ഒമ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകനെ കണ്ടെത്തിയ സന്തോഷത്തിൽ മാതാപിതാക്കൾ
text_fieldsതിരുവനന്തപുരം: ഒമ്പത് വർഷമായി അന്വേഷിക്കുകയായിരുന്ന മകനെ കണ്ടെത്തിയ സന്തോഷത്തിലാണ് ഈ മാതാപിതാക്കൾ. വർഷങ്ങൾക്കുശേഷം വിദേശത്തുള്ള മകനെ വിഡിയോ കോളിലൂടെ കണ്ട് സംസാരിച്ചതിന്റെ സന്തോഷം സി. സുന്ദരേശനും ബി.എസ്. മണിക്കും അടക്കാനാകുന്നില്ല. തിരുവനന്തപുരം നഗരസഭ മുൻ കൗൺസിലറും സി.പി.എം പ്രാദേശിക നേതാവുമായ ഐ.പി. ബിനുവിന്റെയും കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്ററും സി.ഐയുമായ ആർ. പ്രശാന്തിന്റെയും ഇടപെടലിലൂടെയാണ് ഒമ്പത് വര്ഷം മുമ്പ് കാണാതായ മകനെ കണ്ടെത്താന് മാതാപിതാക്കൾക്ക് സാധിച്ചത്.
ആര്യനാട് തോളൂർ മണികണ്ഠ വിലാസത്തിൽ എസ്. പ്രവീൺ (34) ആണ് ഒമ്പത് വർഷത്തെ അജ്ഞാത വാസത്തിനുശേഷം വിഡിയോ കോളിലൂടെ മാതാപിതാക്കളോട് സംസാരിച്ചത്. കഴിഞ്ഞ ദിവസമാണ് ഐ.പി. ബിനുവിന് പ്രവാസികളായ കനിൽദാസിന്റെയും മുജീബിന്റെയും ഫോൺ വിളി എത്തുന്നത്. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ പ്രവീൺ പത്ത് വർഷത്തോളമായി വീട്ടുകാരുമായി ഒരു ബന്ധവുമില്ലാതെ വിദേശത്ത് അകപ്പെട്ടിരിക്കുകയാണെന്ന് അവര് അറിയിച്ചു. വിസയുടെയും പാസ്പോർട്ടിന്റെയും കാലാവധി കഴിഞ്ഞ പ്രവീൺ ജോലിയൊന്നുമില്ലാതെ വളരെ മോശം അവസ്ഥയിലാണെന്നായിരുന്നു ഇവര് നൽകിയ വിവരം. വീട്ടുകാരെ കണ്ടെത്തി പ്രവീണിനെ തിരികെ നാട്ടിൽ എത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
തുടര്ന്ന് ബിനു സുഹൃത്തും ആര്യനാട് സ്വദേശിയായ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ഇൻസ്പെക്ടറുമായ പ്രശാന്തിനെ വിവരമറിയിച്ചു. പ്രശാന്ത് പ്രവീണിന്റെ വീട് കണ്ടെത്തി വീട്ടുകാരുമായി ബന്ധപ്പെട്ടു. ബിനു അറിയിച്ചതനുസരിച്ച് സി.പി.എം ആര്യനാട് ബ്രാഞ്ച് സെക്രട്ടറി അഡ്വ. അജേഷും സ്ഥലത്തെത്തി. നാട്ടിൽ പെയിന്റിങ് ജോലിയായിരുന്നു പ്രവീണിന്. പിന്നീട് കാറ്ററിങ് ജോലിക്കായാണ് പത്ത് വർഷം മുമ്പ് അബൂദബിയിലേക്ക് പോയത്. അവിടെയെത്തി രണ്ട് വർഷത്തോളം വീട്ടുകാരുമായി പ്രവീൺ ബന്ധപ്പെടുമായിരുന്നു. പിന്നീട് മറ്റൊരു സ്ഥലത്തെ കമ്പനിയിൽ ജോലിക്ക് പോകുകയാണെന്ന് ബന്ധുക്കളെ അറിയിച്ചു. പിന്നാലെ പ്രവീണിനെക്കുറിച്ച് വിവരം ലഭിക്കാതെയായി. തുടര്ന്ന് ബന്ധുക്കൾ പ്രവീണിനെ കണ്ടെത്താനായി പല ശ്രമങ്ങളും നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. പ്രവീണിനെ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചതായി ബിനു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.