റമദാൻ നോമ്പും കുട്ടികളും
text_fieldsമനോഹരമായ മാസമാണ് റമദാൻ. ഭൂരിഭാഗം പേർക്കും പുതിയ തുടക്കവും സ്വയം മെച്ചപ്പെടുത്താനും പരസ്പരം പ്രോത്സാഹിപ്പിക്കാനും ശാക്തീകരിക്കാനും ഉള്ള അവസരമാണിത്. വിശ്വാസത്തിൽ സ്വയം അർപ്പിക്കാനും ദൈവത്തിലേക്ക് അടുക്കാനുമുള്ള അവസരം.
റമദാനിൽ കുട്ടികളും നോമ്പ് അനുഷ്ഠിക്കാറുണ്ട്. നല്ല കാര്യങ്ങൾ ചെയ്യാനും ചീത്ത കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കാനും ശീലിപ്പിക്കുക എന്നതാണ് കുട്ടികളെ എന്തെങ്കിലും പഠിപ്പിക്കാനുള്ള വഴി. കുട്ടികൾ അത് ശീലമാക്കിയാൽ, അവർ അത് തുടരും. ചെറുപ്പം മുതലേ വ്രതാനുഷ്ഠാനം പ്രോൽസാഹിപ്പിക്കുന്നതിലൂടെ സഹാനുഭൂതിയെക്കുറിച്ചും മറ്റുള്ളവരെ ബഹുമാനിക്കുന്നതിനെക്കുറിച്ചും നന്ദിയെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കാൻ എളുപ്പമാകും. ഇടയത്താഴം, ഉപവാസം, തറാവീഹ് പ്രാർത്ഥന എന്നിവ ഒരുമിച്ചുള്ള റമദാനിന്‍റെ അന്തരീക്ഷം വീട്ടിൽ പ്രദാനം ചെയ്യുന്നത് നോമ്പിലെ കുട്ടികളുടെ അനുകരണ പ്രക്രിയയെ ശക്തിപ്പെടുതുകയും മാതാപിതാക്കളോടും സഹോദരങ്ങളോടും ഉള്ള മാനസിക അടുപ്പവും കൂട്ടുന്നു.
കുട്ടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വിശ്രമം: കുട്ടികൾക്ക് ഉചിതമായ അളവിൽ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. വിശുദ്ധ മാസത്തിൽ പുതിയ ഉറക്ക ദിനചര്യ സ്ഥാപിക്കേണ്ടത് പ്രധാനമാണ്. അവരുടെ ഭക്ഷണക്രമത്തിന് അനുയോജ്യമായ രീതിയിൽ ഉറക്ക ദിനചര്യ മാറ്റേണ്ടിവരുമെങ്കിലും ഇഫ്താറിന് ശേഷം കുറഞ്ഞത് നാല് മണിക്കൂറെങ്കിലും ഉറങ്ങുന്നത് കുട്ടികളിലെ എനർജി നിലനിർത്താൻ സഹായിക്കും.
വ്യായാമം: റമദാനിൽ വ്യായാമം ചെയ്യുന്നത് നിങ്ങൾ പരിഗണിച്ചേക്കില്ല. എന്നാൽ, ഈ കാലയളവിലും വ്യായാമം തുടരുന്നത് ഉചിതമാണ്. ഉപവാസസമയത്ത് വ്യായാമം ചെയ്യുന്നത് കുട്ടികളുടെ മാനസികാരോഗ്യം നിലനിർത്താൻ സഹായിക്കും. വ്യായാമ വേളയിൽ ക്ഷീണം, താഴ്ന്ന മാനസികാവസ്ഥ എന്നിവ യഥാർത്ഥത്തിൽ അപ്രത്യക്ഷമാകും. കാരണം, വ്യായാമം തലച്ചോറിലെ രാസവസ്തുവായ എന്‍റോർഫിൻ ഉത്പാദിപ്പിക്കുന്നു. ഇത് പോസിറ്റീവ് മൂഡും ഊർജ്ജവും നിലനിർത്താൻ സഹായിക്കുന്നു. ചെറിയ തോതിലുള്ള വ്യായാമമാണ് ഏറ്റവും അനുയോജ്യമായ മാർഗം.
പോസിറ്റീവ് ചിന്തയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക: ഭക്ഷണത്തിൽ നിന്നും പാനീയങ്ങളിൽ നിന്നും പിന്മാറുന്നത് കുട്ടികളുടെ മാനസികാവസ്ഥയിൽ മാറ്റത്തിന് കാരണമാകും. അതിനാൽ മനസ്സിനെ പോസിറ്റീവ് ചിന്തകളിൽ കേന്ദ്രീകരിക്കാൻ ശ്രമിക്കേണ്ടത് പ്രധാനമാണ്. പോസിറ്റീവ് ചിന്തകൾ മാനസികാവസ്ഥയെ ഉത്തേജിപ്പിക്കുകയും ശുഭാപ്തിവിശ്വാസവും സന്തോഷവും വർദ്ധിപ്പിക്കുകയും ചെയ്യും. കുട്ടികൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നോമ്പെടുക്കുന്നതിന് മുമ്പ് ഡോക്ടറോട് സംസാരിക്കുന്നത് ഗുണം ചെയ്യും. കുട്ടികൾ എന്തെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ റമദാനിൽ അത് ക്രമീകരിക്കുന്നതിനോ നിർത്തുന്നതിനോ മുമ്പ് ഡോക്ടറോട് സംസാരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.