വിനോദവും വിജ്ഞാനവും നിറഞ്ഞ ഷാർജ റീഡിങ് ഫെസ്റ്റിവൽ
text_fieldsവിനോദവും വിജ്ഞാനവും അക്ഷരങ്ങളും നിറമുള്ള ഭാവനകളും ഒരേ കുടക്കീഴിൽ ലഭിക്കുക എന്നത്, കുട്ടികൾക്ക് മാത്രമല്ല മുതിർന്നവരെ സംബന്ധിച്ചിടത്തോളം മഹാഭാഗ്യമാണ്. 11 ദിവസം നീളുന്ന കുട്ടികളുടെ വായനോത്സവത്തിലൂടെ അറബ് നാഗരികതയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജ ഒരുക്കുന്നത് ഇതാണ്.
മണ്ണിലെ വിസ്മയങ്ങൾ ആസ്വദിക്കുന്ന മാത്രയിൽ തന്നെ വിണ്ണിലെ അപാരതകളിലേക്ക് അറിവിെൻറ പേടകങ്ങളിലേറി കുരുന്നുകൾ ആർത്തുല്ലസിക്കുകയാണിവിടെ. ഇരുന്ന് വായിച്ചും ഓടി കളിച്ചും സാങ്കേതികതയുടെ കുതിപ്പിനൊപ്പം കിതക്കാതെ മദിച്ചും വായനോത്സവത്തിന് നിറമുള്ള ജീവിത പീലികൾ നൽകുകയാണ് കൂട്ടുകാർ.
ഭാവനയും ആശയവിനിമയ കഴിവുകളും വികസിപ്പിക്കാൻ വർക്ക് ഷോപ്പുകൾ വലിയ പിന്തുണയാണ് നൽകിയതെന്നും സ്കൂളും കൂട്ടുകാരുമില്ലാത്ത ഒരു വർഷത്തെ മടുപ്പാണ് വായനോത്സവം മാറ്റിയതെന്നും പറയുമ്പോൾ ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥി ആദിൽ നസീറിന് ആയിരം നാവ്. റോബോട്ടുകളുടെ നിർമാണത്തെ കുറിച്ച് ലഭിച്ച അറിവുകൾ പച്ച പിടിച്ച് നിൽക്കുന്നുണ്ട് മാറഞ്ചേരി സ്വദേശി ഫഹ്മിസ് മുഹമ്മദിെൻറ മനസ്സിൽ.
വീട്ടിൽ വന്ന് റോബോട്ടിക് സാങ്കേതിക വിദ്യയെ കുറിച്ച് മകൻ വാതോരാതെ സംസാരിക്കുമ്പോൾ വായനോത്സവം അഭിമാനം ആകുകയാണെന്ന് പിതാവ് ഷമീം പറഞ്ഞു.
കുട്ടികളുടെ പുസ്തകങ്ങൾ വേണ്ടി വരച്ച ചിത്രങ്ങളും ഫഹ്മിസിന് ഏറെ ഇഷ്ടപ്പെട്ടു. ഫിലിം നിർമാണത്തിെൻറ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ ലഭിച്ച അറിവുകൾ സ്വന്തമായി ഷോട്ട് ഫിലിം ചെയ്യാനുള്ള ആഗ്രഹം ജനിപ്പിച്ചതായി തിരുവനന്തപുരം സ്വദേശി ആഷിയാന പറഞ്ഞു.
ഓരോ തവണയും എന്ത് സംഭവിക്കുമെന്ന് അറിയാൻ കുട്ടികൾ ജിജ്ഞാസുക്കളാകണമെന്ന ശിൽപശാല നയിച്ച ചലച്ചിത്ര സംവിധായിക സാറാ മെഷറിെൻറ വാക്കുകൾ വിടാതെ പിന്തുടരുന്നുണ്ട് ആഷിയാനയെന്ന് രക്ഷിതാക്കളും സമ്മതിക്കുന്നു.
വായനാ ഉത്സവം വൈവിധ്യമാർന്ന ചിന്തകളും അറിവിെൻറ ഉറവിടങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് മാത്രമല്ല, പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനുമുള്ള സവിശേഷ അവസരമാണ് നൽകിയതെന്ന് സന്ദർശക വിസയിലെത്തിയ എറണാകുളം സ്വദേശി നീതു പറഞ്ഞു. 'ഇന്ന് ഞാനൊരു കൂട്ടുകാരനെ ഉണ്ടാക്കി, ഞങ്ങൾ രണ്ടു പേരും ചേർന്ന് ഒരു റോബോട്ടിനെ ഉണ്ടാക്കി' എന്ന് മലയാളിയായ മാധവിനെ കെട്ടിപ്പിടിച്ച് പറയുമ്പോൾ സിറിയൻ വിദ്യാർഥി യൂസഫ് അൽ സബ്ബാഹിന് നിറഞ്ഞ ചിരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.