കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഓണ്‍ലൈന്‍ സ്വാധീനം വര്‍ധിച്ചു; ജാഗ്രത വേണമെന്ന് അധികൃതർ
text_fieldsഅബൂദബി: കുട്ടികള്‍ക്കെതിരെ നടക്കുന്ന മിക്ക കുറ്റകൃത്യങ്ങളിലും ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ സ്വാധീനം വര്‍ധിച്ചതായും ഇതില്‍നിന്ന് കുട്ടികളെ മോചിതരാക്കാന്‍ രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്നും അധികൃതര്‍. കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എമിറേറ്റ്സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി അബൂദബിയില്‍ ‘ചില്‍ഡ്രന്‍സ് വെല്‍ബിയിങ് ഇന്‍ എ ഡിജിറ്റല്‍ വേള്‍ഡ്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. കുട്ടികള്‍ക്കെതിരായ മിക്ക കുറ്റകൃത്യങ്ങളിലും ഓണ്‍ലൈന്‍ സ്വാധീനമുണ്ട്.
ഇതില്‍ ലൈംഗിക ചൂഷണത്തിനു പുറമെ ആള്‍മാറാട്ടം, തട്ടിപ്പ് എന്നിവയും നടക്കുന്നു. പഠനത്തിനും കളിക്കാനും സംവാദത്തിനുമെല്ലാം സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുവരുന്ന ഇന്നത്തെ കുട്ടികള്‍ ഡിജിറ്റല്‍ സ്വദേശികളാണെന്ന് യു.എ.ഇ സഹിഷ്ണുത, സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന് അഭിപ്രായപ്പെട്ടു. അദൃശ്യ ലോകത്തെ അശാസ്ത്രീയ ഇടപെടല്‍ കുട്ടികളെ അപകടത്തിലാക്കും. ഇതില്‍നിന്ന് രക്ഷപ്പെടുത്തേണ്ട ചുമതല രക്ഷിതാക്കള്‍ക്കുണ്ട്. വഞ്ചിക്കപ്പെടാനുള്ള സാധ്യതകള്‍ അവരെ പറഞ്ഞു മനസ്സിലാക്കണം. ചതിയില്‍പെട്ടാല്‍ എത്രയും വേഗം പരാതിപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അശ്ലീല ദൃശ്യം, ചിത്രം, ശബ്ദസന്ദേശം, വിഡിയോ, ഗെയിം എന്നിവ പ്രചരിപ്പിക്കുന്നത് യു.എ.ഇയില്‍ നിരോധിച്ചിട്ടുണ്ട്.
നിയമലംഘകര്‍ക്ക് ഒരു വര്‍ഷം തടവോ ലക്ഷം മുതല്‍ നാല് ലക്ഷം ദിര്‍ഹം വരെ പിഴയോ രണ്ടും ചേര്‍ത്തോ ശിക്ഷ ലഭിക്കും. അല്‍ അമീന് സര്‍വീസ് - 8004888 - എസ്.എം.എസ്. - 4444 (ദുബൈ പൊലീസ് ), ടോള്‍ ഫ്രീ 8002626-എസ്.എം.എസ്. - 2828 (അബൂദബി പൊലീസ് ), ടോള്‍ ഫ്രീ 800151- എസ്.എം.എസ്. - 7999 (ഷാര്‍ജ പൊലീസ് ), ഹെമായതി ആപ് എന്നീ സംവിധാനങ്ങളിലൂടെ പരാതികള്‍ നല്‍കാം.
കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം വീട്ടുകാര്‍ നിരീക്ഷിക്കണമെന്നും ഇതിലൂടെ അനാവശ്യ ഉള്ളടക്കങ്ങള്‍ കുട്ടികള്‍ കാണുന്നത് തടയാനും ഇന്റര്‍നെറ്റില്‍ വലവിരിക്കുന്ന ചതിയന്മാരുടെ പിടിയില്‍പെടുന്നത് ഒഴിവാക്കാനും ഉറപ്പാക്കാന്‍ കഴിയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.