ഇന്റര്‍നെറ്റ് വില്ലനാവും; കുട്ടികള്‍ വലയില്‍ കുരുങ്ങാതെ നോക്കണം
text_fieldsഅബൂദബി: കുട്ടികളുടെ ഭാവിക്ക് ഇന്റര്‍നെറ്റ് വില്ലനാവുമെന്നതിനാല് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍. കുട്ടികളുടെ അമിത ഇന്റര്‍നെറ്റ് ഉപയോഗം അവരെ മാനസികവും ശാരീരികവും വൈകാരികവുമായി പ്രതികൂലമായി ബാധിച്ചേക്കാം. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം വീട്ടുകാര്‍ നിരീക്ഷിക്കണം.
ഇതിലൂടെ അനാവശ്യ ഉള്ളടക്കങ്ങള്‍ കുട്ടികള്‍ കാണുന്നത് തടയാനും ഇന്റര്‍നെറ്റില്‍ വലവിരിക്കുന്ന ചതിയന്മാരുടെ പിടിയില്‍ പെടുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കണമെന്നും ശിശുവിദഗ്ധയായ ഡോ. ഫില്‍ മകറായി പറഞ്ഞു. പത്തിനും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ വര്‍ധന വന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടതായും ദിവസവും നാലുമണിക്കൂറോളം സമയം കുട്ടികള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുകയാണെന്നും യു.എ.ഇയുടെ ഏര്‍ലി ചൈല്‍ഡ്ഹുഡ് അതോറിറ്റിയുടെ ബ്രേക്ക്ത്രൂ വര്‍ക്കിങ് ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ഫില്‍ മകറായി വ്യക്തമാക്കി.
ഓണ്‍ലൈന്‍ ഉപയോഗത്തില്‍ സമയക്രമീകരണം ഉണ്ടാക്കണം. കുട്ടികളുമായി സംസാരിച്ച് അവര്‍ എന്താണ് ഓണ്‍ലൈനില്‍ ചെയ്യുന്നതെന്ന് മനസ്സിലാക്കണം. കുട്ടികളുമായി അടുക്കുന്നതിലൂടെ അവര്‍ നേരിടുന്ന വെല്ലുവിളികളും അനുഭവിക്കുന്ന സന്തോഷവും കണ്ടെത്താനാവും. അവര്‍ എന്താണ്, എങ്ങനെയാണ് സംസാരിക്കുന്നതെന്ന് ഇതിലൂടെ അറിയാമെന്നും അവര്‍ പറഞ്ഞു. അമിത ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികളുടെ മാനസിക നിലയെ ബാധിക്കുകയും വൈകാരികമായി ദുര്‍ബലപ്പെടുത്തുകയും ചെയ്യും. ഇത് സാധാരണ ജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിലേക്കെത്തിക്കും. ദേഷ്യം, ഈര്‍ഷ്യ, വെറുപ്പ്, വിഷാദം, ശാരീരികമായ അസ്വസ്ഥതകള്‍ തുടങ്ങിയവയിലാണ് ഇത് എത്തിക്കുക.
പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ ഒളിച്ചോടുന്നതില്‍ വിഷാദരോഗം കാരണമാവുന്നെന്ന പഠനങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. കുട്ടികളിലെ അമിത ഇന്റര്‍നെറ്റ് ഉപയോഗവും ഇന്റര്‍നെറ്റ് ഉപയോഗത്തിനിടെ കടന്നുവരുന്ന അശ്ലീല വിഡിയോകളും ഓണ്‍ലൈന്‍ ഗെയിമുകളുമൊക്കെ വീടുവിട്ടിറങ്ങാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.