മക്കളാണ്, കാത്തോളണം: അധ്യാപകർക്ക് പെരുമാറ്റച്ചട്ടം
text_fieldsദുബൈ: കുട്ടികളെ എല്ലാതരം ചൂഷണങ്ങളിൽനിന്നും അതിക്രമങ്ങളിൽനിന്നും സംരക്ഷിച്ച് പരിപാലിക്കേണ്ട ചുമതല അധ്യാപകർക്കുണ്ടെന്ന് ഓർമപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം പെരുമാറ്റച്ചട്ടം പുറത്തിറക്കി. അധ്യാപകർക്കുപുറമെ മറ്റു ജീവനക്കാരും പാലിക്കേണ്ട മര്യാദകളും സ്വഭാവഗുണങ്ങളും നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാർ ജോലിസ്ഥലത്തെ സാംസ്കാരികവും മതപരവും വംശീയവുമായ വൈവിധ്യത്തെ മാനിക്കണമെന്നും സഹപ്രവർത്തകരോട് ഏതെങ്കിലും തരത്തിലുള്ള അവഗണനയോ വിവേചനമോ പുലർത്തരുതെന്നും നിഷ്കർഷിച്ചിട്ടുണ്ട്.
സ്കൂളിൽവെച്ച് പുകവലിക്കുകയോ മറ്റേതെങ്കിലും ലഹരി ഉൽപന്നങ്ങളുടെ സ്വാധീനത്തിലാകരുതെന്നും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ജീവനക്കാരും യു.എ.ഇയുടെ സാംസ്കാരിക പാരമ്പര്യത്തെ മാനിച്ചുള്ള വസ്ത്രധാരണം പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അധ്യാപകരും ജീവനക്കാരും പാലിക്കേണ്ട മൂല്യങ്ങളുടെ ചട്ടക്കൂടാണ് രൂപപ്പെടുത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അഹമ്മദ് അൽ ഫലാസി പറഞ്ഞു.
മന്ത്രാലയം അംഗീകരിച്ച കരിക്കുലം അനുസരിച്ച് പ്രവർത്തിക്കുന്ന എല്ലാ പൊതു-സ്വകാര്യ സ്കൂളുകൾക്കും പെരുമാറ്റച്ചട്ടം ബാധകമാണെന്ന് മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ദുബൈയിലെ എല്ലാ സ്വകാര്യ സ്കൂളുകളിലും നിയമം അനുസരിക്കേണ്ടതുണ്ട്. യുവാക്കൾക്ക് നല്ല മാതൃകകളാകാൻ അധ്യാപകരെ സഹായിക്കുന്നതാണ് മന്ത്രാലയം രൂപപ്പെടുത്തിയ പെരുമാറ്റച്ചട്ടമെന്ന് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രതികരിച്ചു.
അധ്യാപകർക്കുള്ള നിർദേശങ്ങൾ
- ഭീഷണി, അവഗണന, ചൂഷണം തുടങ്ങി എല്ലാതരം ദുരുപയോഗങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കണം.
- വിദ്യാർഥികളെയും അവരുടെ കുടുംബങ്ങളെയും കുറിച്ച രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തരുത്.
- വിദ്യാർഥികളിൽ നല്ല മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക.
- യു.എ.ഇ സമൂഹത്തിൽ അസ്വീകാര്യമെന്ന് വിലയിരുത്തുന്ന ആശയങ്ങളിൽനിന്നും പെരുമാറ്റങ്ങളിൽ നിന്നും വിദ്യാർഥികളെ സംരക്ഷിക്കുക.
- സഹിഷ്ണുതയുടെയും മറ്റുള്ളവരെ ഉൾക്കൊള്ളലിന്‍റെയും തത്ത്വങ്ങൾ പ്രോത്സാഹിപ്പിക്കുക.
- യു.എ.ഇയുടെ വികസനത്തിന്‍റെയും സമൃദ്ധിയുടെയും യാത്രയിൽ അഭിമാനമുള്ളവരായി വിദ്യാർഥികളെ മാറ്റുക.
- ദേശീയ പ്രവർത്തനങ്ങളിലും പരിപാടികളിലും സജീവമായി പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക.
- തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക.
- മറ്റ് വിദ്യാർഥികൾക്കെതിരെ വാക്കാലും ശാരീരികമായും അക്രമം നടത്തുന്നത് ഒഴിവാക്കുക
- മാതാപിതാക്കളോടും സമൂഹത്തോടും നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുക. ഇമാറാത്തി സംസ്കാരത്തെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കുകയും ഇസ്‌ലാമിന്‍റെ മൂല്യങ്ങളെ മാനിക്കുകയും ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.