ഒത്തിരി പച്ചപ്പ് തീർക്കുന്ന ഇത്തിരിക്കുഞ്ഞന്മാർ
text_fieldsതലശ്ശേരി പാലിശ്ശേരിയിലെ അരയാൽപ്പറമ്പെന്ന വീട്ടിലേക്ക് ആദ്യമായി വിരുന്നുവന്നത് ഒരു ആൽമരമായിരുന്നു. തൊടിയിലെ മണ്ണിൽ വേരുകളാഴ്ത്തി ആകാശത്തിെൻറ നീലിമയിലേക്ക് തലയുയർത്തി വളരുന്നതിന് പകരം കേവലമൊരു ചെടിച്ചട്ടിയിലായിരുന്നു ആൽമരം പടർന്നുപന്തലിച്ചതെന്നു മാത്രം. സ്കൂൾ ക്ലാസുകളിലെ ശാസ്ത്രപാഠങ്ങളിലൂടെ മാത്രം സസ്യങ്ങളെയും വൃക്ഷങ്ങളുടെ സ്വഭാവത്തെയും അറിഞ്ഞ ഒരു 15കാരനാണ് ആൽമരത്തെ സ്വന്തം വീട്ടിലെ സ്വീകരണമുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെ മുറിയിൽ പടർന്നുപന്തലിച്ച ആൽമരത്തോടൊപ്പം 24 വർഷങ്ങൾക്കിപ്പുറം ചേർത്തുവെക്കാൻ അരയാൽപ്പറമ്പിൽ വീട്ടിൽ ഷബീർ എന്ന പഴയ 15കാരൻ സ്വന്തമാക്കിയത് നൂറോളം വൃക്ഷങ്ങൾ, എന്നാൽ എല്ലാം ഇത്തിരിക്കുഞ്ഞന്മാരാണെന്ന് മാത്രം.
വീട്ടിനടുത്ത മതിലിനിടയിൽ ഞെരിഞ്ഞമർന്ന് വളരുന്ന ആൽമരത്തെ ചെടിച്ചട്ടിയിൽ പറിച്ചുനട്ടായിരുന്നു ഷബീർ ബോൺസായ് ശേഖരത്തിന് തുടക്കമിട്ടത്. ഇപ്പോൾ ഷബീറിെൻറ വീട്ടിലെ മുറ്റവും തൊടികളും കുഞ്ഞൻ വൃക്ഷലതാദികളാൽ സമൃദ്ധമാണ്. എട്ട് വയസ്സുള്ള മഹാഗണിയും 12 വർഷമായി വളരുന്ന ഒങ്ങും വിവിധ പ്രായത്തിൽപ്പെട്ട ഫൈക്കസും തുടങ്ങി നൂറിലധികം കുഞ്ഞൻവൃക്ഷങ്ങളാണ് വീട്ടുമുറ്റത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇവയെല്ലാം ഷബീർ ക്ഷമയോടെ നട്ടുനനച്ച് വളർത്തിയതാണ്. അലങ്കാരച്ചെടിയായ ഫൈക്കസാണ് യുവാവിെൻറ ശേഖരത്തിലെ ഏറെ ആകർഷകമായ ബോൺസായ് ഇനം. ഗ്രീൻ, ബ്ലാക്ക് ഗ്രീൻ, വൈറ്റ് ആൻഡ് ഗ്രീൻ, സ്വർണനിറത്തിലുള്ള ഇലകളോടുകൂടിയ ഗോൾഡൻ ഫൈക്കസ് എന്നിവ ആരെയും ആകർഷിക്കുന്നതാണ്. കുഞ്ഞന്മാരുടെ കൂട്ടത്തിലെ മാവ് രണ്ടുതവണ കായ്ച്ച് മാങ്ങ പറിച്ച ഷബീർ ഇപ്പോൾ കുഞ്ഞന്മാരിലെ താരമായ ഉറുമാൻ മരത്തിലെ പഴം പാകമാകാനുള്ള കാത്തിരിപ്പിലാണ്. സപ്പോട്ട, നെല്ലിക്ക, അഡീനിയ, യുഫോർബിയ, കള്ളിമുൾച്ചെടി, ട്രയാംഗിൾ ഫൈക്കസ്, മഞ്ചാടി, വാക, മരമുല്ല, പ്ലം, റംബൂട്ടാൻ ഇത്തിരിക്കുഞ്ഞന്മാരുടെ നീളുന്ന പട്ടികയിൽ ഒരു നാടൻ തെങ്ങിനവും ഇപ്പോൾ വിരുന്നെത്തിയതായി ഷബീർ പറയുന്നു.
പുഷ്പോത്സവങ്ങളിലെല്ലാം സമ്മാനം നേടിയ ബോൺസായ് ശേഖരത്തിലെ ഒരെണ്ണംപോലും വിൽക്കാനും ഈ കുഞ്ഞന്മാരുടെ കൂട്ടുകാരൻ തയാറല്ല. മാർക്കറ്റിൽ മോഹവിലയാണ് ബോൺസായിക്ക് ലഭിക്കുന്നതെന്നും ഇദ്ദേഹത്തിനറിയാം. പലപ്പോഴും ഇൻറർനെറ്റ് വഴി അറിവുകൾ സമ്പാദിച്ചാണ് ബോൺസായ് പരിപാലനം നടത്തുന്നത്. കേരളം മുഴുവൻ ഇത്തിരിക്കുഞ്ഞന്മാരുടെ കൗതുകക്കാഴ്ച ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഷബീർ.
പച്ചപ്പിനെ കുപ്പിയിലുമാക്കും
കൂറ്റൻ വൃക്ഷങ്ങളെപ്പോലും കുഞ്ഞന്മാരാക്കി മെരുക്കിവളർത്തുന്ന ഷബീറിെൻറ മറ്റൊരു പ്രധാന ഹോബി പച്ചപ്പിനെ കുപ്പിയിലടക്കുന്ന ടെറാറിയം പരിപാലനമാണ്. ആകർഷകമായ പ്രത്യേകതരം കുപ്പികളിലും അക്വേറിയത്തിലും ചെടികളെ വളർത്തുന്ന ഇൗ രീതി ഇദ്ദേഹം പരിശീലിച്ചതും ഇൻറർനെറ്റിെൻറ സഹായത്തോടെ തന്നെ. വിദേശങ്ങളിൽ ടേബിൾടോപ് ഗാർഡനായി ഏറെ പ്രചാരത്തിലുള്ള ടെറാറിയം രീതി ഇംഗ്ലണ്ടിലെ സസ്യശാസ്ത്രജ്ഞനായ നദാനിയൻ ബാഗ്ഷോ വാർഡ് ആണു വികസിപ്പിച്ചെടുത്തത്.
വ്യത്യസ്തമായ ആകൃതിയും ഒതുക്കവുമുള്ള ഭംഗിയുള്ള കുപ്പികളോ ഗ്ലാസ് ഭരണികളോ ഒഴിഞ്ഞ അക്വേറിയം പെട്ടികളോ ആണ് ടെറാറിയം നിർമാണത്തിന് ആവശ്യമായി വരുന്നത്. കുപ്പിയുടെ അടിഭാഗത്ത് ഇൗർപ്പം നിലനിർത്തുന്നതിനായി അൽപം വിറകിൻകരി വിതറലാണ് ആദ്യ പടി. ശേഷം മണ്ണും ചകിരിച്ചോറും കലർത്തിയ സോയിൽബെഡ് വിരിക്കണം. ഇൗ ബെഡിൽ അധികം ഉയരംവെക്കാനിടയില്ലാത്ത ചെറുസസ്യങ്ങൾ സൂക്ഷ്മതയോടെ നട്ടുപിടിപ്പിക്കണം. കുപ്പിയുടെ മൂടി അടച്ചോ അല്ലാതെയോ ടെറാറിയത്തെ നിലനിർത്താം. പകൽസമയത്ത് നീരാവിയായി ഗ്ലാസിനു മുകളിൽ തങ്ങിനിൽക്കുന്ന ജലം രാത്രിയിൽ ഉൗർന്നിറങ്ങും.
നനക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. രണ്ടു ദിവസത്തിലൊരിക്കൽ ചെറിയ നനയാവാം, അധികമായാൽ ചെടി നശിച്ചു പോകാനിടയുണ്ട് -ഷബീർ ചൂണ്ടിക്കാട്ടുന്നു. വിദേശരാജ്യങ്ങളിൽ അലങ്കാര വസ്തുക്കളുടെ കൂട്ടത്തിൽ വില പിടിപ്പുള്ള ടെറാറിയം നമ്മുടെ നാട്ടിൽ പ്രചാരം നേടി വരുന്നതേയുള്ളൂ. എങ്കിലു ഗൃഹപ്രവേശന വേളയിലും മറ്റും സമ്മാനമായി നൽകാനും ഓഫിസുകളിലും ഷോപ്പുകളിലും വെക്കാനുമായി നിരവധിപേർ ടെറാറിയം തേടിവരുന്നതായി ഷബീർ പറയുന്നു.
വൃക്ഷങ്ങളുടെ മിനിയേച്ചർ പതിപ്പിനൊപ്പം മണ്ണും വെള്ളവുമില്ലാതെ ചുമ്മാ വളരുന്ന സസ്യങ്ങളുടെ ശേഖരവും അരയാൽപറമ്പ് എന്ന ഇൗ വീട്ടിലുണ്ട്. ആമസോൺ കാടുകളിൽ അധികമായി കണ്ടുവരുന്ന എയർ പ്ലാൻറുകളായ ടിലാൻഡ്സിയ (Tillandsias) ആണിത്. എപ്പിഫൈറ്റ്സ് വിഭാഗത്തിൽ പെടുന്ന ഇത്തരം ചെടികൾക്ക് വേര് പടർത്താൻ മണ്ണോ വളരുവാൻ വെള്ളമോ ആവശ്യമേയില്ലെന്നതാണ് പ്രത്യേകത.
സസ്യത്തിന് ആവശ്യമുള്ളതെല്ലാം വായുവിൽനിന്ന് വലിച്ചെടുക്കാൻ കഴിവുണ്ട്, സൂചിമുന പോലെ നീളത്തിലുള്ള ഇതിെൻറ ഇലകളാണ് ഇത് സാധ്യമാക്കുന്നത്. ചെറിയ രീതിയിലുള്ള പരിചരണം കൊണ്ടുതന്നെ ടെറാറിയം പോട്ടുകളിലോ ചുവരിലോ മരത്തിലോ വരെ ടിലാൻഡ്സിയ ചെടിയെ വളർത്തിയെടുക്കാം. ഇത്തരത്തിലുള്ള നാലോളം വിഭാഗത്തിൽപെട്ട 30 ചെടികളാണ് ഷബീറിെൻറ ശേഖരത്തിലുള്ളത്. കൂടുതൽ ടിലാൻഡ്സിയ സംഘടിപ്പിച്ച് പ്രത്യേകമായൊരു പ്രദർശനം നടത്താനും ഇൗ യുവാവിന് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.