച്ച ബീഫ് കറിയുമുണ്ടെങ്കില്‍ നോമ്പു തുറക്കാന്‍ വേറൊന്നും തേടിപ്പോകേണ്ടതില്ല.
പുറത്ത് ഗീറൈസ് എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും ഇവിടെയെത്തുമ്പോള്‍ മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. മലപ്പുറം സ്പെഷല്‍ നെയ്ച്ചോര്‍. നെയ്ച്ചോറും പൊരിച്ച കോഴിയും കോഴി കുറുമയും പുതിയാപ്ല സല്‍ക്കാരത്തിലെ വേറിട്ട വിഭവമാണ്. മലപ്പുറത്തിന്‍റെ രുചിവൈഭവം വ്യത്യസ്തമാവുന്നത് തയാറാക്കുന്ന രീതിയിലെ വൈവിധ്യത്താലാണ്. എന്തുണ്ടാക്കുന്നു എന്നതിലല്ല, എങ്ങനെ ഉണ്ടാക്കുന്നു എന്നതിലാണ് മലപ്പുറത്തുകാര്‍ സവിശേഷരാകുന്നത്.
തയാറാക്കിയത്: വി.പി. റഷാദ്, കൂരാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.