Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightസിൽവർ സൂനാമി;...

സിൽവർ സൂനാമി; വെല്ലുവിളികളുണ്ട്, അവസരങ്ങളും

text_fields
bookmark_border
Silver Tsunami
cancel

രണ്ടാം ലോക മഹായുദ്ധാനന്തരം 1946നും 1964നും ഇടയിൽ ജനിച്ച ഒരു വലിയ തലമുറ ‘വിരമിക്കൽ’ ഘട്ടത്തിലേക്ക് ഒരുമിച്ചു പ്രവേശിക്കുന്ന കാലമാണിത്. മിക്ക രാജ്യങ്ങളിലും ഇതാണ് സ്ഥിതി. പ്രായമായവരുടെ എണ്ണം വർധിച്ചുവരുന്ന ഘട്ടത്തെയാണ് ‘സിൽവർ സൂനാമി’ എന്ന് വിളിക്കുന്നത്. പ്രായമായവരുടെ ജനസംഖ്യ സൃഷ്ടിക്കുന്ന വെല്ലുവിളികളും അതോടൊപ്പം സാധ്യതകളും ചർച്ച ചെയ്യുക എന്നതാണ് ‘സിൽവർ സൂനാമി’ എന്ന പ്രയോഗത്തിലൂടെ വിദഗ്ധർ ഉദ്ദേശിക്കുന്നത്. ജനസംഖ്യാ വർധന ഒരുവശത്ത് വെല്ലുവിളി ഉയർത്തുമ്പോൾ ആയുർ ദൈർഘ്യമെന്ന ഘടകം സാധ്യതയായി നിലനിൽക്കുന്നു.

എന്താണ് ‘സിൽവർ സൂനാമി’?

2000ത്തിന്റെ ആരംഭത്തിലാണ് ‘സിൽവർ സൂനാമി’ എന്ന വാക്ക് പ്രസക്തമായിത്തുടങ്ങിയത്. അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ ആ സമയത്ത് ഇന്റർനെറ്റ് അധിഷ്ഠിത ജോലികളിൽ 50 വയസ്സിനു മുകളിലുള്ളവരുടെ പങ്ക് വളരെ കൂടുതലാണെന്ന് റിപ്പോർട്ടുകൾ വന്നു. അന്നുതന്നെ ‘സിൽവർ സൂനാമി’ തുടങ്ങിയിരിക്കുന്നു എന്ന പ്രഖ്യാപനവും വന്നു. ഏകദേശം 20 വർഷം മുമ്പാണ് ഇതെന്ന് ഓർക്കണം. ഇന്ന് ആ ഗ്രൂപ്പിന് 70 മുതൽ 84 വയസ്സുവരെ പ്രായമുണ്ടാകണം.

ലോകമെമ്പാടും 60നും അതിനുമുകളിലും പ്രായമുള്ളവരുടെ എണ്ണം 2020ലെ 100 കോടിയിൽനിന്ന് 2030ൽ 140 കോടിയിലേക്കും ആകുമ്പോഴേക്കും 210​ കോടിയിലേക്കും ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ പ്രവണത അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളിൽ നേരത്തേതന്നെ കണ്ടുതുടങ്ങി. ജപ്പാനിൽ, ജനസംഖ്യയുടെ 30 ശതമാനവും 60 വയസ്സിനു മുകളിലുള്ളവരാണ്. വികസ്വര, അവികസിത രാജ്യങ്ങളിലേക്ക് ഈ ​പ്രവണത ഇപ്പോഴാണ് എത്തിത്തുടങ്ങുന്നത് എന്നുമാത്രം.

വെല്ലുവിളികളുണ്ടാവും

ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും ഭയാനകമായ പ്രശ്നം ജനസംഖ്യ കൂടുന്നതല്ല, മറിച്ച് ജനസംഖ്യയിലെ വാർധക്യമാണ് എന്ന് അന്താരാഷ്ട്ര നാണ്യനിധി വക്താക്കൾ വ്യക്തമാക്കുന്നു. പലതരത്തിലായിരിക്കാം ആ വെല്ലുവിളികൾ. ഉദാഹരണത്തിന്, കൂടുതൽ ആളുകൾ വിരമിക്കുന്നതിനാൽ തൊഴിലാളികളുടെ ക്ഷാമം നേരിടാം. അതുവഴി ഉൽപാദന ക്ഷമത കുറയാം.

2020 മുതൽ 2030 വരെ നിർമാണ മേഖലയിൽ മാത്രം ഏകദേശം 40 ലക്ഷം ജോലിക്കാരെ പുതുതായി ക​ണ്ടെത്തേണ്ടി വരും എന്നാണ് കണക്ക്. ഇതിൽ 25 ലക്ഷം ജോലി ഒഴിവുകൾ വിരമിക്കലിന്റെ ഫലമായി വരുന്നതാണ്. ആരോഗ്യമേഖലയിലും പ്രശ്നം രൂക്ഷമായേക്കാം. 2021ലെ ഒരു പഠനമനുസരിച്ച് 2026ഓടെ ലോകത്തിന്റെ പല ഭാഗങ്ങളിലും വിരമിക്കൽമൂലം വൻ തൊഴിലാളി ക്ഷാമം അനുഭവപ്പെട്ടേക്കാം.

ബി പോസിറ്റിവ്

ആരോഗ്യകരമായ ജീവിതം ഉറപ്പാവുന്നതുകൊണ്ടാണ് ‘സിൽവർ സൂനാമി’ എന്ന പ്രതിഭാസംതന്നെ ഉണ്ടാകുന്നത്. വാർധക്യം പഴയ പ്രയോഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യരംഗത്തെ മുന്നേറ്റംതന്നെയാണ് ഇതിന് കാരണം.

കൂടുതൽ കാലം ജീവിക്കുന്നു എന്നത് പോസിറ്റിവായാണ് എടുക്കേണ്ടത്. പല സ്ത്രീകളും പുരുഷന്മാരും അവർക്ക് താൽപര്യമുള്ള കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തുടങ്ങുന്നത് അവരുടെ സിൽവർ ഏജുകളിലാണ്. ഇഷ്ടപ്പെട്ട യാത്രകൾ, ഹോബികൾ എന്നിവയെല്ലാം ആസ്വദിക്കാനുള്ള അവസരമാണിത്. കുടുംബത്തിനൊപ്പവും സംഘടനാ പ്രവർത്തനങ്ങളിലുമെല്ലാം ഇവർ മുഴുകുമ്പോൾ അത് സമൂഹത്തിനും ഗുണമാണ്.

മറ്റൊരു കാര്യം, പ്രായമായ ആളുകൾക്ക് വാങ്ങൽശേഷി കൂടുതലായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതായത് അവരുടെ സമ്പാദ്യവും ഒരുപക്ഷേ പെൻഷനും മറ്റ് വരുമാനങ്ങളുമെല്ലാം സമൂഹത്തിലേക്ക് എത്തുന്നത് അപ്പോഴാകുമെന്നർഥം.

പ്രായമായവർ/വിരമിച്ചവർ മറ്റു ജോലികൾ ചെയ്ത് വരുമാനം കണ്ടെത്തുന്ന സ്ഥിതിയാണ് ഇന്ന് നിലവിലുള്ളത്. അതോടൊപ്പം പുതിയ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. പ്രായമായവർക്കുള്ള കോഴ്സുകളും ജോലി സാധ്യതകളുമെല്ലാം ഇന്ന് കൂടി വരികയാണ്. ഫലത്തിൽ ഒരുവശത്ത് പ്രായമായവർ കൂടുന്നതുമൂലമുള്ള തൊഴിൽ പ്രതിസന്ധികളുണ്ടാവുമ്പോൾ അവർ മറ്റൊരർഥത്തിൽ സമൂഹത്തിന് സംഭാവനകൾ ചെയ്തുകൊണ്ടേയിരിക്കുകയാണ്.

മനസ്സിന് കരുത്തുവേണം

നല്ല ആരോഗ്യത്തോടെ ഇരിക്കാൻ മനസ്സിന് കരുത്തുണ്ടാവണം. പലപ്പോഴും മാനസികമായ ഒറ്റപ്പെടലുകളാണ് ആളുകളെ വൃദ്ധരാക്കുന്നത്. അതുകൊണ്ടുതന്നെ വയോജനങ്ങളുടെ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യമുണ്ട്. ചില ശീലങ്ങൾ പിന്തുടരുക വഴി മാനസികാരോഗ്യം ഉറപ്പാക്കാൻ സാധിക്കും. ഒന്നാമത്തേത് വ്യായാമമാണ്. മനസ്സുകൊണ്ട് ചെറുപ്പമായിരിക്കുമെങ്കിലും ശരീരംപക്ഷേ നമ്മുടെ ഇഷ്ടത്തിനനുസരിച്ച് വഴങ്ങിക്കൊള്ളണമെന്നില്ല. അതിനാൽ ഒരു മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കിയിരിക്കണം. ഉറക്കം എട്ടുമണിക്കൂറെങ്കിലും വേണം. ഉറക്കമൊഴിക്കാൻ മെനക്കെടരുത്.

വ്യക്തിബന്ധങ്ങൾ നിലനിർത്തി മുന്നോട്ടുപോകാൻ ശീലിക്കണം. പഴയ കൂട്ടുകാരുമായോ ജോലി സ്ഥലത്തുള്ളവരുമായോ സൗഹൃദം നിലനിർത്തി മുന്നോട്ടുപോവണം. വെറുതേയിരിക്കുന്നത് ഒഴിവാക്കി ഹോബികളിലേക്കും മറ്റ് ജോലികളിലേക്കും തിരിയാൻ ശ്രമിക്കണം. പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്നത് മനസ്സിനെ ചെറുപ്പമാക്കി മാറ്റും. കായിക വിനോദങ്ങളിൽ ഏർപ്പെടാനും മറക്കരുത്. മാനസിക സമ്മർദമുണ്ടാക്കുന്ന സന്ദർഭങ്ങളിൽനിന്ന് ഒരു പുഞ്ചിരികൊണ്ട് ഒഴിഞ്ഞുമാറാൻ ​ശ്രമിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opportunitiesChallengesSilver Tsunami
News Summary - Silver Tsunami; There are challenges and opportunities
Next Story