പഠിത്തവും രക്ഷിതാക്കളും
text_fieldsഒരു രോഗം വന്നാൽ രോഗനിവാരണത്തിന് രോഗിയെ ചികിത്സിക്കുന്നതു പോലെത്തന്നെ പ്രധാനമാണ് രോഗിയെ ശുശ്രൂഷിക്കുന്നവർക്കു വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതും. കാരണം രോഗിക്ക് വേണ്ട മാനസിക പിൻബലം നൽകാൻ അടുത്ത ബന്ധുക്കൾക്കേ സാധിക്കൂ. അതുപോലെ തന്നെയാണ് വിദ്യാർഥികളുടെ കാര്യവും. സ്കൂളിൽനിന്ന് അധ്യാപകർ പകർന്നു നൽകുന്ന വിദ്യാഭ്യാസം മാത്രം പോരാ കുട്ടികളുടെ വിജയത്തിന്. അവർക്കു വേണ്ട ആത്മവിശ്വാസവും മാനസിക പിന്തുണയും നൽകേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. പണ്ട് കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ കുട്ടികൾ വളർന്നിരുന്നത് സ്വാതന്ത്ര്യത്തോടെയും എന്നാൽ അതേസമയം പ്രശ്നങ്ങൾ വരുമ്പോൾ സഹായം തേടാൻ കുടുംബത്തിൽതന്നെ ആരെങ്കിലും ഉണ്ടാവുന്ന അവസ്ഥയിലുമായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ അണുകുടുംബങ്ങളായി. അവിടെ മക്കളെക്കുറിച്ചുള്ള ആധിയാണ് പല മാതാപിതാക്കൾക്കും. തങ്ങൾക്കു നേടാൻ കഴിയാതെപോയ സ്വപ്നങ്ങൾ മക്കളിലൂടെ നേടിയെടുക്കാനുള്ള ത്വരയും. ഈ സ്വാർഥതാൽപര്യങ്ങളുടെ ബലിയാടുകളാണ് പല കുട്ടികളും. മിക്ക വീടുകളിലും മാതാപിതാക്കൾ ജോലിക്കാരാകുമ്പോൾ കുട്ടികൾക്കുവേണ്ടി സമയം ചെലവഴിക്കാൻ പോലും ഇവർക്ക് സാധിക്കാതെ പോകുന്നു. കുട്ടികൾക്ക് മനസ്സ് തുറന്നു സംസാരിക്കാൻ പോലും വീട്ടിൽ ആരും ഇല്ലാത്ത അവസ്ഥയാണ് പലപ്പോഴും. പോരാത്തതിന് പരീക്ഷകളിൽ മാർക്ക് കുറഞ്ഞുപോയാൽ വീട്ടിൽനിന്നും സ്കൂളിൽ നിന്നും കിട്ടുന്ന ശകാരങ്ങളും. ഇതിനെല്ലാം പുറമെ മൊബൈൽ ഫോൺ രംഗപ്രവേശം ചെയ്തതോടെ കുട്ടികളുടെ ലോകം വീണ്ടും അതിലേക്കു ചുരുങ്ങിത്തുടങ്ങി.
പല രക്ഷിതാക്കളുടെയും പരാതി മക്കൾ തങ്ങൾ പറയുന്നത് അനുസരിക്കുന്നില്ല, വേണ്ടത്ര സമയം പഠിക്കുന്നില്ല എന്നൊക്കെയാണ്. ഇവിടെയെല്ലാം ഓർക്കേണ്ടത് മക്കൾ നിങ്ങളെ അനുസരിക്കേണ്ട യന്ത്രങ്ങളല്ല. അവർക്കു വേണ്ട സ്നേഹവും കരുതലും നൽകിയാൽ അവരുടെ ബഹുമാനം ലഭിക്കാൻ നിങ്ങൾ യോഗ്യരായാൽ, അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ, അവരെ കൈപിടിച്ചു നയിക്കാൻ, അവർ കൈകൾ നിങ്ങൾക്ക് നീട്ടിത്തരും. അവരുടെ വഴികളിലൂടെ സഞ്ചരിക്കാൻ നിങ്ങൾക്ക് അവരെ സഹായിക്കാം. അല്ലാതെ നിങ്ങളുടെ വഴിയിലൂടെ അവർ വരണം എന്ന് വാശിപിടിക്കരുത്. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ചെറുപ്പം മുതലേ ചിട്ടയായി ജീവിക്കാൻ അവരെ പഠിപ്പിക്കുക എന്നതാണ്. നിങ്ങളുടെ ജോലിത്തിരക്കുകൾക്കിടയിൽ മക്കൾ ശല്യം ചെയ്യാതിരിക്കാൻ അവരുടെ കൈയിൽ മൊബൈൽ ഫോൺ കൊടുത്തിട്ട് പിന്നീട് കുട്ടികൾ ഫോണിന് അടിമയാണ് എന്ന് പരാതി പറയുന്നതിൽ അർഥമില്ലല്ലോ. കുട്ടികളുടെ ഒന്നു രണ്ട് ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവരെ ക്കുറിച്ചുള്ള വേവലാതി ഒഴിവാക്കാം.കുട്ടികളുടെ ആദ്യത്തെയും അവസാനത്തെയും ആശ്രയം രക്ഷിതാക്കളാണ്. ആ വിശ്വാസം അവർക്ക് എപ്പോഴും ഉണ്ടായിരിക്കണം. സ്നേഹം മനസ്സിൽവെച്ച് കാർക്കശ്യം ഉള്ളവർ ആകാതിരിക്കുക. അവരുടെ തെറ്റുകളെ സംയമനത്തോടെ തിരുത്താൻ ശ്രമിക്കുക. തെറ്റുകളിൽനിന്ന് അവർ ശരി പഠിച്ചുകൊള്ളും. അവർ സന്തോഷത്തോടെ ആത്മവിശ്വാസത്തോടെ വളരട്ടെ. ബാക്കിയെല്ലാം കാലക്രമേണ ശരിയായിക്കൊള്ളും.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ചെറുപ്പം മുതലേ ചിട്ടയുള്ള ജീവിതരീതി ശീലിപ്പിക്കുക. അതിന് ആദ്യം സ്വയം ചിട്ടയായി ജീവിക്കാൻ ശീലിക്കുക. രാവിലെ നേരത്തേ എഴുന്നേൽക്കുന്നത് മുതൽ രാത്രി കൃത്യസമയത്ത് ഉറങ്ങുന്നതുവരെ എല്ലാ കാര്യങ്ങളും സമയ നിഷ്ഠയോടെ ചെയ്യുക.
- മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവ ആവശ്യത്തിനുമാത്രം ഉപയോഗിക്കുക. കുട്ടികളെയും അങ്ങനെ ശീലിപ്പിക്കുക. അവ ഉപയോഗിക്കാനുള്ള സമയം നിശ്ചയിക്കാം.
- കുട്ടികളെ അവരുടെ താൽപര്യങ്ങളും സ്വപ്നങ്ങളും പിന്തുടരാൻ പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ ഇഷ്ടങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കാതിരിക്കുക.
- അവർക്ക് കഴിവതും വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം നൽകുക. വീട്ടിൽ എന്താണോ ഉണ്ടാക്കുന്നത് അത് കഴിക്കാൻ ശീലിപ്പിക്കുക. ചെറുപ്പം മുതലേ ഇതായിരിക്കണം വീട്ടിലെ നിയമം. ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ചുള്ള വെവ്വേറെ ഭക്ഷണം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കാതിരിക്കുക.
- വീട്ടിൽ സന്തോഷമുള്ള അന്തരീക്ഷം ഉണ്ടാക്കുക. അച്ഛനമ്മമാർക്കിടയിലെ ചെറിയ പ്രശ്നങ്ങൾ പോലും മക്കളുടെ മാനസിക നിലയെ ബാധിക്കും എന്ന ബോധം എപ്പോഴും ഉണ്ടായിരിക്കണം.
- ഇത് പരീക്ഷക്കാലമാണല്ലോ. ഇപ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- പഠിക്കാനുള്ള ഷെഡ്യൂൾ അവരോടൊപ്പമിരുന്ന് ഉണ്ടാക്കാൻ സഹായിക്കുക. ഒരു ദിവസം എത്ര സമയം, എപ്പോൾ, ഏതു വിഷയം എത്ര പഠിക്കണം എന്നത് കൃത്യമായി ഷെഡ്യൂളിൽ ഉൾപ്പെടുത്തുക. ഷെഡ്യൂൾ പ്രകാരം അവർ പഠിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ബാക്കിയുള്ള സമയം അവരുടെ ഇഷ്ടത്തിന് അവർ എന്തു വേണമെങ്കിലും ചെയ്യട്ടെ. അപ്പോൾ അവരെ പഠിത്തത്തിന്റെ കാര്യം പറഞ്ഞു വെറുപ്പിക്കാതിരിക്കുക. ഇനി അവർ ഷെഡ്യൂൾ പ്രകാരം എപ്പോഴെങ്കിലും പഠിക്കാതിരുന്നാൽ അത് പറഞ്ഞു ശകാരിക്കാതിരിക്കുക. അവർക്ക് കഴിയുന്ന പോലെയൊക്കെ പഠിക്കട്ടെ. അതിന് അവരെ പ്രോത്സാഹിപ്പിക്കുക. ശകാരിക്കുന്നതുകൊണ്ട് പഠിത്തത്തിനോട് കൂടുതൽ വെറുപ്പുണ്ടാക്കുക എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല.
- അവരുടെ ആരോഗ്യം ശ്രദ്ധിക്കുക. അവർക്ക് ആവശ്യത്തിന് ഉറക്കവും വിശ്രമവും ലഭിക്കണം. കഴിവതും വീട്ടിലുണ്ടാക്കുന്ന പോഷകപ്രദമായ ഭക്ഷണം നൽകുക.
- എല്ലാ ദിവസവും കുറച്ചുസമയം അവരോടൊപ്പം ചെലവഴിക്കുക (ക്വാളിറ്റി ടൈം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.