കുട്ടികളുടെ തലവേദന മാറുന്നില്ല; കാരണം?
text_fieldsമെഡിക്കൽ കോളജിലെ ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ ഒരു സഹപ്രവർത്തക എന്നെ കാണാൻ വന്നു. ഏഴ് വയസ്സുള്ള ഒരു കൊച്ചുമിടുക്കിയും അവളുടെ ഉമ്മയും ഉമ്മയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. സഹപ്രവർത്തകയായ ഡോക്ടറുടെ ഒരു അകന്ന ബന്ധുവാണിവർ. തലവേദനയാണ് പെൺകുട്ടിയുടെ പ്രശ്നം. ഒരു വർഷത്തോളമായി വിട്ടുമാറാത്ത തലവേദനമൂലം കുഞ്ഞിെൻറ പഠനംപോലും പ്രതിസന്ധിയിലാണ്. ഇ.എൻ.ടി, ന്യൂറോസയൻസ്, മെഡിസിൽ വിഭാഗം എന്നിവിടങ്ങളിലെല്ലാം ചികിത്സ തേടിയിട്ടും കുട്ടിയുടെ തലവേദനക്ക് മാത്രം മാറ്റമൊന്നുമുണ്ടായില്ല. മരുന്നുകൾ കഴിക്കുേമ്പാൾ ചെറിയ മാറ്റമൊഴിച്ചാൽ തലവേദന കുടുംബത്തിെൻറ മുഴുവൻ 'തലവേദന'യായി തുടർന്നു.
അലോപ്പതി ചികിത്സ മടുത്തപ്പോൾ ആയുർവേദവും ഹോമിയോപ്പതിയും പരീക്ഷിച്ചു. എന്നിട്ടും കാര്യമായ മാറ്റമില്ല. ചില സമയങ്ങളിൽ തലവേദനമൂലം കുഞ്ഞിന് ഉറങ്ങാൻ കഴിയുന്നില്ല. ബന്ധുക്കൾ പ്രാർഥനയും വഴിപാടുകളുമായി ചികിത്സ തുടർന്നുകൊണ്ടിരുന്നു. ഇതിനിടെ മെഡിക്കൽ കോളജിലെ ഒരു ഫിസിഷ്യൻ കുഞ്ഞിനെ മനോരോഗ വിഭാഗത്തിൽ കാണിക്കുവാൻ നിർദേശിച്ചു. ഇതുകേട്ടപ്പോൾ ആദ്യം ബന്ധുക്കൾക്ക് പ്രയാസമുണ്ടായി. കൊച്ചുകുഞ്ഞിന് മനോരോഗമോ? തലവേദനക്ക് ഭ്രാന്തിെൻറ ചികിത്സയോ? അവർക്ക് ആ നിർദേശം സ്വീകരിക്കാൻ കഴിഞ്ഞില്ല. വീണ്ടും പലപല ചികിത്സകൾ തുടർന്നു. ഫലമൊന്നുമുണ്ടായില്ലെന്ന് മാത്രം. അങ്ങനെയാണ് പ്രശ്നം അവരുടെ ബന്ധുവായ ഡോക്ടറുടെ ശ്രദ്ധയിൽ വന്നത്. ഇതുവരെയുള്ള ചികിത്സയുടെ ചരിത്രം മുഴുവൻ സൂക്ഷ്മമായി പരിശോധിച്ചശേഷം അവരാണ് കുഞ്ഞിനെ മനോരോഗ വിഭാഗത്തിൽകൂടി കാണിക്കാൻ നിർദേശിച്ചത്. ഒരു പരീക്ഷണം എന്ന നിലക്കാണ് കുഞ്ഞിെൻറ ഉമ്മയും ബന്ധുക്കളും ബന്ധുവായ ഡോക്ടറോടൊപ്പം എന്നെക്കാണാൻ വന്നത്. താരതമ്യേന അപൂർവമായ കേസായതിനാൽ കുഞ്ഞിനെ വിശദമായിത്തന്നെ പരിശോധിച്ചു. ശാരീരിക പരിശോധനകളുടെ ഫലങ്ങളിലൊന്നും കാര്യമായ കുഴപ്പങ്ങൾ കാണാത്തതുകൊണ്ട് രോഗം മാനസികമായതലത്തിലാവാനുള്ള സാധ്യതയേറെയാണെന്ന് ആദ്യമേ തോന്നി.
പിന്നീട് കുഞ്ഞിനോടും ഉമ്മയോടും മാറിമാറി സംസാരിച്ചു. വീട്ടിൽ ഉമ്മയും കുഞ്ഞും ഭർത്താവിെൻറ ഉമ്മയും മാത്രമാണുള്ളത്. കുടുംബനാഥൻ വിദേശത്താണ്. രണ്ട് വർഷം കൂടുേമ്പാൾ വരും. ദിവസവും ഫോണിൽ കാര്യങ്ങൾ അന്വേഷിക്കും. സാമ്പത്തികമായി വലിയ പ്രയാസങ്ങളൊന്നുമില്ല. കൂടുതൽ ചൂഴ്ന്ന് സംസാരിച്ചപ്പോൾ വീട്ടിലെ കുടുംബ കലഹത്തിെൻറ അന്തരീക്ഷം തെളിഞ്ഞുവന്നു. കുഞ്ഞിെൻറ ഉമ്മയും അമ്മായിയമ്മയും തമ്മിൽ ദിവസവും വഴക്കാണ്. ഉമ്മക്ക് ദേഷ്യം വന്നാൽ അതു തീർക്കുന്നത് കുഞ്ഞിനോടാണ്. മിക്കപ്പോഴും ഫോണിൽ ഭർത്താവുമായും വഴക്കാണ്. ഉമ്മയും സംസാരം കഴിഞ്ഞാൽ ഉപ്പയോട് സംസാരിക്കാൻ കാത്തുനിൽക്കുന്ന കുഞ്ഞിന് ഉമ്മയുടെ വക ശകാരമാണ് പലപ്പോഴും കേൾക്കേണ്ടിവരുന്നത്. ഒന്നുരണ്ടു തവണത്തെ കൺസൾേട്ടഷൻ കഴിഞ്ഞപ്പോൾ പ്രശ്നത്തിെൻറ കാതൽ മറനീക്കി.
പെൺകുട്ടി കളിക്കാൻ പോകുന്ന അടുത്തവീട്ടിലെ കുട്ടിയുടെ ഉപ്പയും ഗൾഫിലാണ്. ആ വീട്ടിൽ നല്ല സ്നേഹംനിറഞ്ഞ അന്തരീക്ഷം. വീട്ടിലെ ഉമ്മയും ഉമ്മൂമ്മയും തമ്മിൽ തമാശപറഞ്ഞ് കുട്ടികളെ താലോലിക്കുന്നത് കാണുേമ്പാൾ നമ്മുടെ നായികയായ പെൺകുട്ടിക്ക് സങ്കടം. ആ വീട്ടിലെ ഉപ്പ ആറുമാസം കൂടുേമ്പാൾ ലീവിന് വരും. അദ്ദേഹം വന്നാൽ ആ വീട്ടിൽ ഒരു ഉത്സവമാണ്.
രണ്ടു വീടുകളിലെയും പരസ്പര വിരുദ്ധമായ അന്തരീക്ഷം കുഞ്ഞുമനസ്സിൽ സങ്കടങ്ങളുടെ ഒരു കടലുതന്നെ സൃഷ്ടിച്ചു. വഴക്കടിക്കുന്ന വല്യുമ്മയുടെയും ഉമ്മയുടെയും ഇടയിൽകിടന്ന് അവൾ ശ്വാസംമുട്ടി. ഉപ്പവന്നപ്പോൾ പ്രശ്നങ്ങൾ രൂക്ഷമാവുകയായിരുന്നു. ഉമ്മക്കും ഭാര്യക്കും ഇടയിൽ കിടന്ന് അയാളും വലഞ്ഞു. സ്വാഭാവികമായും പ്രായമുള്ള ഉമ്മയുടെ കൂടെനിന്ന് അയാൾ ഭാര്യയെ കുറ്റപ്പെടുത്തി. കുറ്റപ്പെടുത്തൽ മാത്രമായപ്പോൾ അവളുടെ ഉമ്മ പിണങ്ങി അവരുടെ വീട്ടിലേക്ക് പോയി. സ്കൂൾ ഉള്ളതിനാൽ അവൾ ഉപ്പയുടെ വീട്ടിൽതന്നെ നിന്നു. അവിടത്തെ പിരിമുറുക്കം സൃഷ്ടിക്കുന്ന അന്തരീക്ഷത്തിൽ. അങ്ങനെ ഉത്സവാന്തരീക്ഷം ഉണ്ടാവുമെന്ന് കരുതിയ ഉപ്പയുടെ ലീവ് ദിവസങ്ങൾ വഴക്കിെൻറയും ബഹളത്തിെൻറയും ദിനങ്ങളായിമാറി. ആ ദിവസങ്ങളിലാണ് കുട്ടിക്ക് ആദ്യമായി തലവേദന വന്നത്. പ്രശ്നങ്ങൾ ഒരുവക പരിഹരിച്ച് ഉപ്പ ഗൾഫിലേക്ക് മടങ്ങിയെങ്കിലും കുഞ്ഞിനെ തലവേദന വേട്ടയാടിക്കൊണ്ടിരിരുന്നു.
വിശദമായ പരിശോധനയിൽ സൈക്കോസൊമാറ്റിക് രോഗങ്ങളെന്ന് പൊതുവെ വിളിക്കുന്ന ഡിസോസിയേറ്റിവ്, കൺവേർഷൻ ഡിസോർഡർ (Dissociative–Conversion disorder) എന്ന വിഭാഗത്തിൽപെട്ട ഒരുമാനസിക പ്രശ്നമായിരുന്നു കുഞ്ഞിെൻറ തലവേദനയുടെ കാരണമെന്ന് കണ്ടെത്തി. ഇളംമനസ്സിന് സഹിക്കാൻ കഴിയുന്നതിനപ്പുറമുള്ള വീട്ടിലെ അന്തരീക്ഷം സൃഷ്ടിച്ച മാനസികാഘാതം പതുക്കെ രോഗത്തിന് വഴിമാറുകയായിരുന്നു.
ഭാഗ്യത്തിന് കുഞ്ഞിെൻറ പിതാവ് ലീവിന് നാട്ടിലെത്തിയത് ചികിത്സക്ക് കൂടുതൽ സൗകര്യമായി. കുഞ്ഞിെൻറ മാതാപിതാക്കളോട് ഒറ്റക്കും ഒരുമിച്ചിരുത്തിയും നടത്തിയ സംഭാഷണങ്ങളിലൂടെ ഒരുവിധത്തിൽ പ്രശ്നം അവരെക്കൊണ്ട് അംഗീകരിപ്പിക്കാൻ കഴിഞ്ഞു. ചികിത്സ വേണ്ടിയിരുന്നത് വീട്ടിലെ അന്തരീക്ഷത്തിനായിരുന്നു. ഗൃഹനാഥെൻറ ഉമ്മ മകളുടെ വീട്ടിലേക്ക് താമസം മാറുകയും കുടുംബത്തിൽനിന്ന് വഴക്കിെൻറ അന്തരീക്ഷം അകലുകയും ചെയ്തതോടെ കുഞ്ഞിെൻറ തലവേദനയും ഇല്ലാതായി. ലാബിലെ രക്തപരിശോധനകളിലും സ്കാനിങ്, എക്സ്റേ പോലുള്ള ടെസ്റ്റുകളിലും പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും കാണാൻ കഴിയാതിരിക്കുകയും ശാരീരിക രോഗങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യുന്നതാണ് ഡിസോസിയേറ്റിവ് കൺവേർഷൻ ഡിസോർഡർ രോഗങ്ങൾ.
വിവിധ അവയവങ്ങളെ പല രീതിയിൽ ബാധിക്കുന്ന ലക്ഷണങ്ങളായാണ് രോഗം പുറത്തുവരുക. കണ്ണ് കാണാതാവുക, സംസാരശേഷി നഷ്ടമാവുക തുടങ്ങി അത്ഭുതപ്പെടുത്തുന്ന ലക്ഷണങ്ങൾപോലും ഇത്തരം രോഗത്തിെൻറ ഭാഗമായി പ്രത്യക്ഷപ്പെടാറുണ്ട്. അവയവങ്ങൾക്ക് ബലക്ഷയം, അപസ്മാരം പോലെ വിറയൽ എന്നീ ലക്ഷണങ്ങളും ഇത്തരത്തിൽ പ്രകടമാകാറുണ്ട്. മനസ്സിനെ അസ്വസ്തമാക്കുന്ന അനുഭവങ്ങൾ നേരിടേണ്ടിവരുമ്പോൾ മനസ്സ് അവയിൽനിന്ന് രക്ഷനേടാൻ അബോധതലത്തിൽ കണ്ടെത്തുന്ന ഒരു മാർഗമാണ് ഈ രോഗങ്ങൾ. പൊതുവെ പുരുഷന്മാരെ അപേക്ഷിച്ച് കുട്ടികളിലും കൗമാരക്കാരായ യുവതികളിലും സ്ത്രീകളിലുമാണ് കൂടുതലായി ഇത്തരം അവസ്ഥകൾ കണ്ടുവരുന്നത്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിലാണ് പ്രശ്നങ്ങൾ കൂടുതലുള്ളത്.
സമൂഹത്തിൽ വേണ്ടത്ര ചർച്ചചെയ്യപ്പെടുകയോ മനസ്സിലാക്കാൻ ശ്രമിക്കുകയോ ചെയ്യാത്ത ഒരു വിഷയമാണിത്. മനുഷ്യശരീരത്തിലുണ്ടാകുന്ന മിക്ക രോഗങ്ങൾക്കും ശാരീരികവും മാനസികവുമായ മാനങ്ങളുണ്ട്. ഇതിൽ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ശാരീരികരോഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സയാണ് അധികവും നടക്കുന്നത്. ശരീരത്തിന് സംഭവിക്കുന്ന അസ്വസ്ഥതകളിൽ മനസ്സിനുള്ള പങ്കിനെക്കുറിച്ച് വിദ്യാസമ്പന്നർക്കുപോലും അറിവില്ല.
സാധാരണയായി ഇത്തരം അസുഖങ്ങൾക്ക് പരിഹാരമായി നിർദേശിക്കുന്നത് മന$ശാസ്ത്ര–ഔഷധ–പെരുമാറ്റ ചികിത്സയാണ്. രോഗാരംഭത്തിൽതന്നെ ചികിത്സ തുടങ്ങാനായാൽ പെട്ടെന്നുതന്നെ ശരീരത്തിെൻറയും മനസ്സിെൻറയും ആരോഗ്യം വീണ്ടെടുക്കാനാവും. കുട്ടികൾക്ക് രോഗം വരുമ്പോൾ ആദ്യം സമീപിക്കേണ്ടത് ശിശുരോഗ വിദഗ്ധരെത്തന്നെയാണ്. ചികിത്സയുടെ ഭാഗമായി നടത്തുന്ന ശാരീരിക വിശകലനങ്ങളിൽ രോഗകാരണങ്ങൾ കണ്ടെത്താൻ കഴിയാതിരിക്കുകയും മരുന്നുപയോഗിച്ചുള്ള ചികിത്സ കൊണ്ട് രോഗശമനം കിട്ടാതാവുകയും ചെയ്യുമ്പോൾ നിർബന്ധമായും രോഗത്തിന് പിന്നിൽ മാനസിക കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കാനായി ഒരു വിദഗ്ധനായ മനോരോഗ ചികിത്സകനെ കാണേണ്ടിയിരിക്കുന്നു.
(കോഴിക്കോട് മെഡിക്കൽ കോളജ് മനോരോഗ വിഭാഗം മേധാവിയാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.