ആരാകണമെന്ന് മക്കൾ തന്നെ തീരുമാനിക്കട്ടെ...
text_fieldsമക്കള്‍ ആരാകണമെന്ന് ഗര്‍ഭാവസ്ഥയിൽ തന്നെ തീരുമാനിക്കുന്നവരാണ് ഇന്നത്തെ മാതാപിതാക്കൾ. സമൂഹത്തിലെ വലിയ പൊങ്ങച്ചകസേരയിലിരുന്ന് ജോലി ചെയ്യുന്നയാളായി മകനോ മകളോ മാറണമെന്നാണ് പലരുടെയും ആഗ്രഹം. ഡോക്ടറും എൻജിനീയറുമല്ലാതെ മക്കള്‍ കര്‍ഷകനാകണമെന്നോ അധ്യാപകനാകണമെന്നോ എന്നൊന്നും ഭൂരിഭാഗവും ആഗ്രഹിക്കുന്നേയില്ല. സ്വന്തം തീരുമാനപ്രകാരം കൃഷിയിലേർപ്പെട്ട് വിജയം കൊയ്ത് ജീവിതം സന്തോഷപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്ന നിരവധി യുവാക്കൾ നമുക്ക് ചുറ്റുമുണ്ട്. അധ്യാപക വൃത്തിയിലാണെങ്കിൽ പുരുഷൻമാർ വിരളമായിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് ഏതു മേഖലയിലും ആയിക്കൊള്ളട്ടെ, ഇതാണ് അവസ്ഥ. 1970-90 കാലയളവില്‍ ഇതായിരുന്നില്ല സ്ഥിതി.
ഇന്ന് സമ്പന്ന കുടുംബങ്ങളിലെ ആണ്‍കുട്ടികളെ നിര്‍ബന്ധിച്ചു മെഡിസിനോ എൻജിനീയറിങ്ങിനോ സ്വാശ്രയ കോളജുകളിലെങ്കിലും പഠിപ്പിക്കാന്‍ വിടുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് പലപ്പോഴും ലഭിക്കുന്നത് ക്രിമിനല്‍ സ്വാഭാവ രൂപവത്കരണം മൂലം പൊലീസ് കേസില്‍പെടുന്ന മക്കളെയാണ്. സംസ്ഥാനത്ത് കഞ്ചാവ്, മയക്കുമരുന്ന് കേസുകളില്‍ രണ്ടു വര്‍ഷത്തിനിടെ അറസ്റ്റിലായ യുവാക്കളില്‍ കൂടുതലും ബി.ടെക്, എൻജിനീയറിങ് വിദ്യാര്‍ഥികളാണ്. ഇത് നമ്മുടെ പരാജയമാണ് -കേരളത്തിേൻറയും. നമ്മുടെ സംസ്ഥാനം ഉപഭോക്തൃ സംസ്ഥാനമായി മാറാനുള്ള കാരണത്തില്‍ പ്രധാനപ്പെട്ടത് ഈ മനോഭാവം കൂടിയാണ്.
കേരളത്തിലെ രക്ഷാകര്‍ത്താക്കള്‍ പൊങ്ങച്ചത്തിനു വേണ്ടി കുട്ടികളുടെ അഭിരുചിയും താല്‍പര്യങ്ങളും ബലി കഴിക്കുന്നതായി ഹൈക്കോടതി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രൊഫഷണല്‍ കോഴ്‌സിനുചേരാന്‍ കുട്ടികള്‍ അലയുകയാണ്. പ്രൊഫഷണല്‍ കോഴ്‌സ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു പോകുന്ന കുട്ടികളും കേരളത്തിലാണ് കൂടുതലുള്ളത്.
കുട്ടികള്‍ക്ക് ലക്ഷ്യബോധവും സ്വപ്നങ്ങളുമുണ്ട്. ആഗ്രഹത്തേക്കാള്‍ അഭിരുചിയാണ് പ്രധാനം. ഒരു പ്രത്യേക വിഷയത്തില്‍ ഒരു വ്യക്തിയുടെ നൈസര്‍ഗ്ഗിക താല്‍പര്യത്തെയും ആ വിഷയത്തില്‍ കൂടുതല്‍ കഴിവ് നേടാനുള്ള ആഗ്രഹവുമാണ് അഭിരുചി (Aptitude) എന്ന് പറയുന്നത്. അഭിരുചിയില്ലാത്ത മേഖല തെരഞ്ഞെടുത്താല്‍ ഇടക്ക് പഠനം ഉപേക്ഷിക്കേണ്ടിവന്നേക്കാം. പലരും വിഷമം താങ്ങാനാകാതെ മദ്യം, മയക്കുമരുന്ന് തുടങ്ങിയവക്ക് അടിമപ്പെടല്‍, ആത്മഹത്യ മനോഭാവം, മാനസികപ്രശ്‌നങ്ങള്‍, കുറ്റബോധം, നിരാശ, ദേഷ്യം, പ്രേമം, സംഘര്‍ഷം, അക്രമവാസന തുടങ്ങിയ പ്രശ്‌നങ്ങളിൽ അകപ്പെടുന്നു. ജര്‍മനി പോലെ വിദേശ രാജ്യങ്ങളില്‍ അഭിരുചിക്കനുസരിച്ച് പഠിക്കാവുന്ന രീതിയാണ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ഇതിനാലാണ് ആ രാജ്യങ്ങള്‍ മാനുഷിക വിഭവശേഷിയുടെ ഉപയോഗത്തിലും രാജ്യത്തിന്റെ വികസനത്തിലും മുന്നില്‍ നില്‍ക്കുന്നത്.
രക്ഷാകര്‍ത്താക്കളുടെ ശാഠ്യവും അവരുടെ ആഗ്രഹം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉരുത്തിരിയുന്നത്. അവരെ പരീക്ഷണമൃഗങ്ങളാക്കാന്‍ ശ്രമിക്കുമ്പോള്‍ മാതാപിതാക്കളും മക്കളും ഒരുപൊലെ പരാജയപ്പെടുകയാണ്. താല്‍പര്യമില്ലാത്ത കോഴ്‌സുകളില്‍ ചേര്‍ന്ന് തൊഴില്‍ കണ്ടെത്തുവാനാവാതെ വരികയും മനസ്സിനിണങ്ങാത്ത തൊഴില്‍ ചെയ്യേണ്ടിവരികയും ചെയ്യുമ്പോള്‍ ആ വ്യക്തിയില്‍ നിന്ന് സേവനം കിട്ടേണ്ടവരും ഗതികേടിലാകുന്നു. തങ്ങളുടെ മക്കള്‍ തെരഞ്ഞെടുക്കുന്ന മേഖലകളില്‍ വിജയം വരിക്കാനും അവര്‍ നേടുന്ന തൊഴിലില്‍ സംതൃപ്തി നേടാനും രക്ഷാകര്‍ത്താക്കള്‍ക്കു കഴിഞ്ഞെങ്കിലേ കുടുംബ ജീവിതം സന്തോഷകരവും സംതൃപ്തവും സമാധാനപരവുമാകൂ എന്ന സത്യം തിരിച്ചറിയണം.
വിദ്യാര്‍ഥിയുടെ താല്‍പര്യം, അഭിരുചി, മനോഭാവം, ലക്ഷ്യം, നൈപുണ്യം, ജോലി സാധ്യത, ഉപരിപഠന സാധ്യത, കോഴ്‌സിന്റെ ദൈര്‍ഘ്യം, കുടുംബത്തിന്റെ സാമ്പത്തികനില എന്നിവക്കനുസരിച്ചാണ് ഉപരിപഠന കോഴ്‌സുകള്‍ തെരഞ്ഞെടുക്കേണ്ടത്. തൊഴില്‍ സാധ്യത, സീറ്റ് ലഭ്യത എന്നിവയും പരിഗണിക്കണം. എന്നാലേ അവര്‍ക്ക് ജീവിത വിജയം സാധ്യമാകൂ.
അഭിരുചി കണ്ടെത്താനുള്ള മനശ്ശാസ്ത്ര ടെസ്റ്റുകള്‍ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. കെ-ഡാറ്റ് (കേരള ഡിഫറന്‍ഷ്യല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്) എല്‍-കാറ്റ് (ലീഡ് കരിയര്‍ അസസ്‌മെന്റ് ടെസ്റ്റ്) എന്നിവ വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.