അവനവനിലേക്ക് തുറക്കുന്ന വാതിലുകൾ
text_fieldsപ്രകൃതിയിൽ നിന്ന് മാറ്റപ്പെട്ട ഒരു അസ്തിത്വം മനുഷ്യന് അന്യമാണെന്നുതന്നെ പറയാം. സൂക്ഷ്മജീവികൾ മുതൽ മനുഷ്യർ വരെയുള്ള വേർതിരിവില്ലാത്ത ജീവെൻറ ആവാസവ്യവസ്ഥയിലിത് ആന്തരികവും ആത്മീയവുമായ ഉണ്മയാണ്. മനുഷ്യെൻറ ആന്തരിക ചോദനകൾ പ്രകൃതം കൊണ്ട് പ്രകൃതിയിലേക്ക് അവനെ ചേർത്തുനിർത്തുന്നു. എന്നാൽ, മനുഷ്യർ സ്വയം സൃഷ്ടിച്ച ‘പുരോഗതികൾ’ ആ ജീവിത പ്രക്രിയയിൽ വിരുദ്ധാത്മകമായ ക്രമക്കേടുകൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. ബോധപൂർവമോ അല്ലാതെയോയുള്ള ചില ‘കുടഞ്ഞെറിയലുകളും’ സമകാലീന സാമൂഹിക-രാഷ്ട്രീയ പരിസരവും മനുഷ്യനിൽ അവെൻറ ലീനമായ ജൈവ സ്വഭാവങ്ങളെ തകർക്കുന്നവിധം കാലുഷ്യവും നിറച്ചിട്ടുണ്ട്. ഈ ജീവിതാവസ്ഥകളിൽ നിന്ന് പ്രകൃതിയുടെ സഹജമായ നിയമ വ്യവസ്ഥകളിലേക്ക് മടങ്ങേണ്ട അനിവാര്യത കൂടിക്കൊണ്ടേയിരിക്കുന്നു. ഈ വഴികളിലേക്കുള്ള യാത്രകൾ വെറും മടക്കം മാത്രമല്ല, മനുഷ്യെൻറ യഥാർഥ ജീവിതാന്വേഷണം സാധ്യമാക്കൽ കൂടിയാണ്.
പ്രകൃതിയുടെ സഹജഭാവങ്ങളുടെ വർണനയായ ‘കരുണ’ ഷാജി അപ്പുക്കുട്ടെൻറ നിലപാട് വ്യക്തമാക്കുന്ന സീരീസ് ആണ്. കണ്ടൽക്കാടുകൾക്കപ്പുറം പ്രകൃതിയിലേക്ക് തുറന്നിരിക്കുന്ന സഹോദരൻ അയ്യപ്പെൻറ വീട്- ‘കരുണ’, അതിനോട് ചേർന്ന് തണ്ണീർത്തടങ്ങളിൽ നിറഞ്ഞു പരന്ന പച്ചപ്പ്, അവക്കിടയിൽ മേയുന്ന പശുവും കിടാവും, ശാന്തതയിൽ ലയിച്ചിരിക്കുന്ന വയോധികനും മയങ്ങുന്ന സ്ത്രീയും, കിളിയും പൂക്കളും. ഇൗ ഭൂമി എത്ര സുന്ദരവും ശാന്തവുമാണെന്ന് കരുണയിലെ ഭാവങ്ങൾ പറയും.
‘സിംഫണി ഒാഫ് ലാൻഡ്’ പേരുപോലെ പ്രകൃതിയുടെ സംഗീതമാണ്. മനുഷ്യനും ജീവജാലങ്ങളും പ്രകൃതിയും ഒരുമിച്ച് തീർക്കുന്ന സംഗീതം. ഭൂമിയുടെ നിഷ്കളങ്കതയിൽ തെളിയുന്ന ഭാവങ്ങളും ആത്മാന്വേഷണങ്ങളും അടങ്ങുന്നവയാണ് ‘ഗോഡ്സ് ഒാഫ് എർത്ത്’,‘സ്പിരിച്വൽ എർത്ത്’ സീരീസിലെ ചിത്രങ്ങൾ. നഗരങ്ങളിലെ വിഷാദഛായകൾ ‘ആർക്കൈവ്സിൽ’ നിറയുന്നു. പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും ചേർന്ന സംയോജനത്തിെൻറ അറ്റമില്ലാത്ത ഭൂമികയാണ് ഇൗ കലാലോകം. വേരുകളൊന്നും ഇളക്കാതെ, ഇലകൾ അടർത്താതെ, കിളികളെ ആട്ടിപ്പായിക്കാതെ, ആരുടെയും ധ്യാനത്തെ മുറിക്കാതെ പ്രകൃതിയിൽ ലയിച്ചുചേർന്ന് ഒഴുകൂ എന്ന് ഇവ ഉണർത്തും.
ജന്മം കൊണ്ടും പ്രകൃതം കൊണ്ടും കലാകാരനായ ഷാജി അപ്പുക്കുട്ടെൻറ ആത്മാന്വേഷണങ്ങളെ തൃശൂർ ഗവ. ൈഫൻ ആർട്സ് കോളജിലെ പഠനം പ്രചോദിപ്പിച്ചു. ചിത്രകലയെ നിറങ്ങളുടെ ആഘോഷമാക്കുന്നതിനപ്പുറം ഷാജി പ്രകൃതിയിലേക്കും ജീവജാലങ്ങളിലേക്കും തുറന്നിട്ടു. ഇവ രണ്ടിനും ഇടയിൽ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാവുന്ന വാതിലുകളായി അവ കാലത്തെ വരച്ചിടുന്നു. 1992ൽ ലളിതകലാ അക്കാദമി സംസ്ഥാന പുരസ്കാരം നേടിയ ചിത്രകാരൻ ഡൽഹി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലടക്കം 20ഒാളം എക്സിബിഷനും ക്യാമ്പുകളും പിന്നിട്ടിരിക്കുന്നു.
മനുഷ്യനെ ഇപ്പുറത്തും പ്രകൃതിയെ അപ്പുറത്തും നിർത്തുന്ന വികസനത്തിെൻറ യുക്തി ബലംപ്രാപിക്കവെ പ്രകൃതിതന്നെ കാറ്റും മഴയും വേനലുമായി തിരിച്ചടിച്ചു തുടങ്ങിയ വർത്തമാനത്തിൽ ഇൗ ചിത്രകാരെൻറ രചനകൾ ചിലത് പറയുന്നുണ്ട്. മനുഷ്യന് വെട്ടിക്കീറാനും കുത്തിത്തുരക്കാനും അവസാനിക്കാത്ത വിഭവ സ്രോതസ്സായി ഉപയോഗപ്പെടുത്താനുമുള്ള സാമഗ്രിയല്ല പ്രകൃതി. ചേർത്തു നിർത്തി കൂടെ കൂട്ടാനുള്ളതാണ് എന്നതാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.