കുട്ടികളുടെ പഠനശേഷിയും പോഷകാഹാരവും
text_fieldsകുറച്ചു വർഷങ്ങളായി നമ്മുടെ ഭക്ഷണരീതിയിൽ വലിയ മാറ്റം വന്നിരിക്കുന്നു. നമ്മുടേതായ നല്ല ആഹാര ക്രമം ഉണ്ടെങ്കിലും കുഞ്ഞുങ്ങൾക്ക് ബ്രോസ്റ്റഡ് ചിക്കൻ, പിസ, ചിപ്സ്, ബർഗർ, ചോക്ലേറ്റ്സ്, ബോട്ടിലെ ജ്യൂസ് തുടങ്ങിയവ ഒക്കെയാണ് പഥ്യം. ഇതോടൊപ്പം ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കേണ്ട ആവശ്യം നാം വിസ്മരിക്കുന്നു. ആഹാരം കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും പഠനത്തിനും ഉപയോഗപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു.
സമീകൃത ആഹാരം
ശരീരത്തിന് ആവശ്യമായ അളവിൽ അന്നജവും കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, സൂക്ഷ്മ മൂലകങ്ങൾ (മൈക്രോ ന്യൂട്രിയന്റ്സ്), വിറ്റാമിൻ ഉള്ള ഭക്ഷണം എന്നിവ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്കും പഠനശേഷിക്കും അത്യന്താപേക്ഷിതമാണ്.
നമ്മുടെ ആഹാരം കുട്ടികൾക്കു തൂക്കവും പൊക്കവും നൽകുന്നു. പക്ഷേ അവയിൽ കുട്ടികളുടെ പഠനശേഷിയെ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റ്സും വിറ്റമിനുകളും ഉണ്ടാകണമെന്നില്ല. കുട്ടികളുടെ പഠനശേഷിയെ സഹായിക്കുന്ന പ്രധാന സൂക്ഷ്മ പോഷകങ്ങളും വിറ്റമിനുകളും താഴെ ചേർക്കുന്നു.
● ഇരുമ്പ്: ഇരുമ്പിന്റെ അഭാവം കുട്ടികളുടെ പഠനത്തെയും സ്വഭാവത്തെയും ബാധിക്കുന്നു. കുട്ടികളുടെ ബുദ്ധി ലബ്ധി (ഐ.ക്യു) ശരീരത്തിലെ ഇരുമ്പിന്റെ ലഭ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പല പഠനങ്ങളും കണ്ടിട്ടുണ്ട്. മാംസം, ഈത്തപ്പഴം, മത്സ്യ, പയറുവർഗങ്ങൾ, ചീര, നട്സ്, മുട്ട, പരിപ്പുകൾ, ആപ്പിൾ എന്നിവയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
● സൂക്ഷ്മ മൂലകങ്ങൾ: എസെൻഷ്യൽ ഫാറ്റിആസിഡ് (ശരീരത്തിൽ സ്വന്തമായി നിർമിക്കാത്തവയും ഭക്ഷണത്തിൽനിന്നുമാത്രം ലഭിക്കുന്നതുമായ കൊഴുപ്പുകൾ).ചില കുട്ടികൾക്ക് പഠിക്കുമ്പോൾ ശ്രദ്ധ കേന്ദ്രികരിക്കാനും അടങ്ങിയിരിക്കാനും കഴിയുന്നില്ല. ഇതിനു പലകാരണങ്ങൾ ഉണ്ടെങ്കിലും ഒരു പ്രധാന കാരണം എ.ഡി.എച്ച്.ഡി ആണ് (അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ). ഇത് എസെൻഷ്യൽ ഫാറ്റി ആസിഡിന്റെ അഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണത്തിൽ സീഫുഡ്, സസ്യ എണ്ണകൾ, ഒമേഗ- 3 എണ്ണകൾ, ഫ്ലക്സ് സീഡുകൾ എന്നിവ ചേർക്കുന്നത് അവശ്യ ഫാറ്റി ആസിഡുകൾ നൽകും.
● ബി കോംപ്ലക്സ് ഗ്രൂപ്പ്: (ബി-3-നിയാസിൻ, ബി-6-പിരിഡോക്സിൻ, ബി-12-കോബാലമൈൻ)
തലച്ചോറിന്റെയും ഞരമ്പുകളുടെയും വളർച്ചയിൽ വിറ്റമിൻ ബി 1, ബി 6, ബി 12 എന്നിവ വളരെ പ്രധാനമാണ്. അക്ഷരങ്ങളും അക്കങ്ങളും പഠിക്കുന്നതിൽ ഈ വിറ്റമിനുകളുടെ ഗുണഫലം ചില പഠനങ്ങൾ കാണിക്കുന്നു. മട്ട അരി (brown rice), മാംസം, മത്സ്യം, പാൽ, വെണ്ണ, നെയ്യ്, പയർ വർഗങ്ങൾ, പയർ, പരിപ്പ്, ബീൻസ് എന്നിവയിൽ ബി കോംപ്ലക്സ് ഗ്രൂപ്പിന്റെ വിറ്റമിനുകൾ ലഭ്യമാണ്.
● സിങ്ക്: സിങ്ക് അഭാവം കുഞ്ഞുങ്ങളുടെ ശാരീരിക വളർച്ചയെയും പഠനശേഷിയെയും ബാധിക്കുന്നതായി കണ്ടുവരുന്നു. ധാരണശക്തികൊണ്ട് കാര്യങ്ങൾ തിരിച്ചറിയുവാനുള്ള കഴിവിന് സിങ്ക് ആവശ്യമാണെന് പഠനങ്ങളിൽ നീരീക്ഷിച്ചിട്ടുണ്ട്. കക്ക, കല്ലുമ്മകായ്, ചീര, മാതളനാരകം, പേരക്ക, മുട്ട, കൂൺ എന്നിവയിൽ സിങ്ക് അടങ്ങിയിരിക്കുന്നു. നല്ല ഒരു പ്രഭാതഭക്ഷണം കുട്ടികളിൽ പഠനത്തിൽ ഉള്ള ഉത്സാഹം വർധിപ്പിക്കുന്നു. ദോശയും ചെറുപയറും പുട്ടും കടലയും, നേന്ത്രപ്പഴവും മുട്ടയും, പരിപ്പും വെളിച്ചെണ്ണയോ നെയ്യോ ചേർത്ത ചോറും ഉപ്പേരിയും, മത്സ്യ മാംസാദികളും വീട്ടിൽ ലഭ്യമായ പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പഠനശേഷിയെ സഹായിക്കും.
ഡോ. ഹാഷിം ജവാദ് (പീഡിയാട്രീഷ്യൻ അബീർ ഹോസ്പിറ്റൽ, റൂവി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.