നിങ്ങളാഗ്രഹിക്കുന്ന ജീവിതം സ്വന്തമാക്കണോ?
text_fieldsനിങ്ങളുടെ ജീവിതത്തിന്റെ രചനയും സംവിധാനവും നിങ്ങൾ തന്നെയാണ് നിർവഹിക്കേണ്ടത്. എങ്കിൽ നിങ്ങളാഗ്രഹിക്കുന്ന ജീവിതം നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയും. നിങ്ങളുടെ വിഷനെക്കുറിച്ച് കൃത്യതയും വ്യക്തതയും വേണമെന്നു മാത്രം. നിങ്ങൾക്ക് നേടേണ്ട കാര്യങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയും ഫോക്കസും ഉണ്ടാകണം.
മൂന്ന് നിയമങ്ങൾ
ജീവിതത്തിലെ മൂന്ന് പ്രധാന നിയമങ്ങൾ വിജയത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നു.
1. നിങ്ങൾക്ക് ആവശ്യമുള്ളതിന്റെ പിന്നാലെ പോയില്ലെങ്കിൽ അത് നിങ്ങൾക്കൊരിക്കലും നേടാൻ കഴിയില്ല.
നിങ്ങൾക്ക് ആവശ്യമുള്ളതൊന്നും നിങ്ങളെത്തേടി ഇങ്ങോട്ടു വരില്ല. അതിനെ നിങ്ങൾ തന്നെ ചേസ് ചെയ്യണം. പല തവണ പരാജയപ്പെട്ടാലും തോൽവി സമ്മതിക്കാതെ അതിനു പിന്നാലെ പിന്തുടരുക. നിരന്തര പരിശ്രമികൾക്ക് വിജയം ഉറപ്പാണ്.
2. നിങ്ങൾ ചോദിച്ചില്ലെങ്കിൽ നിങ്ങൾക്കുള്ള ഉത്തരം എപ്പോഴും നോ ആയിരിക്കും.
ചോദിക്കാത്ത ഒന്നിനും ഉത്തരം കിട്ടില്ല. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നു പറയുന്നതു പോലെ, ചോദിച്ചെങ്കിൽ മാത്രമേ നിങ്ങളുടെ ശബ്ദം ഉയർന്നു കേൾക്കുകയുള്ളൂ. ഒരു ശബ്ദവും കേൾക്കാതെ പോകില്ല. കേൾക്കുന്നതുവരെയും ശബ്ദമുണ്ടാക്കണം.
3. നിങ്ങൾ സ്വമേധയാ, സ്വപരിശ്രമത്താൽ മുന്നോട്ടു ചുവടുവെച്ചില്ലെങ്കിൽ നിന്നയിടത്തു തന്നെ നിന്നുപോകും.
ആരെങ്കിലും കൈ പിടിച്ച് കൂടെ നടത്തുന്നതിനു വേണ്ടി കാത്തിരിക്കരുത്. നിങ്ങളുടെ യാത്രയിൽ നിങ്ങൾ തനിച്ചാണ്. ശ്രദ്ധയോടെ ഓരോ ചുവടും മുന്നോട്ടുവെക്കാൻ ശ്രമിക്കുക. ആദ്യ ചുവടുവെക്കൽ വളരെ നിർണ്ണായകമാണ്. അതിനുള്ള ധൈര്യം ലഭിച്ചുകഴിഞ്ഞാൽ പിന്നീട് കുറച്ചുകൂടി എളുപ്പമായിരിക്കും.
ഈ മൂന്ന് നിയമങ്ങൾ ജീവിതചര്യയുടെ ഭാഗമാക്കേണ്ടതാണ്. ഇവ നിങ്ങളുടെ പരിശ്രമത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നതാണ്. നിങ്ങൾക്ക് മാത്രമേ നിങ്ങളെ രക്ഷിക്കാനും സഹായിക്കാനും കഴിയൂ എന്ന് സൂചിപ്പിക്കുന്നു. ഓരോ ദിവസവും അതിനു വേണ്ടി പരിശ്രമിക്കുകയും അതിലേക്ക് ശ്രദ്ധചെലുത്തുകയും വേണം.
സ്‌ക്രിപ്റ്റിങ്
നിങ്ങളുടെ ലക്ഷ്യങ്ങൾ എഴുതിവെക്കുക എന്നതാണ് ലക്ഷ്യപൂർത്തീകരണത്തിനുള്ള ഒരു പ്രധാന വഴി. ഓരോ ചെറിയ ലക്ഷ്യങ്ങളും അത് നേടിയെടുത്താൽ നിങ്ങൾക്ക് കിട്ടുന്ന ഗുണങ്ങളും എഴുതിവെക്കുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് പോസിറ്റീവ് ദൃഢീകരണം നൽകുകയും അവ നേടിയെടുക്കാനുള്ള പ്രചോദനമാകുകയും ചെയ്യും.
പരിമിതികൾ / തടസ്സങ്ങൾ തിരിച്ചറിയുക
നിങ്ങളെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് ലിസ്റ്റ് ചെയ്യുക. മടി, ആത്മവിശ്വാസമില്ലായ്മ, പേടി അങ്ങനെ എന്ത് കാരണമാണ് നിങ്ങളെ ലക്ഷ്യങ്ങളിലേക്കെത്തുന്നതിൽ നിന്ന് തടസ്സപ്പെടുത്തുന്നത് എന്ന് കണ്ടെത്തിയാൽ അവയെ ഓരോന്നായി അഡ്രസ് ചെയ്ത് പരിഹാരത്തിനായി ശ്രമിക്കാൻ കഴിയും. എല്ലാം നിങ്ങൾക്ക് സ്വയം പരിഹരിക്കാൻ കഴിയുന്നതായിരിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പ്രൊഫഷണൽ സഹായം തേടുകയോ സുഹൃത്തുക്കളുടെ സഹായം തേടുകയോ ചെയ്യുക. നിങ്ങൾ സഹായം തേടുന്ന സുഹൃത്തുക്കൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും നിങ്ങളുടെ കഴിവിൽ അഭിമാനിക്കുകയും ചെയ്യുന്നവരാണ് എന്നുറപ്പാക്കുക.
ഉദ്ദേശ്യലക്ഷ്യങ്ങൾ മനസ്സിലാക്കുക
ചെയ്യുന്ന കാര്യങ്ങളുടെ ഉദ്ദേശ്യവും ലക്ഷ്യവും മനസ്സിലാക്കുക. ചെയ്യുന്ന ഓരോ കാര്യവും വെറുതെയല്ലെന്നും അതിനോരോന്നിനും ചെറുതോ വലുതോ ആയ ഇന്റൻഷനും പർപ്പസും ഉണ്ടെന്നും തിരിച്ചറിഞ്ഞാൽ അവ നന്നായി ചെയ്യാനും വിജയകരമായി പൂർത്തിയാക്കാനും കഴിയും. നമ്മൾ ചെയ്യുന്ന ഓരോ കാര്യവും നമ്മുടെ ലക്ഷ്യത്തിലേക്ക് നയിക്കുന്നതായിരിക്കാൻ ശ്രദ്ധിക്കുക. അനാവശ്യമായ, നമ്മുടെ ലക്ഷ്യങ്ങളെ സഹായിക്കാത്ത കാര്യങ്ങൾ ചെയ്യാതിരിക്കുക.
മാറ്റത്തെ അംഗീകരിക്കുക
മാറ്റം അംഗീകരിക്കുന്നവർക്കാണ് വിജയം. മാറ്റം എല്ലായ്‌പ്പോഴും പുതിയ സാധ്യതകൾക്ക് വഴി തുറക്കുന്നു. ജീവിതത്തിൽ മാറ്റം സൃഷ്ടിക്കാനും ഉണ്ടാവുന്ന മാറ്റങ്ങളെ അംഗീകരിച്ച് അതിനോട് പൊരുത്തപ്പെടാനും ശ്രമിക്കുക.
പുതിയ ശീലങ്ങൾ തുടങ്ങുക
ലൈഫിന് എനർജി തരുന്ന എന്തെങ്കിലും പുതിയ ശീലങ്ങൾ ആരംഭിക്കുക. ഗ്രാറ്റിറ്റിയൂഡ് ജേണൽ എഴുതൽ, ആഗ്രഹങ്ങളെ വിഷ്വലൈസ് ചെയ്യൽ അങ്ങനെ എന്തുമാവാം. പുതിയ ജീവിതമാറ്റങ്ങളുടെ ഭാഗമായി ദിവസവും സ്ഥിരം ഉണരുന്നതിൽ നിന്ന് ഒരു മണിക്കൂർ നേരത്തേ എഴുന്നേൽക്കാൻ ശ്രമിക്കുക. തുടർന്ന് 10 മിനിറ്റ് ധ്യാനം, 30 മണിക്കൂർ വ്യായാമം, അതാതു ദിവസം പൂർത്തീകരിക്കാനുള്ള കാര്യങ്ങൾ എഴുതിവെക്കൽ, അവ ഓരോന്നായി ചെയ്യൽ.. ഈ രീതിയിൽ ഓരോ ദിവസവും ക്രമപ്പെടുത്തുന്നത് ജീവിതത്തിന് അച്ചടക്കം കൊണ്ടുവരുന്നു. ദിവസവും ഏതെങ്കിലും പുതിയ സ്‌കിൽ പഠിക്കാനായി ഒരു മണിക്കൂർ മാറ്റിവെക്കുന്നത് വളരെ നല്ലതാണ്. ആരോഗ്യകരമായ ഡയറ്റ് പിന്തുടരാനും ശ്രദ്ധിക്കുക.
പോസിറ്റീവ് മൈൻഡ് സെറ്റ്
പോസിറ്റീവ് മൈൻഡ് സെറ്റ് സൃഷ്ടിച്ചെടുക്കുക. അത് എളുപ്പമുള്ള കാര്യമല്ല. പ്രാക്ടീസ് ചെയ്യുന്നതിലൂടെ മാത്രമേ അത് സാധ്യമാകുകയുള്ളൂ. നെഗറ്റീവ് ചിന്തകളെ പരമാവധി തടഞ്ഞ് എപ്പോഴും പോസിറ്റീവായിരിക്കാനും ശുഭാപ്തി വിശ്വാസത്തിലായിരിക്കാനും ശ്രമിക്കുക. അതിനായി നിങ്ങളുടെ ചുറ്റുപാടും കുടുംബവും സൗഹൃദവും പോസിറ്റീവാക്കി നിലനിർത്തണം. നിങ്ങളെ നെഗറ്റീവായി സ്വാധീനിക്കുക വ്യക്തികളോടും സാഹചര്യങ്ങളോടും അകന്നുനിൽക്കുക.
മെന്ററുടെ സഹായം തേടുക
മുകളിൽ പറഞ്ഞ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയാതെ വരുകയോ, കാര്യങ്ങൾക്ക് വ്യക്തതയും കൃത്യതയും അച്ചടക്കവും രൂപപ്പെടുത്തിയെടുക്കാൻ പ്രയാസം നേരിടുകയോ ചെയ്താൽ നിങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന, നിങ്ങൾക്ക് സ്‌നേഹവും ബഹുമാനവുമുള്ള ഒരു മെന്ററുടെ സഹായം തേടുന്നത് വളരെ ഫലപ്രദമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.