എന്‍റെ കുട്ടികളേ..നിങ്ങൾ വലിയ സ്വപ്നങ്ങൾ കാണുക..
text_fieldsഅബൂദബി: പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിൽ തിരിച്ചെത്തിയ വിദ്യാർഥികൾക്ക് പ്രചോദനം പകർന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ ഓഡിയോ സന്ദേശം. ചൊവ്വാഴ്ച രാവിലെ രാജ്യത്തുടനീളം സ്കൂളുകളിൽ സംപ്രേഷണം ചെയ്ത ശബ്ദ സന്ദേശത്തിൽ പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിലെത്തിയ വിദ്യാർഥികളെയും അധ്യാപകരെയും സ്വാഗതം ചെയ്തു.
'എന്‍റെ കുട്ടികളേ..' എന്നുപറഞ്ഞു തുടങ്ങിയ സന്ദേശത്തിൽ വിദ്യാർഥികളോട് കൂടുതൽ ഉയരങ്ങൾ സ്വപ്നം കാണണമെന്നും പഠനം ഒരിക്കലും അവസാനിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വപ്നങ്ങളും അഭിലാഷങ്ങളും ജീവിതത്തിന്‍റെ പ്രധാന ഭാഗമാണ്. നിങ്ങളുടെ സ്വപ്നങ്ങളെ പരിപോഷിപ്പിക്കാൻ സ്കൂളുകൾ സഹായിക്കും. ഭാവി എങ്ങനെയായിരിക്കുമെന്ന് തീരുമാനിക്കുന്ന സ്ഥലമാണിത്.
മികവ് പുലർത്താനും ദൃഢനിശ്ചയം ചെയ്യാനും അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനും ശ്രമിക്കുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. നിങ്ങൾക്കും കുടുംബത്തിനും സമൂഹത്തിനും ഗുണകരമായ കാര്യങ്ങളിൽ നിങ്ങളുടെ സമയം ചെലവഴിക്കുക -അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു.
അധ്യാപകരെയും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരെയും പ്രത്യേകം പരാമർശിച്ച അദ്ദേഹം യു.എ.ഇ സമൂഹത്തിൽ അവരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞു. സ്കൂളുകളിൽ സംഭവിക്കുന്നത് മാത്രമല്ല വിദ്യാഭ്യാസം. മറിച്ച് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കുടുംബങ്ങളുടെയും സമൂഹത്തിന്‍റെയും പങ്കാളിത്തം ആവശ്യമാണ്.
സ്ഥാപനങ്ങൾക്കൊപ്പം, കുടുംബങ്ങളുടെയും മാതാപിതാക്കളുടെയും പ്രയത്‌നത്താൽ മാത്രം പൂർത്തീകരിക്കാവുന്ന മഹത്തായ പരിശ്രമമാണ് വിദ്യാഭ്യാസം -അദ്ദേഹം ഓർമിപ്പിച്ചു. എല്ലാവരിലും വലിയ അഭിമാനമുണ്ടെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.