അനുഷ്ക പഠിക്കും, ഇനി മലയാളത്തിന്റെ മധുരം
text_fieldsപയ്യന്നൂർ: വീട്ടിൽ നിന്ന് ലഭിച്ച നേപ്പാളി ഭാഷയുടെ പ്രാഥമിക പാഠത്തിന് വിട. അനുഷ്ക നുകരും ഇനി മലയാളത്തിന്റെ മധുരം. നേപ്പാൾ സ്വദേശികളായ ഹിമൽ-ആരതി ദമ്പതികളുടെ മൂന്നു വയസ്സുകാരിയായ മകൾ അനുഷ്കയും ചൊവ്വാഴ്ച നടന്ന അംഗൻവാടി പ്രവേശനത്തിൽ പങ്കെടുത്തപ്പോൾ കാനായിയിൽ കണ്ടത് മറ്റൊരു കേരള സ്റ്റോറി.
പയ്യന്നൂർ നഗരസഭയിലെ തോട്ടംകടവ് അംഗൻവാടി പ്രവേശനോത്സവ ദിനത്തിൽ മറ്റു കുട്ടികൾക്കൊപ്പം അനുഷ്കയെത്തിയത് ഒരു ഭാവമാറ്റവുമില്ലാതെയാണ്. അംഗൻവാടിയിലെത്തിയ അനുഷ്കയെ മധുരവും സമ്മാനങ്ങളും നൽകി ചെയർപേഴ്സൻ കെ.വി. ലളിത സ്വീകരിച്ചു. പ്രവേശനോത്സവത്തിലെ ‘വി.ഐ.പി’ ഈ നേപ്പാളുകാരി കൊച്ചുതന്നെയായിരുന്നു.
കാനായിതോട്ടം കടവിൽ അഞ്ചില്ലത്ത് ഇസ്മാമായീലിന്റെ ഫാമിൽ ജോലി നോക്കിവരികയാണ് അനുഷ്കയുടെ മാതാപിതാക്കളായ ഹിമലും ആരതിയും. അതിനാൽ അനുഷ്കക്ക് കൂട്ടുകാരുണ്ട് തോട്ടംകടവിൽ. അതിനാൽ പുതിയ എഴുത്തിടം അവൾക്കേറെ ഇഷ്ടപ്പെട്ടു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് ലഭിച്ച മധുര പലഹാരങ്ങളും ബലൂണും മറ്റും ലഭിച്ചപ്പോൾ ചിരിപ്പൂക്കൾ വിടർന്നു. പ്രവേശനോത്സവത്തിൽ എ.എൽ.എം.എസ്.സി അംഗങ്ങൾ, പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.