സ്വപ്ന യാത്രികൻ
text_fieldsഒരു യുവാവിെൻറ സ്വപ്നത്തിനൊപ്പം രാജ്യവും ജനങ്ങളും അണിനിരക്കുക. തുടർന്ന് 100 രാജ്യങ്ങളിൽ നിന്നുള്ള ഏഴായിരത്തിലേറെ മത്സരാർഥികളെ പിന്തള്ളി ഒന്നാമനാകുക. ഒടുവിൽ ആ അഭിമാന നിമിഷത്തിലെത്തുക. ബാഗുകളും ജാക്കറ്റുകളുമൊക്കെ നിർമിക്കുന്ന സ്വീഡനിലെ ഫിയാൽരേവൻ എന്ന കമ്പനി സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും സാഹസികമായ ആർട്ടിക് യാത്രയിൽ ആദ്യ ഇന്ത്യക്കാരനായി കൊല്ലം പുനലൂരുകാരന് നിയോഗ് എത്തുന്നത് ഇങ്ങനെയാണ്. ഒാൺലൈൻ മത്സരത്തിൽ 55000 വോട്ടുകൾ നേടി പാകിസ്താൻ സ്വദേശിയായ റോക്ക് ക്ലൈംബർ മുഷാഹിദ് ഷായെ പിന്നിലാക്കിയായിരുന്നു സ്വപ്നയാത്രയിൽ നിയോഗ് ഇടംപിടിച്ചത്. ആദ്യമായിരുന്നു ഇത്രയും വോട്ട് നേടി ഒരാൾ ആർട്ടിക് യാത്രയിൽ എത്തുന്നതും. 10 കാറ്റഗറികളിൽ നിന്ന് രണ്ടുപേർക്ക് വീതമാണ് അവസരം നൽകിയത്. അതിൽ ഒരാളെ മാത്രമാണ് വോട്ടിങ്ങിലൂടെ സെലക്ട് ചെയ്യുക.
നിയോഗ് മത്സരിക്കേണ്ടത് വേൾഡ് കാറ്റഗറിയിലായിരുന്നു. മറ്റ് ഒമ്പത് കാറ്റഗറിയിലുള്ളതും ഫിയാൽരേവൻ കമ്പനിയുടെ സാന്നിധ്യമുള്ള രാജ്യങ്ങൾ മാത്രം. ഒരു മാസത്തെ തിരഞ്ഞെടുക്കൽ പ്രക്രിയയിൽ 15 ദിവസം കഴിഞ്ഞാണ് നിയോഗ് ചേരുന്നത്. തുടർന്ന് ഫേസ്ബുക്കിൽ സഹായം അഭ്യർഥിച്ചിട്ട പോസ്റ്റാണ് ഗതിമാറ്റിയത്. അതുവരെ പരിചയമില്ലാത്ത പലരും അവരുടെകൂടി ആവശ്യമായിക്കണ്ട് നിയോഗിനുവേണ്ടി പ്രയത്നിക്കാൻ തുടങ്ങി. സംവിധായകൻ ആഷിക് അബു, നടൻ ടോവിനോ, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ദുൽഖർ തുടങ്ങിയവർ നിയോഗിെൻറ പോസ്റ്റ് ഷെയർ ചെയ്തു. വോട്ടുകളുടെ എണ്ണവും കൂടി. ഒടുവിൽ ഒന്നാമതുമെത്തി. വിജയശേഷം നിയോഗ് പാകിസ്താൻകാരൻ മുഷാഹിദിന് ഒരു മെസേജ് അയച്ചു. ‘ഗവൺമെൻറുകൾ തമ്മിലാണ് യുദ്ധം. അതിനോട് ഒട്ടും താൽപര്യമില്ല. അടുത്ത തവണ നിങ്ങൾക്കു തന്നെ കിട്ടെട്ട’.
മഞ്ഞിനോട് െപാരുതിയ ദിനങ്ങൾ
If you love nature you have to love all its forms and conditions -ജോഹൻ സ്കൾമാൻ എന്ന ചീഫ് ഇൻസ്ട്രക്ടർ നിയോഗടങ്ങുന്ന വിവിധ രാജ്യങ്ങളിലെ 20 സാഹസികപ്രിയരോട് തുടക്കത്തിൽ പറഞ്ഞത് ഇപ്രകാരമായിരുന്നു. പ്രകൃതിയെ സ്നേഹിക്കുന്നവർ അതിെൻറ എല്ലാ രൂപങ്ങളെയും വ്യവസ്ഥകളെയും ഇഷ്ടപ്പെടേണ്ടിവരുെമന്ന്. എല്ലിൽ തണുപ്പരിച്ചിറങ്ങുന്ന മൈനസ് 30 ഡിഗ്രിയിൽ (ചിലപ്പോൾ -40ലും എത്തും) അഞ്ച് ദിനം കൊണ്ട് ആർട്ടിക് മേഖലയിൽ താണ്ടേണ്ടത് 300 കിലോമീറ്ററാണ്. പ്രകൃതിയെ ഏറ്റവും വന്യവും രൗദ്രവുമായ ഭാവത്തിലും ഭംഗിയിലും അടുത്തറിയാനിറങ്ങിയവർ അതിജീവിക്കേണ്ടത് ഒടുങ്ങാത്ത പ്രതിസന്ധികളെയായിരുന്നു. മഞ്ഞിനാൽ ചുറ്റപ്പെട്ട ആർട്ടിക് മേഖല അതി
െൻറ കോപം പുറത്തെടുക്കുക എപ്പോഴെന്നത് പ്രവചനാതീതമാണ്. ചിലപ്പോൾ കൊടുങ്കാറ്റായും മറ്റു ചിലപ്പോൾ കൊടും തണുപ്പായും പ്രകൃതി വെല്ലുവിളി തീർക്കും. ഇതെല്ലാം അതിജീവിച്ച് യാത്ര പൂർത്തിയാക്കുന്നവർക്ക് പിെന്ന ലോകത്തിെൻറ ഏത് കോണും നിഷ്പ്രയാസം കീഴടക്കാം.
കരുത്തരായ ആറ് നായ്ക്കൾ വീതം വലിക്കുന്ന സ്ലെഡാണ് (തെന്നുവണ്ടി) ഒാരോരുത്തരുടെയും യാത്രാവാഹനം. പ്രേത്യക പരിശീലനം ലഭിച്ച അലാസ്കൻ ഹസ്കി ഇനത്തിലെ നായ്ക്കൾക്ക് വർഷത്തിൽ വല്ലപ്പോഴും കിട്ടുന്ന അവസരമാണ് ഇൗ യാത്ര. അവക്ക് ഒാടുകയാണ് വേണ്ടത്. ഒരാളെ വലിക്കാൻ രണ്ട് പട്ടികൾ തന്നെ മതിയാകും. അത്രമാത്രം കരുത്തരാണിവർ. എട്ട് തരത്തിലുള്ള വസ്ത്രങ്ങളാണ് തണുപ്പിനോട് പൊരുതാൻ ധരിക്കുന്നത്. ‘ഇന്ത്യയുമായി ഒരു തരത്തിലും സാമ്യതയില്ലാത്ത ഭൂപ്രദേശങ്ങളായിരുന്നു അത്. മറ്റുള്ളവരെക്കാളെല്ലാം വെല്ലുവിളികൾ എനിക്കായിരുന്നു. യാത്രക്കു മുമ്പ് മണാലിയിെല സുഹൃത്ത് ബാബുക്കയോടൊപ്പം ഹിമാലയത്തിലേക്ക് നടത്തിയ യാത്ര മാത്രമായിരുന്നു ഏക മുൻപരിചയം. അന്ന് ഹിമാലയത്തിൽ -22 ഡിഗ്രി വരെേയ തണുപ്പുണ്ടായിരുന്നുള്ളൂ. സ്വീഡനിലെ അർലാൻഡ എന്ന സ്ഥലത്താണ് ആദ്യ ദിനം പരിശീലനം ലഭിച്ചത്. കഠിനമായ പ്രതിബന്ധങ്ങളെ ശാസ്ത്രീയമായി നേരിടാനുള്ള അറിവുകളായിരുന്നു പകർന്നുകിട്ടിയത്. പിന്നീട് നോർേവയുടെ തലസ്ഥാനമായ ഒാസ്ലോയിൽ എത്തി. അവിടെനിന്ന് അഞ്ചു മണിക്കൂർ യാത്ര നടത്തിയാണ് ഡോഗ് സ്ലെഡിങ് ആരംഭിക്കുന്ന ആർട്ടിക്കിലേക്ക് എത്തുന്നത്.
അതിജീവനമായിരുന്നു ഒാരോ ദിനവും
നേരിടേണ്ടിവരുന്ന പ്രതിസന്ധികളെല്ലാം അതിെൻറ മൂർത്തഭാവത്തിൽ അറിയിക്കുന്ന യാത്രയായിരുന്നു ആദ്യ ദിനത്തിലേത്. മഞ്ഞു മൂടിയ ഉയർന്ന പ്രദേശങ്ങളിലൂടെ 80 കിലോമീറ്ററായിരുന്നു സഞ്ചരിക്കേണ്ടിയിരുന്നത്. പട്ടികൾക്ക് കുന്നുകളിൽ വണ്ടി വലിക്കാനാകാതെവരും. ഇൗസമയം തള്ളിക്കൊടുക്കണം. ഇതിനിടെ മഞ്ഞിൽ കാലുകൾ പുതയും. ശക്തമായ കാറ്റിെനയും മറികടക്കണം. പകൽയാത്രെയക്കാൾ ബുദ്ധിമുട്ടാണ് രാത്രിവിശ്രമം. നമ്മൾ തന്നെ പറക്കുമെന്ന് തോന്നുന്ന കാറ്റിൽ ടെൻറടിക്കുകയെന്നത് ഏറെ പ്രയാസകരമായിരുന്നു.
മണിക്കൂറുകൾ എടുത്ത് െഎസ് കട്ടകളുണ്ടാക്കി അതുകൊണ്ട് ടെൻറിന് ചുറ്റും മതിൽ തീർത്തശേഷമായിരുന്നു ഉറക്കം. ഒാരോ ദിവസവും അതിജീവനത്തിെൻറ ഒാരോ പാഠങ്ങൾ നൽകുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അടുത്ത ദിവസം കുന്നിറങ്ങി 50 കിേലാമീറ്റർ യാത്ര ചെയ്ത് നിരപ്പായ പ്രദേശത്തെത്തി. അവിടത്തെ വലിയ അപകടം താപനില പെെട്ടന്ന് താഴുമെന്നതായിരുന്നു. ചൂടുകിട്ടാനായി തീയുണ്ടാക്കുകയായിരുന്നു അന്നത്തെ വെല്ലുവിളി. പൈൻ മരത്തിെൻറ ചില്ലകളും മഗ്നീഷ്യം കൊയ്ലും കത്തിയും മാത്രമാണ് ആകെ തരുന്നത്. പൈൻ മരത്തിെൻറ തൊലി മുറിക്കുേമ്പാൾ നൂലുപോലെ ഫൈബറുണ്ട്. ഇതിൽ മാത്രമേ തീപിടിക്കൂ. പെെട്ടന്നു തന്നെ കെടുകയും ചെയ്യും. ഇങ്ങനെ ഒരുപാട് ശ്രമപ്പെട്ടായിരുന്നു തീകൂട്ടിയത്.
സ്വപ്നങ്ങളിൽ നിന്ന് ഇറങ്ങിവന്ന രാത്രി
മൂന്നാംദിനം ജീവിതത്തിൽ ഏറെ ആഗ്രഹിച്ച രാത്രിയാണ് സമ്മാനിച്ചത്. സ്വപ്നങ്ങളിൽ മാത്രം തെളിഞ്ഞിരുന്ന നോർത്തേൺ ലൈറ്റ്സ് അന്ന് ആകാശമാകെ ദൃശ്യമായി. മാജിക് പുസ്തകം തുറന്ന പോലെയായിരുന്നു ആകാശം. വർണങ്ങൾകൊണ്ട് കണ്ണുകൾ വിസ്മയിച്ചു. കാമറയായിരുന്നില്ല ഹൃദയമായിരുന്നു ആ നിമിഷങ്ങളെ ഒപ്പിയെടുത്തത്. എന്നാൽ, അതുകഴിഞ്ഞുള്ള രണ്ട് ദിനങ്ങളിലും അതികഠിനമായ ടാസ്കുകളായിരുന്നു കാത്തിരുന്നത്. നാലാം ദിവസം ടെൻറില്ലാതെ -30 ഡിഗ്രി താപനിലയിൽ രാത്രി കഴിച്ചുകൂട്ടണമായിരുന്നു. സ്ലീപ്പിങ് ബാഗ് മാത്രമേ ലഭിക്കൂ. മഞ്ഞിൽ ട്രഞ്ച് കുഴിച്ച് അതിലാണ് കിടക്കുന്നത്. കുഴിക്ക് ആഴം കൂടിയാലും പ്രശ്നമാണ്. കാറ്റിൽ മഞ്ഞു വീണ് മൂടിപ്പോകും.
ഭീകരമായ രാത്രിയായിരുന്നു അത്. ചിരിച്ചുകൊണ്ട് കിടന്നാൽ ഒരാഴ്ചത്തേക്ക് ആ ചിരി നിങ്ങളുടെ മുഖത്ത് കാണുമെന്നായിരുന്നു ഇൻസ്ട്രക്ടർ പറഞ്ഞത്; അത്രമാത്രം മരവിച്ചുപോകുമെന്ന്. ഒട്ടും ഉറങ്ങാൻ പറ്റിയില്ല. അവസാന ദിവസവും മറക്കാനാകാത്തതാണ്. ഫിനിഷിങ് പോയൻറിൽ എത്തിയ ശേഷം സ്റ്റീം റൂമിൽ ശരീരം ചൂടാക്കി. എന്നിട്ട് അതേപടി െഎസ്വെള്ളം ദേഹത്തേക്ക് കോരിയൊഴിക്കും. അഞ്ചുവട്ടം ഇത് തുടരും. അതിനുശേഷം തോർത്ത് മാത്രം ധരിച്ച് മഞ്ഞിലുണ്ടാക്കിയ െഎസ് ഹോളിൽ ഇറങ്ങി മുങ്ങിനിവരണം. മാംസം മുറിക്കുന്നതു പോലെ വേദനയായിരുന്നു അത്്. ഒരു മനുഷ്യൻ മരിക്കാൻ ആ വെള്ളത്തിൽ വീണാൽ മതിയാകും. എന്നാൽ അതിനെ പ്രതിരോധിക്കാൻ ശരീരത്തെ തായാറാക്കുകയായിരുന്നു ആദ്യത്തെ ചൂടാക്കലിലൂടെയും തണുപ്പിക്കലിലൂടെയും.
പൂർത്തീകരണം മാത്രമായിരുന്നു ലക്ഷ്യം
20 പേരാണ് യാത്ര ആരംഭിച്ചതെങ്കിലും ആദ്യ ദിനങ്ങളിൽ തന്നെ ആരോഗ്യ പ്രശ്നം നേരിട്ട ഒരാളെ മടക്കി അയച്ചിരുന്നു. അത്തരം സന്ദർഭങ്ങളിൽ മടക്കി അയക്കൽ മാത്രമായിരുന്നു പോംവഴി. ഒരുപാട് പേരുടെ ശ്രമഫലമായാണ് ഞാൻ എത്തിയതെന്ന് നന്നായി അറിയാമെന്നതിനാൽ പൂർത്തീകരണം മാത്രമായിരുന്നു ലക്ഷ്യം. പലപ്പോഴും വിഷമഘട്ടങ്ങളിലൂടെ കടന്നുപോയി. ഒരടി നീങ്ങാനാകുമോ എന്ന് സംശയിച്ചിട്ടുണ്ട്. യാത്രക്കിടെ വഴിയിൽ സ്ലെഡ് മറിഞ്ഞ് ഒരുപാടുതവണ തെറിച്ചുവീണിട്ടുണ്ട്. ശരീരം വിറക്കാതെയും വിയർക്കാതെയും നോക്കണമെന്നതും പ്രയാസമേറിയതായിരുന്നു. വിയർപ്പുതുള്ളി പോലും മഞ്ഞുകണമായി മാറും. ഇതോടെ ശരീര ഉൗഷ്മാവ് നഷ്ടപ്പെട്ട് മരണം വരെ സംഭവിക്കാം. ഒരു പാട് ഉൗർജം വേണ്ടതിനാൽ സ്വീഡിഷ് ആർമി ഉപയോഗിക്കുന്ന സൂപ്പർ കലോറി ആഹാരമായ ആർട്ടിക് റേഷനായിരുന്നു കഴിക്കാൻ തന്നിരുന്നത്.
ചിലപ്പോൾ ചൂടുവെള്ളം ഫ്ലാസ്ക് തുറന്ന് കുടിക്കുന്നതിനിടെ െഎസ് കട്ടയാകും. ആഹാരം പാകംചെയ്യാൻ പ്രത്യേകതരം സ്റ്റൗ ഉണ്ട്. ഇതിൽ തീ കത്തിക്കാനായി പെട്രോളിെൻറ ഏറ്റവും ശുദ്ധരൂപമായ സൂപ്പർ ഫ്യുവൽ ആണ് ഉപയോഗിക്കുന്നത്. പട്ടിയുടെ മലം വരെ മറ്റു മാലിന്യങ്ങൾക്കൊപ്പം ശേഖരിച്ച് തിരിച്ച് കൊണ്ടുപോകും. ഒരു കാൽപാട് പോലും പോയവഴിയിൽ അവശേഷിപ്പിക്കരുതെന്നാണ് നിയമം. മനുഷ്യെൻറ കൈകടത്തലില്ലാത്ത ലോകമായി അവിടം സംരക്ഷിക്കാൻ അത്രമാത്രം ജാഗ്രത കാണിക്കുന്നുണ്ട്. ഇത് ഒാർക്കുേമ്പാൾ എന്നെ ഏറെ വേദനിപ്പിച്ചത് മീശപ്പുലിമലയായിരുന്നു. ചാർലി സിനിമക്കു മുമ്പ് ഞാൻ മീശപ്പുലിമല പോയിട്ടുണ്ട്. എന്നാൽ അതിനുശേഷമുള്ള യാത്രയിൽ കണ്ടത് മനുഷ്യൻ നടന്ന് രൂപപ്പെട്ട ആയിരം വഴികളും കുന്നുകൂടിയ മാലിന്യവുമാണ്. മനോഹരമായ സ്ഥലത്തെ എങ്ങനെ കൊല്ലാമെന്ന് നമുക്ക് നന്നായി അറിയാം.
ഹിച്ച് ഹൈക്കിങ്
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പിതാവ് രാധാകൃഷ്ണൻ നിേയാഗിനോട് പറഞ്ഞു. നീ ഒരു യാത്ര പോകണം, ഇന്ത്യമൊത്തം. പറ്റുന്ന ദൂരങ്ങളെല്ലാം പിന്നിടണം. അതിനായി ഒരു വർഷമെടുത്താലും കുഴപ്പമില്ല. ആ യാത്രയും വലിയൊരു വിദ്യാഭ്യാസമാണ്. ഹരിശ്രീ ബുക്ക്സ് എന്ന പബ്ലിഷിങ് കമ്പനി നടത്തിയിരുന്ന അച്ഛനായിരുന്നു നിയോഗിെൻറ യാത്രകൾക്ക് വഴി തെളിച്ചുകൊടുത്തത്. അതുകൊണ്ടുതന്നെ അച്ഛെൻറ വിയോഗമാണ് നിയോഗിനെ ഏറെ വേദനിപ്പിച്ചതും. പേക്ഷ അമ്മ ശ്രീകല മകന് ധൈര്യംനൽകി. അവർ മകനെ അവെൻറ വഴികളിേലക്ക് വിട്ടു. രണ്ടര മാസത്തെ ഉത്തരേന്ത്യൻ സഞ്ചാരമായിരുന്നു നിയോഗിനെ ഇന്ത്യയെ അടുത്തറിയിച്ചത്. പിന്നീട് ഒരുപാട് നാളുകൾക്കിപ്പുറം ‘ഹിപ്പി’ വഴിയിൽ നിയോഗ് നടത്തിയ ഹിച്ച് ഹൈക്കിങ്ങും ആരിലും വിസ്മയം ജനിപ്പിക്കുന്നതായിരുന്നു. ഒരു രൂപ പോലും മുടക്കാതെ കന്യാകുമാരിയിൽ നിന്ന് കശ്മീർ വരെ വാഹനങ്ങൾക്ക് കൈകാണിച്ചും കടത്തിണ്ണകളിൽ കിടന്നുറങ്ങിയുമുള്ള ഒരു യാത്രയായിരുന്നു അത്.
സിനിമയാണ് അടുത്ത ലക്ഷ്യം
പുണെയിൽനിന്ന് എൽഎൽ.ബിയിലാണ് ബിരുദം നേടിയതെങ്കിലും സിനിമയാണ് തെൻറ വഴിയെന്ന് നിയോഗ് കരുതുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തെ കോളജിൽ പഠിക്കാൻ ചേർന്നതും ഇൗ ഇഷ്ടം കാരണമാണ്. െഎ.വി. ശശിയോടൊപ്പം കുവൈത്ത് യുദ്ധത്തെ ആധാരമാക്കിയുള്ള സിനിമയുടെ തിരക്കഥ തയാറാക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിെൻറ വിയോഗം. ഇപ്പോൾ ശശി സാറിെൻറ മകനുമായി ഫഹദ് ഫാസിലിനെ നായകനാക്കി സിനിമക്കുള്ള പണിപ്പുരയിലാണ്. സ്വതന്ത്ര സംവിധായകനാകുക എന്നതാണ് കീഴടക്കേണ്ട അടുത്ത കൊടുമുടി. അതിലൂടെ ഒരു ട്രാവൽ സിനിമയും.
പ്രതിസന്ധികളില്ലാത്തതാണ് ജീവിതത്തിലെ പ്രശ്നം
ജീവിതത്തിെൻറ ഒരു ഘട്ടത്തിൽ കടുത്ത വിഷാദത്തിലൂടെയും നിയോഗ് കടന്നുപോയിട്ടുണ്ട്. ചിന്തകൾ യുദ്ധത്തെക്കാളും കലാപെത്തക്കാളും ഭയപ്പെടുത്തിയ ദിനങ്ങളിലൂടെയായിരുന്നു ആ യാത്ര. ജീവിതത്തെ തന്നെ വെറുത്തുേപായ നിമിഷങ്ങൾ. എന്നാൽ അവിടെയും തോറ്റുകൊടുക്കാൻ തയാറായില്ല. പ്രതിസന്ധികളില്ലാത്തതാണ് ജീവിതത്തിലെ പ്രശ്നമെന്ന് തിരിച്ചറിഞ്ഞു. അതിനെ മറികടക്കാൻ പ്രതിസന്ധികെള കൂടെ കൂട്ടണമെന്നും ചിന്തകളെ ഇല്ലാതാക്കണമെന്നും. അങ്ങനെ തുടങ്ങിയ യാത്രയാണ് ഇന്ന് നിയോഗിനെ മറ്റാരും കണ്ടിട്ടില്ലാത്ത കാഴ്ചകളിലൂടെയും ഇഷ്ടങ്ങളിലൂടെയും സഞ്ചരിപ്പിക്കുന്നത്... ഒരുപേക്ഷ നിയോഗിനെപ്പോലെ മറ്റുപലരും ഇഷ്ടങ്ങൾക്കായി സമയം കണ്ടെത്തിയിരുന്നെങ്കിൽ ലോകത്ത് ഒരുപാട് പുഞ്ചിരികൾ ഇനിയും ശേഷിച്ചേനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.