കുഞ്ഞു കൂട്ടുകാരെ വരവേൽക്കാൻ 10 നഴ്സറികൾ
text_fieldsഅബൂദബി: രണ്ടു വർഷത്തിനുള്ളിൽ അബൂദബിയിൽ 10 നഴ്സറികൾ തുറക്കാൻ തീരുമാനം. ആകെ 4000 കുട്ടിളെ പ്രവേശിപ്പിക്കാവുന്ന രീതിയിലായിരിക്കും നഴ്സറികൾ നിർമിക്കുക. അബൂദബി ഡിപാർട്ട്മെന്റ് ഓഫ് എഡുകേഷൻ ആൻഡ് നോളജിന് (എ.ഡി.ഇ.കെ) കീഴിലുള്ള പൊതു നഴ്സറി പദ്ധതിയുടെ ഭാഗമായാണ് നഴ്സറികൾ ആരംഭിക്കുന്നത്.
അബൂദബി എക്സിക്യുട്ടീവ് കൗൺസിൽ പദ്ധതിക്ക് നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇമാറാത്തി കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഈ വർഷം ഒക്ടോബറിൽ പ്രവേശനത്തിനായുളള രജിസ്ട്രേഷൻ ആരംഭിക്കും.
മൂന്നു മാസം മുതൽ നാല് വയസ്സുവരെയുള്ള 2000 ഇമാറാത്തി കുട്ടികളെയാണ് ആദ്യ ഘട്ടത്തിൽ പ്രവേശിപ്പിക്കുക. സാമൂഹികമായ പിന്തുണ ആവശ്യമായ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് മുൻഗണന.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നഴ്സറി വിദ്യാർഥികളുടെ എണ്ണം 10,000 ആയും പത്തു വർഷത്തിനുള്ളിൽ ഇത് 32,000 ആയും ഉയർത്താനാണ് പദ്ധതിയെന്ന് ഏർളി എഡുകേഷൻ സഹ മന്ത്രിയും ഫെഡറൽ ഏജൻസി ഓഫ് ഏർളി എഡുകേഷൻ ചെയർപേഴ്സണുമായ സാറ മുസല്ലം പറഞ്ഞു.
തൊഴിൽ നിർമാണത്തിൽ പുതിയ സംരംഭം നിർണായകമായ പങ്കുവഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശിശുവിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുടെ ഡിമാൻഡ് വർധിക്കുന്നതിനുള്ള വഴി കൂടിയാണ് പുതിയ സംരംഭത്തിലൂടെ തുറക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.