ബിഹാറിൽ നിന്ന് മലയാളത്തെ സ്നേഹിച്ച് മൂവർ സംഘം
text_fieldsകായംകുളം: ബിഹാറി ഭാഷക്കാരായ മൂന്ന് കുട്ടികൾ ഇനി മലയാളത്തിൽ പഠിക്കും. എം.എസ്.എം.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസിലാണ് ബിഹാർ സീതാമലെ സ്വദേശിയായ മുഹമ്മദ് ഷെഫീഖിന്റ മകൾ അസമിൻ ഖാത്തൂൻ, മുഹമ്മദ് അലിമാമിന്റെ മകൾ സബീന ഫർവിൻ, മുഹമദ് അൻസറിന്റെ മകൻ മുഹമ്മദ് രാജ എന്നിവർ പ്രവേശനം നേടിയത്.
പത്ത് വർഷം മുമ്പ് കച്ചവടത്തിന് എത്തിയ ഇവർ ഇവിടെ സ്ഥിര താമസമാക്കുകയായിരുന്നു. ഇതിലൂടെ മലയാളവും മനസ്സിൽ കുടിയേറി. പറഞ്ഞാൽ മനസ്സിലാകുമെങ്കിലും എഴുതാൻ അറിയാത്തതിൽ വിഷമമുണ്ട്. മലയാളം മനസിലാക്കി വളരുന്ന മക്കളിലൂടെ ഇതിന് പരിഹാരം കാണാമെന്നാണ് പ്രതീക്ഷ.
അന്നം തരുന്ന നാട്ടിലെ ഭാഷ മക്കൾ പഠിക്കുന്നതിലെ സന്തോഷവും ഈ ബിഹാർ സ്വദേശികൾ പങ്കു വെക്കുന്നു. പ്രവേശനോത്സവത്തിൽ മൂന്ന് കുട്ടികളെയും മലയാള പുസ്തകവും പൂക്കളും നൽകിയാണ് സ്വീകരിച്ചത്. ഇവരെ കൂടാതെ നാല് വരെ ക്ലാസുകളിൽ 10 ഓളം ബിഹാർ കുട്ടികളും പഠിക്കുന്നുണ്ട്.
പ്രവേശനോത്സവം നഗരസഭ കൗൺസിലർ ഷീജ റഷീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് താജുദ്ദീൻ ഇല്ലിക്കുളം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശാരിദാസ്, സുധീർ ഫർസാന, ആർ. മുഹമ്മദ് റഫീക്ക് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.