അവയവദാനം മഹാദാനം; ഒരു അസാധാരണ ശസ്ത്രക്രിയയുടെ കഥ
text_fieldsട്വിങ്കിൾ ഡോഗ്ര
അത്യസാധാരണമായ അവയവ ദാന ശസ്ത്രക്രിയയുടെ കഥയാണിത്. മസ്തിഷ്ക മരണം സംഭവിച്ച ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ അഞ്ച് പേർക്ക് ജീവനായ കഥ. ഈ കഥയിലെ അസാധാരണത്വം, ദാനം ചെയ്ത അവയവങ്ങളുടെ കൂടി പ്രത്യേകത കൊണ്ടാണ്. ദാതാവിന്റെ കൈകൾ, വൃക്കകൾ, കോർണിയ, ശ്വാസകോശം എന്നിവയാണ് പുതിയ ശരീരങ്ങളിൽ പ്രവർത്തിച്ച് തുടങ്ങിയത്. ഇതിൽ കൈകൾ ദാനം ചെയ്യുന്നത് അത്യപൂർവമായിട്ടാണ്. ഇവിടെ, രണ്ട് കൈകളും മറ്റൊരാളിലേക്ക് മാറ്റിവെക്കപ്പെട്ടു. ഉത്തരേന്ത്യയിൽ ആദ്യ ഇരട്ട കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കൂടിയാണിത്.
അപകടത്തിൽ ഇരുകൈകളും നഷ്ടപ്പെട്ട ട്വിങ്കിൾ ഡോഗ്ര എന്ന 38-കാരിയായ ഗവേഷക വിദ്യാർഥിക്കാണ് 76കാരനായ സൈനിക ഉദ്യോഗസ്ഥന്റെ കൈകൾ മാറ്റിവെച്ചത്. 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ ഡോക്ടർമാർമാരാണ് ഈ പുതുചരിത്രം രചിച്ചത്.
മസ്തിഷ്ക രക്തസ്രാവം മൂലമായിരുന്നു സൈനിക ഉദ്യോഗസ്ഥൻ മരണപ്പെട്ടത്. അവയവങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ ദാനം ചെയ്യാൻ സമ്മതിച്ചതാണ് ഇവിടെ വഴിത്തിരിവായത്. കൈമാറ്റ ശസ്ത്രക്രിയ തനിക്ക് ജീവിതത്തിന് രണ്ടാമതൊരു ആശ്വാസം നൽകിയെന്ന് പറഞ്ഞായിരുന്നു അവരുടെ നിസ്വാർത്ഥ പ്രവൃത്തിക്ക് ഡോഗ്ര നന്ദി അറിയിച്ചത്. നെഫ്രോളജി, ഒഫ്താൽമോളജി, ക്രിട്ടിക്കൽ കെയർ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള നാല് സർജിക്കൽ ടീമുകളും വിദഗ്ധരും ഉൾപ്പെട്ട സംഘമാണ് സങ്കീർണ്ണ ശസ്ത്രക്രിയ വിജയത്തിലെത്തിച്ചത്. പ്രായമായിട്ടും ദാതാവിന്റെ അവയവങ്ങൾ ആരോഗ്യകരമായ അവസ്ഥയിലാണെന്ന് കണ്ടെത്തിയതോടെ ശസ്ത്രക്രിയക്ക് വഴിതെളിയുകയായിരുന്നു. അവയവദാനത്തിന് പ്രായം ഒരു തടസ്സമാകില്ലെന്ന് കൂടി ശസ്ത്രക്രിയയുടെ വിജയം തെളിയിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.