എത്ര വലിയ കണക്കായാലും സെക്കൻഡിനുള്ളിൽ ഉത്തരം; അബാക്കസ് മത്സരത്തിൽ പ്രതിഭ തെളിയിച്ച് മലയാളി വിദ്യാർഥി
text_fieldsമനാമ: കൂട്ടലും കുറക്കലും ഗുണിക്കലും ഹരിക്കലുമടക്കം എത്രവലിയ സംഖ്യകളായാലും കാൽക്കുലേറ്ററിനെയും കമ്പ്യൂട്ടറിനെയും തോൽപിക്കും ഈ കൊച്ചുമിടുക്കൻ. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശത്തു നിന്നുമുള്ള 2500ൽപരം വിദ്യാർഥികൾ മാറ്റുരച്ച നാഷനൽ ഗാമാ അബാക്കസ് ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ചിരിക്കുകയാണ് ഈ മലയാളി വിദ്യാർഥി.
ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ എഡ്വിൻ ജോർജാണ് അബാക്കസ് D3 വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ഈ മിടുക്കൻ. എല്ലാ വർഷവും നടത്തിവരുന്ന നാഷനൽ അബാക്കസ് ചാമ്പ്യൻഷിപ് ഈ വർഷം ജനുവരി 13 ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലാണ് നടന്നത്.
ഇന്ത്യക്കു പുറമെ ശ്രീലങ്ക, ബഹ്റൈൻ, ഖത്തർ, മറ്റ് ജി.സിസി. രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി അബാക്കസ് പരിശീലിച്ചുവരുകയാണ് എഡ്വിൻ ജോർജ് . ബംഗളൂരു ആസ്ഥാനമായ അബാക്കസ് അക്കാദമിയിൽ ഓൺലൈൻ ആയാണ് പഠനം.
കുട്ടികളിലെ ഏകാഗ്രത വർധിപ്പിക്കാനും കാൽക്കുലേറ്ററിനെ വെല്ലുന്ന വേഗത്തിൽ കണക്കുകൾ ചെയ്യാനും ഗണിതപഠനം ആസ്വാദ്യകരമാക്കാനും അബാക്കസ് പഠനരീതി ഉത്തമമാണ്. അബാക്കസിന്റെ നാലാം ലെവലാണ് D3. എല്ലാ അബാക്കസ് പഠിതാക്കളുടെയും ലക്ഷ്യമായ എട്ടാം ലെവലിൽ ചാമ്പ്യനാവുക എന്നതാണ് എഡ്വിന്റെ ലക്ഷ്യം.
ചങ്ങനാശ്ശേരി മാടപ്പള്ളി സ്വദേശികളായ സിബുവിന്റെയും നീതയുടെയും ഇളയ മകനായ എഡ്വിൻ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിലാണ്. ഏക സഹോദരൻ ജോഹാൻ സിബു ജോർജ്, കെ.സി.എ ടാലന്റ് സ്കാൻ 2023ൽ കലാപ്രതിഭ പട്ടം നേടിയിരുന്നു. സിബു പത്തുവർഷമായി ഗൾഫ് ഫാർമസിയിൽ ബയോ മെഡിക്കൽ എൻജിനീയറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.