കുട്ടികളെ ഗുണദോഷിക്കാൻ ചില കുഞ്ഞു കാര്യങ്ങൾ
text_fieldsപ്രവാചകൻ മുഹമ്മദിനെ ദൈവം കുറ്റപ്പെടുത്തുന്ന ഒരു ഭാഗമുണ്ട് വിശുദ്ധഗ്രന്ഥത്തിൽ. തന്നെ കാണാൻ വന്ന അന്ധനായ അനുചരനോട് മുഖംചുളിച്ചതിനായിരുന്നു അത്. തന്റെ പ്രിയ പ്രവാചകൻ അങ്ങനെ മുഖം ചുളിച്ചതുപോലും ദൈവസന്നിധിയിൽ വളരെ ഗൗരവതരമായ കാര്യമായാണ് ഖുർആനിൽ അവതരിച്ചത്. ആ അന്ധന് പ്രവാചകന്റെ മുഖത്തെ ഭാവം എന്താണെന്ന് കാണാൻേപാലും കഴിയുമായിരുന്നില്ല. എന്നാലും, നേതൃത്വം നൽകുന്നവർ അവർക്കൊപ്പമുള്ളവരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു അത്. തന്നെ നയിക്കുന്നവന്റെ ഒരു പുഞ്ചിരിപോലും ഏതൊരു വ്യക്തിയെയും സന്തോഷാധിക്യത്തിലെത്തിക്കാനും ഒരു അലസമായ നീരസചിഹ്നം പോലും കനത്ത നിരാശയിലാഴ്ത്താനും കാരണമാകുമെന്ന് ആർക്കാണറിയാത്തത്?
മാതാപിതാക്കളും വളരെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. വീടിന്റെ നായകർ അവരാണല്ലോ. നമ്മൾ പുറത്തുകാണിക്കുന്ന കുഞ്ഞു സ്വഭാവവ്യതിയാനംപോലും മക്കളെ ഒരുപാടു ബാധിക്കും. ദേഷ്യംപിടിച്ച നമ്മുടെ മുഖം അവരുടെ ഉള്ളിൽ വലിയ മുറിവുകളുണ്ടാക്കും. വഴിേയ പോകുന്ന കുഞ്ഞുങ്ങളോട് വെറുെത ദേഷ്യം കനപ്പിച്ച് ഒന്നു മുരണ്ടുനോക്കൂ, ഒട്ടുമിക്ക പേരും കരയും. അതുകൊണ്ട് മുഖത്ത് പ്രകടിപ്പിക്കുന്ന ചെറുവികാരങ്ങളിൽ പോലും അതീവജാഗ്രത കാണിക്കേണ്ടതുണ്ട് നാം. മറ്റൊരു കാര്യം മക്കളെ കളിയാക്കുന്നതാണ്. എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണത്. കരയുന്ന കുഞ്ഞിനെ ദേഷ്യം പിടിപ്പിക്കാനോ അല്ലെങ്കിൽ നമ്മുടെ ദേഷ്യം തീർക്കാനോ കരയുന്നത് അനുകരിക്കുക, അവരുടെ കാര്യങ്ങളെ ചുച്ഛിക്കുക ഇതൊക്കെ അതിൽപെടും. തമാശകൾ പലതും നല്ലതുതന്നെ.
പക്ഷേ, അതു പരിഹാസത്തിന്റെ പരിധിയിൽ പ്രവേശിക്കുന്നത് ശരിക്കും മനസ്സിലാക്കണം. തമാശയും പരിഹാസവും കൃത്യമായി വേർതിരിച്ചെടുക്കാൻ നമ്മൾ പഠിക്കണം. കരയുന്ന കുട്ടിയോടുള്ള സ്നേഹത്തിന്റെ ഭാഗമായി അവനൊപ്പം കരഞ്ഞുകളിച്ചാൽ അവർ ചിലപ്പോൾ ചിരിച്ചേക്കാം. അതു നന്ന്. എന്നാൽ, കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയുടെ കരച്ചിൽ എങ്ങനെ മാറ്റണമെന്നറിയാതെ പരിഹാസവും അനുകരണവും മാർഗമായി സ്വീകരിച്ചാൽ അതൊട്ടു നന്നാവുകയുമില്ല. അതുപോലെ കുട്ടിയുടെ നിറത്തെയോ തടിയെയോ നീളത്തെയോ സ്വഭാവ^പെരുമാറ്റ സവിശേഷതകളെയോ പരിഹസിക്കരുത്. അത് അവരിൽ മുറിവുണ്ടാക്കും. മാത്രമല്ല, അവർ ജീവിതകാലം മുഴുവൻ പേറുന്ന, മറ്റുള്ളവരോട് കാണിക്കുന്ന ദുഃസ്വഭാവമായി അതു പരിണമിച്ചേക്കും.
വട്ടപ്പേരുകളാണ് മറ്റൊരു പരിഹാസപരിധിയിൽപെടുന്ന കാര്യം. കുഞ്ഞുങ്ങൾക്കിഷ്ടമുള്ള അല്ലെങ്കിൽ അവർ ഗൗനിക്കാത്ത പേരുകളാണെങ്കിൽ അവ നിരുപദ്രവംതന്നെ. എന്നാൽ, അവർക്കിഷ്ടമില്ലാത്ത വിളിപ്പേര് ഒരിക്കലും അവരെ വിളിക്കരുത്. അത് അവരെ വിഷമത്തിലാക്കുമെന്നത് പോെട്ട, സഹോദരങ്ങൾകൂടി അവരെ വിളിച്ചു തുടങ്ങും, ധൈര്യമായിത്തന്നെ. അതു വഴക്കിലെത്തുേമ്പാൾ മാതാപിതാക്കൾ പറയുന്ന കാര്യമെന്തെന്നോ, ''ഞങ്ങൾക്കു വിളിക്കാം, നിങ്ങൾ വിളിക്കരുത്.'' അതെവിടത്തെ ന്യായമാണ്? ദുഷിച്ച സന്ദേശമാണ് അതു മക്കൾക്കു നൽകുന്നത്. നിങ്ങളാണ് മാതൃകയാവേണ്ടത്. മറ്റുള്ളവർ നിങ്ങളുടെ മക്കളെ വിളിക്കണമെന്നാഗ്രഹിക്കുന്ന പേരുതന്നെ നിങ്ങളും വിളിക്കുക.
പണ്ടുതൊേട്ട പല സംസ്കാരങ്ങളിലും നിലനിന്നിരുന്ന മൂത്ത സഹോദരങ്ങളോടുള്ള ആദരവ്, ഇളയവരോടുള്ള ബഹുമാനം എന്നിവ ശീലിപ്പിക്കണമെങ്കിൽ നമ്മൾ അതിനു മാതൃകയാവാതെ പറ്റില്ലല്ലോ. കുഞ്ഞുങ്ങളുടെ ചെറിയ വഴക്കുകളിൽ ഇടപെടണമെന്നില്ല. ചിലതൊക്കെ അവർ സ്വയം പരിഹരിച്ചു ശീലിക്കുന്നതും നല്ലതാണ്. എല്ലാറ്റിലും കേറി നമ്മൾ ക്ലാസെടുക്കുേമ്പാൾ പലപ്പോഴും വിപരീതഫലമാണ് ഉണ്ടാവുക. പക്ഷേ, ചിലപ്പോഴൊക്കെ ഇടപെടേണ്ടിയും വരും. ഉദാഹരണം പറയാം. എല്ലാ കുട്ടികൾക്കുമുള്ള ഒരു ദുശ്ശീലമാണ് മറ്റു കുട്ടികളുടെ കൈയിലുള്ള സാധനം തട്ടിപ്പറിച്ച് ഒാടുക എന്നത്. ആ ബഹളത്തിൽ അവരോട് തട്ടിപ്പറിക്കലിന്റെ ദോഷവശത്തെക്കുറിച്ച് 20 മിനിറ്റ് പ്രസംഗിച്ചിട്ട് ഒരു കാര്യവുമില്ല. ചെയ്യേണ്ടതെന്തെന്നല്ലേ. അവരെ പേരെടുത്തു വിളിക്കൂ. ''ഇമാദ്, ഇവിടെ വരൂ.''
അതു കുട്ടിയിൽ കുറച്ചൊരു ഉത്തരവാദിത്തബോധമുണ്ടാക്കും. അവന്റെ കൈയിൽനിന്ന് അതു വാങ്ങി മറ്റവനുതന്നെ നൽകുക. ഇനി പറയുക. ''മോനേ, ആ സാധനം എനിക്കു തരൂ എന്നു നിന്റെ സഹോദരനോട് നല്ല രീതിയിൽ ചോദിച്ചേ.'' മറുപടി എന്താകുമെന്ന് സംശയം വേണ്ട. കരച്ചിലും വാശിയും തന്നെ. രണ്ടുമൂന്നു പ്രാവശ്യം പറയുേമ്പാൾ ചിലപ്പോൾ ചെയ്തെന്നു വരാം. ഇല്ലെന്നും വരാം. നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ക്ഷമയോടെ ഒാരോ പ്രാവശ്യവും ഇതു തുടരുക. തിരിച്ചുവാങ്ങി ശരിയായ രീതിയിൽ ചോദിക്കാൻ പറയുക. രണ്ടാഴ്ചയോ ഒരുമാസമോ എേണ്ണണ്ട. പക്ഷേ, അതവർക്ക് നല്ല ഒരു സന്ദേശം നൽകുകയും ക്രമേണ അവർ സ്വയം ശീലിക്കാൻ പഠിക്കുമെന്നും ഉറപ്പ്. ഇനി മര്യാദക്കു ചോദിക്കുേമ്പാഴും പറയാം. അഞ്ചു മിനിറ്റുകൂടി അവന്റെ കൈയിലിരിക്കെട്ട, അതു കഴിഞ്ഞു നിനക്കു തരാമെന്ന്. ഒാരോ 30 സെക്കൻഡ് കൂടുേമ്പാഴും നിങ്ങളുടെ അടുത്തുവന്ന് ചോദിച്ചുകൊണ്ടേയിരിക്കും. എന്നാലും സ്ഥിരമായ ഇൗ രീതികൾ തുടർന്നാൽ മാറ്റം കൊണ്ടുവരാം. സ്ഥിരമായാലേ മാറ്റം വരുകയുള്ളൂ.
ഒരിക്കൽ ചെയ്ത് പിറ്റേന്ന് ഇൗ കുട്ടി നന്നാവുന്നില്ലല്ലോ എന്നു കരുതി നിരാശരാകാതെ കുറച്ചാണെങ്കിലും സ്ഥിരമായി ചെയ്യുന്ന തിരുത്തലുകൾക്ക് ഫലം ഉറപ്പാണ്. കുട്ടികൾ മാറ്റങ്ങളിലേക്ക് അത്രപെെട്ടന്ന് സമരസപ്പെടുകയില്ല. പുതിയ അന്തരീക്ഷം രണ്ടു ദിവസംകൊണ്ട് നിങ്ങൾക്കു സൃഷ്ടിക്കാനുമാവില്ല. സമയം എടുത്തുതന്നെ സംഭവിക്കേണ്ട മാറ്റങ്ങളാണവ. കുറുമ്പുപിടിച്ചു നിൽക്കുന്ന കുട്ടിയുടെ ബുദ്ധിയിലേക്ക് പലപ്പോഴും കാര്യങ്ങൾ ഏശുകയില്ല. അവരുടെ കൈവശം വല്ല പിഴയും സംഭവിച്ചാലോ, പിന്നെ പറയുകയും വേണ്ട. കുറ്റബോധവും ഭയവുമാണവിടെ അവരെ അപ്പോൾ ഭരിക്കുന്നത്. അതവർ പ്രകടിപ്പിക്കുന്നത് പലപ്പോഴും പല രൂപത്തിലാവും. അവിടെ ഉപദേശത്തിനും ഗുണദോഷത്തിനും പ്രസക്തിയുമില്ല.
അവരുടെ ഹൃദയങ്ങളിലേക്ക് താൽപര്യത്തിൽ ആഴ്ന്നിറങ്ങുന്ന എന്തെങ്കിലും ഇഷ്ടവിഷയങ്ങളുണ്ടെങ്കിൽ അതേക്കുറിച്ച് ഗൗരവമായി പറഞ്ഞുതുടങ്ങുക. അത് അവരുടെ ശ്രദ്ധ മാറ്റുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യും. അവരിഷ്ടപ്പെടുന്ന ഒരു കളിപ്പാട്ടത്തിന്റെ കഥയാകാം, ഒരു വാഹനത്തിന്റെ കഥയുമാകാം. പ്രശ്നം മാറിക്കഴിഞ്ഞാൽ കുഞ്ഞിനെ അടുത്തുവിളിച്ച് പ്രശ്നകാരണങ്ങൾ ആരായുകയും സ്നേഹസംസാരങ്ങൾ പങ്കുവെക്കുകയുമാകാം. കുഞ്ഞുങ്ങളുടെ കുഞ്ഞുകുസൃതികൾ ഒരുപാടുണ്ട്. അവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നിടത്ത് എത്ര സ്നേഹമുള്ളവർക്കും ആശയക്കുഴപ്പം സംഭവിക്കാം. അതു സ്വാഭാവികം. ഇത്തരം ചെറുതും സ്ഥിരവുമായ സ്വഭാവ പരിഷ്കാരങ്ങൾ കൊണ്ട് ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റാവുന്നതേയുള്ളൂ.
തയാറാക്കിയത്: നുഅ്മാൻ അലി ഖാൻ, ബയ്യിന ഇൻസ്റ്റിറ്റ്യൂട്ട്, ടെക്സസ്, യു.എസ്.എ. (സ്വതന്ത്ര പുനരാഖ്യാനം: മലിക മർയം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.