കാരുണ്യ സ്പർശവുമായി ബഹ്റൈൻ വനിത ഫാത്തിമ അൽ മൻസൂരി
text_fieldsകേരളത്തിന്‍റെ പ്രളയ ബാധിതരെ ആശ്വാസിപ്പിക്കാൻ ബഹ്റൈൻ സ്വദേശിയായ വനിതയും. മാംഗ്ലൂരിലെ സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസർ കൂടിയായ ഫാത്തിമ അൽ മൻസൂരി കണ്ണൂരിലുള്ള സുഹ്യത്തിനെ സന്ദർശിക്കാനെത്തിയതായിരുന്നു. അപ്പോഴാണ് കേരളത്തിൽ പ്രളയദുരിതമുണ്ടായത് നേരിട്ടറിഞ്ഞത്. ഉടൻ തന്നെ ദുരിതബാധിതരെ കാണാനും സഹായിക്കാനുമായി ഇവർ മുന്നിട്ടിറങ്ങി. കണ്ണൂർ ജില്ലയിലെ ഇരിട്ടി, കൊട്ടിയൂർ ഭാഗങ്ങളിലുള്ള നിരവധി ക്യാമ്പുകളിൽ ഫാത്തിമ സന്ദർശനം നടത്തി. ദുരിതമനുഭവിക്കുന്നവരെ സമാശ്വസിപ്പിച്ചു.
ആശ്വാസ വചനങ്ങളും സഹായ വാഗ്ദാനങ്ങളുമായി അമ്മമാരെയും സഹോദരിമാരെയും കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും ഫാത്തിമ ക്യാമ്പുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് യാത്ര ചെയ്തു. തന്‍റെ സന്ദർശന വിവരങ്ങൾ ഉടൻ തന്നെഅവർ സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തു. മലയാളിയെ തേടി കടൽ കടന്നെത്തിയ ആ സ്നേഹവും നൻമയും നിരവധി പേരിലൂടെ വൈറലായി കഴിഞ്ഞു.
ബഹ്റൈനിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും യോഗ പരിശീലകയുമാണ് ഫാത്തിമ. ബഹ് റൈനിൽ നിന്നുള്ള സഹായങ്ങൾ ഏകോപിപ്പിക്കുവാനുള്ള പരിശ്രമങ്ങളിലാണിപ്പോൾ ഫാത്തിമ. തന്‍റെ ക്യാമ്പ് സന്ദർശനങ്ങൾ ഇനിയും തുടരുമെന്ന് ഫാത്തിമ പറയുന്നു. കുറച്ച് ദിവസങ്ങൾ കൂടി കേരളത്തിൽ തങ്ങി പരമാവധി സഹായ സഹകരണങ്ങൾ ചെയ്യുകയുമാണ് അവരുടെ ആഗ്രഹം. ദുരിതങ്ങൾ അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പുക ഏതൊരു മനുഷ്യരുടെയും കർത്തവ്യമാണെന്നും ഏത് സ്ഥലമോ സന്ദർഭമോ അതിന് തടസം ആകില്ലെന്നും ഫാതിമ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.