മല്ലികൈപൂ മുതൽ ബീറ്റ്റൂട്ട് ഇഡലി വരെ തീർത്ത് തമിഴകം
text_fieldsകോയമ്പത്തൂർ: ഭക്ഷണപ്രിയർ മാർച്ച് 30 ലോക ഇഡലി ദിനമായി കൊണ്ടാടുേമ്പാൾ മല്ലികൈപൂ മുതൽ ബീറ്റ്റൂട്ട് ഇഡലി വരെ രുചിവൈവിധ്യവുമായി തമിഴ്നാട് ഇന്ന് രസക്കൂട്ട് തീർക്കും. തമിഴ്നാട്ടിലെ മിക്ക ഭക്ഷണശാലകളിലും വെള്ളിയാഴ്ച വൈവിധ്യമാർന്ന ഇഡലികൾ ലഭ്യമാവും.
കോയമ്പത്തൂർ നഗരത്തിലെ ചില പ്രമുഖ ഹോട്ടലുകളിൽ ‘ഇഡലി എക്സിബിഷൻ’ വരെ ഒരുക്കിയിട്ടുണ്ട്. രാമശേരി ഇഡലി, മല്ലികൈപൂ ഇഡലി, തട്ട് ഇഡലി, ഇഡലി പെപ്പർ ഫ്രൈ, നവധാന്യ ഇഡലി, കുശ്ബു ഇഡലി, റവ ഇഡലി, റാഗി ഇഡലി, കാരറ്റ് ഇഡലി, വെജിറ്റബിൾ ഇഡലി, ഗോതമ്പ് റവ ഇഡലി, ഒാട്സ് ഇഡലി, തിനൈ ഇഡലി, ചോളം ഇഡലി, കാഞ്ചിപുരം ഇഡലി, ബീറ്റ്റൂട്ട് ഇഡലി, മസാല ഇഡലി ഉപ്പുമ, ബംഗളൂരു റവ ഇഡലി തുടങ്ങിയ മുപ്പതോളം ഇനങ്ങളിലായുള്ള ഇഡലികൾ മേളകളിൽ ലഭിക്കും.
മൂന്നു വർഷം മുമ്പ് ചെന്നൈയിൽ പാചകക്കാരനായ ഇനിയവനും രാജാമണി അയ്യരുമാണ് ഇഡലിയുടെ പെരുമ ഉയർത്തിക്കാണിക്കാൻ ലക്ഷ്യമിട്ട് ഇഡലിദിനാചരണത്തിന് തുടക്കം കുറിച്ചത്. ഒാേട്ടാ ഡ്രൈവർ ജോലി ഉപേക്ഷിച്ച് പാചകക്കാരനായ ഇനിയവൻ രണ്ടു വർഷം മുമ്പ് 124 കിലോയുടെ ഏറ്റവും വലിയ ഇഡലി നിർമിച്ചും ശ്രദ്ധേയനായിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇഡലിക്ക് ഏറ്റവും പ്രിയമെങ്കിലും മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക, ബർമ തുടങ്ങിയ രാജ്യങ്ങളിലും ഇത് തീൻമേശയിലുണ്ട്.
ലോകാരോഗ്യ സംഘടന ഇഡലിയെ ഉന്നത പോഷകാഹാരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉറവിടത്തെക്കുറിച്ച് പലവിധത്തിലുള്ള അവകാശവാദങ്ങളുണ്ട്. ഇഡലിയെക്കുറിച്ച് എ.ഡി 970ൽ രചിച്ച ‘വഡ്ഡാരാധനെ’ എന്ന കന്നട കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്.
ഇതിലെ സ്ത്രീ കഥാപാത്രം സന്യാസിക്ക് നൽകിയ ഭക്ഷ്യവിരുന്നിലെ 18 വിഭവങ്ങളിലൊന്ന് ഇഡലിയായിരുന്നത്രെ. ഇഡലി ഇന്ത്യയിലേക്ക് കൊണ്ടുവന്നത് അറേബ്യയിൽനിന്ന് ഇന്ത്യയിലെത്തിയ മുസ്ലിം വ്യാപാരികളാണെന്നും എരിവും പുളിയും വെള്ളവും കലർത്തിയ ചിരവിയ തേങ്ങയുടെ കൂടെ ഇവർ കഴിച്ചിരുന്നതായും പറയുന്നു. ഇതാണ് ഇഡലിയുടെയും ചമ്മന്തിയുടെയും ആദ്യരൂപം.
എ.ഡി 800നും 1200നും ഇടക്ക് ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള കുടിയേറ്റത്തോടെയാണ് പുളിപ്പിക്കുന്നതും ആവികൊണ്ട് വേവിക്കുന്നതുമായ പാചകരീതികളുടെ ആവിർഭാവമെന്ന് ചരിത്രകാരനായ കെ.ടി. ആചാര്യ അവകാശപ്പെടുന്നു. ‘കെഡ്ലി’ എന്ന പേരിലറിയപ്പെട്ടിരുന്ന ഇൗ പാചകരീതിയിൽനിന്നാവാം ഇഡലി എന്ന പേരുണ്ടായതെന്നും കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.