പ്രസീത ഇനി മഹേഷിന്റെ ജീവിതസഖി; പിതാവിന്റെ സ്ഥാനം വഹിച്ച് എം.എൽ.എ
text_fieldsകുറ്റിപ്പുറം: 21കാരിയായ പ്രസീതയെ പുറത്തൂർ സ്വദേശി മാട്ടുമ്മൽ മഹേഷ് താലിചാർത്തി ജീവിതസഖിയായി സ്വീകരിച്ച നിമിഷത്തിൽ തവനൂർ ഗവ. മഹിളമന്ദിരം ഒരിക്കൽക്കൂടി കതിർമണ്ഡപമായി. ഞായറാഴ്ച രാവിലെ 11.45നുള്ള ശുഭമുഹൂർത്തത്തിൽ, മഹിള മന്ദിരത്തിലെ അന്തേവാസിയായ പ്രസീതയുടെ വിവാഹം നടന്നപ്പോൾ പിതാവിന്റെ സ്ഥാനത്തുനിന്ന് കെ.ടി. ജലീൽ എം.എൽ.എ കൈപിടിച്ച് നൽകി. ബന്ധുക്കളുടെ സ്ഥാനത്ത് കായികമന്ത്രി വി. അബ്ദുറഹ്മാനും മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസൻ, വനിത ശിശുക്ഷേമ വകുപ്പ് ജില്ല സൂപ്രണ്ട് എ. ഷറഫുദ്ദീൻ, മഹിള മന്ദിരം സൂപ്രണ്ട് സൈനബ എന്നിവരുമുണ്ടായിരുന്നു. കോഴിക്കോട് ചിൽഡ്രൻസ് ഹോമിലും ആഫ്റ്റർ കെയർ ഹോമിലും പഠിച്ച് വളർന്ന കാക്കഞ്ചേരി സ്വദേശിനിയായ പ്രസീത ഇക്കഴിഞ്ഞ നവംബറിലാണ് തവനൂരിലെ കൂരടയിലെ മഹിള മന്ദിരത്തിൽ അന്തേവാസിയായി എത്തുന്നത്. കോഴിക്കോട്ട് പഠിക്കുന്ന കാലത്ത് മഹേഷിന്റെ സഹോദരി മഞ്ജുവുമായുണ്ടായ സുഹൃദ്ബന്ധമാണ് വിവാഹത്തിലെത്തിയത്. മന്ത്രി വി. അബ്ദുറഹ്മാനാണ് വിവാഹസദ്യയുടെ ചെലവുകൾ വഹിച്ചത്.
മുൻ മന്ത്രിയും സ്ഥലം എം.എൽ.എയുമായ ഡോ. കെ.ടി. ജലീലിന്റെ അഭ്യർഥനയെ തുടർന്ന് ലോക കേരള സഭാംഗം സി.പി. കുഞ്ഞിമൂസ, ഫോറം ഗ്രൂപ് എം.ഡി ടി.വി. സിദ്ദീഖ്, രാജധാനി മിനറൽസ് എം.ഡി പി.എ. ലത്തീഫ്, ഷാലിമാർ ക്രഷർ ഉടമ പി.വി. നിയാസ്, പ്രവാസി വ്യാപാരി പടിയത്ത് സീതി എന്നിവരാണ് സ്വർണാഭരണങ്ങൾ നൽകിയത്. ചങ്ങരംകുളം സി.ഐ ചിറക്കൽ ബഷീറിന്റെയും സംഘത്തിന്റെയും വകയായി സംഗീത വിരുന്നുമുണ്ടായിരുന്നു. വനിത ശിശു വികസന വകുപ്പ് ഒരുലക്ഷം രൂപയാണ് വിവാഹത്തിന് നൽകിയത്. സംഘാടകസമിതി സ്വരൂപിച്ച പണം പ്രസീതയുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കും. വനിത ശിശു വികസന വകുപ്പിന്റെയും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴിൽ പ്രവർത്തിക്കുന്ന മഹിള മന്ദിരം ഇത് പത്താം തവണയാണ് മംഗല്യവേദിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.