ബന്ധുക്കളെ സ്നേഹത്താൽ ബന്ധിക്കാം
text_fieldsഒരിക്കൽ ഒരു സ്ത്രീ എന്റെ അടുത്തുവന്നു പറഞ്ഞു: ''നോക്കൂ ഉസ്താദ്, എനിക്ക് രണ്ട് ആൺമക്കളുണ്ട്. ഒരുത്തൻ ആരാധനനിരതനാണ്. നമസ്കാരവും പ്രാർഥനയുമായി നടക്കുന്നു. അവൻ എനിക്കേറെ പ്രിയപ്പെട്ടവനാണ്. പക്ഷേ, മറ്റവനാകെട്ട, കള്ളും കുടിച്ച് ക്ലബിങ്ങുമായി വെളിവില്ലാതെ നടക്കുന്നു. എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. അതിനാൽ, ഞാൻ അവനെ എന്റെ മകന്റെ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയാണ്.''
ഞാൻ ചോദിച്ചു: ''അതെന്താ അങ്ങനെ തീരുമാനിച്ചത്?''
''അല്ല, പ്രവാചകൻ നൂഹ് തന്റെ ദുഷിച്ച മകനെ ഒഴിവാക്കിയിരുന്നല്ലോ.''
''പതിറ്റാണ്ടുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നൂഹ് അങ്ങനെയൊരു കാര്യം ചെയ്തത്. അതും ദൈവനിർദേശ പ്രകാരം. പ്രയാസങ്ങളനുഭവിച്ച മറ്റു പ്രവാചകരോടൊന്നും ദൈവം അങ്ങനെ പെരുമാറാൻ ആവശ്യപ്പെട്ടിട്ടുമില്ല. അനുവദിച്ചിട്ടുമില്ല. നിങ്ങൾക്ക് വല്ല ദൈവിക വചനങ്ങളും അങ്ങനെ വെളിപാടായി ഇറങ്ങിയോ?'' അവർക്ക് ഉത്തരമുണ്ടായിരുന്നില്ല.
നമ്മളുടെ വിഷമം കാരണം അറുത്തുമാറ്റാവുന്ന ഒന്നല്ല കുടുംബബന്ധം. ആരാണ് നമ്മുടെ കുടുംബം? ഭാര്യ, ഭർത്താവ്, മക്കൾ, സഹോദരങ്ങൾ, മാതാപിതാക്കൾ, അവരുടെ മാതാപിതാക്കളും സഹോദരങ്ങളും, ആ സഹോദരങ്ങളുടെ മക്കൾ അങ്ങനെ തുടങ്ങിയുള്ള അടുത്തും അകന്നുമുള്ള കണ്ണികണ്ണിയായി പടരുന്ന ഒരു ശൃംഖല. പലപ്പോഴും ഏറ്റവും അടുത്ത ബന്ധങ്ങളിലാണ് മുറിവുകൾ എളുപ്പം വീഴുക.
ജീവിതത്തിന്റെ ഒഴുക്കിൽ പലതരം ദുഃസ്വഭാവങ്ങൾ സ്വയം തിരിച്ചറിഞ്ഞ് നമ്മൾ മാറ്റാറുണ്ട്. അത് നൽകുന്ന അനിർവചനീയമായ അനുഭൂതിയും ആത്മവിശ്വാസവുമുണ്ട്. അങ്ങനെ മാറ്റങ്ങൾ വരുത്താൻ പലരും നമ്മെ സഹായിച്ചേക്കും. പ്രോത്സാഹിപ്പിച്ചേക്കും. അങ്ങനെ ഒരു ദിവസം ഒരു കുടുംബയോഗത്തിന് നിങ്ങൾ ചെല്ലുേമ്പാൾ നിങ്ങളുടെ അമ്മാവൻ പറയുന്നു, ''ഹും, നീ ഇവിടെ കഴിഞ്ഞ പെരുന്നാൾക്ക് എങ്ങനെ ആയിരുന്നു എന്ന് ഞങ്ങൾക്കറിയാം. എവിടെവരെ എത്തുമെന്ന് നോക്കെട്ട.'' മറ്റുള്ളവരുടെ പൊട്ടിച്ചിരി അതിനു മാറ്റുകൂട്ടുന്നു. ഏതൊരുത്തന്റെയും ആത്മാവിനെ പാതാളത്തോളം ചവിട്ടിത്താഴ്ത്താനുള്ള ശക്തിയുണ്ട് അത്തരം പരിഹാസങ്ങൾക്ക്. അതിപരിചയം നൽകുന്ന അമിതസ്വാതന്ത്ര്യം ഉപയോഗിച്ച് അടുത്തവരോട് ഇങ്ങനെ പെരുമാറുന്നവരാണ് പല ബന്ധുക്കളും. പിണങ്ങാൻ ഏറെ എളുപ്പം.
പുറത്തുള്ളവരാണ് ഇങ്ങനെ പെരുമാറുന്നതെങ്കിൽ നമുക്ക് അവരെ അവഗണിക്കാം. വല്ലാതെ വേദനിപ്പിക്കുന്നവരാണെങ്കിൽ അവരോടുള്ള സമ്പർക്കം എെന്നന്നേക്കുമായി ഉപേക്ഷിക്കാം. പക്ഷേ, കുടുംബബന്ധങ്ങളിൽ ഇൗ നിലപാട് സ്വീകാര്യമല്ല തന്നെ. മറിച്ച്, ബന്ധങ്ങൾ കൂടുതൽ പോഷിപ്പിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. ആളുകൾക്ക് സഹായങ്ങൾ ചെയ്തുകൊടുക്കാം. രോഗികളായ ബന്ധുക്കളെ സന്ദർശിക്കാം. മാതാപിതാക്കളെ ശുശ്രൂഷിക്കാം, ചെലവിന് നൽകാം, വല്യുപ്പയെയും വല്യുമ്മയെയും സന്ദർശിക്കാം. നിങ്ങളെ വെറുക്കുന്ന, എപ്പോഴും പണിതരുന്ന ആ കസിനുതന്നെ സമ്മാനങ്ങൾ മേടിച്ചുനൽകാം. ഇതെല്ലാം പറയാൻ എളുപ്പവും പ്രാവർത്തികമാക്കാൻ പ്രയാസവുമാണ്. അതുകൊണ്ടു തന്നെയാണ് ദൈവിക നിർദേശം ഉൗന്നലോടുകൂടി ഇൗ വിഷയത്തിൽ അവതരിക്കപ്പെട്ടിട്ടുള്ളത്. പലപ്പോഴും പല കാരണങ്ങളാലും നമുക്ക് കുടുംബവുമായി ആരോഗ്യമുള്ള ബന്ധങ്ങൾ അസാധ്യമായിത്തീരാറുണ്ട്.
ഒാഫിസിലും ട്രാഫിക്കിലും വരെ നന്നായി പെരുമാറുകയും ചെയ്യും. മുൻധാരണകൾകൊണ്ടാവാം കുടുംബാംഗങ്ങളുടെ സംസാരം പോലും ശരിക്കും കേൾക്കാത്തവരാണ് നമ്മൾ. ആശയവിനിമയമാകെട്ട, ഏറ്റവും ദരിദ്രമായ രീതിയിലുമാകും. മാതാപിതാക്കൾക്കും മക്കൾക്കുമിടയിലും ഇത് വ്യത്യസ്തമല്ല. നമുക്ക് രക്തംകൊണ്ട് ഏറ്റവുമടുത്തവരുടെ ഗുണഗണങ്ങൾ കാണാതെ അവഗണിച്ചുതള്ളാനുള്ള ഒരു ശേഷി മനുഷ്യർക്ക് എവിടെനിന്നാണ് ലഭിക്കുന്നതെന്നറിയില്ല. ഏറക്കുറെ എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്. ഏറ്റവും അടുത്തവരെ വേദനിപ്പിക്കുന്നത് എന്താണെന്ന് നമുക്കറിവുണ്ടാകും. അവരുടെ എല്ലാ ബലഹീനതകളും നമ്മളോളം അറിവുള്ളവർ ആരുമുണ്ടാവില്ല. അതുകൊണ്ട് ആവശ്യം വരുേമ്പാൾ അവരെ തളർത്താനുള്ള ആ ആയുധംതന്നെ നമ്മൾ പിഴക്കാതെ പ്രയോഗിക്കും.
നമ്മുടെ ഏറ്റവും പരിഗണന അർഹിക്കുന്നവർക്ക് അതു കൊടുക്കാനുള്ള സമയമായിരിക്കുന്നു. മുൻഗണനക്രമം ഒന്നുകൂടി ചിട്ടപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏറ്റവും അടുത്തവരോട് നമ്മൾ എങ്ങനെ പെരുമാറുന്നു എന്നു സ്വയം ചിന്തിക്കൂ. ഇനി മനസ്സിലാക്കൂ, അതാണ് നിങ്ങളുടെ യഥാർഥ സ്വഭാവം. പുറംലോകത്തെ നിങ്ങളുടെ പെരുമാറ്റം ഒരു പുകമറ മാത്രമാണ്. ഏറ്റവുമടുത്തവർ നിങ്ങളെ എങ്ങനെ കാണുന്നുവോ അതാണ് യഥാർഥത്തിലുള്ള നിങ്ങൾ. കാരണം, അവർക്കുമുന്നിലാണ് ഉയർച്ചകളിലും താഴ്ചകളിലും മുഖംമൂടികളില്ലാതെ നമ്മൾ പ്രത്യക്ഷരാകുന്നത്. മാതാവിനോടും പിതാവിനോടും പലപ്പോഴും പലരും അകൽച്ചയിലായിരിക്കും.
പിണക്കമുണ്ടായിരിക്കും. തിരിച്ച് മക്കളോട് പിണങ്ങിയ മാതാപിതാക്കളുമുണ്ടാകും. ഭാര്യയുമായി കാലമേറെയായി അർഥവത്തായ ആശയവിനിമയം നടത്താത്ത ആളുകളെ എനിക്കറിയാം. ആകെ ചോദിക്കുന്നത് എന്റെ ഫോൺ കണ്ടോ? വണ്ടിയുടെ ചാവി എവിടെയാ എന്നൊക്കെയായിരിക്കും. ഇനി ഭാര്യ അവളുടെ വശത്തുനിന്ന് സംസാരിക്കാനുള്ള ശ്രമം നടത്തിയാൽ, കേൾക്കുന്ന ഭാവം നടിച്ച് ഒട്ടും ശ്രദ്ധിക്കാത്തവരായിരിക്കും അധിക പുരുഷന്മാരും. തല നന്നായി ആട്ടുന്നൊക്കെയുണ്ടാകും. ഒടുവിൽ കാര്യംമനസ്സിലാക്കി അവൾ ഉൾവലിഞ്ഞ് തന്റെ സുഹൃത്തുക്കളുമായി കൂടുതൽ ഫോണിലൊക്കെ സംസാരിച്ചുതുടങ്ങും. ഇതാകെട്ട അയാൾക്കൊട്ട് ദഹിക്കുകയുമില്ല.
ആണുങ്ങളോട് ഒരു കാര്യം പറയാനുണ്ട്. അവർക്ക് മാനസികമായ അടുപ്പം സംസാരത്തിലൂടെ പ്രകടിപ്പിച്ചില്ലെങ്കിലും ഒരു കുഴപ്പവുമില്ല. വീട്ടിൽ വന്നാൽ മറ്റൊന്നിലും ശ്രദ്ധിക്കാതെ ഫോണിൽ നോക്കിയിരുന്നാൽ അയാൾക്ക് പ്രശ്നമുണ്ടാകില്ല. പക്ഷേ, അയാളുടെ ജീവിതത്തിലെ സ്ത്രീകളെ അത് മുറിവേൽപിക്കും. ഉമ്മയായാലും ഇണയായാലും മകളായാലും സഹോദരിയായാലും എളുപ്പത്തിൽ മുറിവേൽക്കുന്ന മനസ്സുള്ളവരാണ് എന്ന് മനസ്സിലാക്കുക. മൗനം അവരിലുണ്ടാക്കുന്ന മാനസിക സംഘർഷങ്ങളെ തിരിച്ചറിയുക. മറ്റുള്ള ബന്ധുക്കളോട് സ്നേഹത്തിലല്ലാതെ അമ്മായിയോട്, അമ്മാവനോട് പ്രശ്നങ്ങളെക്കുറിച്ച് തുറന്നുസംസാരിക്കുക.
നിങ്ങൾ അവരോട് തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ ഏറ്റുപറയുക. ഇല്ലെങ്കിൽ അകൽച്ചയുടെ കാര്യങ്ങൾ ചർച്ചചെയ്യുക. അപ്പോഴേക്കും അവർ കാൽക്കൽ വീണു നമസ്കരിക്കുമെന്നു കരുതാതെ, കുറ്റസമ്മതം നടത്തിയാൽ പിന്നെ മറുഭാഗത്തുനിന്ന് വിമർശനശരങ്ങൾ ഇടതടവില്ലാതെ വന്നുതുടങ്ങും. അപ്പോൾ സ്വയം പ്രതിരോധിക്കാതിരിക്കുക. എല്ലാവർക്കും സംഭവിക്കുന്ന തെറ്റ് അത്തരം പ്രതിരോധങ്ങളാണ്. അത് വീണ്ടും അകൽച്ച സൃഷ്ടിക്കും. അവർ പറഞ്ഞുകൊള്ളെട്ട. അങ്ങനെയെങ്കിലും സംസാരം പുനഃസ്ഥാപിക്കപ്പെടെട്ട. പതിയെ വിള്ളലുകൾക്കിടയിലെ വിടവ് കുറഞ്ഞുവരുമെന്നുറപ്പ്.
തയാറാക്കിയത്: നുഅ്മാൻ അലി ഖാൻ, ബയ്യിന ഇൻസ്റ്റിറ്റ്യൂട്ട്, ടെക്സസ്, യു.എസ്.എ. (സ്വതന്ത്ര പുനരാഖ്യാനം: മലിക മർയം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.