ഇത് തടവറയല്ല; കുരുന്നുകൾക്ക് വിദ്യ പകരുന്ന പാഠശാല
text_fieldsദുബൈ: തെറ്റും ശരിയും തിരിച്ചറിയാൻ കഴിയാത്ത കാലത്തുതന്നെ തടവറക്കുള്ളിൽ അകപ്പെടുന്ന കുരുന്നുകൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കുകയാണ് ദുബൈ. തടവിൽ കഴിയുന്ന സ്ത്രീകളുടെ മക്കൾക്കായാണ് ദുബൈ സെൻട്രൽ ജയിലിൽ നഴ്സറി ഒരുക്കിയിരിക്കുന്നത്.
കുട്ടികളെ ജയിലിൽ പാർപ്പിക്കരുതെന്നാണ് പൊലീസിന്റെ നയമെങ്കിലും മാതാവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് പൊലീസ് ഇങ്ങനെയൊരു സൗകര്യം ഒരുക്കിയിരിക്കുന്നത്. ജയിലിനുപുറത്ത് മക്കളെ നോക്കാൻ ആരും ഇല്ലാത്തതിനാലാണ് കുഞ്ഞുങ്ങളെ ഇവിടെയെത്തിക്കാൻ അമ്മമാരെ പ്രേരിപ്പിക്കുന്നത്. അവീറിലെ ദുബൈ സെൻട്രൽ ജയിലിൽ 300ഓളം വനിത തടവുകാരും 29 കുട്ടികളുമുണ്ട്.
രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ നോക്കാൻ പ്രത്യേക നഴ്സറിയുണ്ട്. 10 ആയമാരും നാല് സഹായികളും ഇവിടെയുണ്ടാകും. മാതാവിന് കുട്ടിയെ ദിവസവും ഇവിടെയെത്തി സന്ദർശിക്കാം. രണ്ട് വനിത പൊലീസുകാർ മുഴുസമയവും ഇവിടെ സാധാരണ വേഷത്തിൽ ഉണ്ടാവും. ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം എല്ലാസമയത്തും ലഭ്യമാണ്. സെൻട്രൽ ജയിലിലെ 29 കുട്ടികളിൽ 19 പേരും രണ്ട് വയസ്സിൽ താഴെയാണ്. ഇവർക്ക് അമ്മമാർക്കൊപ്പം താമസിക്കാം.
മറ്റ് പത്തുപേർക്ക് പ്രത്യേക സൗകര്യമുണ്ട്. ഇവരിൽ അഞ്ചുപേർ അഞ്ചുവയസ്സിന് മുകളിലുള്ളവരും സ്കൂളിൽ ചേർന്നവരുമാണ്. ഇവർക്കുള്ള പഠനം, വസ്ത്രം, ഭക്ഷണം, ചികിത്സ എല്ലാം സൗജന്യമാണ്. കുട്ടികൾക്ക് അസുഖം ബാധിച്ചാൽ ആയമാർ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യും. കുട്ടികൾക്ക് പഠിക്കാനും ഉറങ്ങാനും കളിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം പ്രത്യേക സൗകര്യമുണ്ട് നഴ്സറിയിൽ.
ജയിലിൽ പിറന്നുവീഴുന്ന കുട്ടികളുടെ വിവരങ്ങൾ ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുകയും ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യും. ജയിൽ ഡോക്ടർമാർ കുട്ടികൾക്ക് ആവശ്യമായ ചികിത്സയും മരുന്നും വാക്സിനുമെല്ലാം നൽകും. കുട്ടികൾ ഉള്ളതിനാൽ ജയിലിൽ സാധാരണ രീതിയിലുള്ള അന്തരീക്ഷമൊരുക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അതിനാൽ, മെറൂൺ നിറത്തിലുള്ള യൂനിഫോമാണ് തടവുകാർക്ക് നൽകിയിരിക്കുന്നത്.
കുറ്റകൃത്യങ്ങൾക്കനുസരിച്ച് ഇവരുടെ വസ്ത്രത്തിൽ വിവിധ നിറങ്ങളിലുള്ള സ്ട്രിപ് ഉണ്ടാകും. ഗുരുതര കുറ്റകൃത്യം ചെയ്തവരുടെ സ്ട്രിപ്പുകൾ ചുവന്ന നിറത്തിലും ചെറിയ കുറ്റം ചെയ്തവരുടേത് പച്ച നിറത്തിലുമാകും. കുട്ടികളുള്ളവർക്ക് പ്രത്യേക വാർഡാണ് നൽകിയിരിക്കുന്നത്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ മെഡിക്കൽ പരിശോധനക്ക് ശേഷമാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. മാതാവിന്റെ മാനസിക നില ശരിയല്ലെങ്കിലോ കുട്ടിയെ ഏറ്റെടുക്കാൻ തയാറല്ലെങ്കിലോ കുട്ടികളുടെ സംരക്ഷണം അധികൃതർ ഏറ്റെടുക്കും. മാനസിക നില ശരിയാകുമ്പോൾ കുഞ്ഞിനെ കൈമാറും.
മറ്റ് കുട്ടികൾ വളരുന്നതുപോലെ ജയിലിലെ കുട്ടികളും വളരണമെന്നും അതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും ദുബൈ വനിത സെൻട്രൽ ജയിൽ ഡയറക്ടർ കേണൽ ജമില അൽ സാബി പറഞ്ഞു. കുട്ടികൾ ജയിലിൽ വളരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ, ചില അമ്മമാർക്ക് അവരുടെ മക്കളെ ഒപ്പം വേണമെന്ന് ആഗ്രഹം പറയുന്നു. കുട്ടികൾ പുറത്ത് സുരക്ഷിതരല്ലെന്നാണ് അവർ പറയുന്നത്. അങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് ജയിലിൽ തന്നെ മികച്ച വിദ്യാഭ്യാസത്തോടെയുള്ള ജീവിതം നൽകുകയാണ് ലക്ഷ്യമെന്ന് ജമില അൽ സാബി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.