ഗുഹാവാസികളുടെ പുനരധിവാസ പദ്ധതി ആശങ്കയുമായി പട്ടികവർഗ വകുപ്പ്
text_fieldsനിലമ്പൂർ: ഏഷ്യയിലെ ഏക ഗുഹാവാസികളായ കരുളായി ഉൾവനത്തിലെ ഗോത്രവിഭാഗമായ ചോലനായ്ക്കരെ നാട്ടിലേക്ക് പുനരധിവസിപ്പിക്കാനുള്ള പദ്ധതി ഫലപ്രദമാകുമോയെന്ന ആശങ്കയുമായി പട്ടികവർഗ വകുപ്പ്. വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന ഇവർ എത്രനാൾ ജനവാസ കേന്ദ്രത്തോട് ചേർന്ന് ജീവിക്കുമെന്നാണ് പട്ടികവർഗ വകുപ്പിന്റെ ആശങ്ക. വലിയ കൂട്ടുകുടുംബമായി കഴിയാൻ ഇഷ്ടപ്പെടാത്ത ചോലനായ്ക്കർ രണ്ടോ മൂന്നോ കുടുംബങ്ങളിലധികം ഒരിടത്ത് ഒരുമിച്ച് താമസിക്കാറില്ല. അതേസമയം, വനാതിർത്തിയിൽ വീടുകൾ നിർമിച്ച് നൽകിയാൽ കാടിറങ്ങാൻ സമ്മതമാണെന്ന് ഏതാനും കുടുംബങ്ങൾ അറിയിച്ചിട്ടുണ്ട്. അടുത്തിടെ മാഞ്ചീരി കോളനിയിലെത്തിയ സബ് കലക്ടർ ശ്രിധന്യ സുരേഷാണ് ഇവരുടെ പുനരധിവാസത്തിന് നടപടി സ്വീകരിക്കാൻ നിർദേശിച്ചത്.
നേരത്തെ മാഞ്ചീരിയിൽ ഇവർക്ക് നിർമിച്ച് നൽകിയ വീടുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 1982ലാണ് 14 വീടുകൾ നിർമിച്ച് ഇവരെ വനത്തിനകത്ത് തന്നെ കുടിയിരുത്തിയത്. രണ്ടാഴ്ചക്കകം വിരലിലെണ്ണാവുന്ന കുടുംബങ്ങൾ ഒഴികെ മറ്റെല്ലാവരും ഗുഹകളിലേക്ക് തന്നെ മടങ്ങി. ഇപ്പോൾ രണ്ട് കുടുംബങ്ങൾ മാത്രമാണ് മാഞ്ചീരിയിൽ അവശേഷിക്കുന്നത്. അടുത്തിടെ പുതുതലമുറ പരിവർത്തനത്തിന് വിധേയരാവുന്ന കാഴ്ച കണ്ടു തുടങ്ങിയിരുന്നെങ്കിലും പ്രാഥമിക പഠനം കഴിഞ്ഞവർ ഉപരിപഠനത്തിന് തയ്യാറാവാതെ കാട്ടിലേക്ക് തന്നെ മടങ്ങുകയാണ്. ചോലനായ്ക്കരെ വിദ്യാഭ്യാസ മേഖലയിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്നതിന് 1993ൽ നിലമ്പൂർ വെളിയംതോടിൽ താമസിച്ച് പഠിക്കാനുള്ള സൗകര്യത്തോട് കൂടി ഇന്ദിരഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥാപിച്ചു.
ഇവിടെ ഈ വർഷം കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗങ്ങളിലെ 384 കുട്ടികൾ പഠനം നടത്തുന്നുണ്ട്. ഇവരിൽ 98 ശതമാനം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞോ അതിനു മുമ്പോ കാടുകളിലേക്ക് തന്നെ മടങ്ങുകയാണ്. 112 കുടുംബങ്ങളിലായി 296 പേരാണ് ചോലനായ്ക്കരിലുള്ളത്. പത്ത് വർഷത്തിനിടെ ജനസംഖ്യയിൽ കാര്യമായ ഏറ്റക്കുറച്ചിലില്ലെന്ന് പട്ടികവർഗ വിഭാഗം ജില്ല ഓഫിസർ ശ്രീകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു.
ഏഷ്യയിൽ അവശേഷിക്കുന്ന പ്രാക്തന ഗോത്രവിഭാഗമായ ചോലനായ്ക്കർ കരുളായി വനത്തിലെ മാഞ്ചീരി, അച്ചനള, നാഗമല തുടങ്ങിയ 13 ഇടങ്ങളിലായി ഗുഹകളിലും പാറ അളകളിലുമാണ് വാസം. 20 കിലോമീറ്റർ ചുറ്റളവിലായി ഓരോ ഗോത്രങ്ങളായാണ് ഇവർ താമസിക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയേയും അതിജീവിക്കാനുള്ള മെയ്ക്കരുത്ത് ഇവർക്കുണ്ട്. മലദൈവങ്ങളെ ആരാധിച്ചുപോരുന്ന ഈ വിഭാഗത്തിന് ഉത്സവങ്ങളില്ല. വിവാഹമാണ് പ്രധാന ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.