പ്രവാസലോകത്തെ കുട്ടിക്കളി
text_fieldsകുട്ടിക്കൂട്ടങ്ങളുടെ വേനലവധി ആഘോഷമാക്കാനൊരുങ്ങി, വിവിധ ക്യാംപുകളുടെ വിനോദ പരിപാടികളുമായി സജീവമാവുകയാണ് പ്രവാസി കൂട്ടായ്മകള്‍. വേനലവധിക്ക് നാട്ടില്‍പ്പോകാന്‍ കഴിയാത്ത അനേകം കുട്ടികളാണ് ഫ്ലാറ്റുകളിലും മറ്റുമായി കഴിയുന്നത്. കടുത്ത ചൂടില്‍ പുറത്തിറങ്ങാനാവാതെ ഏറെ നേരവും വീട്ടിനുള്ളില്‍ തന്നെ കഴിയേണ്ടിവരികയെന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുക.
ഇതിന് പരിഹാരമായിട്ടാണ് യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലുള്ള പ്രവാസി സംഘടനകള്‍ കുട്ടികളുടെ ക്യാംപുകളും മറ്റും സംഘടിപ്പിക്കുന്നത്. അബൂദബിയില്‍ അബൂദബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍, അബൂദബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍ തുടങ്ങിയ സംഘടനകള്‍ വ്യത്യസ്തങ്ങളായ പരിപാടികളുമായി സമ്മര്‍ ക്യാംപുകള്‍ നടത്തുകയാണ്. വേനല്‍ അവധിക്കാലത്ത് നാട്ടില്‍ പോകാത്ത കുട്ടികള്‍ക്ക് വിനോദത്തിലൂടെ വിജ്ഞാനം പകരുന്ന സമ്മര്‍ ക്യാംപുകളാണ് ഒരുങ്ങുന്നത്.
അംഗീകൃത ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള അവധിക്കാല ക്യാംപിനു ഒരാഴ്ച മുതല്‍ ഒരു മാസം വരെയാണ് ദൈര്‍ഘ്യം. കളിച്ചുല്ലസിച്ചും കഥ പറഞ്ഞും പാട്ടുപാടിയും നൃത്തം ചെയ്തും കായിക പരിപാടികള്‍ ഒരുക്കിയുമെല്ലാം കുട്ടികളുടെ അവധിക്കാലം കൂടുതല്‍ നിറമുള്ളതാക്കുകയാണ് ലക്ഷ്യം. ഭാഷാ പരിചയം, ഗണിതം, പ്രസംഗ പരിശീലനം, അഭിനയം തുടങ്ങി കുട്ടികളുടെ ശാരീരിക-മാനസിക വളര്‍ച്ചയ്ക്ക് അനിവാര്യമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ക്യാംപിന്റെ ഭാഗമാണ്.
കലാസാഹിത്യ, ശാസ്ത്ര, സാങ്കേതിക രംഗത്തെ ഏറ്റവും നൂതന അറിവുകളും കരിയറുമെല്ലാം ചര്‍ച്ചയാവും. അതോടൊപ്പം നാട്ടോര്‍മകളും നാട്ടറിവുകളുമെല്ലാം പങ്കുവയ്ക്കപ്പെടും. പ്രവാസ കുടുംബങ്ങളിലെ കുരുന്നുകള്‍ക്ക് നഷ്ടമാവുന്ന ജന്മനാടിന്റെ തനിമയും സംസ്കാരവുമെല്ലാം പകര്‍ന്നു നല്കുന്നതാവും ക്യാംപുകളെന്നാണ് സംഘാടകര്‍ നല്കുന്ന ഉറപ്പ്. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ കേരളത്തില്‍ നിന്നടക്കം ക്യാംപുകളില്‍ സാന്നിധ്യമാവും.
അബൂദബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററിന്റെ സമ്മര്‍ ക്യാംപ് (ഫിയസ്റ്റ 2023) ജൂലൈ 16 മുതല്‍ ആഗസ്റ്റ് അഞ്ചുവരെയാണ് നടക്കുക. ഒമ്പതു മുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്ക് പങ്കെടുക്കാം. ഷിജില്‍ കുമാര്‍ ആണ് ക്യാംപ് ഡയറക്ടര്‍. റോബോട്ടിക്, സയന്‍സ്, ഗെയിംസ്, ടാലന്റ് ഷോ, വാര്‍ണര്‍ ബ്രോസ് യാത്ര തുടങ്ങിയവയാണ് ക്യാംപിലെ പ്രധാന പരിപാടികള്‍.
അബൂദബി മലയാളി സമാജം സംഘടിപ്പിക്കുന്ന വേനല്‍ വിസ്മയം ജൂലൈ 15ന് ആരംഭിക്കും. രണ്ടാഴ്ച നീളുന്ന ക്യാംപ് വൈകിട്ട് 4.30 മുതല്‍ രാത്രി 8.30 വരെയായിരിക്കും. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വാഹന സൗകര്യവും ഉണ്ടായിരിക്കും. സ്റ്റുഡന്‍സ് മോട്ടിവേഷന്‍ സ്പെഷ്യലിസ്റ്റ് ജാബിര്‍ സിദ്ദിഖ് ക്യാംപിനു നേതൃത്വം നല്‍കും. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്ക് മുന്‍ഗണനയുണ്ട്.വിവരങ്ങള്‍ക്ക് ഫോണ്‍ 025537600, 0524414455, info@samajam.com
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്‍സൈറ്റ് സമ്മര്‍ ക്യാംപ് ശനിയാഴ്ചമുതല്‍ 16 വരെ വൈകിട്ട് 5.30 മുതല്‍ 9.30 വരെയായിരിക്കും. കെ.ജി മുതല്‍ ബിരുദ തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. അബൂദബി സിറ്റി, ബനിയാസ്, മുസഫ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി എന്നിവിടങ്ങളില്‍നിന്ന് വാഹന സൗകര്യവും ഉണ്ടായിരിക്കും.
വിവരങ്ങള്‍ക്ക് 026424488,
0501195750, 050 1676745.
കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന വേനല്‍ത്തുമ്പികള്‍ ഈ മാസം 10 മുതല്‍ ആഗസ്റ്റ് അഞ്ചു വരെ നടക്കും. കേരള സംഗീത അക്കാദമി അവാര്‍ഡ് ജേതാവ് കോട്ടയ്ക്കല്‍ മുരളി, നാടക പ്രവര്ത്തകന് ശ്രീജിത്ത് കാഞ്ഞിലശ്ശേരി എന്നിവര്‍ ക്യാംപിനു നേതൃത്വം നല്‍കും.
ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെയാണ് ക്യാംപ്. കുട്ടികളുടെ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്താനും ഭയമില്ലാതെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും ക്യാംപ് അവസരമൊരുക്കും. ചിത്ര രചന, ഗണിതം, കരകൗശല വസ്തുക്കളുടെ നിര്‍മാണം, പത്രവൃത്താന്തം, പ്രസംഗ പരിശീലനം, വായന തുടങ്ങിയവ ഉണ്ടായിരിക്കും.
വിവരങ്ങള്‍ക്ക് 026314455
നമ്പറില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.