Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightതിരിച്ചുപറക്കുന്നവന്റെ...

തിരിച്ചുപറക്കുന്നവന്റെ ആകാശം... -കരിപ്പൂർ വിമാന ദുരന്തത്തിന് രണ്ടാണ്ട്

text_fields
bookmark_border
തിരിച്ചുപറക്കുന്നവന്റെ ആകാശം... -കരിപ്പൂർ വിമാന ദുരന്തത്തിന് രണ്ടാണ്ട്
cancel
camera_alt

1.നൗഫൽ കുടുംബത്തോടൊപ്പം. 2. കരിപ്പൂർ വിമാനപകടം

2020 ആഗസ്റ്റ് ഏഴ്, വെള്ളിയാഴ്ച രാത്രി 7.40. ലോകമെങ്ങും കോവിഡ് ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്നതിനിടെയാണ് കോഴിക്കോട് വിമാനത്താവളത്തിൽ രാജ്യത്തെ നടുക്കിയ ദുരന്തം. കോവിഡ്കാല യാത്രാപ്രതിസന്ധികൾ മറികടന്ന് നാട്ടിലേക്ക് കയറിയ ഒരുപറ്റം മനുഷ്യരുടെ ജീവിതം മാറിമറിഞ്ഞ ദിനം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എ.എക്സ്.ബി 1344 എന്ന എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ബി 737-800 എന്ന വിമാനം 35 മീറ്റർ താഴ്ചയിലേക്ക് കൂപ്പുകുത്തിയതിൽ പൈലറ്റും കോ പൈലറ്റും ഉൾപ്പെടെ 21 പേർക്കാണ് ജീവൻ നഷ്ടമായത്. 76 പേർക്ക് ഗുരുതരമായി പരിക്കേറ്റ അപകടത്തിന്‍റെ ആഘാതത്തിൽ ഇനിയും പലരും മുക്തമല്ല. 2010 ലെ മംഗലാപുരം അപകടത്തിനുശേഷം രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തം ബാക്കിയാക്കിയ മുറിവുകളിൽനിന്ന് കരകയറാനും പുതിയ ജീവിതത്തിലേക്കുള്ള കഠിന പ്രയത്നത്തിലുമാണ് അന്നത്തെ യാത്രികർ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 76 ദിവസം ആശുപത്രിക്കിടക്കയിൽ ചെലവഴിച്ചു; ഇതിനിടെ 15 ശസ്ത്രക്രിയകളും. ദുരന്തത്തെ അതിജീവിച്ച് പ്രതീക്ഷയുടെ പുതിയ ലോകത്തേക്ക് കടക്കുന്ന വയനാട് ചീരാൽ സ്വദേശി 38കാരൻ കിഴക്കേതിൽ നൗഫൽ അന്നത്തെ ദിവസം ഓർത്തെടുക്കുകയാണ്.

അപകടത്തിന് രണ്ടുവർഷം പിന്നിടുമ്പോൾ ജീവൻ തിരിച്ചുലഭിച്ചതിനും അതിജീവിക്കാൻ സാധിച്ചതിനും ദൈവ​േത്താട് നന്ദി പറയുകയാണ്. ജീവിതത്തിൽ മറക്കാനാകാത്ത ഒരുപാട് കാര്യങ്ങളാണ് നടന്നത്. ആശുപത്രിയിലേക്ക് എടുത്ത് ഓടിയ ആളുകൾ ആരാണെന്നറിയില്ല. അപകടത്തിനുശേഷം ഒന്നും കാണാൻ പറ്റാത്ത അവസ്ഥയായിരുന്നു. രക്ഷിച്ചവരുടെ ശബ്ദമെല്ലാം ഇപ്പോഴും ഓർമയുണ്ട്. അവരുടെ നല്ല മനസ്സുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരാനായി. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നും രക്തം തരാൻവേണ്ടി ആളുകൾ എത്തിയിരുന്നു. എനിക്ക് മാത്രം 36 യൂനിറ്റ് രക്തമാണ് ആവശ്യമായിവന്നത്. ആരാണ് നൽകിയതെന്നുപോലും അറിയില്ല. അവരോടെല്ലാം തീർത്താൽതീരാത്ത കടപ്പാടുണ്ട്.

സംഭവിച്ചത് മിനിറ്റുകൾക്കകം

സാധാരണ വിമാനത്തിന്‍റെ പിറകിലായിരുന്നു സീറ്റ് ലഭിക്കാറുളളത്. അപകടദിവസം മുന്നിൽനിന്ന് മൂന്നാംനിരയിലായിരുന്നു ഇരിപ്പിടം. വിമാനം ലാൻഡ് ചെയ്യാനാകാതെ ആകാശത്തുതന്നെ വട്ടമിട്ടു പറന്ന അനുഭവങ്ങൾ നിരവധി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു അനുഭവം. വിമാനം കരിപ്പൂരിന്‍റെ പരിധിയിലെത്തിയതായും ലാൻഡ് ചെയ്യുകയാണെന്നും മൈക്കിൽ അനൗൺസ്മെന്‍റ് ലഭിച്ചിരുന്നു. ഇതിനുശേഷം വിമാനം ലാൻഡ് ചെയ്യാനും ശ്രമിച്ചു. ജനലിലൂടെ നോക്കുമ്പോൾ എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് വിമാനം പെട്ടെന്ന് വീണ്ടും പറന്നുയർന്നത്. പിന്നീട് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മിനിറ്റുകൾക്കുശേഷം വീണ്ടും ലാൻഡ് ചെയ്യുന്നതിനുമുമ്പ് മൈക്ക് ഓണാക്കിയെങ്കിലും അനൗൺസ്മെന്‍റ് ഒന്നും ഉണ്ടായിരുന്നില്ല. ഇതിനിടെ മൈക്ക് ഓഫായി. വീണ്ടും ലാൻഡ് ചെയ്യുമ്പോഴും യാത്രക്കാർക്ക് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല.

സാധാരണ ഇറങ്ങുന്നതിലും ശക്തിയിലാണ് വിമാനം ഇറങ്ങിയത്. പക്ഷേ, കുലുക്കം ഒന്നും അനുഭവപ്പെട്ടിരുന്നില്ല. മൂന്നു നാല് സെക്കൻഡുകൾക്കു ശേഷവും വിമാനം വേഗം കുറയുകയായിരുന്നില്ല. അതേവേഗത്തിലായിരുന്നു പോയത്. പിന്നീടാണ് റൺവേ തെറ്റിയെന്നത് മനസ്സിലാകുന്നത്. മണ്ണിലൂടെ പോകുന്നതിനാൽ മുഴുവൻ കുലുക്കമായിരുന്നു. ഇതോടെ യാത്രക്കാർ എല്ലാം പരിഭ്രാന്തരായി നിലവിളിക്കാൻ തുടങ്ങി. സെക്കൻഡുകൾക്കകം വിമാനം എവിടെയോ ഇടിച്ചുനിന്ന രീതിയിലായിരുന്നു അനുഭവപ്പെട്ടത്. പിന്നീട് ഒന്നും ഓർമയില്ല. നിമിഷങ്ങൾക്കകമാണ് എല്ലാം സംഭവിച്ചത്.

രക്ഷകരായ കരങ്ങൾ

വിമാനം താഴേക്കു പതിച്ച് ഭാഗങ്ങളായതോടെ നിരവധി പേർക്ക് ബോധം നഷ്ടമായി. അൽപസമയത്തിനു ശേഷം പലരും സംസാരിക്കുന്നത് കേൾക്കാമായിരുന്നു. ശരീരം അനക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തല മാത്രമാണ് തിരിക്കാൻ സാധിച്ചത്. ഒന്നും കാണാനും പറ്റാത്ത സ്ഥിതിയായിരുന്നു. ആളുകളുടെ ശബ്ദം കേട്ടപ്പോഴാണ് രക്ഷാപ്രവർത്തനം നടക്കുന്നതായി മനസ്സിലായത്. ഇതിന്‍റെ സൂചന മറ്റുള്ളവർക്ക് നൽകുന്നതിനായി തല നന്നായി ആട്ടിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. വീണ്ടും ശക്തിയായി ഇളക്കിയപ്പോൾ ആരോ ഇയാളെ പൊക്കി എടുക്കാൻ പറയുന്നതായി കേട്ടു. കൈയോ കാലോ കുടുങ്ങിയിട്ടുണ്ടെന്നും വലിച്ചെടുക്കണമെന്ന് പറയുന്നതും ഇപ്പോഴും ഓർമയുണ്ട്. എവിടേക്കാണ് കൊണ്ടുപോകേണ്ടതെന്ന ചോദ്യവും കേൾക്കാം. മെഡിക്കൽ കോളജിലേക്ക് അയക്കാമെന്നു പറഞ്ഞപ്പോൾ, ഒരുപാടു പേരെ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നും അവിടെ തിരക്കായതിനാൽ കോഴിക്കോട് മിംസിലേക്ക് അയക്കാമെന്നുമായിരുന്നു പ്രതികരണം. അപ്പോൾത്തന്നെ വണ്ടിയിൽ കയറ്റിക്കൊണ്ടുപോകുകയുമായിരുന്നു. പോകുന്ന വഴിക്ക് വീണ്ടും ബോധം പോയി.

76 ദിവസം, 15 ശസ്ത്രക്രിയകൾ

അപകടത്തിൽ നട്ടെല്ലിന് പൊട്ടുണ്ടായിരുന്നു. രണ്ടു കാലിനും ഗുരുതരമായി പരിക്ക്. വലതു കൈ പൊട്ടി. വാരിയെല്ലിന് ചതവുണ്ടായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡും പോസിറ്റിവായി. അന്ന് കോവിഡിന്‍റെ തുടക്ക സമയമായിരുന്നു. കോവിഡ് നെഗറ്റിവാകുന്നതിനു മുമ്പുതന്നെ എട്ട് ശസ്ത്രക്രിയകളാണ് നടന്നത്. ഓർത്തോ സർജറി, പ്ലാസ്റ്റിക് സർജറി, ഇ.എൻ.ടി, ഡെന്‍റൽ സർജറികളാണ് നടന്നത്. 76 ദിവസം നീണ്ട ആശുപത്രിവാസത്തിൽ 15 ശസ്ത്രക്രിയകളാണ് നടന്നത്. അപകടത്തിനു ശേഷം രണ്ടു മാസത്തേക്ക് കാഴ്ച ബുദ്ധിമുട്ടായിരുന്നു. നട്ടെല്ല് പൊട്ടിയതിനാൽ നാല് അനുബന്ധ ശസ്ത്രക്രിയകൾ, ഇരുകാലുകൾക്ക് പുറത്തും പ്ലാസ്റ്റിക് സർജറി, കണങ്കാൽ നഷ്ടമായതിനാൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്താണ് മാറ്റിവെച്ചത്. അപകടത്തിൽ പരിക്കേറ്റതിൽ ആശുപത്രി വിട്ട അവസാന രോഗിയും നൗഫലായിരുന്നു. ഇനി കമ്പികൾ എടുക്കാനുണ്ട്. പ്ലാസ്റ്റിക് സർജറിയും ചെയ്യാനുണ്ട്. ചികിത്സയുടെ ചെലവ് പൂർണമായി വിമാനക്കമ്പനിയാണ് വഹിച്ചത്. പിന്നീട് ആശുപത്രിക്ക് സമീപം വാടകക്ക് മുറിയെടുത്ത് താമസിച്ചപ്പോൾ വാടക നൽകിയതും അവരായിരുന്നു. മെച്ചപ്പെട്ട നഷ്ടപരിഹാര പാക്കേജ് അവർ നൽകിയെന്നും നൗഫൽ പറയുന്നു.

ഉറങ്ങാനാകാത്ത നാളുകൾ

ആശുപത്രിയിൽ ചികിത്സയിലുളള ആദ്യദിനങ്ങളിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഉറങ്ങുന്നതിനായി കണ്ണടക്കാൻപോലും സാധിക്കുന്നില്ല. പേടിപ്പിക്കുന്ന ദൃശ്യങ്ങളാണ് മനസ്സിലേക്ക് വന്നുകൊണ്ടിരുന്നത്. പിന്നീട് കൗൺസലിങ്ങിലൂടെ ഘട്ടംഘട്ടമായാണ് മാറിയത്. കോവിഡ് പോസിറ്റിവായ സമയത്ത് ഡോക്ടർക്ക് നേരിട്ട് വരാൻ സാധിച്ചിരുന്നില്ല. വിഡിയോ കാൾ മുഖേനയായിരുന്നു സംസാരിച്ചത്. നെഗറ്റിവായതിനുശേഷമാണ് നേരിട്ട് വന്നത്. നിരന്തരം പ്രചോദനം നൽകിയതിലൂടെയാണ് ആത്മവിശ്വാസം ലഭിച്ചുതുടങ്ങിയത്. തുടക്കത്തിൽ ഉറങ്ങുന്നതിന് ഗുളികയും നൽകിയിരുന്നു. പിന്നെ പതുക്കപ്പതുക്കെയാണ് ശരിയായി വന്നത്.

അതിജീവനം

രണ്ടര മാസം നീണ്ട ആശുപത്രി ചികിത്സക്കുശേഷം അതിജീവനത്തിന്‍റെ നാളുകളായിരുന്നു. ഫിസിയോതെറപ്പിയിലൂടെ പഴയകാലം തിരിച്ചുപിടിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങൾ. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഉടൻതന്നെ ഫിസിയോതെറപ്പി തുടങ്ങിയിരുന്നു. പിന്നീട് വാക്കർ ഉപയോഗിച്ച് നടക്കാൻ തുടങ്ങി. ഇപ്പോഴും വേദന മാറിയിട്ടില്ല. പൂർണമായി ശരിയാകാൻ സമയമെടുക്കും. ഇപ്പോൾ കുറച്ചുദൂരം നടക്കാൻ സാധിക്കുന്നുണ്ട്. കാർ ഓടിക്കാനും കഴിയുന്നുണ്ട്. ദുബൈയിൽ ജ്വല്ലറിയിൽ സെയിൽസ്മാനായിരുന്ന നൗഫൽ നാട്ടിൽ പുതിയ സംരംഭം ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണ്. ചീരാലിൽ പിതാവിനും സഹോദരങ്ങൾക്കും ഒപ്പം പുതിയ ജ്വല്ലറി ആരംഭിക്കുന്നതിന്‍റെ നടപടി പുരോഗമിക്കുകയാണ്. എല്ലാം മറന്ന് പതുക്കപ്പതുക്കെ പുതിയ ജീവിതത്തിലേക്കുള്ള നിറപ്രതീക്ഷയിൽ. സഫ്നയാണ് നൗഫലിന്‍റെ ഭാര്യ. മക്കൾ: ഐദിൻ മുഹമ്മദ്, ആമിന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karipur Flight Crash
News Summary - second year of Karipur Flight Crash
Next Story