പരീക്ഷയെ കൂളായി നേരിടാം
text_fieldsപരീക്ഷയുടെ കാലമാണ് വരാൻ പോകുന്നത്. സ്കൂളിലും കോളജിലും പഠിക്കുന്ന വലിയൊരു ശതമാനം കുട്ടികളും പരീക്ഷയെ ഭയപ്പാടോടെയാണ് കാണുന്നത്. മാതാപിതാക്കളുടെ അതിസമ്മർദവും മാർക്ക് കുറഞ്ഞാലുണ്ടാകുന്ന ശകാരവാക്കുകളും ശിക്ഷകളുമാണ് കുട്ടികൾ പരീക്ഷയെ ഭയപ്പെടുന്ന പ്രധാന കാരണം. ഇവിടെ മക്കൾക്ക് ആത്മവിശ്വാസവും ആത്മധൈര്യവും കൊടുക്കാനാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്.
ഞങ്ങൾ ഒപ്പമുണ്ട്, ധൈര്യമായി പഠിച്ചോളൂ എന്ന നിലപാടാണ് ഈ സമയത്ത് മാതാപിതാക്കൾ സ്വീകരിക്കേണ്ടത്. പരീക്ഷയോട് ആരോഗ്യകരമായ സമീപനം കുട്ടികളില്‍ വളര്‍ത്തുക. നിശ്ചിത മാർക്കും ഗ്രേഡും വാങ്ങിയിരിക്കണമെന്ന് നിഷ്കര്ഷിക്കുന്നതിനുപകരം ഏത് ഗ്രേഡ് കിട്ടിയാലും ഞങ്ങൾ ഹാപ്പിയാകുമെന്ന് പറഞ്ഞ് മകളുടെ കഴിവും കഴിവുകേടുകളും മനസ്സിലാക്കി ജീവിതത്തിന്റെ ലക്ഷ്യബോധത്തെക്കുറിച്ചും ഉന്നത വിജയം നേടിയാലുണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ചും വളരെ ശാന്തമായും വിവേകത്തോടെയും സ്നേഹ സൗഹാർദത്തോടെയും മക്കളോട് പറയണം.
ഏതുസമയവും ‘പഠിക്ക് പഠിക്ക്’എന്നുപറഞ്ഞ് കുട്ടികളെ ബോറടിപ്പിക്കുന്നതിനുപകരം മക്കളുടെ താൽപര്യത്തിനും അവരുടെ ഇഷ്ടത്തിനും അനുസരിച്ച് പഠിക്കാനുള്ള സ്വാതന്ത്ര്യം നൽകുക. പഠനത്തോടുള്ള വെറുപ്പ് അവരിൽ ഉളവാക്കാതെ ആസ്വദിച്ച് പഠിക്കുമ്പോഴുള്ള പഠനം കുട്ടികളിൽ മികച്ചതായിരിക്കും. കുട്ടികളിൽ പരീക്ഷയെക്കുറിച്ചുള്ള അമിതമായ ഭയം ഇല്ലാതാക്കുക. അമിത ഭയം പഠിച്ച ഭാഗങ്ങൾ വരെ മറന്നുപോകാൻ ഇടവരും. അതുപോലെ മറ്റു കുട്ടികളുമായി നമ്മുടെ കുട്ടികളെ താരതമ്യപ്പെടുത്താതിരിക്കുക.
പോഷകസമൃദ്ധമായ ഭക്ഷണം നൽകുക, ചുരുങ്ങിയത് ഏഴുമണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, വൈകീട്ട് മൂന്നുമണി മുതൽ ഏഴുമണി വരെയുള്ള സമയങ്ങളിൽ പഠനം ഒഴിവാക്കുക. ഈ സമയങ്ങളിൽ കളി, വിനോദങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നത് കുട്ടികളുടെ മാനസിക ബലം കൂട്ടുമെന്നാണ് മനഃശാസ്ത്രം പഠിപ്പിക്കുന്നത്. കുട്ടികൾ പഠിക്കുന്ന സമയങ്ങളിൽ രക്ഷിതാക്കൾ ടി.വി കാണുന്നത് നിർബന്ധമായും ഒഴിവാക്കുക, പഠനവേളകളിൽ ചോദ്യം ചോദിച്ച് മക്കളെ ബുദ്ധിമുട്ടിക്കാതിരിക്കുക, രാവിലെ അഞ്ചുമണിക്ക് എഴുന്നേൽപിച്ച് കുളിച്ച് വൃത്തിയായി പ്രാർഥന നിർവഹിച്ച് ലഘുഭക്ഷണം കഴിപ്പിച്ചതിനുശേഷം പഠിക്കാൻ പറയുക, മൊബൈൽ ഉപയോഗിക്കുന്ന കുട്ടികളാണെങ്കിൽ ബലമായി പിടിച്ചുവാങ്ങിവെക്കുന്നതിനുപകരം സ്നേഹത്തോടെ ശാന്തമായി പറഞ്ഞ് മനസ്സിലാക്കി മൊബൈൽ സ്വയമേ കുട്ടികൾ മാറ്റിവെക്കുന്ന വിധത്തിൽ പെരുമാറുക.
പരീക്ഷക്ക് പോകുമ്പോൾ പരീക്ഷക്കാവശ്യമായ സാമഗ്രികൾ തലേദിവസം തന്നെ ഓർമപ്പെടുത്തി എടുത്തുവെക്കാൻ സഹായിക്കുക. പരീക്ഷക്ക് വീട്ടിൽനിന്ന് കുട്ടികൾ ഇറങ്ങുമ്പോൾ പ്രാർഥിച്ച് ആത്മവിശ്വാസം നൽകി ചുംബനം നൽകി യാത്രയാക്കുക. പരീക്ഷ കഴിഞ്ഞുവന്നാൽ എങ്ങനെയുണ്ട് പരീക്ഷ എന്ന് വേണമെങ്കിൽ ചോദിക്കാമെന്നല്ലാതെ ചോദ്യപേപ്പർ വാങ്ങി ക്രോസ്വിസ്താരം നടത്തുന്നത് തീർത്തും മാതാപിതാക്കൾ ഒഴിവാക്കണം. കഴിഞ്ഞ പരീക്ഷയെക്കുറിച്ചുള്ള പോസ്റ്റുമോർട്ടവും വിശകലനവും തൊട്ടടുത്ത ദിവസങ്ങളിൽ എഴുതാനിരിക്കുന്ന പരീക്ഷയെ കുട്ടികളിൽ ബാധിക്കും.
പരീക്ഷക്ക് തയാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്:
പരീക്ഷ ഭയപ്പെടാനുള്ളതല്ല. പരാജയങ്ങളെപ്പറ്റി ചിന്തിക്കാതെ മുമ്പ് ലഭിച്ച വിജയങ്ങളെപ്പറ്റി ചിന്തിക്കുക. ജീവിതത്തിലെ വലിയ പരീക്ഷണങ്ങളെ നേരിടാന്‍ പരിശീലനം ലഭിക്കുന്ന വളരെ ചെറിയൊരു സാമ്പിള്‍ മാത്രമായി പരീക്ഷയെ കാണുക. പരീക്ഷകൾ ജീവിതത്തിന്റെ അവസാനമല്ലെന്നും ജീവിതം നീണ്ടുകിടക്കുന്നതാണെന്നുമുള്ള അവബോധത്തോടെ മുന്നേറി പഠിക്കുക.
പരീക്ഷദിവസം അടുത്തുകൊണ്ടിരിക്കുകയാണ്. ഇനി അങ്ങോട്ടുള്ള ദിവസങ്ങൾ തിടുക്കപ്പെട്ടുള്ള പഠനം പരമാവധി ഒഴിവാക്കി റിവിഷന്‍ സമയം ചെലവഴിക്കുന്നത് നന്നായിരിക്കും. കുറേയൊക്കെ പഠിച്ചുതീർത്തു, ഇനിയും കുറെയേറെ പഠിക്കാനുണ്ടോ എന്ന ഉത്കണ്ഠയും വേവലാധിയും ഒഴിവാക്കുക. ഇനിയുള്ള ദിവസങ്ങളിൽ, പഠിക്കാൻ പ്രയാസം തോന്നുന്ന വിഷയത്തിന് കൂടുതൽ സമയം ചെലവാക്കുക. എന്നു വിചാരിച്ച് ഉറക്കം ഒഴിവാക്കി പഠിക്കാനും പാടില്ല.
എല്ലാം ഒറ്റയടിക്ക് പഠിച്ചുതീർക്കാൻ ശ്രമിക്കാതെ കുറേശ്ശെ പഠിക്കുക. മുൻകാല ചോദ്യപേപ്പറുകൾ സംഘടിപ്പിച്ച് പഠിക്കുന്നതും സ്വയം പരീക്ഷയെഴുതി മൂല്യനിർണയം നടത്തുന്നതും ആത്മവിശ്വാസം വർധിപ്പിക്കും. പരീക്ഷഹാളിലെത്തി ചോദ്യപേപ്പര്‍ കൈയില്‍ കിട്ടിയാല്‍ ചോദ്യം മുഴുവന്‍ വായിച്ചുനോക്കി അറിയുന്ന ഉത്തരങ്ങൾ മാർക്കുചെയ്ത് പെട്ടെന്ന് എഴുതിത്തീർക്കുക.
പരീക്ഷ എഴുതുന്നതിന്റെ ആദ്യത്തെ 10 മിനിറ്റ് ചോദ്യങ്ങൾ വായിച്ചുനോക്കാനും അവസാനത്തെ 10 മിനിറ്റ് എഴുതിയ ഉത്തരങ്ങൾ പരിശോധിക്കാനും നീക്കിവെക്കുക. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ കഴിഞ്ഞ പരീക്ഷയെക്കുറിച്ച് കൂട്ടുകാരുമായി ചർച്ച ചെയ്യുന്നതും മാർക്ക് കൂട്ടിനോക്കുന്നതും ഒഴിവാക്കുക. കഴിഞ്ഞ പരീക്ഷ കഴിഞ്ഞു, വരാനിരിക്കുന്ന പരീക്ഷയെക്കുറിച്ചുമാത്രം ആലോചിക്കുക. പരീക്ഷയെന്നാൽ മുൾമുനയിൽ നിൽക്കലല്ല, ആനന്ദകരമായ അനുഭവമാണ്. അങ്ങനെ കാണുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.