ആരാണീ ആളൂര്... എന്തിന് വന്നു...
text_fieldsസിനിമക്കഥയിലെ നായകന്റെയോ വില്ലന്റെയോ എൻട്രി പോലെയാണ് സൗമ്യ വധക്കേസിൽ അഡ്വ. ആളൂർ എന്ന വക്കീലിന്റെ രംഗപ്രവേശനം. ഗോവിന്ദച്ചാമി എന്ന കൊടുംകുറ്റവാളിക്കായി മഹാരാഷ്ട്രയിൽ നിന്നെത്തുന്ന വക്കീൽ. പിന്നിൽ മുംബൈ അധോലോകം, ഭിക്ഷാടനമാഫിയ, മതംമാറ്റ മാഫിയ... ആളൂരിനെ ചുറ്റിപ്പറ്റി കഥകളേറെയിറങ്ങി. ഒന്നും നിഷേധിക്കപ്പെട്ടില്ല. എല്ലാം കേട്ട് ആളൂർ വക്കീൽ ചിരിച്ചു. ‘‘നിങ്ങളെന്തു വേണമെങ്കിലും എഴുതിക്കോളൂ, ഞാൻ അത് കാര്യമാക്കുന്നില്ല’’ -ആളൂർ പച്ച മലയാളത്തിൽ പറഞ്ഞു. പിന്നെ ആളൂരിനെ കേട്ടത് സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഇളവ് ചെയ്തപ്പോഴാണ്. ഇതെന്റെ വിജയം -അന്ന് ആളൂർ പറഞ്ഞു. സൗമ്യക്കു പിന്നാലെ ജിഷ വധക്കേസിലെ പ്രതി അമീറുൽ ഇസ്ലാമിനു വേണ്ടിയും പൾസർ സുനിക്കുവേണ്ടിയും കോട്ടണിഞ്ഞപ്പോൾ ആളുകൾ മറ്റൊരു പേരിട്ടു –സ്ത്രീവിരോധി... പൾസർ സുനിക്കുവേണ്ടി അങ്കമാലി കോടതിയിലെത്തിയ അഡ്വ. ആളൂർ തന്നെക്കുറിച്ചും ഗോവിന്ദച്ചാമിയെക്കുറിച്ചും തന്നെ ചുറ്റിപ്പറ്റിയുള്ള കഥകളെക്കുറിച്ചും സംസാരിക്കുന്നു.
ബിജു ആൻറണി ആളൂരിൽ നിന്ന് അഡ്വ. ബി.എ. ആളൂരിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു? അഭിഭാഷകനായതിനെക്കുറിച്ച്...
തൃശൂർ ജില്ലയിലെ പതിയാരം ഗ്രാമത്തിലാണ് ജനിച്ചത്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ൈപ്രവറ്റായി ബിരുദ പരീക്ഷയെഴുതിയപ്പോൾ നഷ്ടപ്പെട്ട വിഷയം ‘ലോ സ്റ്റഡീസ്’ ആയിരുന്നു. ഞാനത് എഴുതിയെടുത്തപ്പോൾ തുടങ്ങിയ താൽപര്യമാണ് നിയമപഠനത്തോട്. പിന്നീട് സഹോദരന്മാരോടൊപ്പം പുെണയിലേക്ക് പറിച്ചുനട്ടു. അവിടെ ഐ.എൽ.എസ് ലോ കോളജിൽ നിന്ന് നിയമബിരുദമെടുത്തു. പക്ഷേ, ആളൂർ വക്കീലായി എന്നത് നുണ പറയുകയാണെന്ന് പറയാൻ നാട്ടിൽ ആളുകളുണ്ടായിരുന്നു. നീ വക്കീലായത് പത്താളുകൾ അറിയേണ്ടയെന്ന് വീട്ടുകാർ. 1998ൽ അവരുടെ സമ്മർദത്തിന് വഴങ്ങി ഞാൻ നാട്ടിലെത്തി. നാലുവർഷത്തോളം ജില്ല കോടതി, വടക്കാഞ്ചേരി മജിസ്േട്രറ്റ്, മുൻസിഫ് കോടതികളിൽ പ്രാക്ടീസ് ചെയ്തു. വീടുവിട്ടുപോവണം എന്ന ചിന്ത വന്നതോടെ പുണെയിലേക്ക് തിരിച്ചുപോയി. 2003 ഡിസംബർ 31ന് മൂന്ന് കൊലപാതകക്കേസ് പ്രതികളെ പുെണ ജില്ല കോടതി വെറുതെവിട്ടതോടെ ഇതെനിക്ക് ചേരുന്ന ജോലിയാണെന്ന് ഉറപ്പിച്ചു. പിന്നീട് ഒട്ടേറെ കേസുകൾ...
സൗമ്യ, ജിഷ; ഇപ്പോഴിതാ പൾസർ സുനി... കേരളം ചർച്ചചെയ്യുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളുടെ അഭിഭാഷകനായി താങ്കളുണ്ട്?
കേരളവും മാധ്യമങ്ങളും ചർച്ചചെയ്യുന്ന കേസുകളിൽ ഞാൻ അഭിഭാഷകനായി ഉണ്ടാകുകയെന്നത് സന്തോഷകരമായ കാര്യമാണ്. ആളൂർ എവിടെയുണ്ടോ അവിടെ മാധ്യമശ്രദ്ധ വരുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമുള്ള കാര്യമാണ്. ഞാൻ ക്രിമിനൽ അഭിഭാഷകനാണ്. സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടറായി ജോലിയെടുക്കേണ്ടിവന്നിട്ടുണ്ട്. അതിനാൽ ഇരുവിഭാഗത്തിനുവേണ്ടിയും വാദിക്കേണ്ടിവരും.
ഗോവിന്ദച്ചാമിയുേടതുൾപ്പെെട വിവാദ കേസുകൾ സ്വയം ഏറ്റെടുത്ത് മാധ്യമശ്രദ്ധക്കായുള്ള ശ്രമമാണോ നടത്തിവരുന്നത്?
തീർച്ചയായും അല്ല. എന്റെ കരിയറിൽ എനിക്ക് അങ്ങോട്ടുപോയി സ്വയം കേസ് ഏറ്റെടുക്കേണ്ട ഗതികേട് വന്നിട്ടില്ല. 2011ൽ സൗമ്യ കൊലപാതകക്കേസ് പുണെയിൽ ജോലി ചെയ്തുകൊണ്ടിരുന്ന എനിക്ക് നാട്ടിൽ വരാൻ നിമിത്തമാെയന്നത് ശരിയാണ്. ഗോവിന്ദച്ചാമിക്കു വേണ്ടി കക്ഷികൾ എന്നോട് കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇത് ഇത്ര വലിയ കേസാണെന്ന് അറിഞ്ഞിരുന്നില്ല. ഒരു സായാഹ്നപത്രത്തിൽ ‘ഗോവിന്ദച്ചാമിക്കു വേണ്ടി ബോംബെ ഹൈകോടതിയിലെ അഭിഭാഷകൻ’ എന്ന വാർത്ത വന്നു. അക്കാര്യം നാട്ടിലുള്ള കൂട്ടുകാർ ഫോണിൽ വിളിച്ചറിയിച്ചു. ആ വാർത്തയാണ് കേസിനെ ഇത്രയും മാധ്യമശ്രദ്ധ കൊണ്ടുവന്നതിൽ കാരണമായതെന്ന് കരുതുന്നു. അന്ന് ഞാൻ വക്കാലത്ത് ഏറ്റെടുത്തുകഴിഞ്ഞിരുന്നു.
ആരാണ് കേസ് തന്നെതന്ന് വെളിപ്പെടുത്താമോ?
ഇല്ല. അത് പ്രഫഷനൽ സീക്രട്ട് ആണ്. അന്നും ഇന്നും എന്നും അക്കാര്യം വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല.
അധോലോകം, മതംമാറ്റ മാഫിയ, ഭിക്ഷാടനമാഫിയ എല്ലാ മാഫിയകളുടെയും ആളായാണ് സൗമ്യ കേസിൽ താങ്കൾ വന്നപ്പോൾ ചില മാധ്യമങ്ങൾ അവതരിപ്പിച്ചത്. വാസ്തവത്തിൽ താങ്കൾ ആരുടെ ആളാണ്?
നിങ്ങൾ കേട്ടതൊക്കെ കെട്ടുകഥകളാണ്. മാധ്യമങ്ങളും പല വ്യക്തികളും പറയുന്ന അധോലോകം, മയക്കുമരുന്നു മാഫിയ, മതംമാറ്റ മാഫിയ ഇതൊക്കെ കളവായ കാര്യങ്ങളാണ്. അത്തരം ഒരു ബന്ധവും എനിക്കില്ല. ബിജു ആൻറണി ആളൂർ എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഞാൻ ദൈവവിശ്വാസിയും അസ്സൽ നസ്രാണിയുമാണ്.
ആരാണ് ഗോവിന്ദച്ചാമി?
ഗോവിന്ദച്ചാമി മയക്കുമരുന്നും മറ്റും വിറ്റുനടക്കുന്ന, െട്രയിനിൽ പിടിച്ചുപറി നടത്തുന്ന ഒരു വ്യക്തി. ഗോവിന്ദച്ചാമി കുറ്റകൃത്യത്തിൽ ഒരറ്റംവരെ പങ്കെടുത്തിട്ടുണ്ട്. പക്ഷേ, കേസിൽ പറയുന്ന കുറ്റം ചെയ്തിട്ടുണ്ടെന്ന് അന്നും ഇന്നും വിശ്വസിക്കുന്നില്ല. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ, പുകക്കുള്ള കുറ്റമുണ്ട്, പക്ഷേ തീക്കുള്ള കുറ്റം അയാൾ ചെയ്തിട്ടില്ല.
ഗോവിന്ദച്ചാമി വേട്ടക്കാരനായിരുന്നോ? അതോ ഇരയായിരുന്നോ?
ഗോവിന്ദച്ചാമി ഇരയായിരുന്നു എന്ന് അവകാശപ്പെടാൻ പറ്റില്ല, എന്നാൽ, വേട്ടക്കാരനല്ലേ എന്ന് ചോദിച്ചാൽ സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ അങ്ങനെ വിമർശനം നടത്തുന്നതും ശരിയല്ല. കാരണം, വേട്ടക്കാരുടെ കേസും ഇരയുടെ കേസും യാഥാർഥ്യം പൂർണമായി ഉണ്ടെങ്കിൽ അത് നടത്താൻ ഞാൻ വിധിക്കപ്പെട്ടവനാണ്. അതിനാലാണ് കേസുമായി മുന്നോട്ടുപോയത്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ 2014 സെപ്റ്റംബർ 15ലെ സുപ്രീംകോടതി വിധി കേട്ടപ്പോൾ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാനായല്ലോ എന്ന ചാരിതാർഥ്യത്തോടെയാണ് മടങ്ങിയത്. ആ ദിവസം എന്റെ ജീവിതത്തിൽ മറക്കാനാവില്ല.
സൗമ്യ കേസിൽ പൊലീസിന് സംഭവിച്ച പിഴവ് എന്തായിരുന്നു? ചൂണ്ടിക്കാണിച്ച പല തെളിവുകളും പൊലീസ് അവഗണിച്ചുവെന്ന് താങ്കൾ ആരോപിച്ചിരുന്നു.
സൗമ്യവധം നടന്ന ദിവസം അതേ െട്രയിനിൽ 50 വയസ്സുള്ള ഒരു യാത്രക്കാരൻ ഉണ്ടായിരുന്നു. ആ യാത്രക്കാരനെ പ്രതിഭാഗം സാക്ഷിയാക്കണമെന്ന് പറഞ്ഞ് ഞാൻ ഒരു വ്യക്തിയുടെ പൂർണ അഡ്രസോടെ ലിസ്റ്റ് കൊടുത്തിരുന്നു. ഗോവിന്ദച്ചാമി െട്രയിനിന്റെ ഇടതുഭാഗത്തു കൂടെ പോയപ്പോൾ ഇയാൾ വലതു വാതിലിലൂടെ പോയെന്ന് കാണിച്ചായിരുന്നു സമൻസ് പൊലീസിന് കൊടുത്തത്. ഇയാൾ പിച്ചയെടുത്ത് നടക്കുന്നയാളാണ്. പൊലീസ് അയാളെ ഓടിപ്പിച്ചു. അയാളെ കൊണ്ടുവന്നില്ല. സമൻസ് കൊടുത്തിട്ടും അയാൾ വന്നില്ല. അതുതന്നെയായിരുന്നു പൊലീസിന്റെ ഏറ്റവും വലിയ പരാജയം. അയാളെ കണ്ടെത്താത്തതിനാൽ നേരിട്ട് തെളിവില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. അന്ന് ഞാൻ ഉന്നയിച്ച ആ യാഥാർഥ്യം സുപ്രീംകോടതി കണ്ടെത്തി എന്നതിൽ സന്തോഷമുണ്ട്. അയാൾ ഭിക്ഷാടന മാഫിയയുടെ ആളായിരുന്നു. അയാളുടെ ഫോട്ടോ, കാർഡ് എല്ലാം പൊലീസിന് കൈമാറിയിരുന്നു. പൊലീസ് അത് കോടതിയുടെ മുന്നിൽ കൊണ്ടുവന്നില്ല. അത് പൊലീസിന് തിരിച്ചടിയായി. അതിനാൽ കൊലപാതകക്കേസിന് ശിക്ഷിക്കാൻ കോടതിക്ക് സാധിച്ചില്ല.
അതിനു ശേഷമാണ് ജിഷ കൊലപാതകക്കേസിൽ പ്രതിയുടെ വക്കീലായി വരുന്നത്
അമീറുൽ ഇസ്ലാമിന്റെ കേസ് ഏറ്റെടുക്കാൻ ഞാൻ കോടതിയിൽ അപേക്ഷ കൊടുത്തിരുന്നു. കോടതി അത് അംഗീകരിച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒരെഴുത്തുമായി അമീറുൽ കോടതിയിൽ വരുന്നത്. പൊലീസ് ഭീഷണിപ്പെടുത്തിയതിനാൽ ആ എഴുത്ത് കൊടുക്കാൻ സാധിച്ചില്ല. ആ എഴുത്തിന്റെ കോപ്പി അമീറുലിന്റെ സഹോദരൻ ബദറുൽ ഇസ്ലാമിൽ നിന്ന് എനിക്ക് കിട്ടി. അപ്പോഴാണ് യാഥാർഥ്യം അറിയാൻ വേണ്ടി അമീറുലിനെ പോയി കാണുന്നത്. കേസ് കൈകാര്യം ചെയ്യുന്നത് വേറെ വക്കീലായതിനാൽ എനിക്ക് ഹാജരാകാനാവില്ലെന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നു. അധികം വൈകാതെ കേരളത്തിലുള്ള അഭിഭാഷകരെ വിശ്വാസമില്ലെന്നും അതിനാൽ അഡ്വ. ബി.എ. ആളൂരിനെ എന്റെ കേസ് ഏൽപിക്കണമെന്നും പറഞ്ഞ് ഒരു അപേക്ഷ കോടതിയിൽ അമീറുൽ നൽകുകയായിരുന്നു.
ഇപ്പോഴിതാ അഡ്വ. ടെന്നിയുമായി അസ്വാരസ്യത്തിനിടയാക്കിയാണ് പൾസർ സുനിയുടെ അഭിഭാഷകനായി താങ്കൾ എത്തിയത്. അഡ്വ. ടെന്നിയുമായി ഉണ്ടായ തർക്കം എന്തായിരുന്നു?
പ്രതിയാണ് അയാളുടെ വക്കീൽ ആരെന്ന് തീരുമാനിക്കുക. അങ്ങനെയാണ് അഡ്വ. ടെന്നിയെ മാറ്റി ഞാൻ വരുന്നത്. അഡ്വ. ടെന്നിയോട് എനിക്ക് വിരോധമില്ല. പൾസർ സുനിയുടെ വക്കാലത്ത് ഒഴിയാൻ അദ്ദേഹം തയാറായിരുന്നില്ല. എന്റെ കേസുകൾ വേറെ ഒരാൾക്ക് പോകാൻ പാടില്ല എന്ന ശാഠ്യം ശരിയല്ല. പൾസർ സുനി അവസാനംവരെ എന്നോടൊപ്പം നിൽക്കുമോ എന്നുപോലും എനിക്കറിയില്ല. എന്റെ കക്ഷിക്ക് ഞാൻ ഹാജരാകാൻ താൽപര്യമില്ലെങ്കിൽ ഞാൻ എന്നേ വക്കാലത്ത് വേണ്ടെന്നുവെച്ചേനെ.
സ്ത്രീകൾക്കെതിരായ കേസുകളിലാണോ സ്പെഷലൈസ് ചെയ്യുന്നത് എന്നു തോന്നും താങ്കൾ ഹാജരാകുന്ന പ്രധാന കേസുകൾ കണ്ടാൽ?
ഞാൻ സ്ത്രീവിരുദ്ധനൊന്നുമല്ല. ക്രിമിനൽ വക്കീൽ വിജിലന്റായി ഇരിക്കണം. സഹായം ചോദിച്ചെത്തുന്ന കക്ഷിക്ക് നിയമപരമായി ചെയ്യാൻ കഴിയുന്നത് ചെയ്തുകൊടുക്കണം. അവിടെ സെന്റിമെൻസ് ഇല്ല.
കേരളത്തിൽ സ്ത്രീപീഡനങ്ങൾ വർധിച്ചുവരുന്നത് ക്രിമിനൽ വക്കീൽ എന്ന നിലയിൽ എങ്ങനെ കാണുന്നു?
ലൈംഗികവികാരങ്ങൾ അടിച്ചമർത്തുന്നതിലെ മാനസികപിരിമുറുക്കങ്ങളാണ് കേരളത്തിലെ പല പീഡനങ്ങൾക്കും കാരണം. കേരളത്തിന് പുറത്ത് സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ ഒരുപാട് നടക്കുന്നുണ്ടെങ്കിലും കേരളത്തിേലതുപോലെ ലൈംഗിക അതിക്രമങ്ങൾ അധികം നടക്കാറില്ല. പല കേസുകളും ആസൂത്രിതമായി നടക്കുന്ന കുറ്റകൃത്യങ്ങളല്ല. പെെട്ടന്നുണ്ടാകുന്ന വികാരത്തള്ളിച്ചയിൽ ചെയ്തു പോകുന്നവയാണ് അധികവും. വളരെ കൃത്യമായ ആസൂത്രണത്തിൽ ചെയ്യുന്നവ കുറവാണ്. ഏതാണ്ട് ഇവിടത്തെ 85 ശതമാനം കേസുകളും ആ വിഭാഗത്തിൽപെടുന്നവയാണ്. സംസ്ഥാന സർക്കാറാണ് സ്ത്രീകളുടെ മാന്യത, സ്വകാര്യത, ജീവൻ ഇവയൊക്കെ സംരക്ഷിക്കേണ്ടതെന്നാണ് ഭരണഘടനയിൽ പറയുന്നത്. സർക്കാറിന് അത് സാധിക്കാതെ വാതോരാതെ സംസാരിച്ചിട്ട് കാര്യമില്ല.
‘മാധ്യമവിചാരണ’ കേസുകളെ സ്വാധീനിക്കുന്നുണ്ടെന്ന വിമർശനമുയരുന്നുണ്ട്.
മീഡിയ റേറ്റിങ് കൂട്ടാൻവേണ്ടി നിഷ്പക്ഷമല്ലാത്ത ‘മാധ്യമവിചാരണ’യോട് എനിക്ക് യോജിക്കാനാവില്ല. ഒരു ഭാഗത്തിന്റെ പക്ഷംപിടിച്ച് നിഷ്പക്ഷത ഭാവിച്ചുള്ള പ്രകടനമാണത്. എല്ലാവരും ഇരയുടെ പക്ഷമാണെങ്കിൽ അവർക്കുവേണ്ടി വാദിക്കുന്നു. പ്രതിയുടെ കൂടെയാണ് ഭൂരിപക്ഷമെങ്കിൽ അവർക്കുവേണ്ടിയും. രണ്ടു ഭാഗവും തുലനം ചെയ്തുപോകണം. അതിനാകണം മീഡിയ ശ്രമിക്കേണ്ടത്. പക്ഷേ, ജുഡീഷ്യറി നിഷ്പക്ഷമാണ്. പത്രങ്ങളുടെ സ്വാധീനത്തിൽ ജുഡീഷ്യറി കുടുങ്ങുമെന്ന് കരുതാനാവില്ല.
ഗോവിന്ദച്ചാമി ക്രിമിനലാണെന്ന് പറഞ്ഞു. അമീറുൽ ഇസ്ലാം, പൾസർ സുനി... ഇവരൊക്കെ ആരോപണവിധേയരാണ്. താങ്കൾ ദൈവവിശ്വാസിയാണെന്ന് പറഞ്ഞു. എന്നെങ്കിലും താങ്കളിലെ ദൈവവിശ്വാസം പറഞ്ഞിട്ടില്ലേ, ആളൂരേ... ഇൗ ചെയ്യുന്നത് ശരിയല്ലെന്ന്?
ഞങ്ങൾ ക്രിസ്ത്യാനികൾക്ക് പഠിപ്പിക്കുന്ന സുകൃതജപമുണ്ട്. അതിൽ പ്രധാനപ്പെട്ട സംഗതി ഇതാണ്... ജയിലിൽ പാർക്കുന്നവരെ പോയി സന്ദർശിക്കണമെന്ന്. അത് പൊതുജനങ്ങൾക്കുള്ളതാണ്, വക്കീലിനുള്ളതല്ല. പക്ഷേ, ഇത് എന്റെ ഡ്യൂട്ടിയുടെ ഭാഗമായതുകൊണ്ട് ചുമതല ഏറ്റെടുത്ത ശേഷം അവരെ സന്ദർശിക്കുന്നതിന്റെ ഒരുപടികൂടി മുന്നോട്ടുനീങ്ങി അവർക്കു വേണ്ടി കേസ് വാദിക്കുന്നതിൽ ഞാൻ തെറ്റ് കാണുന്നില്ല. ഞാൻ ഒരു ക്രിമിനൽ വക്കീലല്ലേ, എനിക്ക് ക്രിമിനലുകളുടേതല്ലാതെ പുണ്യവാളന്മാരുടെ കേസ് കിട്ടില്ലല്ലോ.
വാദിയുടെയും പ്രതിയുടെയും ഭാഗത്തുനിന്ന് ഞാൻ കേസ് വാദിക്കാറുണ്ട്. മഹാരാഷ്ട്ര സർക്കാർ ഉത്തരവനുസരിച്ച് സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടറായി പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ എസ്.സി/എസ്.ടി പീഡനവിരുദ്ധ നിയമത്തിന്റെ കീഴിലുള്ള എല്ലാ കേസുകളും സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടർ എന്ന ഉത്തരവാദിത്തം സർക്കാർ എന്നെ ഏൽപിക്കാൻ പോവുകയാണ്. ഞാൻ എന്റെ തൊഴിലിൽ വിശ്വസിക്കുന്നയാളാണ്. അതിൽ ചാരിതാർഥ്യമുള്ളയാളാണ്. ഇരക്കായാലും വേട്ടക്കാരനായാലും നീതി കിട്ടണം. കോടതി എന്നത് നീതി നടപ്പാക്കാനുള്ള സ്ഥാപനം തന്നെയാണെന്ന വിശ്വാസം എനിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.