കുഞ്ഞുമനസിനും സങ്കടങ്ങളുണ്ട്...
text_fieldsദേ, ടെൻഷൻ പിടിച്ചിരിക്കുേമ്പാ ഇങ്ങിനെ ഓരോന്ന് കാണിച്ചു വന്നാൽ എനിക്ക് നല്ല ദേഷ്യം വരുംട്ടാ- കുഞ്ഞുങ്ങളോട് ഇങ്ങിനെ പറയാത്ത എത്രപേരുണ്ട്? ശരിയാണ് ജോലി സ്ഥലത്തെ നൂറു കൂട്ടം കാര്യങ്ങൾ, അല്ലെങ്കിൽ വീട്ടിലെ പ്രശ്നങ്ങൾ, കുടുംബത്തിലെ തർക്കങ്ങൾ അങ്ങിനെ ഒരുപാട് വിഷമങ്ങൾക്കിടയിലൂടെയാണ് നമ്മിൽ ഭൂരിഭാഗം പേരും കടന്നു പോകുന്നത്. പക്ഷേ അതിന് ഇതൊന്നുമറിയാൻ പ്രായമായിട്ടില്ലാത്ത കുഞ്ഞുങ്ങളെന്ത് പിഴച്ചു?
ജീവനുള്ള ഓരോ വസ്തുവിനും മനസുണ്ട്, വിചാരങ്ങളുണ്ട്, വികാരങ്ങളുണ്ട്. മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും സങ്കടവും സന്തോഷവും ടെൻഷനുകളുമെല്ലാം ഉണ്ടാകും. മുതിർന്നവരുടേതിനേക്കാൾ കരുതലോടെ കൈകാര്യം ചെയ്യേണ്ടതുണ്ട് അവരുടെ വികാരങ്ങളെയും മാനസിക ആരോഗ്യത്തെയും. അതിനായി ലോകം മല്ലോ. കുട്ടികളുടെ മാനസിക ആരോഗ്യവാരം ആചരിക്കുകയാണ് ഫെബ്രുവരി ഒന്നു മുതൽ ഏഴ് വരെ.
വീട്ടിൽ കുട്ടികളെ അലട്ടുന്ന എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന കാര്യം പരിശോധിക്കൽ മുതിർന്നവരുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. സ്കൂളുകളിൽ അധ്യാപകരും മുതിർന്ന വിദ്യാർഥികളും ഇതു ശ്രദ്ധിക്കണം. പഠന സംബന്ധമായ ആകുലതകൾ കുട്ടികളെ പലപ്പോഴും മാനസികമായി പ്രയാസപ്പെടുത്തും. സ്കൂളിൽ പേടിപ്പെടുത്തുന്ന സഹപാഠികളുണ്ടെങ്കിലും പ്രശ്നമാണ്. ബുള്ളിയിങിനെതിരെ യു.എ.ഇയിൽ കർശന നിലപാടാണ് വിദ്യാലയ സമൂഹം സ്വീകരിച്ചു വരുന്നത്. ഓൺലൈൻ വഴിയുള്ള സമ്മർദങ്ങളും കുട്ടികളെ തളർത്തിയേക്കാം. കോവിഡിന് ശേഷം ഓൺലൈൻ ഉപയോഗം കൂടുകയും പുറം ലോകവുമായി ബന്ധം കുറയുകയും ചെയ്ത അവസ്ഥ കുട്ടികളെ ഒരു സാങ്കൽപ്പിക ജീവിതത്തിലേക്ക് എത്തിക്കുന്നുണ്ട് പലപ്പോഴും.
അവർക്കൊപ്പം തുറന്ന മനസോടെ അൽപനേരം ചെലവിടുകയാണ് കുട്ടികളുടെ മാനസിക ആരോഗ്യത്തെ വിലമതിക്കുന്നുവെങ്കിൽ ആദ്യം ചെയ്യേണ്ടത്. ഓഫീസ് തിരക്കും, വാട്ട്സ്ആപ്പും മൊബൈൽ-സോഷ്യൽ മീഡിയയുമെല്ലാം മാറ്റിവെച്ച് മക്കളുമായി സംസാരിക്കുക. അവർ എന്തെങ്കിലും വല്ലായ്മകൾ പറഞ്ഞാൽ ഇതൊക്കെ അടവാണ് എന്ന് മുൻവിധിയോടെ വിലയിരുത്തുന്നത് നിർത്തുക. ആവശ്യമെങ്കിൽ നല്ല കൗൺസലർമാരുടെ സഹായം തേടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.