പരീക്ഷ ടെൻഷന് നോ പറയാം...
text_fieldsഎസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ തുടങ്ങിക്കഴിഞ്ഞല്ലോ. ഇതിനകം എഴുതിയ മൂന്നോ നാലോ പരീക്ഷകൾ നന്നായി എഴുതിയില്ലേ...? ടെൻഷൻ തുടങ്ങിയോ എന്ന് ചോദിക്കേണ്ട കാര്യമില്ല. പരീക്ഷ എന്നു കേൾക്കുേമ്പാൾ തന്നെ ടെൻഷനാവുന്നവരാണ് അധികം കൂട്ടുകാരും. നന്നായി പഠിച്ചാലും വെറുതെ ടെൻഷനാവുന്നവർ. ടെൻഷൻ അഥവാ മാനസിക സംഘർഷത്തെ അതിജീവിക്കാനുള്ള ചില വഴികൾ വിവരിക്കുന്നു...
ടെൻഷൻ ഗുണമോ ദോഷമോ?
ടെൻഷൻ ഗുണവും ദോഷവും ഉണ്ടാക്കുമെന്നാണ് മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്. ചെറിയ തോതിലള്ള ഉത്കണ്ഠ പ്രവർത്തനശേഷിയെയും ശ്രദ്ധയെയും വർധിപ്പിച്ച് ഒരു വ്യക്തിയുടെ കഴിവിനെ പോഷിപ്പിക്കും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. അതേസമയം, അമിതമായ ഉത്കണ്ഠയും സൂക്ഷ്മതയുമെല്ലാം പ്രവർത്തനശേഷിയെ പ്രതികൂലമായി ബാധിക്കും എന്നതാണ് വാസ്തവം. കുളിമുറിയിൽ മനോഹരമായി മൂളിപ്പാട്ടുകൾ പാടുന്നവരെ അറിയില്ലേ? പാഴ്ക്കടലാസുകളിൽ നല്ലനല്ല ചിത്രങ്ങൾ കോറിയിടുന്നവരും കുറവല്ല. എന്നാൽ, ഇവരോട് പാടാനോ ചിത്രം വരക്കാേനാ ആവശ്യപ്പെട്ടുനോക്കൂ. സാധാരണഗതിയിൽ മറ്റൊരു വ്യക്തിയുടെയോ സദസ്സിെൻറയോ മുന്നിൽ കുളിമുറിയിൽ പാടിയ അത്രയും മധുരമായി പാടാൻ കഴിയില്ല; ചിത്രം വരക്കാനും. ഇതിന് കാരണം തെറ്റിപ്പോകുമോ എന്ന ആശങ്കയും ഉത്കണ്ഠയും ചേർന്നുള്ള മാനസിക സമ്മർദം പ്രവർത്തന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നതാണ്. ടെൻഷൻ അമിതമാകാതെ നോക്കലാണ് ഇൗ പ്രതിസന്ധി മറികടക്കാനുള്ള വഴി. എന്നാൽ, ടെൻഷനുണ്ടെന്ന് കരുതി പേടിക്കേണ്ട. ചെറിയ ടെൻഷനൊക്കെ നല്ലതാണ്. എല്ലാവർക്കും ഉള്ളതാണ് എന്ന് കരുതി സമാധാനിക്കുക.
വരുന്നത് വരെട്ട എന്നു കരുതണം
ലോകത്ത് വലിയ വലിയ കാര്യങ്ങൾ ചെയ്ത മഹാന്മാരായ വ്യക്തികളൊന്നും എല്ലാ കാര്യങ്ങളും അറിയുന്നവരോ അമാനുഷമായ കഴിവുള്ളവരോ ആയിരുന്നില്ല. മറിച്ച് ഉള്ള കഴിവുകൾ അതത് സമയത്ത് ആത്മവിശ്വാസത്തോടെ ഫലപ്രദമായി ഉപയോഗിച്ചവരാണ് അവർ. ആത്മവിശ്വാസം കൈമുതലായി ഉണ്ടെങ്കിൽ ഏത് പ്രതികൂല സാഹചര്യത്തെയും എളുപ്പത്തിൽ നേരിടാം എന്ന് മനസ്സിൽ ഉറപ്പിക്കുക. പാഠഭാഗങ്ങൾ ഒന്നും വിടാതെ മുഴുവനായി പഠിക്കുന്നവർ വളരെ അപൂർവമാണ്. തങ്ങൾക്ക് മനസ്സിലാവാത്തവയെ വെറുതെവിട്ട് മനസ്സിലായ പാഠങ്ങൾ നന്നായി പഠിക്കുന്നതാണ് പരീക്ഷയുടെ അവസാന നിമിഷങ്ങളിൽ ചെയ്യാനുള്ളത്. മൊത്തം പാഠഭാഗങ്ങളുടെ 35 ശതമാനം മാത്രം അറിയുന്നവരെ വിജയികളായി കാണുന്ന രീതിയാണ് നമ്മുടെ പരീക്ഷ സമ്പ്രദായത്തിലുള്ളത്. അതുകൊണ്ട് പരീക്ഷയിൽ വിജയിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമല്ല എന്ന് ആദ്യം മനസ്സിലാക്കുക. പിന്നെയുള്ളത് കൂടുതൽ മാർക്ക് എങ്ങനെ വാങ്ങാം എന്നാണ്. ബാക്കിയുള്ള സമയം ഒട്ടും പാഴാക്കാതെ ഫലപ്രദമായി ഉപയോഗിച്ചാൽ നല്ല മാർക്ക് വാങ്ങാൻ കഴിയും എന്നുള്ളതാണ് വാസ്തവം. എഴുതിക്കഴിഞ്ഞ പരീക്ഷകൾ പ്രയാസമായിരുന്നു. അതുകൊണ്ട് എഴുതാനിരിക്കുന്നവയും പ്രയാസമുണ്ടാക്കും എന്ന് കരുതരുത്. വരാനിരിക്കുന്ന പരീക്ഷകളെക്കുറിച്ച് നെഗറ്റിവായി ചിന്തിക്കേണ്ട. ഒന്നോ രണ്ടോ പരീക്ഷകൾ കരുതിയപോലെ എഴുതാൻ കഴിഞ്ഞില്ലെന്ന് കരുതിയും വിഷമിക്കേണ്ട കാര്യമില്ല. അടുത്തവ നന്നായി എഴുതാൻ തയാറെടുക്കുക.
പരീക്ഷകൾ നിങ്ങളെ തോൽപിക്കാൻ വേണ്ടി നടത്തുന്നതല്ല എന്ന് ആദ്യം മനസ്സിലാക്കുക. നിങ്ങൾ എത്രത്തോളം അറിവ് നേടിക്കഴിഞ്ഞു എന്ന് പരിശോധിക്കാനുള്ള ഉപാധികൾ മാത്രമാണ് പരീക്ഷകൾ. പഠനത്തിൽ പിന്നാക്കം നിന്ന എത്രയോ വ്യക്തികൾ ജീവിതത്തിൽ വിജയിച്ച് മറ്റുള്ളവരേക്കാളൊക്കെ മുന്നിലെത്തിയതായി ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാം. ചുരുക്കത്തിൽ പരീക്ഷകൾ ജീവിതത്തിലെ അവസാന വാക്കുകളല്ല. എന്നുകരുതി പഠിക്കാതെ സമയം നഷ്ടപ്പെടുത്തരുത്. നമ്മൾ നേടുന്ന അറിവുകൾ പരീക്ഷക്ക് എഴുതാൻ മാത്രമുള്ളതല്ല. മറിച്ച് ജീവിതത്തിൽ ഉടനീളം അത് നമ്മുടെ കൂടെ സഹായത്തിനുണ്ടാവും.
മോഡൽ മോഡലാക്കാം
സ്കൂളിൽ നടത്തിയ മോഡൽ പരീക്ഷകളുടെ ഉത്തരക്കടലാസുകൾ നിങ്ങൾ ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ? അറിയാവുന്ന ഉത്തരങ്ങൾ എഴുതിയപ്പോൾ സംഭവിച്ച പിഴവുകളാണ് ചില ചോദ്യങ്ങൾക്ക് മാർക്ക് നഷ്ടപ്പെടാൻ കാരണമായതെന്ന് കാണാം. അടുത്ത പരീക്ഷക്ക് അത്തരം പിഴവുകൾ സംഭവിക്കാതെ നോക്കണം. മോഡൽ പരീക്ഷകളുടെ ചോദ്യങ്ങൾ ഒന്നുകൂടെ വായിച്ചുനോക്കി ഉത്തരം എഴുതാനാവുമോ എന്ന് ശ്രമിക്കുക. പാഠപുസ്തകങ്ങളുടെയും നോട്ടുകളുടെയും സഹായത്തോടെ ചോദ്യങ്ങളുടെയെല്ലാം ഉത്തരങ്ങൾ മനസ്സിലാക്കി പഠിക്കുക. മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അവയുടെ ഉത്തരങ്ങളും എഴുതി പഠിക്കുക. ഇതുകൊണ്ട് പലതരത്തിലുള്ള ഗുണങ്ങളുമുണ്ട്. ഉത്തരങ്ങൾ എഴുതേണ്ട വിധം, ഒാരോ ചോദ്യത്തിനുമുള്ള ഉത്തമെഴുതാൻ എടുക്കേണ്ട സമയം എന്നിവ നിങ്ങൾ അറിയാതെതന്നെ വശത്താക്കാൻ ഇത് സഹായിക്കും.
പരീക്ഷ എഴുതുേമ്പാൾ
എല്ലാവരുടെയും കൈയക്ഷരം അത്ര മികച്ചതായിക്കൊള്ളണം എന്നില്ല. ഇനി അത് മെച്ചപ്പെടുത്താനുള്ള സമയവുമില്ല. അതിനാൽ കഴിയുന്നത്ര വൃത്തിയായി എഴുതാൻ ശ്രദ്ധിക്കണം. വളരെ ചെറിയ അക്ഷരങ്ങളിൽ എഴുതുന്നത് ഉത്തരക്കടലാസ് നോക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. അതിനാൽ ഒറ്റനോട്ടത്തിൽ വായിക്കാവുന്ന വലുപ്പത്തിൽ വൃത്തിയായി എഴുതുക. വരികൾക്കിടയിലും ആവശ്യത്തിന് സ്ഥലം വിടണം. ചോദ്യ നമ്പറുകൾ വ്യക്തമായി എഴുതിക്കഴിഞ്ഞ് അതിന് നേരെത്തന്നെ ഉത്തരങ്ങൾ എഴുതണം. അറിയാത്ത ഉത്തരങ്ങൾ ഉൗഹിച്ച് എഴുതരുത്. നിങ്ങളുടെ അറിവില്ലായ്മ മാർക്കിടുന്നവർക്ക് മനസ്സിലാവാനും മാർക്കിനെ അത് ബാധിക്കാനും സാധ്യതയുണ്ട്.
ടെൻഷൻ മാറ്റാനുള്ള വഴികൾ
സമയം നഷ്ടമാക്കാതെ പഠിക്കുകയാണ് ടെൻഷൻ കുറക്കാനുള്ള ഫലപ്രദമായ വഴി. നിങ്ങൾ പഠിക്കുന്നുണ്ടെന്ന് കണ്ടാൽ മാതാപിതാക്കളുടെ ടെൻഷൻ താനെ കുറയുകയും അതുവഴി വഴക്കും ഉപദേശങ്ങളും കുറയുകയും ചെയ്യും. ശാന്തമായ അന്തരീക്ഷം മികച്ച ഫലമുണ്ടാക്കും. അവസാന നിമിഷങ്ങളിൽ മാതാപിതാക്കളുമായി പഠനവുമായി ബന്ധപ്പെട്ട വാഗ്വാദങ്ങൾ ഒഴിവാക്കുക. മൊബൈൽ ഫോണും ടി.വിയും കമ്പ്യൂട്ടറുമെല്ലാം ഒഴിവാക്കി പഠിക്കാനിരിക്കുക. ടെൻഷനുണ്ടെങ്കിൽ മാതാപിതാക്കളോടോ അധ്യാപകരോടോ പങ്കുവെക്കുക. തുടർച്ചയായി പഠിക്കാതെ ഒാരോ മണിക്കൂറിലും ചെറിയ ഇടവേളകൾ നൽകുക. മനസ്സിന് സംഘർഷം കൂടുേമ്പാൾ ഇഷ്ടമുള്ളവരുമായി ഇഷ്ടമുള്ള വിഷയങ്ങൾ അൽപനേരം സംസാരിക്കുകയോ പാട്ടുകേൾക്കുകയോ പുറത്തിറങ്ങി നടക്കുകയോ ആവാം. കൂടാതെ ഉറക്കം ബാക്കിയാക്കാതെ നല്ലവണ്ണം ഉറങ്ങുക, എളുപ്പത്തിൽ ദഹിക്കുന്ന പോഷകാഹാരങ്ങൾ കഴിക്കുക, ധാരാളം ശുദ്ധജലം കുടിക്കുക, അൽപദൂരം നടക്കുക എന്നിവയും ടെൻഷൻ നന്നായി കുറക്കും. ഭക്ഷണം അമിതമാകാതെ നോക്കണം. വയറിന് ദഹനക്കേടുണ്ടാകാതെ ശ്രദ്ധിക്കണം.
വയർ കാളിച്ചയും ഉറക്കം വരായ്കയും
വയറ്റിൽ കാളൽ, ഉറക്കമില്ലായ്മ, പേടി, വിറയൽ, അമിതവിയർപ്പ്, എപ്പോഴും സങ്കടം തോന്നുക എന്നീ ലക്ഷണങ്ങൾ അനിയന്ത്രിതമായ ടെൻഷെൻറ ലക്ഷണങ്ങളാണ്. ഇങ്ങനെയുള്ളപക്ഷം ഒരു ഡോക്ടറുടെ സഹായം തേടണം.
ഇതാ ചില പൊടിക്കൈകൾ
- ആത്മവിശ്വാസം മനസ്സിൽ ഉറപ്പിക്കുക.
- പഠിക്കാനുള്ള അന്തരീക്ഷം തെരഞ്ഞെടുക്കുക. രക്ഷിതാക്കൾ ടി.വി കാണുന്നെങ്കിൽ പഠിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തുക.
- നേരെ ഇരുന്ന് പഠിക്കുക, സമയത്ത് ആഹാരം കഴിക്കുക, സമയത്ത് ഉറങ്ങുക.
- രാവിലെ അഞ്ചു മുതൽ എട്ടു വരെയും രാത്രി ഏഴു മുതൽ 10 വരെയുമാണ് പഠിക്കാൻ ഏറ്റവും അനുയോജ്യ സമയം.
- രാത്രി 10 മുതൽ രാവിലെ അഞ്ചുവരെ കൃത്യമായി ഉറങ്ങുക. ഉറക്കമിളച്ച് ഇരുന്ന് പഠിക്കുന്നത് നല്ലതല്ല.
- സംശയങ്ങൾ എന്തുണ്ടെങ്കിലും കൂട്ടുകാരോടോ അധ്യാപകരോടോ ചോദിക്കാൻ മടിക്കരുത്.
- വായനയോടൊപ്പം ലഭിക്കുന്ന വിവരങ്ങൾ കുറിപ്പായി വെക്കാൻ മറക്കരുത്. ബുദ്ധിമുട്ടുള്ള സൂത്രവാക്യങ്ങൾ, നിർവചനങ്ങൾ എന്നിവ എഴുതി കിടപ്പുമുറിയിൽ ഒട്ടിക്കുക.
- മോഡൽ പരീക്ഷയുടെ ഉത്തരം കണ്ടെത്തിനോക്കൂ. മറ്റു ചോദ്യക്കടലാസുകളിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി നോക്കുക.
മാതാപിതാക്കൾ അറിയാൻ
- നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിലെ ഒരു നിർണായകപരീക്ഷയാണ് നടക്കുന്നത്. കുട്ടിക്ക് സ്വസ്ഥമായിരുന്ന് പഠിക്കാൻ സൗകര്യമുണ്ടാക്കുക.
- ഉയർന്ന േഗ്രഡ്, +2, ഡിഗ്രി അഡ്മിഷൻ തുടങ്ങിയ വിഷയങ്ങൾ പറഞ്ഞ് കുട്ടികളെ സമ്മർദത്തിലാക്കരുത്.
- പരീക്ഷക്ക് സമയത്ത് എത്തുന്നതിനും തിരികെ വീട്ടിലെത്തുന്നതിനും സഹായിക്കുക.
- എഴുതിയ പരീക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ച് ടെൻഷൻ കൂട്ടാനുള്ള സാഹചര്യം ഉണ്ടാക്കരുത്.
പരീക്ഷ ദിവസം ശ്രദ്ധിക്കാം
- ഹാൾടിക്കറ്റും സാധനസാമഗ്രികളും എടുത്തു എന്ന് ഉറപ്പുവരുത്തുക.
- പരീക്ഷക്ക് ഹാളിൽ കയറുന്നതിനു മുമ്പ് ഒറ്റക്കിരുന്ന് പഠിച്ച കാര്യങ്ങൾ ഓർത്തുനോക്കുക.
- മനസ്സ് ശാന്തമായിരിക്കാൻ ശ്രമിക്കണം.
- ചോദ്യക്കടലാസ് ലഭിച്ചാലുടൻ എല്ലാ പേപ്പറുകളിലും രജിസ്റ്റർ നമ്പർ എഴുതണം.
- അഡീഷനൽ ഷീറ്റിൽ എഴുതുമ്പോൾ ആദ്യംതന്നെ മുകളിൽ രജിസ്റ്റർ നമ്പറും പേപ്പറിെൻറ എണ്ണവും രേഖപ്പെടുത്താൻ മറക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.