വവ്വാലുകൾക്കൊപ്പം
text_fields2018 മേയ് 18. സാഹിത്യത്തിലും യക്ഷിക്കഥകളിലും പ്രേത സിനിമകളിലും രാത്രിയുടെയും മരണത്തിന്‍റെ യും പ്രതീകങ്ങളായി ചിത്രീകരിച്ചിരുന്ന വവ്വാലുകൾ ഈ ദിവസം തൊട്ടാണ് മലയാളികളുമായി നേരിട്ട് യുദ്ധത്തിനിറങ്ങുന്നത്. നിപ വൈറസ് ബാധയേറ്റ് ഒരാൾ മരിച്ചു. ആ വൈറസിെൻറ ഉറവിടം വവ്വാലുകളാണെന്ന വാർത്ത അപ്പോഴേക്കും മലയാളികളുടെ ഉറക്കംകെടുത്തി അന്തരീക്ഷത്തിൽ ചിറകടിച്ചുയർന്നു. നിപ ബാധയേറ്റ് ഒന്നിനുപിറകെ ഒന്നായി മരണം നടക്കവെ, അപകടകാരിയായ രോഗത്തിന് മുന്നിൽ കേൾവികേട്ട നമ്മുടെ ആരോഗ്യരംഗം ഉൾപ്പെടെ എല്ലാവരും ഒരുഘട്ടത്തിൽ പകച്ചുനിന്നു. ജനം പരിഭ്രാന്തരായി. വേഗത്തിൽ പടരുന്ന ഈ രോഗത്തെ അതിവേഗത്തിൽതന്നെ പിടിച്ചുകെട്ടാനും നമുക്ക് സാധിച്ചിട്ടുണ്ട്. പ്രശ്നത്തിെൻറ മൂലകാരണം വവ്വാൽ ആണെന്ന് അപ്പോഴേക്കും സമൂഹം വിധിയെഴുതി.
പലയിടങ്ങളിലായി നിരവധി വവ്വാലുകളെ ഇതിനകം കൊന്നൊടുക്കിയും അവയുടെ നിരവധി ആവാസകേന്ദ്രങ്ങൾ ഇല്ലാതാക്കിയും മനുഷ്യൻ വവ്വാലുകളോട് പ്രതികാരം ചെയ്തു. വവ്വാലുകൾക്കുവേണ്ടി ശബ്ദമുയർത്തുന്നവരുടെ മുന്നിൽനിൽക്കുകയാണ് പി.ഒ. നമീർ. അതിലൂടെ ലഭിച്ച അറിവും അവ ഭൂമിക്കും മനുഷ്യനും ചെയ്യുന്ന സൽപ്രവൃത്തികളെക്കുറിച്ചുള്ള കൃത്യമായ ബോധ്യവും ലേഖനങ്ങളായും ചർച്ചകളായും നാടിനെ അറിയിക്കുന്നതിലാണ് നമീറിെൻറ ശ്രദ്ധ. ‘‘വവ്വാൽ മനുഷ്യസമൂഹത്തിന്‍റെ ശത്രുക്കളല്ല. പ്രകൃതിയിലെ ഇതര ജീവജാലങ്ങൾക്ക് വേണ്ടി സംസാരിക്കുക എന്നുവെച്ചാൽ മനുഷ്യനുവേണ്ടി സംസാരിക്കുക എന്നുകൂടി അർഥമുണ്ട് ’’ മണ്ണുത്തി കാർഷിക സർവകലാശാലയിൽ വന്യജീവി വിഭാഗം മേധാവികൂടിയായ ഡോ. പി.ഒ. നമീർ സംസാരിക്കുന്നു...
പറന്നുയർന്ന മോഹം
ആലപ്പുഴയിലെ നാട്ടിൻപുറത്ത് വളർന്നതുകാരണം ധാരാളം വളർത്തുമൃഗങ്ങളുമായും പാടത്തും പറമ്പിലുമൊക്കെയായുള്ള പക്ഷികളുമായും കൂട്ടുകൂടാൻ സാധിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ജീവികളോട് തോന്നുന്ന വെറുമൊരു ജിജ്ഞാസ മാത്രമായിരുന്നില്ല അത്. വളരുന്നതിനൊപ്പം പക്ഷിമൃഗാദികളെക്കുറിച്ചുള്ള സംശയവും കൗതുകവും വളർന്നു, എന്നേക്കാൾ ഉയരത്തിൽ. ഇതാണ് വന്യമൃഗങ്ങളുടെ രഹസ്യം തേടിയുള്ള പോക്കിന് പ്രചോദനമായത്. 1995ൽ ഫെലോഷിപ് ലഭിച്ച് അമേരിക്കയിലെ ഷികാഗോ യൂനിവേഴ്സിറ്റിയിൽ പഠനത്തിനെത്തി. ഇന്ത്യൻ സസ്തനികളെക്കുറിച്ചായിരുന്നു അവിടെ പഠനവിഷയം. പിന്നീട് ബ്രിട്ടനിലും വവ്വാൽ പഠനത്തിനായി പോയി. ഒരുപാട് കൗതുകമുള്ള വിവരങ്ങൾ ഈ കാലത്ത് ലഭിച്ചു. ഇന്ത്യയിലുള്ള 420 ഇനം സസ്തനികളിൽ ഏറ്റവും വലിയ വിഭാഗമാണ് വവ്വാലുകൾ. 123 ഇനം വവ്വാലുകൾ ഇന്ത്യയിലുണ്ടായിട്ടും നമ്മുടെ രാജ്യത്ത് അവയെക്കുറിച്ച പഠനം വളരെ ചുരുക്കമാന്നെത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. മാത്രമല്ല, മറ്റു പല രാജ്യങ്ങളും വവ്വാലുകളെക്കുറിച്ച പഠനത്തിൽ അക്കാലത്തുതന്നെ ഏറെ മുന്നോട്ടുപോയിരുന്നുതാനും. അതേസമയം, ഇന്ത്യയിൽ ആന, പുലി, സിംഹം, കടുവ...തുടങ്ങി സ്പീഷിസുകളിൽ ധാരാളം പഠനങ്ങൾ നടക്കുന്നുമുണ്ട്. ഇതാണ് വവ്വാലുകളെക്കുറിച്ച പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണം.
കാടുകയറിയ പഠനം
ജൈവ വൈവിധ്യംകൊണ്ട് സമ്പന്നമാണ് കേരളത്തിലെ കാടുകൾ. വവ്വാലുകളെക്കുറിച്ച പഠനത്തിനായി കാസർകോട് മുതൽ തിരുവനന്തപുരം വരെയായി മുക്കിലും മൂലയിലും വരെ പോയിട്ടുണ്ട്. തെക്ക് അഗസ്ത്യമലതൊട്ട് പെരിയാർ, ശെന്തുരുണി, പേപ്പാറ, നെയ്യാർ, തേക്കടി, മലയാറ്റൂർ...തുടങ്ങി നമ്മുടെ കാടുകളുടെ ഹൃദയം തൊട്ടറിയാനുള്ള അവസരംകൂടി വവ്വാൽ പഠനത്തിന്‍റെ ഭാഗമായി ലഭിച്ചു. ഇന്ത്യയിൽ 123 ഇനം വവ്വാലുകളാണുള്ളത്. അതിൽ 33 ഇനം വവ്വാലുകളുടെ സാന്നിധ്യമാണ് കേരളത്തിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിൽ 28 ഇനം ഷഡ്പദ ഭോജികളും അഞ്ചെണ്ണം പഴഭോജികളുമാണ്. മറ്റ് ജീവികളെക്കുറിച്ച് പകൽ സമയങ്ങളിൽ പഠിക്കാമെന്നിരിക്കെ, സൂര്യൻ അസ്തമിച്ചാലാണ് ഞങ്ങൾ വവ്വാൽ പഠനത്തിനായി കാടുകയറുന്നത്.
കാടും ഇരുട്ടും കൂടിച്ചേരുന്ന ആ വന്യനിമിഷത്തിലാണ് വവ്വാൽ പുറത്തിറങ്ങാറ്. മിസ്നെറ്റ് (misnet) എന്ന പ്രത്യേക ഉപകരണം കൊണ്ടാണ് വവ്വാലുകളെ പിടിക്കാറ്. പഠനത്തിന്‍റെ ഭാഗമായി സൈലൻറ് വാലി കാട്ടിനുള്ളിൽ ആറുമാസത്തോളം താമസിച്ചിട്ടുണ്ട്. ഘോരവനത്തിനുള്ളിൽ പലതവണ വന്യജീവികൾക്ക് മുന്നിൽ പെട്ടപ്പോഴെല്ലാം തലനാരിഴക്കും ആയുസ്സിെൻറ ദൈർഘ്യംകൊണ്ടും മാത്രമാണ് രക്ഷപ്പെട്ടത്. പറമ്പിക്കുളത്ത് ഉൾക്കാട്ടിൽ പാലത്തിന് കീഴിൽ വവ്വാലുകൾ കൂടു കൂട്ടിയിട്ടുണ്ടെന്ന് ആദിവാസികൾ പറഞ്ഞുകേട്ട് പിടികൂടാനായി ഞാനും വേറെ രണ്ടുപേരുംകൂടി ചെന്നു. നല്ല ഇരുട്ടായിരുന്നു. പക്ഷെ, അവിടെ ഞങ്ങളെ കാത്തിരുന്നത് വവ്വാലിന് പകരം വലിയൊരു കരടിയായിരുന്നു. ആ ജീവിയുടെ മുന്നിൽനിന്ന് ഒരു തരത്തിൽ രക്ഷപ്പെട്ട് പുറത്തുകടന്നു. വവ്വാലുകളെ തേടിയുള്ള യാത്രകളിൽ ഇങ്ങനെ ധാരാളം അനുഭവങ്ങൾ ഒാർമയിൽ കാടുമൂടിക്കിടക്കുന്നുണ്ട്.
വവ്വാൽ ഒരു ചെറിയ പറവയല്ല
വവ്വാൽ ഒരു പക്ഷിയല്ല, സസ്തനിയാണ്. പറക്കാൻ കഴിവുള്ള ഭൂമിയിലെ ഏക സസ്തനി. ഇവ കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളർത്തുന്നു. ലോകത്താകമാനം 11,116 ഇനം വവ്വാലുകളാണുള്ളത്. ഇവയെ ഷഡ്പദ ഭോജികൾ (Insect bat), പഴ ഭോജികൾ (Fruit bat) എന്നിങ്ങനെ തിരിക്കാം. പ്രകൃതിയെ ജീവസ്സുറ്റതാക്കുന്നതിൽ ഇവർ വഹിക്കുന്ന പങ്ക് ചെറുതല്ല. കേരളത്തിൽ കാണുന്ന പലകപയ്യാനി, പാല, തെക്കേ അമേരിക്കയിലെ കലാബാഷ്, ആഫ്രിക്കയിലെ സോസേജ്, അമേരിക്കയിലെ മരുഭൂമിയിൽ വളരുന്ന ഒരുതരം കള്ളിച്ചെടി...എന്നിവയുടെ നിലനിൽപ് പൂർണമായും വവ്വാലുകളെ ആശ്രയിച്ചാണ്. കാരണം, രാത്രിമാത്രം വിരിയുന്ന ഇവയുടെ പൂവുകൾ വവ്വാലുകൾക്ക് മാത്രമേ പരാഗണം ചെയ്യാൻ കഴിയൂ. നമ്മുടെ നാട്ടിലെ വാഴ, അത്തി, പേര, മാവ്, കശുമാങ്ങ, പഞ്ഞിമരം തുടങ്ങി 300ഓളം സസ്യങ്ങളുടെ പരാഗണത്തിന് അത്യന്താപേക്ഷിതമാണ് പഴ വവ്വാലുകൾ. ഷഡ്പദ ഭോജികളായ വവ്വാലുകൾ മനുഷ്യെൻറ ശത്രുക്കളല്ല, സംരക്ഷകരാണ്. പ്രകൃതിയിലുള്ള പല അപകടകാരികളായ കീടങ്ങളെയും ഭക്ഷണമാക്കി അവയുടെ വളർച്ച നിയന്ത്രിക്കുന്നവരാണീ കൂട്ടർ. ഒരു ഷഡ്പദ ഭോജി വവ്വാലിന് അതിെൻറ ശരീരഭാരത്തിന്‍റെ അത്രതന്നെ കീടങ്ങളെ ഭക്ഷണമാക്കാനുള്ള കഴിവുണ്ട്. കൊതുക്, ഈച്ച തുടങ്ങി ലക്ഷക്കണക്കിന് ജീവികളെയാണ് ഇവ ഒരു ദിവസം തിന്നുതീർക്കുന്നത്.
നിപ പഴയ നിപ തന്നെ
പഴങ്ങൾ പെറുക്കിത്തിന്ന് ജീവിക്കുന്നതായിരുന്നു ആദിമ മനുഷ്യ സംസ്കാരം. അന്നൊന്നും നിപ വൈറസ് ഭൂലോകത്തില്ല എന്നാണ് കരുതുന്നതെങ്കിൽ തെറ്റി. നിപ വൈറസിന് വവ്വാലിനോളം പോന്ന ചരിത്രമുണ്ട് പറയാൻ. പഴംതീനി വവ്വാലുകളിലാണ് നിപ വൈറസ് ഉള്ളത്. കേരളത്തിലുള്ള 33 ഇനം വവ്വാലുകളിൽ അഞ്ചിനം മാത്രേമ പഴംതീനികളായിട്ടുള്ളത്. അതിൽതന്നെ pteropus ജനുസ്സിൽപെട്ട ഒരിനത്തിൽ മാത്രമേ നിപ വൈറസിെൻറ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളൂ. ഇവ രണ്ടും coevolved സ്പീഷിസ് ആണ്. നിപ വൈറസിെൻറ സ്വാഭാവിക സംഭരണിയാണ് വവ്വാലുകളുടെ ശരീരം. മാരകമായ ഈ വൈറസിെൻറ അതിജീവനത്തിന് വവ്വാലുകളുടെ ശരീരം ആവശ്യമായതിനാൽ വവ്വാലിന് ഈ വൈറസ് ഭീഷണിയാകാറില്ല. 1998ൽ മലേഷ്യയിലെ നിപ എന്ന സ്ഥലത്താണ് ഈ വൈറസ് മനുഷ്യരിലേക്ക് പകർന്നതായി ആദ്യം റിപ്പോർട്ട് ചെയ്തത്. അതുകൊണ്ടാണിതിനെ നിപ വൈറസ് എന്നു വിളിക്കുന്നത്. പിന്നീട് ബംഗ്ലാദേശ് വഴി ഈ ആളെക്കൊല്ലി വൈറസ് പശ്ചിമ ബംഗാളിലും ഇപ്പോൾ കേരളത്തിലും എത്തിനിൽക്കുന്നു.
എന്തുകൊണ്ടാണ് സമീപ കാലത്തായി ഈ രോഗം മനുഷ്യരിലേക്ക് വ്യാപിക്കുന്നത് എന്ന ചോദ്യത്തിന് മനുഷ്യർ പ്രകൃതിയോടും ജീവജാലങ്ങളോടും ചെയ്തതിെൻറ ക്രൂരതയാണ് ഉത്തരം. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ മനുഷ്യന് ഭീഷണിയായ നിരവധി രോഗങ്ങളാണ് പിറവിയെടുത്തത്. ഇതിൽ കൂടുതലും പക്ഷിമൃഗാദികളിൽനിന്ന് മനുഷ്യനിലേക്ക് പടർന്നവയാണ്. പ്രകൃതിയിലുള്ള ജീവജാലങ്ങളുടെ ആവാസകേന്ദ്രങ്ങളിലേക്കുള്ള മനുഷ്യെൻറ അധിനിവേശമാണ് ഇതിെൻറ പ്രധാന കാരണം. ‘വികസനദാഹം’ മൂത്ത മനുഷ്യൻ കാട് കൈയേറുമ്പോൾ കാട്ടുജീവികൾ നാടിറങ്ങുന്നതും ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നതും സ്വാഭാവികം. മനുഷ്യരുമായുള്ള ഇവയുടെ സമ്പർക്കം കാരണം രോഗങ്ങളും കൈമാറുന്നു. വവ്വാലുകളുടെ സ്വാഭാവിക ആവാസകേന്ദ്രങ്ങൾ ഇല്ലാതാക്കുമ്പോഴോ അവയെ പ്രകോപിപ്പിക്കുമ്പോഴോ എണ്ണം നിയന്ത്രിക്കുമ്പോഴോ നിപ വൈറസ് വവ്വാലിെൻറ ശരീരംവിട്ട് മനുഷ്യരുൾപ്പെടെ ഇതരജീവികളിലേക്ക് എത്തുന്നു.
‘ദൈവത്തിന്‍റെ സ്വന്തം നാട്’ എന്ന് വിനോദ സഞ്ചാരമേഖലയെക്കുറിച്ച് പരസ്യംചെയ്യുന്ന കേരളത്തിന് പേക്ഷ, നമ്മുടെ പ്രകൃതിസമ്പന്നതയെക്കുറിച്ച് വേണ്ടത്ര ധാരണയില്ല. പശ്ചിമഘട്ട മലനിരയിൽ വിവിധതരം ജീവികളുണ്ടെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഏതൊക്കെ, എത്ര, അവയുടെ സംഭാവനകൾ എന്തെല്ലാം എന്നിങ്ങനെ ആഴത്തിലുള്ള കണക്കിലേക്ക് പോകുമ്പോൾ നമ്മുടെ ഭരണകൂടങ്ങൾ പരാജയപ്പെടുന്നു. മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ മനുഷ്യർക്ക് തന്നെയുണ്ടാക്കുന്ന നഷ്്ടങ്ങളുടെ കൃത്യമായ കണക്കുകൾ ചൂണ്ടിക്കാട്ടിയാണ് ഡോ. നമീറിനെ പോലുള്ള പ്രകൃതി സ്നേഹികൾ സംസാരിക്കുന്നത്, സമരം ചെയ്യുന്നത്. എന്നാൽ,മണ്ണിനും മനുഷ്യനും വേണ്ടി നടത്തുന്ന ഇത്തരം സമരങ്ങളോടും പഠനങ്ങളോടും ഭരണകൂടവും സംവിധാനങ്ങളും നിഷേധാത്മക സമീപനം തുടരുക തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.