അതിജീവനത്തിന്റെ രുചിക്കൂട്ടുകള്‍
text_fieldsഅന്‍വര്‍ ബാബുവിന്റെ അച്ചാറിനും സ്ക്വാഷിനും ലോകമറിയുന്ന പെരുമയില്ല. പക്ഷേ, അതിജീവനത്തിന്റെ രുചിയുണ്ട്. ജീവിതം എത്തിപ്പിടിക്കാനുള്ള കഠിനാധ്വാനത്തിന്റെയും സഹനത്തിന്റെയും രസക്കൂട്ടാണത്. മലപ്പുറം പുത്തനത്താണി സ്വദേശി അൻവർ ബാബു തോൽപിക്കാൻ വന്ന രോഗത്തിന് പിടികൊടുക്കാതെ കുതറിമാറുകയാണ്. അതിനായി പൊരുതുന്ന വഴികൾ പലതാണ്. കഴിഞ്ഞമാസത്തെ ഒാപറേഷനോടെ അന്‍വര്‍ ബാബുവിന്റെ ശരീരത്തിലൂടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കടന്നുപോയത് 11ാം തവണയാണ്.
ഹൃദയത്തില്‍നിന്ന് ശുദ്ധരക്തവും അശുദ്ധ രക്തവും കൂടിച്ചേര്‍ന്ന് രക്തക്കുഴലുകൾ വികസിച്ച് മുഴച്ചുപൊന്തുന്ന ആർട്ടറിയോവെനസ് മാൽഫർമേഷൻ രോഗം അന്‍വറിന്റെ കൂടെ കൂടിയിട്ട് വർഷം 30 ആയി. തുടക്കത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തിയിരുന്ന ശസ്ത്രക്രിയ ഇപ്പോള്‍ നാലുമാസത്തിലൊരിക്കൽ എന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. പക്ഷേ, പൊരുതാന്‍ തന്നെയാണ് തീരുമാനം. വീടുകള്‍ തോറും കയറി അച്ചാറും സ്ക്വാഷും വിറ്റാണ് അന്‍വര്‍ കുടുംബത്തിനും ചികിത്സക്കും വേണ്ടി പണം കണ്ടെത്തുന്നത്.
രോഗത്തിന്റെ പിടിയില്‍
15ാം വയസ്സിലാണ് അന്‍വര്‍ ബാബുവിന്റെ ജീവിതത്തിലേക്ക് ദുരന്തങ്ങള്‍ പടികയറിയത്. പിതാവിന്റെ ശരീരത്തിൽ മുഴകള്‍ പൊന്തിയതോടെ ഉമ്മയും മൂന്നു മക്കളുമടങ്ങിയ കുടുംബത്തിന്റെ ആണിക്കല്ലിളകി. ആർട്ടറിയോവെനസ് മാൽഫർമേഷൻ തന്നെയാണ് പിതാവിന്റെ ജീവനെടുത്തത്. ഉപ്പയുടെ മരണത്തോടെ അന്‍വറിനെയും സഹോദരങ്ങളെയും ബന്ധുവീടുകളിലാക്കി ഉമ്മ കൂലിപ്പണിക്കിറങ്ങി. പക്ഷേ, അപ്പോഴേക്കും അന്‍വറിന്റെ കാലിലും ചെറിയ മുഴകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. തുടക്കത്തിൽ അതത്ര കാര്യമാക്കിയില്ല. അനാരോഗ്യത്തെ മാറ്റിനിര്‍ത്തി ഉമ്മക്കൊപ്പം മക്കളും കൂലിപ്പണിക്കിറങ്ങി.
അധ്വാനം കൊണ്ട് നാലുപേരുടെയും വയറ് നിറക്കാം എന്നായി. പല ജോലികള്‍ മാറിമാറി ചെയ്തു. വിധി പിടിവിട്ടില്ല... അവഗണിക്കുംതോറും രോഗം അന്‍വറിനെ വിടാതെ പിടിച്ചു. മുഴകള്‍ പെരുകിവരാന്‍ തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജിൽ അഭയം തേടി. കാര്യമായ പ്രതിവിധിയൊന്നും ഡോക്ടര്‍മാര്‍ക്ക് പറയാനില്ലായിരുന്നു. കാൽ മുറിച്ചുമാറ്റിയാലും ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് രോഗം വരും. 1987ൽ ആദ്യ ശസ്ത്രക്രിയ ചെയ്തു. രോഗം ഒന്നയഞ്ഞപ്പോള്‍ അന്‍വര്‍ കൂടുതൽ ജോലിചെയ്യാൻ ശ്രമിച്ചു. 1999ൽ വിവാഹിതനായി. രണ്ടു കുഞ്ഞുങ്ങള്‍ പിറന്നു.
കാന്‍സര്‍ വാര്‍ഡിലെ വാക്കുകള്‍
ജീവിതം പിന്നെയും പാമ്പും കോണിയും കളിച്ചുതുടങ്ങി. വേദനകളിൽ ഒപ്പം നടന്ന ഉമ്മക്ക് അര്‍ബുദം ബാധിച്ചു. ‘ഞാനില്ലാതായാൽ എന്റെ വയ്യാത്ത കുട്ടി എങ്ങനെ ജീവിക്കും’, കാന്‍സര്‍ വാര്‍ഡിലിരുന്ന് ഉമ്മയിൽ വേദനയേക്കാള്‍ ആശങ്ക നിറഞ്ഞു. ഉമ്മയുടെ മരണത്തിനു ശേഷം സ്റ്റേഷനറി കട തുടങ്ങിയെങ്കിലും വിധി വെറുതെവിട്ടില്ല. രോഗത്തിന് ശക്തി കൂടിവന്നു. പോവാന്‍ കഴിയാതായതോടെ 2007ൽ കട പൂട്ടേണ്ടിവന്നു.
തോല്ക്കാന് മനസ്സില്ലാതെ
കട പൂട്ടിയതോടെ ജീവിക്കാൻ മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥയായി. രോഗാവസ്ഥയും ദുരിതങ്ങളും വിവരിച്ച് മഹല്ല് കമ്മിറ്റി നൽകിയ കത്തുമായി അൻവർ കരുണയുള്ള മനസ്സുകളെ തേടിനടന്നു. രോഗത്തേക്കാൾ കുത്തുവാക്കുകളും അവഗണനയും വേട്ടയാടാൻ തുടങ്ങിയതോടെ വീടുകൾ കയറിയുള്ള സഹായം തേടൽ അവസാനിപ്പിച്ചു. ഇനി മുന്നോട്ടെങ്ങനെയെന്ന് ആശങ്കപ്പെട്ട അൻവറിന് വീണ്ടുമൊരു പോരാട്ടത്തിന് കരുത്തു പകർന്നത് സുഹൃത്തുക്കളാണ്. സുഹൃത്തുക്കളുടെ സഹായത്തോടെ പുത്തനത്താണിയിൽ കട തുടങ്ങി.
ചക്കകൊണ്ടുള്ള അച്ചാർ, ചമ്മന്തി, ഹൽവ തുടങ്ങിയവക്ക് പുറമെ പാഷൻ ഫ്രൂട്ട് സ്ക്വാഷ്, അവലോസ് പൊടി, പുട്ടുപൊടി എന്നിങ്ങനെ കലർപ്പില്ലാത്ത വിഭവങ്ങളുമായി അതിജീവനത്തിന്റെ മറ്റൊരു വഴി തേടുകയാണ് അൻവർ. പുലർച്ച മുതൽ സ്കൂട്ടറുമായി വീടുകൾ കയറിയാണ് കച്ചവടം. ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം വരെ കടയിൽ. അങ്ങനെ മറ്റുള്ളവർക്ക് മുന്നിൽ കൈനീട്ടേണ്ടിവന്ന ഗതികേട് മാറി. കടയിൽനിന്ന് ലഭിക്കുന്ന ചെറിയ വരുമാനം വല്ലാത്ത സംതൃപ്തി തരുന്നുണ്ട്. കൂടുതൽ നടന്നാൽ കാലിലെ ഞരമ്പ് പൊട്ടി രക്തമൊലിക്കും. പക്ഷേ, അത് പറഞ്ഞിരുന്നാൽ മക്കളുടെ പെരുന്നാൾ സന്തോഷം ‘കൂട്ടിയാൽകൂടില്ലെ’ന്ന് അൻവർ പറയുന്നു.
പ്രതീക്ഷ കൈവിടാതെ
കടയിൽനിന്നുള്ള വരുമാനംകൊണ്ട് മക്കളുടെ പഠനത്തിനും ചികിത്സ ചെലവിനും വേണ്ടതിന്റെ മൂന്നിലൊന്നുപോലും കിട്ടുന്നില്ലെങ്കിലും കച്ചവടം പച്ചപിടിക്കുമെന്ന പ്രതീക്ഷയിലാണ് അൻവർ. നേരിട്ടുള്ള വിൽപനക്ക് പുറമെ ഇന്ത്യയിലെവിടെയും ഉൽപന്നങ്ങളെത്തിക്കാൻ അൻവർ ഒരുക്കമാണ്. കേൾവിക്കുറവുമൂലം ഫോൺ ഉപയോഗിക്കാൻ ബുദ്ധിമുട്ടായതിനാൽ വാട്ട്സ്ആപ്പിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 9746019558 എന്ന നമ്പറിൽ ആവശ്യപ്പെട്ടാൽ ഉൽപന്നങ്ങൾ വീട്ടിലെത്തും. പരിമിതികളെ പഴിക്കാൻ അൻവറിന് സമയമില്ല.
ജീവിത ദുരിതങ്ങളെ മറ്റുള്ളവരെക്കാൾ ഇരട്ടി ശക്തിയിൽ തള്ളിനീക്കേണ്ടതുണ്ട്. തുടർച്ചയായുള്ള അനസ്തേഷ്യയുടെ ഫലമായി വാക്കുകൾ ഉറക്കുന്നില്ലെങ്കിലും മനസ്സിന്റെ ഉറപ്പിന് ഒട്ടും കുറവില്ല. വെല്ലൂരേക്കുള്ള യാത്ര ശസ്ത്രക്രിയക്കാണെന്ന് അറിയാമെങ്കിലും ആ രണ്ടു ദിവസങ്ങൾ ആശ്വാസത്തിന്റെ കൂടിയാണ്. ആ ദിവസങ്ങളാണ് മരുന്നിന്റെ ശക്തിയിൽ വേദനകളില്ലാതെ താൻ ഉറങ്ങുന്നത് -അൻവർ ബാബു പറഞ്ഞു നിർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.