കുട്ടികളുടെ കൂട്ടുകാരാകാൻ...
text_fields14 വയസ്സുകാരനായ മകനെയും കൊണ്ടാണ് ആ സ്ത്രീ സൈക്കോളജിസ്റ്റിെൻറ അടുത്ത് എത്തിയത്. കുട്ടിയുടെ സ്വഭാവ, പെരുമാറ്റ ദൂഷ്യങ്ങൾ സഹിക്കാൻ കഴിയാതായിരിക്കുന്നുവെന്ന് അവർ പരാതി പറഞ്ഞു. മകെൻറ വാശിയും എടുത്തുചാട്ടവും വീട്ടിലെ അന്തരീക്ഷം കലുഷിതമാക്കിയിരിക്കുന്നു.
സംസാരിച്ചുവന്നപ്പോഴാണ് വീട്ടിലെ കാര്യങ്ങളെ കുറിച്ച് ധാരണ ലഭിച്ചത്. മകെൻറ എല്ലാ ആവശ്യങ്ങളും കണ്ണടച്ച് നിറവേറ്റിക്കൊടുക്കുന്ന മാതാപിതാക്കളാണ് ഇരുവരും. സഹജീവനത്തിന് വേണ്ട പൊരുത്തപ്പെടലും മറ്റുള്ളവരെ കൂടി കണക്കിലെടുത്തു പെരുമാറുന്ന രീതിയെക്കുറിച്ചുമൊന്നും അവനറിഞ്ഞുകൂടാ. വീട്ടിൽ അവനത് കണ്ടിട്ടുമില്ല. ആവശ്യങ്ങൾ മുടക്കമില്ലാതെ നടത്തിക്കൊടുക്കുന്ന ആളുകൾ മാത്രമാണ് അവന് വീട്ടുകാർ. ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതെ വരുേമ്പാൾ കുട്ടിയുടെ മട്ടും ഭാവവും മാറുന്നു.
എന്തുകൊണ്ടിങ്ങനെ?
തലയിൽ വെച്ചാൽ പേനരിക്കും, തറയിൽ വെച്ചാൽ ഉറുമ്പരിക്കും എന്ന മട്ടിലാണ് മക്കളെ വളർത്തുന്നത് എന്നൊരു പഴഞ്ചൊല്ലുണ്ട്. ലാളിച്ച് വളർത്തുന്ന രീതിയെക്കുറിച്ച് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണത്. ചിലരാവട്ടെ മനസ്സു നിറയെ സ്നേഹം ഉണ്ട്, എന്നാൽ പുറമെ കാണിക്കില്ല എന്ന വാശിേയാടെയാണ് കുട്ടികളെ സമീപിക്കുക. രണ്ടു രീതിയും പൂർണമായും ശരിയല്ല. തലയിലും തറയിലും വെറും മണ്ണിലുമെല്ലാം വെച്ചുതന്നെ കുട്ടികളെ വളർത്തണം. അവർക്ക് സ്നേഹം നൽകണം, വാത്സല്യം പകരണം, ജീവിതത്തിെൻറ കഷ്ടപ്പാടുകളും യാഥാർഥ്യങ്ങളും പറഞ്ഞു മനസ്സിലാക്കണം. ഇവയൊന്നും ചെയ്യാതെ കുട്ടികളുടെ സ്വഭാവത്തെ പഴിക്കാനാണ് നമ്മൾ മുതിരാറ്.
കുട്ടികൾക്കല്ല സത്യത്തിൽ തെറ്റു പറ്റിയിരിക്കുന്നത്. രക്ഷാകർതൃത്വ രീതികളിൽ മാറ്റംവരുത്തിയാൽ മാത്രമേ ഇവ തിരുത്താൻ കഴിയൂ എന്ന് മുതിർന്നവർ തിരിച്ചറിയണം. ക്ഷമയോടും സൗമ്യതയോടുംകൂടി പരിഹരിക്കണം ഈ വിഷയങ്ങൾ. പലതരത്തിലെ പാരൻറിങ് രീതികൾ നമുക്കിടയിലുണ്ട്. അവയൊന്ന് വിലയിരുത്താം...
BALANCED PARENTING (സപ്പോർട്ടും സ്വാതന്ത്ര്യവും)
സമതുലിത രക്ഷാകർതൃത്വ രീതിയാണിത്. കുട്ടികളും മാതാപിതാക്കളും തമ്മിൽ ഊഷ്മള ബന്ധമാണുണ്ടാവുക. കുട്ടികൾക്ക് വൈകാരിക പിന്തുണ കൊടുക്കാൻ രക്ഷാകർത്താക്കൾ തയാറാണ്. ഈ പാരൻറിങ് ശൈലിയിൽ ഒരു പ്രശ്നമുണ്ടായാൽ തുടക്കത്തിൽതന്നെ അതേപ്പറ്റി പറയാൻ കുട്ടിക്ക് കഴിയും. ഒട്ടും വിധിനിർണയം നടത്താതെ രക്ഷിതാക്കൾ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും പിന്നീട് അതേപ്പറ്റി പറഞ്ഞ് കുട്ടിയുടെ മനസ്സിടിക്കാതിരിക്കുകയും ചെയ്യും.
- കുട്ടികളിൽ സ്വാതന്ത്ര്യബോധം വളർത്തുന്നു.
- വൈകാരിക ആശ്രയത്വം നിരുത്സാഹപ്പെടുത്തുന്നു.
- നിരുപാധിക പിന്തുണയും സ്നേഹവും എന്നുമുണ്ടാവുമെന്ന് പ്രത്യക്ഷമായും പരോക്ഷമായും കുട്ടിയെ ധരിപ്പിക്കുന്നു.
- പ്രായത്തിന് അനുസൃതമായ രീതിയിൽ പെരുമാറാൻ കുട്ടിയെ നിർബന്ധിക്കുന്നു.
- വിപരീത ദിശയിലുള്ള പ്രായത്തിൽ കവിഞ്ഞ പക്വത അനുവദിക്കാതിരിക്കുക. ഉദാ: അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങളിൽ ഉപരിപ്ലവമായി കുട്ടി പറയുന്ന പ്രശ്നപരിഹാര വിധികൾ സ്വീകരിക്കുകയോ അത്തരം സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. അതുപോലെ, പ്രായത്തിൽ താഴ്ന്ന രീതിയിലുള്ള ബാലിശവും അപക്വവുമായ പെരുമാറ്റവും കാഴ്ചപ്പാടുകളും നിരുത്സാഹപ്പെടുത്തുന്നു.
- അച്ചടക്ക/ശിക്ഷണ നടപടികളിൽ സമതുലിതാവസ്ഥ കൊണ്ടുവരാൻ ശ്രമിക്കുന്നു. സ്ഥിരതയുള്ള, ന്യായവുമായ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നു.
- ദേഷ്യം തീർക്കാനും നിരാശ പ്രകടിപ്പിക്കാനും ശിക്ഷണ നടപടികൾ ഉപയോഗിക്കില്ല.
- കുട്ടികളുടെ മനസ്സിടിച്ച് കളയാതിരിക്കാനും താരതമ്യം ചെയ്യാതിരിക്കാനും കഠിനമായ പദങ്ങളുപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുന്നു.
- കുട്ടികളുടെ കുറവുകളുടെയും െതറ്റുകളുടെയും വിധി നിർണയിക്കാതിരിക്കുകയും നല്ല പെരുമാറ്റരീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
UNINVOLVED PARENTING (അഴിച്ചുവിട്ട് വളർത്തൽ)
കുട്ടികളും മാതാപിതാക്കളും തമ്മിൽ കാര്യമായ അടുപ്പമുണ്ടാവില്ല ഈ പാരൻറിങ് ശൈലിയിൽ. ഇരുകൂട്ടരുടെയും ആവശ്യമനുസരിച്ച് അടുപ്പമുണ്ടാക്കുമെന്ന് മാത്രം. ഒരുതരം അവസരവാദ രീതി. ഒരു പ്രശ്നമുണ്ടാവുേമ്പാൾ ആശ്രയിക്കാൻ കുട്ടിക്ക് മാതാപിതാക്കൾ ഉണ്ടാവില്ല. കുട്ടി സ്വയം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയോ അല്ലെങ്കിൽ പോകരുതാത്ത ആളുകളുടെ അടുത്ത് സഹായത്തിന് ചെല്ലുകയോ ചെയ്യും. ഈ രണ്ടു രീതികളും പ്രശ്നത്തെ കൂടുതൽ വഷളാക്കും. കുട്ടിയെ ആവശ്യമില്ലാത്ത വിട്ടുവീഴ്ചകൾ ചെയ്യുന്നതിലേക്ക് കൊണ്ടെത്തിക്കും.
- വീട്ടിലെ നിയമങ്ങൾ വളരെ അയവുള്ളതായിരിക്കും. നിയമങ്ങളും പെരുമാറ്റ രീതികളും പലപ്പോഴും പാലിക്കപ്പെടാറുമില്ല. പാലിക്കപ്പെടുന്നെങ്കിൽ അത് മാതാപിതാക്കളുടെ സൗകര്യം പോലെയായിരിക്കും. ചുരുക്കത്തിൽ നല്ല ശിക്ഷണ രീതി വീട്ടിലുണ്ടാവുന്നില്ല. അതുകൊണ്ടുതന്നെ ശരി തെറ്റുകൾ കുട്ടിക്ക് തിരിച്ചറിയാൻ കഴിയാതെ വരുകയും തെറ്റുകളിലേക്ക് വഴുതിവീഴുകയും ചെയ്യുന്നു.
- തെറ്റായതും അനാരോഗ്യകരമായതുമായ ജീവിതമൂല്യങ്ങളുമായി കുട്ടികൾ വളരുന്നു.
- മാതാപിതാക്കൾ തങ്ങളുടെ ജീവിതം ജീവിച്ചുതീർക്കുന്നതിനിടെ കുട്ടിയെ മറന്നുപോവുകയും പ്രശ്നങ്ങളുണ്ടാകുേമ്പാൾ മാത്രം കുട്ടിയെ ശ്രദ്ധിക്കുകയും ചെയ്യുന്നു.
PERMISSION PARENTING (അതിരുവിട്ട ലാളന)
കുട്ടിക്ക് പരമാവധി സ്വാതന്ത്ര്യം കൊടുക്കുന്ന ശൈലിയാണിത്. ഇവിടെ മാതാപിതാക്കൾ കുട്ടിക്ക് വേണ്ടതെല്ലാം എത്തിച്ചുകൊടുക്കുന്നു; വരുംവരായ്കകൾ കണക്കിലെടുക്കാതെ. കുട്ടിയോടുള്ള സ്നേഹം കുട്ടിയുടെ അനാവശ്യങ്ങൾ നടത്തിക്കൊടുത്തുകൊണ്ടാണ് ഇക്കൂട്ടർ പ്രകടിപ്പിക്കുന്നത്. 'ഇല്ല', 'പറ്റില്ല' എന്നൊക്കെ പറയാൻ ഇവർക്ക് വളരെ ബുദ്ധിമുട്ടാണ്. കുട്ടിക്ക് വിഷമമാവിേല്ല എന്നതാണ് ന്യായം. ഇത്തരം നിലപാടുകൾ കുട്ടിക്ക് എത്ര ദോഷകരമാണെന്ന് അവർ ചിന്തിക്കാറേയില്ല.
- ഇവർ കുട്ടിയുടെ മേൽ പ്രത്യേകിച്ച് ഒരു ഡിമാൻഡും വെക്കാറില്ല.
- കുട്ടിയുടെ കഴിവും സാധ്യതകളും പുറത്തുകൊണ്ടുവരാൻ ശ്രമമോ പ്രോത്സാഹനമോ ഉണ്ടാവില്ല; പ്രത്യേകിച്ച് ഇതിനെല്ലാം കുട്ടിയുടെ ഭാഗത്തുനിന്ന് അധ്വാനം വേണമെങ്കിൽ.
- ഈ സമീപനത്തെ തുടർന്ന് കുട്ടി അധ്വാനിക്കാനോ സ്വയം മെച്ചപ്പെടുത്താനോ ഉള്ള ശ്രമങ്ങൾ ഉപേക്ഷിക്കുകയും തേൻറതായ കംഫർട്ട് സോണിലേക്ക് പോവുകയും ചെയ്യുന്നു. സ്വയം വിലമതിക്കാനുള്ള അവസരങ്ങൾ കുട്ടിക്ക് പതിയെ ഇല്ലാതാവുന്നു. ഫലമോ തന്നിഷ്ടക്കാരനും പിടിവാശിക്കാരനുമായ വ്യക്തി സൃഷ്ടിക്കപ്പെടുന്നു.
- എല്ലാം കൈയിൽ കിട്ടുന്നതുകൊണ്ട് ഒന്നിനും വിലയില്ലാതാവുകയും താൻ ഉദ്ദേശിച്ചത് നടക്കാതാവുകയും ചെയ്യുേമ്പാൾ ദേഷ്യവും നശീകരണ പ്രവൃത്തികളും അവലംബിക്കുന്നു.
- എല്ലാം ചെയ്തു കൊടുക്കുന്ന രക്ഷിതാക്കളായാലും ശരി ആവശ്യപ്പെട്ട എന്തെങ്കിലുമൊന്ന് ലഭിക്കാതെ വന്നാൽ പിണങ്ങാനും പൊട്ടിത്തെറിക്കാനുമെല്ലാം തുടുങ്ങുന്നു. കുട്ടികളുടെ നന്മക്കു വേണ്ടി രക്ഷിതാക്കൾ നടത്തുന്ന ശ്രമങ്ങൾ കുട്ടിയുടെ മനസ്സിലുണ്ടാവില്ല.
STRICT AUTHORITARIAN PARENTING (അപകടകരമായ അടിച്ചു വളർത്തൽ)
കർശനമായ രക്ഷാകർതൃത്വ ശൈലിയാണിത്. ഇവിടെയും മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം വളരെ കുറവാണ്. വേണ്ടതരം അടുപ്പവും ആശയവിനിമയവും കുട്ടികളും മാതാപിതാക്കളും തമ്മിലുണ്ടാവുന്നില്ല.
- നിയമങ്ങൾ അക്ഷരംപ്രതി അനുസരിക്കണമെന്ന് മാതാപിതാക്കൾ ശഠിക്കുന്നു. അത് ലംഘിക്കപ്പെട്ടാൽ കഠിനശിക്ഷ ലഭിക്കുമെന്നും കുട്ടികൾ പഠിക്കുന്നു.
- ചെറിയ തെറ്റുകളും അച്ചടക്കമില്ലായ്മയും അക്ഷന്തവ്യ അപരാധങ്ങളായി മാതാപിതാക്കൾ കണക്കാക്കുന്നു.
- രക്ഷിതാക്കൾ നിർണയിക്കുന്ന അതിരുകളിലും നിയമങ്ങളിലും കുട്ടികൾ ഒതുങ്ങിനിൽക്കണമെന്ന് അച്ഛനമ്മമാർ നിർബന്ധം പിടിക്കുന്നു.
- ഇതിെൻറ ഫലമായി കുട്ടിയും മാതാപിതാക്കളും തമ്മിൽ വൈകാരികമായ അടുപ്പം വളരെ കുറയുന്നു. കുട്ടിക്ക് വീട് ദുസ്സഹമായ ഒരിടവും മാതാപിതാക്കൾ ഭയപ്പെടേണ്ട ആളുകളുമായി മാറുന്നു.
- സ്വാഭാവികമായി കുട്ടിക്ക് കൊടുക്കേണ്ട സ്വാതന്ത്ര്യം നൽകാൻ മാതാപിതാക്കൾ ഇഷ്ടപ്പെടുന്നില്ല. ന്യായമായ ആവശ്യങ്ങൾ പോലും അവഗണിക്കുകയും നിഷേധിക്കുകയും ചെയ്യുന്നു.
- സ്വന്തമായ ഇച്ഛാശക്തിയും ആശയങ്ങളും ജീവിത വീക്ഷണങ്ങളും കുട്ടികൾക്കുണ്ടെന്ന് അച്ഛനമ്മമാർ മറന്നുപോകുന്നു.
- നിയന്ത്രിക്കപ്പെടേണ്ടതും നയിക്കപ്പെടേണ്ടതുമായ സ്വയം നിലനിൽപില്ലാത്ത ജീവികളായാണ് ഇവർ കുട്ടികളെ കണക്കാക്കുന്നത്. ഈ കുട്ടികൾക്ക് മനസ്സിൽ ഒരുപാട് മുറിവുകളുണ്ടായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ! ലോകത്തെ അവർ അപകടകരമായ ഒരിടമായി കാണുകയും ആരെയും വിശ്വാസമില്ലാത്തവരായി വളരുകയും ചെയ്യുന്നു. സ്വയം വിലമതിക്കാൻ കഴിയാതെ, സങ്കീർണതകളുള്ള വ്യക്തിത്വത്തിന് ഉടമകളായിത്തീരുകയും ചെയ്യുന്നു.
OVER BEARING PARENTING (അമിത സംരക്ഷണവും അപകടകരം)
ഒട്ടും ആശാസ്യമല്ലാത്ത മറ്റൊരു ശൈലിയാണ് ആധിപത്യഭാവമുള്ള രക്ഷാകർതൃത്വം. ഇവിടെ മാതാപിതാക്കൾ കുട്ടികൾക്ക് നൽകുന്നത് അമിത സംരക്ഷണമാണ്. ഇവർ കുട്ടിയുടെ എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുക്കുന്നു. അതേസമയം, കണിശമായി അച്ചടക്കം നടപ്പാക്കുകയും ചെയ്യുന്നു. അമിത സംരക്ഷണവും എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുക്കുന്നതുകൊണ്ടും അതിരുകവിഞ്ഞ ഒരടുപ്പമാണ് കുട്ടിക്ക് മാതാപിതാക്കളുമായി ഉണ്ടാകുന്നത്. ഇത്തരം അടുപ്പം ചിലയാളുകളിൽ രോഗനിദാനമാവാനിടയുണ്ട്. ഇത് മാതാപിതാക്കളോടുള്ള അമിതമായ ആശ്രയത്വത്തിന് കാരണമാവുന്നു. കുട്ടികളിൽ ആത്മവിശ്വാസം തീരെ ഇല്ലാതായിത്തീരുന്നു. തീരുമാനങ്ങളെടുക്കേണ്ടിവരുേമ്പാൾ ബുദ്ധിമുട്ടനുഭവിക്കുന്നു. ഈ കുട്ടികൾ എല്ലാ തീരുമാനത്തിലും അച്ഛനമ്മമാരുടെ അംഗീകാരവും സമ്മതവും ആഗ്രഹിക്കുന്നു. ചുരുക്കത്തിൽ വളർന്നുകഴിഞ്ഞാലും മാനസികമായും വൈകാരികമായും ഇവർ കുട്ടികളായിത്തന്നെ തുടരുന്നു.
മാതൃകയാവണം മാതാപിതാക്കൾ
ഇവിടെ ചർച്ചചെയ്ത രക്ഷാകർതൃത്വ ശൈലികളിൽ ഏതിെൻറയെല്ലാം അംശങ്ങളാണ് നമ്മൾ പിന്തുടരുന്നതെന്ന് വിശകലനം ചെയ്യുക. അമിത അച്ചടക്കരീതിയും അതിരുവിട്ട ലാളനരീതിയും ഗുണകരമാവില്ല. മറിച്ച് മിതത്വം പുലർത്തുന്ന സമതുലനരീതി ഏറ്റവും ഗുണകരമായ രീതിയിൽ സ്വീകരിക്കുന്നതാണ് കുഞ്ഞുങ്ങളുടെ മാനസികമായ വളർച്ചക്കും കുടുംബത്തിെൻറ ആരോഗ്യകരമായ മുന്നോട്ടുപോക്കിനും നല്ലത്. നല്ല മാതൃകകൾ വീട്ടിൽനിന്നു തന്നെയാണ് തുടങ്ങേണ്ടത്. കുട്ടി കണ്ടുപഠിക്കുന്നത് മാതാപിതാക്കളെയും അവരുടെ രീതികളെയുമാണെന്നത് മറക്കരുത്.
ഒരു കുട്ടി പ്രശ്നക്കാരനാണെങ്കിൽ അതിൽ മാതാപിതാക്കളുടെ പക്വതക്കുറവും വ്യക്തിത്വത്തിലെ അനാരോഗ്യകരമായ പ്രവണതകളും വ്യക്തിബന്ധങ്ങളിലെ കുറവുകളും ഉണ്ടെന്നത് വ്യക്തമാണ്. കുട്ടിയുമായുള്ള കൃത്യമായ ആശയവിനിമയം, അവരുടെ വ്യക്തിത്വത്തെ വിലമതിക്കൽ, അനാവശ്യമായ താരതമ്യങ്ങൾ ഒഴിവാക്കൽ തുടങ്ങിയവയെല്ലാം കുട്ടികളുടെ സ്വഭാവ രൂപവത്കരണത്തിൽ വലിയ പങ്കുവഹിക്കും. ഒപ്പം നല്ല രക്ഷാകർതൃത്വ ശൈലി മുറുകെപ്പിടിക്കുകയും ഓരോ ദിവസവും കുട്ടികൾെക്കാപ്പം നിലവാരമുള്ള സമയം ചെലവിടാൻ ശ്രമിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.