വിപ്ലവ നക്ഷത്രങ്ങളുടെ മണ്ണിൽ
text_fieldsവൈദേശിക വെള്ളമേധാവിത്വത്തെ വെള്ളം കുടിപ്പിച്ച വീറുറ്റ വിപ്ലവത്തിന് വീരോജ്ജ്വല നായകത്വം വഹിച്ച വീരശൂരരുടെ നാടെന്ന നിലക്ക് നഷ്ടങ്ങളെമ്പാടും നേരിടേണ്ടിവന്ന ഒരു പ്രദേശമാണ് നെല്ലിക്കുത്ത്. വെടിവെച്ചും തൂക്കിലേറ്റിയും നാടുകടത്തിയും ജയിലിലടച്ചും സ്വത്തുക്കൾ കണ്ടുകെട്ടിയും വീടുകൾ അഗ്നിക്കിരയാക്കിയും വരുത്തിയ ആ നഷ്ടം ഇന്നും നീറുന്ന ഒരു നെരിപ്പോടായി ഇൗ നാടിെൻറ നെഞ്ചകം ഉലക്കുന്നു. കാലമേറെ കഴിഞ്ഞിട്ടും നീങ്ങാത്ത ആ നെടുവീർപ്പിനിടയിലാണ് സമരനായകരുടെ തൊട്ടയൽപക്കത്ത് ഇൗയുള്ളവൻ പിറന്നുവീഴുന്നത്. നീറുന്ന ദുരന്തസ്മൃതികൾ മാറിലൊളിപ്പിച്ച് കഴിഞ്ഞിരുന്ന നാട്ടിലെ കുട്ടികളായ ഞങ്ങളുടെ വിനോദം മദ്റസയും സ്കൂളും വിട്ടുവന്നാൽ പിന്നെ കുട്ടിയും കോലും കളി, തലപ്പന്തുകളി, കള്ളനും പൊലീസും കളി, കക്ക് കളി തുടങ്ങിയവയായിരുന്നു.
കളിക്കുശേഷം സമരനായകരായിരുന്ന ആലി മുസ്ലിയാരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അവരുടെ കുടുംബങ്ങളും ഒേട്ടറെ നാട്ടുകാരും അലക്കുകയും കുളിക്കുകയും മീൻ പിടിക്കുകയും മണൽ വാരുകയുമൊക്കെ ചെയ്തിരുന്ന പ്രസിദ്ധമായ പാലത്തുമ്മൂലയിൽ കടവിലെ ആനപ്പാറയിൽനിന്ന് ആർപ്പുവിളികളോടെ ആഞ്ഞു ചാടി പുഴയിൽ മുങ്ങാംകുഴിയിട്ടും നീന്തിക്കുളിച്ചും സമയം കൊല്ലുക എന്നതായിരുന്നു ഞങ്ങളുടെ േജാലി. ആലി മുസ്ലിയാരുടെ വീട്ടുമുറ്റത്തിലൂടെയായിരുന്നു പുഴയിലേക്കുള്ള വഴി. സ്വത്തുക്കൾ കണ്ടുകെട്ടുകയും വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തതിൽ പിന്നെ ഇരുവരുടെയും പിൻതലമുറ താമസിച്ചിരുന്നത് നന്നേ ചെറിയ വീടുകളിലായിരുന്നു.
വിപ്ലവവഴിയിലെ ഇരട്ടനക്ഷത്രങ്ങൾ
ആലി മുസ്ലിയാരും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അടുത്ത ബന്ധുക്കളും തൊട്ടയൽവാസികളുമായിരുന്നു. ഏരികുന്നൻ പാലത്തുംമൂലയിൽ കുഞ്ഞിമൊയ്തീൻ സാഹിബിെൻറയും പൊന്നാനി മഖ്ദൂം കുടുംബത്തിൽ പെട്ട ഒറ്റകത്ത് ആമിന ഉമ്മയുടെയും രണ്ടാമത്തെ മകനായി 1853ലാണ് ആലി മുസ്ലിയാർ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് നെല്ലിക്കുത്ത് ഗ്രാമത്തിൽ ജനിക്കുന്നത്. നാട്ടിലെ പ്രാഥമിക പഠനത്തിനു ശേഷം മാതുലനായ ഒറ്റകത്ത് നൂറുദ്ദീൻ മുസ്ലിയാരിൽനിന്ന് അറബി വ്യാകരണം അഭ്യസിച്ച മുസ്ലിയാർ അക്കാലത്ത് ചെറുമക്ക എന്ന പേരിൽ പുകൾപെറ്റ പൊന്നാനി വലിയപള്ളിയിൽ പത്ത് വർഷം പഠിച്ച ശേഷം ഉപരിപഠനാർഥം മക്കയിലേക്ക് പോയി. ആറു വർഷം മക്കയിൽ ഉന്നതപഠനം നടത്തിയ ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്.
നാട്ടിലെത്തി നെല്ലിക്കുത്ത് പള്ളിയിൽതന്നെയാണദ്ദേഹം ആദ്യം ജോലിയിൽ പ്രവേശിച്ചത്. ശേഷം ലക്ഷദ്വീപിലും തൊടികപ്പലത്തും മേൽമുറി പൊടിയാട്ടും അദ്ദേഹം ജോലി ചെയ്തു. 1907ലാണ് അദ്ദേഹം തിരൂരങ്ങാടി പള്ളിയിൽ ജോലിയിൽ പ്രവേശിച്ചത്. ഇക്കാലത്താണ് ബ്രിട്ടീഷ് അധിനിവേശത്തിനെതിരായി നാട്ടിലെമ്പാടും ഖിലാഫത്ത് കമ്മിറ്റികൾ രൂപംകൊള്ളുന്നത്. തിരൂരങ്ങാടിയിൽ കമ്മിറ്റി രൂപവത്കരിക്കപ്പെടുകയും മുസ്ലിയാർ അതിെൻറ നേതാവാകുകയുമുണ്ടായി. അദ്ദേഹത്തിെൻറ ശിഷ്യരായിരുന്നു മലബാറിെൻറ വിവിധ ഭാഗങ്ങളിൽ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നായകത്വം വഹിച്ചത്. അധിനിവേശ വിരുദ്ധ സമരങ്ങളുടെ പേരിൽ ബ്രിട്ടീഷ് പട്ടാളം ആലി മുസ്ലിയാരെ പിടികൂടുകയും കോയമ്പത്തൂരിൽവെച്ച് 1922 ഫെബ്രുവരി 17ന് തൂക്കിലേറ്റുകയും ചെയ്തു.
ആറു മാസക്കാലം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിെൻറ ഭീകര ഭരണം ഏറനാട്, വള്ളുവനാട് പ്രദേശത്തുനിന്ന് കെട്ടുകെട്ടിച്ച ധീര ദേശാഭിമാനിയായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി. ഇന്ത്യയിൽ ബ്രിട്ടീഷ് സൈന്യം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണം ഏറനാട്ടിൽ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ നടന്ന സായുധ പോരാട്ടമായിരുന്നു. അദ്ദേഹത്തിെൻറ നേതൃത്വത്തിൽ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് പ്രദേശങ്ങളിൽ സ്ഥാപിതമായ സമാന്തരഭരണം കുറഞ്ഞകാലത്തേെക്കങ്കിലും ബ്രിട്ടീഷുകാരെ ഇന്നാട്ടിൽനിന്ന് അകറ്റിനിർത്തി. വാരിയൻകുന്നത്ത് മൊയ്തീൻ കുട്ടി ഹാജിയുടെയും തുവ്വൂരിലെ പറവട്ടി കുഞ്ഞായിശുമ്മയുടെയും മകനായി 1866ൽ മഞ്ചേരിക്കടുത്ത് നെല്ലിക്കുത്തിലെ പാരമ്പര്യ ബ്രിട്ടീഷ് വിരോധികളായ ചക്കിപ്പറമ്പൻ വാരിയൻകുന്നത്ത് കുടുംബത്തിലായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. 1921ലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിെൻറ നേതൃത്വം ഏറ്റെടുത്ത അദ്ദേഹത്തെ ചതിപ്രയോഗത്തിലൂടെയാണ് ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് മലപ്പുറം കോട്ടക്കുന്നിൽ വെച്ച് 1922 ജനുവരി 21ന് വെടിവെച്ചുകൊല്ലുകയും മൃതദേഹം കത്തിച്ചുകളയുകയും ചെയ്തു.
മക്കളും പേരമക്കളും
കുഞ്ഞഹമ്മദ് ഹാജിയുെട പൗത്രി (മകൻ മഹ്മൂദിെൻറ മകൾ) ആയിശുവും ഇൗ ലേഖകനും സമപ്രായക്കാരായിരുന്നു. സ്കൂളിലും മദ്റസയിലും സഹപാഠികളുമായിരുന്നു. ആയിശുവിെൻറ ചെറുപ്പത്തിലേ പിതാവ് മരിച്ചതിനാലും സ്വത്തുക്കൾ മുഴുക്കെ അന്യാധീനപ്പെട്ട് പോയിരുന്നതിനാലും മാതാവ് ആമിനാത്തായും ആയിശുവും വളരെ കഷ്ടപ്പെട്ടാണ് ആ വീട്ടിൽ കഴിഞ്ഞിരുന്നത്. അരിക്കച്ചവടവും നെൽക്കച്ചവടവും ചെയ്തിരുന്ന മറിയാത്തയുടെ പീടികയിൽ നിന്ന് നെല്ലുകൊണ്ടുപോയി ഉരലിലും കുന്താണിയിലും കുത്തിച്ചേറി വൃത്തിയുള്ള അരിയാക്കി തിരിച്ചുകൊണ്ടുപോയി അളന്നു കൊടുത്താൽ മറിയാത്ത കൊടുക്കുന്ന കൂലിയായിരുന്നു ആ ഉമ്മയുടെയും മോളുടെയും ജീവിതമാർഗം. ഇടക്ക് ആ വീട്ടിൽ ആമിക്കുട്ടി ഹജ്ജുമ്മ, മറിയക്കുട്ടി ഹജ്ജുമ്മ തുടങ്ങിയ പേരുകളിലുള്ള വയോവൃദ്ധകളായ സ്ത്രീകൾ വിരുന്നുവന്നിരുന്നതായി ഒാർമയിലുണ്ട്.
അവരെ അമ്മായികൾ എന്നാണ് ആയിശു വിളിച്ചിരുന്നത് (കുഞ്ഞഹമ്മദ് ഹാജിയുടെ നേർ സഹോദരികളായിരുന്നു അവർ). കാലങ്ങേളാളം കഷ്ടപ്പാടിൽ കഴിഞ്ഞിരുന്ന ആയിശുവിനും ഉമ്മക്കും ഒരു ആശ്വാസം ലഭിച്ചത് ആയിശുവിനെ വിവാഹം ചെയ്ത ഭർത്താവ് ഗൾഫിൽ പോയി കഷ്ടപ്പെട്ട് സമ്പാദിച്ച കാശുമായി തുടങ്ങിയ കൊച്ചു കച്ചവടം പുരോഗതിപ്പെട്ടതോടെയാണ്. കഷ്ടപ്പാടിൽനിന്ന് ഏറക്കുറെ രക്ഷപ്പെട്ട് കുറച്ചുകാലം മകളോടും പേരമക്കളോടും ഒപ്പം കൂടി കഴിഞ്ഞ ശേഷമാണ് ആമിനാത്ത ഇൗ ലോകത്തോട് വിടപറഞ്ഞത്. കൊച്ചുന്നാളിലേ കഷ്ടപ്പാടിൽ വളർന്ന ആയിശു എട്ടുവർഷം മുമ്പാണ് മരിച്ചത്. ആ വീട്ടിൽ ഇന്ന് താമസിക്കുന്നത് മഞ്ചേരിയിലെ പ്രമുഖ വസ്ത്ര സ്ഥാപനമായ കസവ് കേന്ദ്രയുടെ ഉടമയും ആയിശുവിെൻറ മുത്ത മകനായ കുഞ്ഞിപ്പയും കുടുംബവും ആയിശുവിെൻറ ഭർത്താവ് കുട്ട്യാലി ഹാജിയും ഭാര്യയുമാണ്.
ഇൗ വീടിന് വെറും 10 മീറ്റർ പടിഞ്ഞാറ് മാറി പുരാതന മട്ടിൽ ഒാടിട്ട ആ ചെറിയ വീടാണ് ആലി മുസ്ലിയാർ എന്ന മഹാെൻറ വീട്. എെൻറ കുട്ടിക്കാലത്ത് ഇൗ വീട്ടിൽ താമസിച്ചിരുന്നത് ആലി മുസ്ലിയാരുടെ ഏക മകൻ അബ്ദുല്ലക്കുട്ടി മുസ്ലിയാരും ഭാര്യയും മക്കളുമായിരുന്നു. ആലി മുസ്ലിയാരുടെ കാലത്തുള്ള വീട് അഗ്നിക്കിരയാക്കെപ്പടുകയും സ്വത്തുക്കൾ കണ്ടുകെട്ടപ്പെടുകയും ചെയ്തതിനാൽ അബ്ദുല്ലക്കുട്ടി മുസ്ലിയാരും കുടുംബവും ഏറെ കഷ്ടെപ്പട്ടുതന്നെയാണ് ജീവിച്ചിരുന്നത്. പള്ളികളിൽ മുദരിസായും ഖാദിയായും ജോലി നോക്കിയ അബ്ദുല്ലക്കുട്ടി മുസ്ലിയാർക്ക് അന്ന് നന്നേ പരിമിതമായി കിട്ടിയിരുന്ന ഏക വരുമാനമായിരുന്നു കുടുംബത്തിെൻറ ജീവിതമാർഗം. ഇൗ ദുരിതകാലത്താണ് ആലി മുസ്ലിയാർ രക്തസാക്ഷിയാകുേമ്പാൾ അന്നത്തെ ഒരു ലക്ഷം രൂപ വിലമതിച്ചിരുന്ന കനപ്പെട്ട ഗ്രന്ഥശേഖരത്തിൽ നിന്ന് പലതും അബ്ദുല്ലക്കുട്ടി മുസ്ലിയാർ കിട്ടിയ വിലക്ക് വിറ്റ് പട്ടിണിയകറ്റിയിരുന്നത്.
അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ മരിച്ച ഭാര്യയിലുള്ള മക്കളായ മുഹമ്മദലി മുസ്ലിയാരും അബ്ദുറഹീം മൗലവിയും വിവിധ പ്രദേശങ്ങളിലെ പള്ളി ദർസുകളിൽ പോകുകയായിരുന്നു അന്ന്. അബ്ദുല്ലക്കുട്ടി മുസ്ലിയാരും ഭാര്യയും കുട്ടികളും ‘പാലമണ്ണ’ എന്ന സ്ഥലത്ത് വേറെ ചെറിയ വീട് വെച്ച് താമസം മാറ്റുകയും മുഹമ്മദാലി മുസ്ലിയാരും അബ്ദുറഹീം മൗലവിയും പള്ളികളിലും മദ്റസകളിലും സ്കൂളുകളിലുമൊക്കെ ജോലി നേടിയതിനുശേഷവുമാണ് ആ കുടുംബത്തിെൻറ കഷ്ടപ്പാടിന് നേരിയ ഒരാശ്വാസം ലഭിച്ചത്. മാറിത്താമസിച്ച വീട്ടിൽ ഏറെക്കാലം രോഗശയ്യയിൽ കിടന്നാണ് അബ്ദുല്ലക്കുട്ടി മുസ്ലിയാർ 1981ൽ മരിച്ചത്.
പണ്ഡിതൻ എന്നതിനു പുറമെ ഒരു അറബി കവിയും അച്ചടി സമാനമായ അറബി കൈയെഴുത്തിെൻറ ഉടമയുമായിരുന്നു അദ്ദേഹം. പഴയകാലത്ത് തിരൂരങ്ങാടിയിൽ അൽ മുർശിദ് പ്രസിൽ പല കൃതികളും ഇദ്ദേഹത്തിെൻറ കൈയക്ഷരത്തിലായിരുന്നു അച്ചടിക്ക് ഉപയോഗിച്ചിരുന്നത്. ഭാര്യ പാത്തുമ്മക്കുട്ടി നാലുവർഷം മുമ്പാണ് മരിച്ചത്. ഇൗ ഭാര്യയിലുണ്ടായിരുന്ന മൂത്ത മകൻ രണ്ടു വർഷം മുമ്പാണ് മരിച്ചത്. അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ മൂത്ത പുത്രനായിരുന്ന മുഹമ്മദാലി മുസ്ലിയാർ പണ്ഡിതനും പ്രശസ്ത ചരിത്ര ഗവേഷകനുമായ നെല്ലിക്കുത്ത് മുഹമ്മദ് മുസ്ലിയാർ എന്ന പേരിൽ സുപ്രസിദ്ധനുമായിരുന്നു. 12 വർഷം മുമ്പാണ് അദ്ദേഹം മരിച്ചത്.
സഹോദരനും പണ്ഡിതനും അറബി അധ്യാപകനുമായിരുന്ന എ.പി. അബ്ദുറഹീം മൗലവി എട്ടുവർഷം മുമ്പ് മരിച്ചു. ആലി മുസ്ലിയാരുടെ ഭാര്യയും ഏക മകൾ ആമിനക്കുട്ടി ഉമ്മയുടെ മാതാവുമായ, ഞങ്ങൾ ‘പുഴക്കൽ മാമ’ എന്ന് വിളിച്ചിരുന്ന വയോവൃദ്ധയായ പാത്തുമ്മക്കുട്ടിത്താത്ത ആലി മുസ്ലിയാരുടെ വീടിന് സമീപം പുഴവക്കത്ത് കൊച്ചുവീട്ടിൽ തനിച്ച് താമസിച്ചിരുന്നു. സദാ ദൈവിക ചിന്തയിൽ ആയിരുന്നു പുഴക്കൽ മാമ കഴിഞ്ഞിരുന്നത്. രോഗിയായപ്പോൾ മകളുടെ വീട്ടിലേക്ക് മാറുകയും അവിടെ മരിക്കുകയുമായിരുന്നു. ആലി മുസ്ലിയാരുടെ മകൾ ആമിനക്കുട്ടി ഉമ്മ ഏഴുവർഷം മുമ്പാണ് മരിച്ചത്.
അവരുെട ഇളയ മകൻ സി.പി. അഹമ്മദ്കുട്ടി മൗലവി ആറുവർഷം മുമ്പ് മരിച്ചു. മൂത്ത മകൻ സി.പി. മുഹമ്മദ് മൗലവി ഇവരുെട തറവാട് വീടിനടുത്ത് താമസിക്കുന്നു. അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ രണ്ടാം ഭാര്യയിലുള്ള രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും ജീവിച്ചിരിപ്പുണ്ട്. കുഞ്ഞഹമ്മദാജിയുടെയും ആലി മുസ്ലിയാരുടെയും വീടുകളിൽ ഇന്ന് താമസിക്കുന്നത് അവരുടെ പൗത്രി പുത്രന്മാരും പൗത്ര പുത്രന്മാരുമാണെന്ന് പറയാം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച ധീരോദാത്ത സമരത്തിന് വീരോജ്ജ്വല നേതൃത്വം നൽകിയ വീരശൂര നായകരുടെ ധീര സ്മൃതികൾ അയവിറക്കി ഇൗ നാടും വീടും അവരുടെ കുടുംബവുമാക്കെ വിസ്മൃതിയിൽ വിലയം പ്രാപിച്ചു കിടക്കുകയാണ് ഇന്നും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.