ശൈത്യകാല അവധി; കുട്ടികളുടെ മേൽ കണ്ണുണ്ടാവണം
text_fieldsഅബൂദബി: രാജ്യത്തെ സ്കൂളുകള്‍ ശൈത്യകാല അവധിയിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍ വീടുകളിലും മറ്റും കുട്ടികള്‍ അപകടത്തില്‍പ്പെടാതെ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. കഴിഞ്ഞദിവസം ദുബൈയില്‍ ഒമ്പതാം നിലയില്‍നിന്നാണ് തുറന്നിട്ട ജനലിലൂടെ പുറത്തേക്കു വീണ് നാലുവയസ്സുകാരി മരിച്ചത്. ആവശ്യമായ സുരക്ഷയില്ലാത്തതുമൂലം ഷാര്‍ജയില്‍ അഞ്ചുവയസ്സുകാരന് അപകടകരമാംവിധം ജനലില്‍ തൂങ്ങിക്കിടക്കാന് ഇടയായയും വാര്‍ത്തയായിരുന്നു. ബഹുനില കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍നിന്നോ ജനാലകളിലൂടെയോ കുട്ടികള്‍ വീഴാതിരിക്കാന്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന അധികൃതരുടെ നിര്‍ദേശം താമസക്കാര്‍ പലപ്പോഴും ഗൗരവത്തില്‍ പരിഗണിക്കാറില്ല.
ഇത് വന്‍ അപകടത്തിലേക്കാണ് നയിക്കുന്നത്. ചെറിയ അശ്രദ്ധപോലും വന്‍ അപകടങ്ങള്‍ക്കു കാരണമാകുമെന്നതിനാല്‍ കെട്ടിട നിര്‍മാതാക്കളും താമസക്കാരും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഷാര്‍ജ, ഫുജൈറ, അബൂദബി എമിറേറ്റുകളിലായി 2022ല്‍ മൂന്നു കുട്ടികളാണ് കെട്ടിടത്തില്‍നിന്നു വീണു മരിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ യു.എ.ഇയില്‍ വ്യത്യസ്ത അപകടങ്ങളില്‍ 17 കുട്ടികള്‍ വീണു മരിച്ചിട്ടുണ്ട്. വീടുകളില്‍ കുട്ടികളെ നിരീക്ഷിക്കണമെന്നും സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടാവണമെന്നും അബൂദബി പൊലീസും കാമ്പയിനിലൂടെ ആവശ്യപ്പെടുന്നുണ്ട്. നിസ്സാര അശ്രദ്ധ വലിയ അപകടം വരുത്തിവെക്കും എന്നതിനാല്‍ കെട്ടിട നിര്‍മാതാക്കള്‍ മുതല്‍ താമസക്കാര്‍ വരെ അതീവ ശ്രദ്ധ പുലര്‍ത്തണം.
രാജ്യം ശൈത്യകാലാവസ്ഥയിലേക്ക് നീങ്ങുന്നതിനാല്‍ ശുദ്ധവായു ശ്വസിക്കാന്‍ വീട്ടുകാര്‍ ജനാലകളും മറ്റും തുറന്നിടാറുണ്ട്. അതിനാല്‍ തന്നെ കുട്ടികള്‍ കളിക്കാനും മറ്റും ബാല്‍ക്കണികളിലും ജനാലകളിലും കയറുകയും ചെയ്യും. ഇത് അപകടത്തിന് വഴിവെക്കും. ജനാലകളില്‍ കുട്ടികള്‍ കയറുന്നത് തടയാന്‍ ജനാലയ്ക്കു സമീപം ഗൃഹോപകരണങ്ങള്‍ വെക്കരുത്. പുറത്തെ കാഴ്ചകള്‍ കാണാന്‍ കുട്ടികള്‍ മേശ, കസേര തുടങ്ങിയവയില്‍ പിടിച്ചുകയറി തെന്നിവീഴാനും സാധ്യതയുണ്ട്.
ബാല്‍ക്കണിയില്‍നിന്നും ജനലില്‍നിന്നും താഴെ വീഴാത്തവിധം അധിക സുരക്ഷ ഒരുക്കണം. ഇതിനായി ഇരുമ്പ് കവചമോ മറ്റോ സ്ഥാപിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. മതിയായ സുരക്ഷാ സംവിധാനം ഉറപ്പാക്കിയശേഷമേ ജനലും ബാല്‍ക്കണികളും തുറക്കാവൂ. രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ജനലുകള്‍ക്കരികിലോ ബാല്‍ക്കണിയിലോ കുട്ടികള്‍ പോകാനിടയാവരുത്.
ജനലും ബാല്‍ക്കണിയും പൂട്ടി താക്കോല്‍ കുട്ടികള്‍ക്കു കിട്ടാത്തവിധം സൂക്ഷിക്കണം. രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം ജനാലകള്‍ എല്ലാം അടച്ചിടണമെന്നും അധികൃതര്‍ അറിയിച്ചു. അശ്രദ്ധമൂലമുണ്ടാകുന്ന സംഭവങ്ങളില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. ബാലാവകാശ സംരക്ഷണ നിയമപ്രകാരം കുറ്റക്കാര്‍ക്ക് ഒരുവര്‍ഷം തടവോ 5000 ദിര്‍ഹം (ഒരു ലക്ഷം രൂപ) പിഴയോ രണ്ടും ചേര്‍ത്തോ ആണ് ശിക്ഷ ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.