വിഡിയോ ഗെയിം 'കുട്ടിക്കളി' മാത്രമാകില്ല
text_fieldsഅബൂദബി: അക്രമാസക്തമായ വിഡിയോ ഗെയിമുകൾ കുട്ടികൾ കളിക്കുന്നത് വിലക്കണമെന്ന് അബൂദബി പൊലീസ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. ഇത്തരം ഗെയിമുകൾ കളിക്കുന്നതിലൂടെ കുട്ടികളിൽ അക്രമവാസനയുണ്ടാവുമെന്നും മുന്നറിയിപ്പ് നൽകി.
യാഥാർഥ്യങ്ങളിൽനിന്ന് കുട്ടികളെ അകറ്റുന്ന ഗെയിമുകൾ അവരെ പൊതുസമൂഹവുമായി ഇടകലരുന്നതിൽനിന്ന് തടയുകയും ഏകാന്തജീവിതത്തിന് പ്രേരിപ്പിക്കുകയും ചെയ്യും. കാണുന്നതെല്ലാം അനുകരിക്കാൻ ശ്രമിക്കുന്ന കുട്ടികൾ അക്രമാസക്തമായ വിഡിയോകൾ നിരന്തരം കാണുമ്പോൾ കുറ്റകൃത്യങ്ങൾ ചെയ്യാൻ നിർബന്ധിതരാവും. ഈ കുട്ടികളാണ് മറ്റുള്ളവരെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അവഹേളിക്കുന്നതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
പ്രായത്തിനു യോജിക്കാത്ത വിഡിയോകളും മറ്റും കുട്ടികൾ കാണുന്നില്ലെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കൾ അവരുടെ സ്മാർട്ട് ഉപകരണങ്ങൾ നിരീക്ഷിക്കണം. ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന നായകനായി വിഡിയോ ഗെയിമുകളിൽ അഭിരമിക്കുന്ന കുട്ടികൾക്ക് പിന്നീട് യാഥാർഥ്യവും കെട്ടുകഥകളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനാവാതെ വരും.
കണ്ടയുടൻ കുട്ടികൾ അക്രമത്തിലേക്ക് തിരിയില്ല. മറിച്ച് മറ്റു കുട്ടികളുമായി പ്രശ്നങ്ങളുണ്ടാവുമ്പോൾ ഇത് പരിഹരിക്കുന്ന സമയത്താവും വിഡിയോ ഗെയിമിൽ കണ്ട രംഗങ്ങൾ അവർക്ക് ഓർമവരുകയും അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയെന്നും പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇലക്ട്രോണിക് ഗെയിമുകൾ കളിക്കുന്ന കുട്ടികളുടെ പങ്കാളികളെക്കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിരിക്കണമെന്നും കളിക്കുന്നതിന് ഉചിതമായ സമയം അവർക്ക് നിശ്ചയിച്ചുകൊടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.