രോഗികള്‍ക്ക് സാന്ത്വനമാകാൻ പാട്ടുപാടി സബ് ഇന്‍സ്‌പെക്ടര്‍
text_fieldsമുണ്ടക്കയം ഈസ്റ്റ്: ജോലിത്തിരക്കിനിടയിലും നിര്‍ധനരോഗികള്‍ക്കായി പാട്ടുകൾ പാടി അവർക്ക് ആശ്വാസമാകുകയാണ് സബ് ഇന്‍സ്‌പെക്ടര്‍ സാലി ബഷീര്‍. ഏഴുവര്‍ഷം കൊണ്ട് എഴുന്നൂറോളം വേദികളിൽ ഗാനം ആലപിച്ചാണ്, പന്തളം സ്വദേശിയും പെരുവന്താനം പൊലീസ് സബ് ഇന്‍സ്‌പെക്ടറുമായ സാലി ബഷീര്‍ (48) ജനശ്രദ്ധ നേടിയത്.
വിദ്യാഭ്യാസകാലത്ത് മികവുതെളിയിക്കാൻ കഴിഞ്ഞിരുന്നില്ല, കലാകാരന്. എന്നാല്‍, മൂളിപ്പാട്ടുകള്‍ പിന്നീട് ശബ്ദത്തിലായതോടെ കൂട്ടുകാരാണ് സാലിയിലെ ഗായകനെ കണ്ടെത്തിയത്. ജോലിയുടെ ഭാഗമായി പമ്പയില്‍ എത്തിയപ്പോള്‍ പമ്പ ഗണപതി ക്ഷേത്രത്തില്‍ സംഗീത പരിപാടിയില്‍ അവസരം ലഭിച്ചു. 'ഉദിച്ചുയര്‍ന്നു മാമല മേലെ' എന്നു തുടങ്ങുന്ന ഭക്തിഗാനം ശബരിമലയുടെ താഴ്വാരത്തിലെ പുണ്യക്ഷേത്രത്തില്‍ ആലപിച്ചത്, അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റി മറിച്ചു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ലഭിച്ച വേദികളെല്ലാം പാട്ടുകൾ പാടി. കാസർകോട് ജില്ലയില്‍ ജോലി ചെയ്യുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നടത്തിയ സംഗീതസദസ്സ്, മറക്കാനാകാത്ത ഓർമയാണെന്ന് സാലി പറയുന്നു. അന്ന്, ഒരുദിവസം മുഴുവനായി നടത്തിയ പരിപാടിയില്‍ ലഭിച്ച 1,80,000 രൂപയും ദുരിതബാധിതര്‍ക്കായി സമര്‍പ്പിച്ചു.
ജോലി തിരക്കിനിടയിലും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രോഗ്രാമുകളില്‍ പങ്കെടുത്ത് പാടി. മിക്ക ജില്ലയിലും തെരുവുഗായകനായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ സ്‌നേഹിതരായ ബാങ്കുദ്യോഗസ്ഥരും ചില പൊലീസുകാരും അടങ്ങുന്ന കൂട്ടായ്മയുടെ പേരിലാണ് ഇവരെല്ലാം തെരുവുകളില്‍ പ്രോഗ്രാമുകള്‍ ഒരുക്കിയത്. കിടപ്പുരോഗികളായ ആളുകളുടെ ചികിത്സക്കും ദൈനംദിന ചെലവുകള്‍ക്കുമായാണ് ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തെരുവുകളില്‍ ഇദ്ദേഹം ഗായകനായി എത്തിയത്. അത് ഇപ്പോഴും നടത്തുന്നുണ്ട്. ഇതില്‍നിന്നും ലഭിക്കുന്ന തുകയെല്ലാം രോഗികള്‍ക്കായി വിനിയോഗിക്കും. വൃദ്ധ സദനങ്ങള്‍, പാലിയേറ്റിവ് കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലും ഇവര്‍ അവരുടെ മാനസിക ഉല്ലാസത്തിനായും ഗായകരായി എത്താറുണ്ട്.
ഹരിവരാസനം പാടി ക്ഷേത്രനടയടക്കല്‍ ചടങ്ങ് നിരവധി ക്ഷേത്രങ്ങളില്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ക്രിസ്തീയ ഭക്തിഗാനങ്ങളും പ്രിയപ്പെട്ടതാണ്. നിരവധി ആല്‍ബങ്ങളില്‍ പാടിയ സാലി ബഷീറിന്റെ ക്രിസ്തീയ ഭക്തിഗാന ആല്‍ബം ആത്മാവെ, പരിശുദ്ധാത്മാവെ എന്നത് ജൂണില്‍ പുറത്തിറങ്ങും. 150ഓളം പാട്ടുകള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. മൂന്ന് ആല്‍ബങ്ങള്‍ ഇതിനകം പുറത്തിറങ്ങി. സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും മികച്ച പിന്തുണയാണ് തനിക്കു ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
പന്തളത്തെ ചെറുകിട ബിസിനസുകാരനായിരുന്ന ബഷീറിന്‍റെയും അധ്യാപികയായിരുന്ന പരേതയായ നസീദയുടെ മകനാണ്. ലുബൈദയാണ് ഭാര്യ. വെറ്ററിനറി ഡോക്ടര്‍ ഷബാന മകളും, പ്ലസ്ടു വിദ്യാര്‍ഥി ഫര്‍ബീന്‍ മകനുമാണ് ''ദൈവം ഒന്നാണ്, വര്‍ഗീയത മനുഷ്യന്‍ സൃഷ്ടിക്കുന്നതാണ്, എല്ലാവരും സഹോദരങ്ങളായി കഴിയണം'' -സാലി ബഷീര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.