‘ഞാൻ ആരുടെയും അന്തകനല്ല; കൊടുത്താൽ തിരിച്ചുകിട്ടുമെന്ന് അറിയാം’
text_fieldsവിട്ടുകളയണം... അതെ, വിട്ടുകളഞ്ഞേക്കണം. എന്തിനും ഏതിനും ക്യാമറയുമായി ടിക്ടോക്കിന് ചുമലിലേക്ക് പായുന്നവരേ നിമിഷനേരം കൊണ്ട് പൊരിച്ചെടുത്ത ഈ തഗ് ഡയലോഗാണിന്ന് സോഷ്യൽ മീഡിയയിലെ സൂപർതാരം. ഡയലോഗിനൊപ്പം അതിന്‍റെ പിറവിക്കാരനും ഇന്ന് അതിലേറെ താരമാണ്. ടിക്ടോക്കുകളുടെ പെരുമഴക്കാലത്ത് ഇനി അൽപം ശ്രദ്ധിച്ചില്ലെങ്കിൽ ലൗവിനും ഷെയറിനും പകരം 'പൊരിച്ച മറുപടികളും' നിങ്ങളുടെ അക്കൗണ്ടിൽ നിങ്ങൾക്ക് തന്നെ പാരയായിമാറും. ഒരാഴ്ച കൊണ്ട് യൂട്യൂബിന്‍റെ സിൽവർ ബട്ടണും ഗോൾഡ് ബട്ടണും ഒരുമിച്ച് നേടി യൂട്യൂബിനെ വരെ ഞെട്ടിച്ചിരിക്കുകയാണ് ആലപ്പുഴ മുഹമ്മ സ്വദേശിയായ വിദ്യാർഥി അർജുൻ. 15 ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്‌സിനെ നേടി കുതിപ്പ് തുടരുന്ന അക്കൗണ്ടിലെ വിഡിയോകൾക്ക് ആകെ രണ്ട് കോടി 70 ലക്ഷം കാഴ്ചക്കാരെയാണ് ലഭിച്ചത്.
കാര്യമായ നേരംപോക്ക്
അർജ് യൂ (Arjyou) എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ടിക്ടോക് റോസ്റ്റിങ് വിഡിയോകളാണ് അർജുൻ സുന്ദരേശനെ ദിവസങ്ങൾക്കുള്ളിൽ വൈറലാക്കിയത്. ലോക്ഡൗൺ കാലത്ത് വീട്ടിൽ തന്നെ ഇരിക്കുമ്പോൾ തോന്നിയ പുതിയ ആശയവും അത് തന്‍റേതായ രീതിയിൽ അവതരിപ്പിച്ചുമാണ് അർജുൻ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധനേടിയത്. ഏതൊരു യൂട്യൂബറും ആഗ്രഹിക്കുന്ന രീതിയിലാണ് അർജുൻ സുന്ദരേശന്‍റെ വീഡിയോകൾ വൈറലായത്. ഒപ്പം ഓരോ നിമിഷവും കുതിച്ചുയരുന്ന സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണവും.
രണ്ട് വർഷം മുമ്പ് തന്നെ യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നുവെങ്കിലും അത്ര സജീവമായിരുന്നില്ല. ചങ്ങനാശ്ശേരി സെന്‍റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷനിലെ മൂന്നാംവർഷ ബി.എ മൾട്ടിമീഡിയ വിദ്യാർഥിയാണ് അർജുൻ. അഭിനയത്തിൽ താൽപര്യമുള്ളയാളാണ്. കോളജിലെ ഷോർട്ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. അത്കൊണ്ട് ക്യാമറക്ക് മുന്നിൽ നിന്ന് ടിക്ടോക്ക് താരങ്ങളെ പൊരിച്ചെടുക്കാൻ അർജുന് നിമിഷനേരം മതി. താൻ തെരഞ്ഞെടുക്കുന്ന വിഡിയോകളും സുഹൃത്തുക്കൾ അയച്ചുതരുന്നതുമായ വീഡിയോകളുമാണ് ട്രോളിന് ഉപയോഗിക്കുന്നത്.
ലോക്ഡൗൺ സമ്മാനം
സുഹൃത്തുക്കളുമൊത്ത് ഒരു യൂട്യൂബ് ചാനൽ ആരംഭിക്കാൻ പ്ലാനിങ് നടക്കുന്നതിനിടയിലാണ് ലോക്ഡൗൺ വന്നത്. ഇതോടെ വീടുകളിലായിപ്പോയി. അങ്ങനെ ഇരിക്കുമ്പോഴാണ് വ്യത്യസ്തമായ എന്തെങ്കിലും വിഡിയോ അപ്ലോഡ് ചെയ്താലോ എന്ന് ആലോചിച്ചത്. അങ്ങനെ വിഡിയോ ഗെയിമുകളെക്കുറിച്ചും ടിക്ടോക് വിഡിയോകളെ ട്രോളിയുമുള്ള വിഡിയോകൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തു. വിഡിയോ ആളുകൾ ഇഷ്ടപ്പെട്ടതോടെ ഫേസ്ബുക്കിലും മറ്റും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
വിഡിയോകൾ വ്യാപകമായി ഷെയർ ചെയ്തതോടെ Arjyou എന്ന യൂട്യൂബ് ചാനലിന്‍റെ സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണവും കുതിച്ചു. അഞ്ച് ദിവസം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ പേരാണ് അർജുന്‍റെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. ദിവസങ്ങൾക്കകം സബ്സ്ക്രൈബേഴ്സിന്‍റെ എണ്ണം കുതിച്ചുയരുകയും വൺ മില്യണിലേക്ക് എത്തുകയും ചെയ്തു. യൂട്യൂബിന് പിന്നാലെ ഇൻസ്റ്റഗ്രാമിലും ഫോളോവേഴ്സിന്‍റെ എണ്ണം വർധിച്ചു. ഭാവത്തിലും സംസാരശൈലിയും പുലർത്തുന്ന വ്യത്യസ്തയാണ് അർജുന്‍റെ വിഡിയോകളുടെ ആകർഷണമായി പലരും ചൂണ്ടിക്കാട്ടുന്നത്. ടിക്ടോക് റിയാക്ഷൻ വിഡിയോകൾ മലയാളത്തിൽ മുൻപ് കണ്ടിട്ടില്ല എന്നതും കൗതുകത്തിന് കാരണമായി. കടുത്ത വിജയ് ഫാൻ കൂടിയാണ് അർജുൻ.
ഞാൻ നിങ്ങളുടെ അന്തകനല്ല
വെറും തമാശ മാത്രം ലക്ഷ്യംവെച്ചാണ് താൻ ഈ വിഡിയോകൾ ചെയ്യുന്നതെന്ന് അർജുൻ പറയുന്നു. ഞാൻ ഒരിക്കലും നിങ്ങളുടെ അന്തകനല്ല. ആരെയും വ്യക്തിപരമായി വേദനിപ്പിക്കാനോ അപകീർത്തിപ്പെടുത്താനോ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ട്രോൾ, തമാശയായി മാത്രം ഇതിനെ കണ്ടാൽ മതി. തനിക്ക് തിരിച്ച് കിട്ടുന്ന ട്രോളുകളിൽ വിഷമമില്ലെന്നും കൊടുത്താൽ തിരിച്ചുകിട്ടുമെന്ന് അറിയാമെന്നും അർജുൻ പറയുന്നു.
ആദ്യം ചെയ്ത വിഡിയോകളിൽ ചിലരെ വേദനിപ്പിച്ചെന്ന പരാതി ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും മനഃപൂർവമായിരുന്നില്ല. ഇനിയുള്ള വിഡിയോകളിൽ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കും. സാധാരണരീതിയിൽ വിഡിയോയെക്കുറിച്ച് സംസാരിക്കുന്നത് മാത്രം മതിയെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു. എന്തായാലും അത് ആളുകൾക്ക് ഇഷ്ടപ്പെട്ടു. നിരവധി പോസിറ്റീവും നെഗറ്റീവുമായ പ്രതികരണങ്ങൾ ലഭിച്ചു. ഒരാഴ്ചയ്ക്കിടെ പോസ്റ്റ് ചെയ്ത നാല് വിഡിയോകളും ഇതിനോടകം ഒരു മില്യണിലധികം തവണയാണ് ആളുകൾ കണ്ടത്. അർജുന്‍റെ വീഡിയോകൾ വൈറലായതോടെ ഇതേപേരിൽ തന്നെ നിരവധി വ്യാജ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും തലപൊക്കിയിട്ടുണ്ട്. ടിക്ടോക്കിൽ തന്നെ നിരവധി വ്യാജന്മാർ സജീവമായി കഴിഞ്ഞു.
കുടുംബം കൂടെ, മോഹം സിനിമ
യൂട്യൂബും ട്രോളുമൊക്കെ ഉണ്ടെങ്കിലും സിനിമയാണ് അർജുന്‍റെ സ്വപ്നം. നേരത്തെ ചില ഷോർട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്. സിനിമയുടെ അണിയറയിൽ പ്രവർത്തിക്കാനാണ് മോഹം. ആലപ്പുഴ നോർത്ത് സ്റ്റേഷനിലെ എസ്.ഐയായ സുന്ദരേശനാണ് പിതാവ്. അമ്മ ലസിത പഞ്ചായത്ത് അസി. സെക്രട്ടറിയാണ്. ഏക സഹോദരൻ അനുരാജ് ആലപ്പുഴ എസ്.ഡി കോളജിൽ രണ്ടാംവർഷ ബിരുദവിദ്യാർഥിയും. വിഡിയോകൾ കണ്ടിട്ട് വീട്ടുകാരെല്ലാം ഇതുവരെ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും ഇത്രയും പേർ വിഡിയോ കാണുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അർജുൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.