വരക്കാൻ തന്നെയാണ് തീരുമാനം
text_fieldsപാലക്കാട് റെയിൽവേ ഡിവിഷനു കീഴിലെ സ്റ്റേഷനുകളിലെ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് തിരൂർ സ്റ്റേഷനിൽ ചുമർചിത്രം വരക്കാൻ തീരുമാനിക്കുന്നത്. വരക്കേണ്ട ചിത്രങ്ങളും ആശയങ്ങളും റെയിൽവേ അധികൃതരുമായി ചർച്ചചെയ്താണ് തീരുമാനിച്ചത്. അതത് സ്ഥലങ്ങളിലെ പശ്ചാത്തലവും പ്രാധാന്യവും നിറഞ്ഞ ചരിത്ര, സാംസ്കാരിക, വിനോദസഞ്ചാര ആശയങ്ങളാണ് ചിത്രീകരിക്കാൻ തീരുമാനിച്ചത്. വാഗൺകൂട്ടക്കൊല, എഴുത്തച്ഛൻ, മാമാങ്കം എന്നിവയാണ് തിരൂർ റെയിൽവേ സ്റ്റേഷനിൽ വരക്കാൻ ഉദ്ദേശിച്ചത്. റെയിൽവേ അധികൃതർ നൽകിയ ചിത്രം മാതൃകയാക്കിയാണ് വാഗൺ കൂട്ടക്കൊലയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.
ഒക്ടോബർ 28നാണ് ഞാൻ വരച്ചുതുടങ്ങിയത്. വാഗൺകൂട്ടക്കൊലയുടെ ചിത്രം പൂർത്തിയാകാനായ ഘട്ടത്തിൽ സംഘ്പരിവാറിെൻറ പ്രാദേശിക നേതാക്കൾ റെയിൽവേ അധികൃതർക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയതായി അറിഞ്ഞു. അധികൃതരുടെ പിന്തുണയുള്ളതിനാൽ നവംബർ നാലുവരെ വര തുടർന്നു. അഞ്ചിന് അവർ ചിത്രം മായ്ച്ചുകളഞ്ഞു. അഞ്ചു ദിവസത്തെ അധ്വാനത്തിലാണ് ചിത്രം പൂർത്തിയാക്കിയത്. രാവും പകലുമില്ലാതെ പണിയെടുത്താണ് വാഗൺകൂട്ടക്കൊലയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ആദ്യ മൂന്നു ദിവസങ്ങളിൽ രാവിലെ മുതൽ പുലരുവോളം വര തന്നെയായിരുന്നു. കുറ്റിപ്പുറം ബി.ആർ.സിക്കു കീഴിലെ ചിത്രകലാധ്യാപക ജോലിയും വരയും ഒന്നിച്ചുകൊണ്ടുപോകാൻ നന്നേ കഷ്ടപ്പെട്ടിരുന്നു.
ചിത്രങ്ങളെ പോലും ഭയപ്പെടുന്നു
ഫാഷിസ്റ്റ് ശക്തികൾ ചിത്രങ്ങളെപോലും ഭയക്കുന്നുവെന്നതിെൻറ ഏറ്റവും ഒടുവിലെ തെളിവാണ് തിരൂരിൽ എനിക്കും എെൻറ കലാസൃഷ്ടിക്കും ഉണ്ടായ അനുഭവം. ചിത്രം ചരിത്രംപേറുന്ന ഒരാശയമായിരുന്നു. ആ ആശയങ്ങളെപോലും അവർ ഭയപ്പെടുന്നു. ആശയങ്ങളെ ആശയങ്ങൾകൊണ്ട് നേരിടാതെ കൈക്കരുത്തിെൻറ രാഷ്ട്രീയം ഉപയോഗിക്കുന്നു. എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ പാഠപുസ്തകങ്ങൾപോലും മാറ്റിയെഴുതപ്പെടുന്ന കാലത്ത് ചിത്രങ്ങൾ മായ്ക്കുന്നതിൽ പുതുമയൊന്നുമില്ല. ചിത്രങ്ങളും പുസ്തകങ്ങളും മാത്രമല്ല ഇന്ത്യയുടെ ഭരണഘടനപോലും അവർ മാറ്റിയെഴുതും. ചരിത്രത്തെ എന്നും അവർക്ക് പേടിയാണ്. സ്വാതന്ത്ര്യസമര കാലത്ത് നിങ്ങൾ എവിടെയായിരുന്നെന്ന േചാദ്യം അവരെ വേട്ടയാടിക്കൊണ്ടേയിരിക്കും.
സ്വന്തം കുഞ്ഞിനെ കൊല്ലുന്ന വേദന
ചുമർചിത്രം മായ്ച്ചുകളയണമെന്ന് റെയിൽവേ അധികൃതർ വിളിച്ചറിയിച്ചപ്പോൾ അനുഭവിച്ച വേദന വിവരണാതീതമാണ്. സ്വന്തം കുഞ്ഞിനെ കൊന്നുകളേയണ്ടി വരുന്ന അച്ഛെൻറ വേദനയായിരുന്നു നെഞ്ചിൽ. ‘ഞാൻ തന്നെ മായ്ക്കേണ്ടി വരുമോ? ഇങ്ങനെയൊരു ചോദ്യത്തിെൻറ കനം എത്രയാണെന്ന് റെയിൽവേ ഉേദ്യാഗസ്ഥർപോലും അറിഞ്ഞിരുന്നു. ചായത്തിൽ ജീവൻ ചേർത്താണ് ചിത്രംവരഞ്ഞത്. ഉയരത്തിൽ കയറി വരഞ്ഞ വരകളിൽ എെൻറ നിശ്വാസം പതിഞ്ഞിരുന്നു. മക്കളുടെ കുഴിമാടത്തിൽ പോകാൻ കഴിയാത്ത പിതാവിനെ പോലെ, പിന്നീടെനിക്ക് റെയിൽവേ സ്റ്റേഷനിൽ പോകാനായിട്ടില്ല.
ഫാഷിസ്റ്റുകൾ തോറ്റിരിക്കുകയാണ്...
സത്യത്തിൽ ആ വരക്ക് മുന്നിൽ സംഘ്പരിവാർ പരാജയപ്പെടുകയാണ് ചെയ്തത്. തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരിൽ ചിലർ മാത്രം അറിയുകയും ആസ്വദിക്കുകയും ചെയ്യാൻ സാധ്യതയുള്ള ചിത്രം കൂടുതൽപ്പേരിലേക്ക് എത്തിക്കുകയാണ് അവർ ചെയ്തത്. ദേശീയതലത്തിൽ വരെ ഇത് ചർച്ചയായി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നേരിട്ടും ഫോണിലൂടെയും പിന്തുണയുമായെത്തി.
മുസ്ലിം നാമധാരിയായിരുന്നെങ്കിൽ!
ഹൈന്ദവനായതിൽ ഒരു തരത്തിൽ ഭാഗ്യവാനാണ് ഞാൻ. നോക്കൂ, എെൻറ സ്ഥാനത്ത് ഒരു മുസ്ലിം നാമധാരിയാണെങ്കിൽ കൊന്നുകളഞ്ഞേനെ അവർ. അല്ലെങ്കിൽ എം.എഫ്. ഹുസൈനെ പോലെ ജനിച്ച രാജ്യത്തുനിന്ന് നാടുകടത്തപ്പെേട്ടനെ. അങ്ങനെ മറ്റൊരു രാജ്യത്ത് ജീവിച്ചു മരിക്കേണ്ടി വരുന്ന ഹതഭാഗ്യനായേനെ. ചിത്രരചനയിൽ എന്നെ സഹായിച്ച മുസ്ലിം സുഹൃത്തുക്കൾക്കുപോലും ഭയമുണ്ടായിരുന്നു. മുസ്ലിം ആയതിെൻറ പേരിൽ ആക്രമിക്കപ്പെടുമോയെന്ന ഭയം!
കൂട്ടക്കൊലയല്ല; വർഗീയകലാപമാണത്രെ?
ചിത്രം മായ്ച്ച സംഭവ ശേഷം വാഗൺകൂട്ടക്കൊല വർഗീയ കലാപമാണെന്ന വിചിത്ര വാദവുമായി സംഘ്പരിവാരക്കാർ എന്നെ സമീപിച്ചിരുന്നു. അവർക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. ഹൈന്ദവർക്കെതിരെയുള്ള ആക്രമണത്തിെൻറ തുടർച്ചയാണ് ‘വാഗൺ ട്രാജഡി’ എന്നാണ് അവർ പറയുന്നത്. രണ്ട് മതങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലായി ചിത്രീകരിക്കാനാണ് ശ്രമം. മാപ്പിള ലഹളയെന്ന് വിശേഷിപ്പിക്കുേമ്പാൾ കൃത്യമായ അർഥം അവർ ഉറപ്പിക്കുന്നുണ്ട്.
സ്വാതന്ത്ര്യസമരത്തിെൻറ ഭാഗമല്ലെന്നും ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണത് നടന്നതെന്നും അവർ പറയുന്നു. അതിൽ മരിച്ചവരുടെ പേരുകൾ പോലും അറിയാത്തവരാണ് ഇത്തരം കാര്യങ്ങൾ ചോദ്യം ചെയ്യുന്നത്. അങ്ങനെയെങ്കിൽ വാഗൺകൂട്ടക്കൊലയിൽ കൊല്ലപ്പെട്ട ഹിന്ദുക്കളോ? ഞാൻ അവരോട് ചോദിച്ചു.
സംഘ്പരിവാർ ഒരിക്കലും ചരിത്രത്തെ അറിയാൻ ശ്രമിച്ചിട്ടില്ല. പകരം ഭയക്കുകയും മറ്റുള്ളവരെ ഭയപ്പെടുത്തുകയും മാത്രമാണ് ചെയ്തത്. ബ്രിട്ടീഷുകാർക്ക് ഒത്താശ പാടിയതൊഴിച്ചാൽ സംഘ്പരിവാറുകാർക്ക് സ്വാതന്ത്ര്യസമരത്തിൽ വേറെ റോളുകളൊന്നുമില്ല. ഇതിൽ നിരാശപോലുമില്ലാത്തവരുടെ പിന്മുറക്കാരാണ് ആവിഷ്കാര സ്വാതന്ത്ര്യത്തെയും മതേതരത്വത്തേയും ഭരണഘടനയെയും എല്ലാം ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യപ്പെടാൻ ആഗ്രഹിച്ചിരുന്നു
ചിത്രങ്ങൾ മായ്ച്ചുകളയുകയാണെന്ന് വിവരം ലഭിച്ചപ്പോൾ മുതൽ ഫാഷിസ്റ്റുകളാൽ ചോദ്യം ചെയ്യപ്പെടാൻ ആഗ്രഹിച്ചിരുന്നു. എന്തിനാണ് ഇവ ഇല്ലാതാക്കുന്നതെന്നതിനുള്ള ഉത്തരം കേൾക്കാൻ ആഗ്രഹിച്ചിരുന്നു. രാജ്യത്തുടനീളം പല ചരിത്രങ്ങളും വളച്ചൊടിക്കപ്പെട്ടത് കണ്ടിട്ടുണ്ട്. വാഗൺകൂട്ടക്കൊല പോലെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏടുകൾ പോലും തുടച്ചുമായ്ക്കാൻ തയാറാവുന്നതെന്തിനാണെന്ന് സംഘ്പരിവാറിൽനിന്ന് അറിയണമെന്നുണ്ടായിരുന്നു. നിർഭാഗ്യവശാൽ അതുണ്ടായില്ല. ഇനിയും തുറന്നൊരു ചർച്ചക്ക് ആഗ്രഹമുണ്ട്. നേരിട്ടുള്ള പ്രതിഷേധം ആരും അറിയിച്ചിട്ടില്ല. ചിത്രം മായ്ച്ച ശേഷവും എവിടെയും ഒരു വാക്കുപോലും സംഘ്പരിവാർ ന്യായീകരണമായി പറഞ്ഞിട്ടില്ല.
ബറോഡയിൽനിന്ന് തിരൂരിലേക്കുള്ള ദൂരം
ബറോഡ സർവകലാശാലയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുണ്ടായ അതേ രീതിയാണ് ഇവിടെയും ആവർത്തിച്ചത്. ചിത്രപ്രദർശനത്തിന് തൊട്ടുമുമ്പാണ് ബറോഡയിലെ ചിത്രങ്ങൾ ചാമ്പലാക്കപ്പെട്ടത്. പൂർത്തിയാകുന്നതിെൻറ തൊട്ടുമുമ്പ് എെൻറ ചിത്രങ്ങളും വെള്ളപൂശപ്പെട്ടു. ചിത്രകല വിദ്യാർഥി ചന്ദ്രമോഹനും അധ്യാപകനും കലാകാരനുമായ ശിവജി പണിക്കർക്കും നേരെയുണ്ടായ അതിക്രമങ്ങൾ എനിക്ക് അറിയാം. ഒരേസമയം ഞാനൊരു വിദ്യാർഥിയും അധ്യാപകനുമാണ്. ചന്ദ്രമോഹൻ വളർന്നുവന്നപോലെ സാധാരണക്കാരുടെ മകനായാണ് വളർന്നത്. ജോലി ചെയ്തും വരച്ചും തന്നെയാണ് അച്ഛെൻറ മരണശേഷം കുടുംബം നോക്കിയതും പഠിച്ചതും. ബി.ജെ.പി സ്ഥാനാർഥി നീരജ് ജെയ്നും ബറോഡ സർവകലാശാല അധികൃതരുമാണ് ഇൗ സംഭവത്തിന് തിരക്കഥ മെനഞ്ഞതെങ്കിൽ ഭരണകൂടത്തെ ഉപയോഗിച്ചാണ് തിരൂരിൽ ഫാഷിസ്റ്റുകൾ പ്രവർത്തിച്ചത്. അവിടെ ചിത്രങ്ങൾ കത്തിച്ചെങ്കിൽ ഇവിടെ മായ്ച്ചു എന്ന വ്യത്യാസമേയുള്ളൂ. ബറോഡ കണ്ടതിന് സമാനമായ പ്രതിഷേധങ്ങളാണ് തിരൂരിലും മലപ്പുറത്തും സംഘ്പരിവാറിന് എതിരെ ഉണ്ടായതും.
ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടായിരുന്നു
സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി പരിപാടികൾ വിവിധ സംഘടനകൾ സംഘടിപ്പിച്ചിരുന്നു. എഴുത്തുകാരൻ കെ.പി. രാമനുണ്ണി പെങ്കടുത്ത പരിപാടിക്ക് ശേഷം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ബന്ധെപ്പട്ടിരുന്നു. ആക്രമിക്കപ്പെടാൻ സാധ്യതയുെണ്ടന്നും എന്തു സഹായം വേണമെങ്കിലും ബന്ധപ്പെടാനും പറഞ്ഞിരുന്നു. ഇൗ മണ്ണിൽ ജീവിക്കുന്നതുകൊണ്ടുതന്നെ എന്തോ ഭയം തോന്നിയില്ല. പ്രതിഷേധത്തിൽനിന്ന് പിന്നോട്ടുപോകാൻ തയാറുമായിരുന്നില്ല. ഇൗ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങളും ഫാഷിസ്റ്റ് വിരുദ്ധ സംഘടനകളും നൽകിയ പിന്തുണ ചില്ലറയൊന്നുമല്ല.
മതേതരത്വത്തിെൻറ മുഖമാണ് മലപ്പുറത്തിനുള്ളത്. മലപ്പുറത്തിെൻറ സ്നേഹത്തിലും മതേതരത്വത്തിലും വിള്ളൽ വീഴ്ത്തിയാൽ മാത്രമേ സംഘ്പരിവാറിന് ഇവിടെ വേരുറപ്പിക്കാനാവൂ. അതിനുള്ള ശ്രമമാണ് നടന്നത്. ശബരിമല വിഷയംേപാലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമായി ഇതിനെ കാണണം. വോട്ടുറപ്പിക്കാൻ മതപരമായി ഭിന്നിപ്പിക്കൽ അവരുടെ ആവശ്യമാണ്. ബ്രിട്ടീഷുകാർ ചെയ്ത അതേ വിഭജിച്ചു ഭരിക്കലിെൻറ രാഷ്ട്രീയമാണ് ഇവരും മുന്നോട്ടുവെക്കുന്നത്. കൽബുർഗിയും ഗൗരി ലേങ്കഷും പെരുമാൾ മുരുകനും ആക്രമിക്കപ്പെട്ടതും ചോദ്യംചെയ്യപ്പെട്ടതും അവരുെട ആശയങ്ങൾ പ്രകടിപ്പിച്ചതിനാണ്. പക്ഷേ, ഇവിടെ എെൻറ ആശയങ്ങളല്ല ചോദ്യം ചെയ്യപ്പെട്ടത്. ചരിത്രത്തിെൻറ ദൃശ്യാവിഷ്കാരം മാത്രമായിരുന്നു എെൻറ കടമ.
സ്വാതന്ത്ര്യസമരത്തെ വരയിലൂടെ ചിത്രീകരിച്ചതിനാണ് എെൻറ വരകളെ കൊന്നത്. എഴുത്തുകാരെയും ചിത്രകാരെയും സാംസ്കാരിക പ്രവർത്തകരെയും എതിർക്കുന്ന ഫാഷിസ്റ്റ് സ്വഭാവം തുടർന്നുകൊണ്ടേയിരിക്കും. പേരുകൾ മാത്രം മാറുന്നു. ഇരകൾക്ക് മാറ്റമൊന്നുമില്ല. എെൻറ വരകൾ ഇനിയും സത്യത്തിന് േനരെയായിരിക്കും. അതുകൊണ്ടുതന്നെ ഇനിയും ഞാനും എെൻറ ചിത്രങ്ങളും എതിർക്കപ്പെടും, മായ്ക്കപ്പെടും. ആയിരം ചുമരുകൾ തിരസ്കരിക്കപ്പെേട്ടക്കാം. ചായങ്ങളിൽ ചോര പടർന്നേക്കാം, എങ്കിലും പിന്നോട്ടില്ല. അതെ, വരക്കാൻതന്നെയാണ് തീരുമാനം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.