കോവിഡ് കാലത്തെ ധർമസമരം
text_fieldsകോവിഡ് പ്രതിസന്ധി തുടങ്ങി നാടുകളും നഗരങ്ങളും ലോക്ഡൗണിലായ കാലത്താണ് കോവിഡ് ജിഹാദ്, കൊറോണ ജിഹാദികൾ തുടങ്ങിയ പ്രയോഗങ്ങൾ വെറുപ്പിെൻറ ഫാക്ടറികളിൽനിന്ന് ഉൽപാദിപ്പിക്കപ്പെടുന്നത്. ഇഷ്ടമില്ലാത്ത ഒരു സമൂഹത്തെ ഒളിഞ്ഞും തെളിഞ്ഞും വെറുപ്പിെൻറ കമ്പിമുനയിൽ കോർത്ത് ചുെട്ടടുക്കാൻ സമൂഹ മാധ്യമങ്ങളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും ഇൗ പ്രയോഗം ആവർത്തിക്കപ്പെട്ടു. ലോകത്തിെൻറ പലയിടങ്ങളിലൂടെ വ്യാപിക്കുകയും ആയിരങ്ങളുടെ ജീവനെടുക്കുകയും ചെയ്ത ഇൗ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ ഉത്തരവാദിത്തം ആരോപിച്ച് ഇന്ത്യയുടെ പല കോണുകളിലും മുസ്ലികളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കടന്നാക്രമിക്കപ്പെട്ട സംഭവങ്ങൾ പോലുമുണ്ടായി. എന്നാൽ, ഇൗ നാളുകളിൽ ഇന്ത്യക്കാർ, വിശിഷ്യാ മലയാളികൾ രണ്ടാം വീടായി കരുതുന്ന ഗൾഫ് രാജ്യങ്ങളിൽ ഒരു പോരാട്ടം നടക്കുന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ ജീവനും സ്വത്തും അന്തസും സംരക്ഷിക്കുവാൻ സ്വയം സമർപ്പിക്കുന്ന ഒരു ജിഹാദ്^ അഥവാ ധർമസമരം.
കോവിഡ് മഹാമാരിക്കെതിരെ ലോകമൊട്ടുക്ക് നടന്നുവരുന്നതും അത്തരമൊരു സമർപ്പണം തന്നെയാണ്. പകർച്ച രോഗമല്ലെ, കുറച്ചുപേർക്ക് ജീവൻ നഷ്ടപ്പെടുമെന്ന മുതലാളിത്ത ലോകവീക്ഷണത്തിൽനിന്ന് വിഭിന്നമായി ഒാരോ മനുഷ്യെൻറയും ജീവൻ രക്ഷിക്കാൻ സ്വജീവൻ സമർപ്പിച്ചുള്ള ജീവൻമരണ പോരാട്ടം. കേരളം സ്വീകരിച്ച മാനവികതയിലൂന്നിയ കോവിഡ് വിരുദ്ധ പോരാട്ട തന്ത്രങ്ങൾക്കൊപ്പം ചേർത്തുവായിക്കണം കേരളത്തിനു പുറത്ത് മലയാളികളെ സഹോദര തുല്യരായി കാണുന്ന സ്വദേശികളുമായി കൈകോർത്ത് പ്രവാസി സമൂഹം നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനത്തിെൻറ മഹത്തായ ഇൗ അധ്യായം. കോവിഡ് പ്രതിസന്ധിയിൽ നിരവധി പേർക്ക് ഗൾഫിൽ ജീവനും ജോലിയും ശമ്പളവും മനസമാധാനവുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട് എന്നത് ശരി തന്നെ. ഇൗ കുറിപ്പ് എഴുതുേമ്പാഴേക്ക് വിവിധ രാജ്യങ്ങളിലായി നൂറിലേറെ മലയാളികൾ മരണപ്പെട്ടിരിക്കുന്നു. എന്നാൽ ഒന്നുറപ്പ്, ഒരാളെപ്പോലും മരണ മുഖത്തേക്ക് വെറുതേ വിട്ടുകൊടുത്തിട്ടില്ല.
ആരോഗ്യ പ്രവർത്തകരും ഭരണകൂടങ്ങളും ആവുന്നതെല്ലാം ചെയ്തു. ജോലി നഷ്പ്പെട്ടവരും ദീർഘ അവധി മൂലം മുറികളിൽ കുടുങ്ങിപ്പോയവരും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സന്നദ്ധ സംഘങ്ങളും ജീവകാരുണ്യ^സാമൂഹിക പ്രവർത്തകരും ഒാടിനടന്നു. സർക്കാർ^സർക്കാരിതര സംഘടനകൾക്ക് പുറമെ മലയാളി റസ്റ്റാറൻറുകളുടെ കൂട്ടായ്മകൾ, പ്രവാസി സംഘടനകൾ എന്നിവരെല്ലാം പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണമെത്തിച്ചു. വാടക, വൈദ്യസഹായം, സ്കൂൾ ഫീസുകൾ ഇവയൊന്നും മുടങ്ങാതിരിക്കാൻ ആവുന്നതെല്ലാം ചെയ്തു. ലഭ്യമായ ആരോഗ്യ പശ്ചാത്തല സൗകര്യം ഉപയോഗിച്ച് ആദ്യഘട്ടത്തിൽ ചികിത്സ ഉറപ്പാക്കി. പിന്നീട് ഇൗ നാടുകളിലെ ഹോട്ടലുകളും കൺവെൻഷൻ സെൻററുകളും സ്റ്റേഡിയങ്ങളും വിശാലമായ ഫീൽഡ് ആശുപത്രികളും ക്വാറൻറീൻ കേന്ദ്രങ്ങളുമായി മാറി. അറബ് ലോകത്തെ മുൻനിര നഗരമായ ദുബൈയിൽ ഒരുക്കിയ ക്വാറൻറീൻ സമുച്ചയം ഒരുപക്ഷേ, മിഡിൽഇൗസ്റ്റിലെ തന്നെ ഏറ്റവും വലിയ സൗകര്യമാണ്. പ്രവാസ കേരളത്തിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ ആതുരസേവന സന്നദ്ധ പ്രവർത്തനത്തിെൻറ അടയാളക്കൊടി പാറുന്നുണ്ടവിടെ.
തീെപ്പാരി പടരുംമുെമ്പ
200ലധികം ദേശങ്ങളിൽനിന്നുള്ള ജനങ്ങൾ താമസിക്കുകയും ജോലി ചെയ്യുകയും വ്യാപാരങ്ങളിലേർപ്പെടുകയും ചെയ്യുന്ന രാജ്യമാണ് യു.എ.ഇ. പല വഴികളിലൂടെ കൊറോണ ഇവിടെയും ചുറ്റിയടിച്ചു. കേരളത്തിൽ ആദ്യഘട്ടത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റിവ് കേസുകളുടെ പേരിൽ സമൂഹമാധ്യമ വിചാരണ നേരിടേണ്ടിവന്ന ദേര^നാഇഫ് പ്രദേശങ്ങളെ ഇതു പിടിച്ചുലച്ചു. വമ്പൻ കേമ്പാളങ്ങളുള്ള യു.എ.ഇയിലെ അൽറാസ് മേഖലയിൽ ഒാരോ ദിവസവും വന്നുപോകുന്നത് ആയിരക്കണക്കിനാളുകളാണ്. ഇൗ വാണിജ്യകേന്ദ്രങ്ങളിൽ ജോലിചെയ്ത് കുടുംബം പോറ്റുന്ന നൂറുകണക്കിന് മനുഷ്യരുമുണ്ട്^ ഒറ്റ മുറിയിൽ അട്ടിക്കട്ടിലുകളിലായി എട്ടും പത്തും പന്ത്രണ്ടും മനുഷ്യർ ചേർന്നുകഴിയുകയായിരുന്നു ഇവിടത്തെ താമസകേന്ദ്രങ്ങളിൽ. ഭൂരിഭാഗവും ഇന്ത്യക്കാർ, അതിലേറെയും മലയാളികൾ. ഇത്രയേറെ ജനസാന്ദ്രമായ ഇൗ പ്രദേശങ്ങളിൽ വൈറസ് തീപ്പൊരിയെക്കാൾ വേഗത്തിൽ പടരുമെന്നും അത്തരമൊരു സാഹചര്യം വരുത്തിവെക്കുന്ന പ്രത്യാഘാതം ആലോചിക്കാവുന്നതിലുമപ്പുറമാണെന്നുമുള്ള തിരിച്ചറിവിൽ തുടങ്ങുന്നു സഹജീവികളോടുള്ള കരുതൽ നിറയുന്ന ആ ധർമസമരം.
ഇൗ പ്രദേശങ്ങളിലെ ഒന്നിച്ചു താമസിക്കുന്ന തൊഴിലാളികളെ അടിയന്തരമായി സാമൂഹിക അകലം പാലിക്കാൻ സൗകര്യമുള്ള സുരക്ഷിത താമസ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കണമെന്ന ആലോചന കോവിഡ് വ്യാപനത്തിെൻറ ആദ്യ ദിനങ്ങളിൽതന്നെ ദുബൈയിലെ സുമനസ്സുകളായ മലയാളി വ്യാപാരികൾക്കിടയിൽ ഉയർന്നുവന്നു. സമീപപ്രദേശങ്ങളിൽതന്നെയുള്ള ചില ഹോട്ടലുകളും മറ്റുമാണ് ആദ്യമായി അതിനായി കണ്ടുവെച്ചത്. എന്നാൽ, വ്യാപനം ശക്തിപ്പെടുന്നതിനാൽ അത്തരം സൗകര്യങ്ങൾ അപര്യാപ്തമാവും എന്ന് വ്യക്തമായി. തുടർന്നുള്ള പ്രയത്നങ്ങളും അന്വേഷണവുമാണ് മിഡിലീസ്റ്റിലെ ഏറ്റവും വലിയ കോവിഡ് പരിചരണ സമുച്ചയത്തിെൻറ പിറവിക്ക് വഴിയൊരുക്കിയത്.
ബാച്ച്ലർ മുറികളിൽ ഒന്നിച്ചു താമസിക്കുന്ന പലർക്കും കോവിഡ് പോസിറ്റിവ് ആണെന്നു കണ്ടെത്തിയതോടെ അവരുടെ െഎസൊലേഷനും സമ്പർക്കം പുലർത്തിയവർക്കുള്ള ക്വാറൻറീനും ആവശ്യമായ വിപുല സൗകര്യങ്ങൾ വേണ്ടിവരുമെന്ന് ബോധ്യമായി. സെവൻ എമിറേറ്റ്സ് ഇൻവെസ്റ്റ്മെൻറ്സ് എം.ഡി മുസ്തഫ ഉസ്മാൻ, റീജൻസി ഗ്രൂപ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്യുദ്ദീൻ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എം.ഡി ഡോ. അൻവർ അമീൻ ചേലാട്ട്, അൽമദീന ഗ്രൂപ് എം.ഡി അബ്ദുല്ല പൊയിൽ, കെ.എം.സി.സി നേതാവ് പി.കെ. അൻവർ നഹ തുടങ്ങിയ സുമനസ്സുകളുടെ തലപുകഞ്ഞുള്ള ആലോചനയിൽ രൂപംകൊണ്ട നിർദേശങ്ങൾ. ദുബൈ ആരോഗ്യ അതോറിറ്റിക്ക് മുന്നിൽ ഇതുസംബന്ധിച്ച് സമർപ്പിച്ച നിർദേശം നിമിഷ നേരം കൊണ്ട് അംഗീകരിക്കപ്പെട്ടു.
കരുതലിെൻറ വിസ്മയക്കോട്ട പണിതവർ
ഒരൊറ്റ രാത്രി കൊണ്ട് നിർമിക്കപ്പെട്ട കണ്ണഞ്ചിപ്പിക്കുന്ന കൊട്ടാരങ്ങളെക്കുറിച്ച് എമ്പാടും നമ്മൾ വായിച്ചിട്ടുണ്ട് ചെറുപ്പകാലത്തെ അറബിക്കഥകളിൽ. കഥകളിൽ മാത്രമല്ല, യഥാർഥ ജീവിതത്തിലും അതു സാധ്യമാകും എന്ന് തോന്നിപ്പിക്കും വിധമായിരുന്നു തുടർന്നുള്ള പരിശ്രമങ്ങൾ. ഡി.എച്ച്.എയുടെ അനുമതിയോടെ യു.എ.ഇയിലെ ഏറ്റവും വലുതും സമർപ്പിതവുമായ പ്രവാസി സന്നദ്ധ സേവന കൂട്ടായ്മയായ കേരള മുസ്ലിം കൾചറൽ സെൻറർ^ കെ.എം.സി.സിയാണ് ക്വാറൻറീൻ സമുച്ചയം സംബന്ധിച്ച ദൗത്യങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
അൽ വാസൽ പ്രോപർട്ടീസ് കമ്പനിയുടെ ഉടമസ്ഥതയിൽ നഗരത്തിലെ വർസാൻ മേഖലയിലുള്ള 32 കൂറ്റൻ കെട്ടിടങ്ങൾ ഇതിനായി ലഭ്യമാക്കി. ഇതുവരെ ആരും താമസിച്ചിട്ടില്ലാത്ത, നൂറുകണക്കിന് മുറികളായിരുന്നു അതിൽ. ഒാരോ മുറികളും ക്ഷണവേഗത്തിൽ ഫർണിഷിങ് ചെയ്യപ്പെട്ടു. കട്ടിലുകളും കിടക്കകളും മുതൽ കെറ്റിലുകൾ വരെ ഒരുക്കി നക്ഷത്ര ഹോട്ടൽ സൗകര്യങ്ങളുമായി ഇവ സജ്ജീകരിക്കപ്പെട്ടു. അറബിക്കഥകളിൽ കൊട്ടാരം കെട്ടിയിരുന്നത് ജിന്നുകളാണെങ്കിൽ ഇവ സാധ്യമാക്കിയത് എന്നെയും നിങ്ങളെയും പോലുള്ള മനുഷ്യരായിരുന്നു. പക്ഷേ, ആ നിമിഷങ്ങളിൽ അവർക്കൊപ്പം അനുഗ്രഹ ഗീതങ്ങളുമായി മാലാഖമാരുമുണ്ടായിരുന്നു എന്നു തീർച്ച.
രോഗികളല്ല, അവർ അതിഥികൾ
സ്വദേശിയെന്നോ വിദേശിയെന്നോ വേർതിരിവില്ലാതെ രോഗബാധിതരായ ഒാരോ മനുഷ്യനെയും കരുതലിെൻറ പുതപ്പുകൊണ്ട് ചേർത്തുപിടിച്ച ഒരു ദേശത്തിെൻറ കരുതലിെൻറ കോട്ടയായി ഇൗ കേന്ദ്രം മാറി. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജനസാന്ദ്രത കൂടിയ താമസ കേന്ദ്രങ്ങളിൽ പരിശോധന നടത്തി പോസിറ്റിവ് ആണെന്നു കണ്ടെത്തിയവരെയും അവരുമായി അടുത്ത് ഇടപഴകിയവരെയും ആരോഗ്യ അതോറിറ്റിയുടെ പട്ടിക പ്രകാരം ദുബൈ പൊലീസിെൻറ േമൽനോട്ടത്തിൽ റോഡ് ഗതാഗത അതോറിറ്റിയുടെ വാഹനങ്ങളിൽ ഇൗ കേന്ദ്രത്തിലെത്തിക്കുന്നു. ഇങ്ങനെ വന്നെത്തുന്നവരെ രോഗികളായല്ല അതിഥികളായാണ് സ്വീകരിക്കുന്നത്.
പരിശോധനകൾക്കുശേഷം മുറികളിലേക്ക് മാറ്റുന്ന അതിഥികൾക്ക് സമയാസമയം ഭക്ഷണവും സൗകര്യങ്ങളും ഒരുക്കിനൽകാൻ സമർപ്പിതരായ ഒരുകൂട്ടം വളൻറിയർമാരുണ്ട്. ഡി.എച്ച്.എ നിയോഗിച്ച ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പുറമെ കെ.എം.സി.സിയുടെ വളൻറിയർമാരായും വലിയൊരു സംഘം ഡോക്ടർമാരും നഴ്സുമാരും ആരോഗ്യപ്രവർത്തകരും കൗൺസലിങ് വിദഗ്ധരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. ക്വാറൻറീനും െഎസൊലേഷനും നിർദേശിക്കപ്പെട്ടവർക്ക് പുറമെ ഗുരുതരമല്ലാത്ത ആരോഗ്യാവസ്ഥയിലുള്ള പോസിറ്റിവ് വ്യക്തികളെയാണ് ഇവിടെ പാർപ്പിച്ച് ആവശ്യമായ ചികിത്സ നൽകുന്നത്. കൂടുതൽ വിദഗ്ധ ചികിത്സയും വലിയ പരിശോധനകളും വേണ്ടവരെ ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റുകയാണ് രീതിയെന്ന് വർസാൻ ഹോസ്പിറ്റാലിറ്റി ആൻഡ് ഹെൽത്കെയർ മാനേജ്മെൻറ് ഡയറക്ടർ മുഹമ്മദ് മത്താർ വ്യക്തമാക്കുന്നു.
കെ.എം.സി.സി മേൽനോട്ടം വഹിക്കുന്നവക്കുപുറമെ ഇന്ത്യൻ കോൺസുലേറ്റ്, ആസ്റ്റർ ഡി.എം ഹെൽത്കെയർ, എൻ.എം.സി എന്നിവയുടെ പിന്തുണയിലും ഒാരോ കേന്ദ്രങ്ങൾ വീതം ഇൗ സമുച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ട്. അവിടെയും വളൻറിയർമാരായി കെ.എം.സി.സിക്കാരുണ്ട്. ക്രൈസിസ് മാനേജ്മെൻറ് സെൽ സി.ഇ.ഒ ഡോ. അൻവർ അമീനും സഹകാരികളും വർസാനിലെ ഒാരോ ഇലയനക്കങ്ങളും ശ്രദ്ധിച്ച് വേണ്ടതെല്ലാം ഉറപ്പുവരുത്തുന്നു. മുസ്തഫ വേങ്ങര, മുസ്തഫ തിരൂർ തുടങ്ങിയ നേതാക്കൾ അണികളുടെ ആവേശവും സേവനവും അണമുറിയാതെ സൂക്ഷിക്കുന്നു.
കരൾ പറിച്ച് നൽകുന്നവർ
‘‘ഫാഷൻ ഫോേട്ടാഗ്രാഫർ എന്ന നിലയിൽ മനുഷ്യരുടെ വിവിധ ഭാവങ്ങൾ പകർത്തേണ്ടിവരാറുണ്ട്. ഫോേട്ടാഗ്രാഫറുടെ ജാക്കറ്റ് അഴിച്ചുവെച്ച് വളൻറിയറുടെ തൊപ്പിയുമിട്ട് നടക്കുേമ്പാഴും ആദ്യം മനസ്സിലുടക്കുക മനുഷ്യരുടെ മുഖഭാവങ്ങളാണ്. രോഗ ആകുലതകളോടെ വന്നെത്തുന്നവരുടെ മുഖത്തെ ആശങ്കകാണുേമ്പാൾ ഉള്ളൊന്ന് പിടയാറുണ്ട്, പക്ഷേ ഇവിടത്തെ സ്നേഹപരിചരണങ്ങൾക്കൊടുവിൽ സുഖം പ്രാപിച്ച് പൂർണ ആരോഗ്യം വീണ്ടെടുത്തെന്ന സർട്ടിഫിക്കറ്റുമായി ചെക്ക്ഒൗട്ട് ചെയ്യാൻ നിൽക്കുന്നവരെ കാണുേമ്പാൾ^ സമാധാനവും പ്രത്യാശയും നിറഞ്ഞ ആ മുഖങ്ങളെക്കാൾ സുന്ദരമായ ഭാവം ഇൗ ഭൂമുഖത്ത് കാണാനാവില്ല എന്നും തോന്നിപ്പോവാറുണ്ട്.’’ ^പ്രമുഖ ഫാഷൻ ഫോേട്ടാഗ്രാഫറും 22ാം വയസ്സിൽ കേരളത്തിലാദ്യമായി കരൾ ദാനം ചെയ്ത വ്യക്തിയുമായ അൻഷാദ് ഗുരുവായൂർ പറയുന്നു. വർസാനിൽ വളൻറിയറായി സേവനമനുഷ്ഠിക്കുന്നുണ്ട് അൻഷാദും അൽ ഖലീഫ് ഫോേട്ടാഗ്രാഫർ ബാബു രാജൻ കുനിയിങ്കലും. കമ്പനി സി.ഇ.ഒമാർ മുതൽ വിവിധ മേഖലകളിൽ വിജയമുദ്ര പതിപ്പിച്ചവരാണ് ഇവിടത്തെ ഒാരോ വളൻറിയറും. തങ്ങൾ ശീലിച്ച ജോലി മാത്രമല്ല, ഭക്ഷണം എത്തിച്ചുകൊടുക്കാനും വാഷ്റൂമുകൾ വൃത്തിയാക്കാനും ഡ്രൈവർ ജോലി ചെയ്യാനും ഇവർ റെഡി.
രാഷ്ട്രീയ ചിന്താധാരയോ സംഘടനയുടെ വ്യത്യാസങ്ങളോ ഒന്നും ഇവിടെ ഒത്തുചേരുന്നതിന് ആർക്കും തടസ്സമാവുന്നില്ല. നേർ എതിർചേരിയിലെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവരും കെ.എം.സി.സി എന്നെഴുതിയ ജാക്കറ്റ് ശരീരത്തിെൻറ ഭാഗമാണെന്ന ഭാവത്തോടെ കർമനിരതരാണ്. പ്രവാസി ഇന്ത്യയുടെയും യൂത്ത് ഇന്ത്യയുടെയും വിഖായയുടെയും അക്കാഫിെൻറയും പ്രവർത്തകരും മുറികൾ ഒരുക്കി നൽകാൻ വിയർപ്പൊഴുക്കി രംഗത്തുണ്ടായിരുന്നു. ഒരുകാര്യമറിയുക, കോവിഡിനു മാത്രമേ മരുന്നു കണ്ടുപിടിക്കാനുള്ളൂ. ഇൗ രോഗം മൂലം സംഭവിച്ച പരിക്കുകളും മുറിവുകളും ഇല്ലാതാക്കാനുള്ള മരുന്ന് ^മനുഷ്യത്വം നമ്മിൽ ഒാരോരുത്തരിലും ആവോളമുണ്ട്.
താരതമ്യേന ദുബൈയിലെ അപ്രധാനവും അപരിചിതവുമായ മേഖലകളിലൊന്നായിരുന്നു വർസാൻ. വീടുകളലങ്കരിക്കാനുള്ള ചെടികൾ വാങ്ങാനാണ് സാധാരണ ദുബൈക്കാർ അവിടേക്ക് പോകാറ്. വേനലിലും ശൈത്യത്തിലും ചാരുത പകർന്ന് ദുബൈ നഗരത്തിെൻറ മുക്കുമൂലകളിൽ പുഞ്ചിരിച്ചുനിൽക്കുന്ന പൂന്തോപ്പുകളിലേക്കുള്ള പൂക്കളും ചെടികളുമെല്ലാം ഒരുക്കുന്നത് വർസാനിലെ നഗരസഭ നഴ്സറിയിലാണ്. ആകുലതയുടെ കാലത്തും ആശ്വാസം പകർന്ന് ആ പൂക്കൾ തലയാട്ടി നിൽക്കുന്നു. അനിശ്ചിതത്വത്തിെൻറ കോവിഡ് കാലം കഴിയുേമ്പാൾ ആരൊക്കെ എവിടെയെല്ലാമാകുമെന്ന് ആർക്കുമറിയില്ല. പക്ഷേ, അന്നുമവശേഷിക്കുന്ന ദുബൈയിലെ പൂക്കളും പൂമ്പാറ്റകളും ഇനി വരുന്ന ഒാരോ തലമുറയോടും അതു പറഞ്ഞുകൊണ്ടിരിക്കും^ വർസാനിലെ ധീര യോദ്ധാക്കളെപ്പറ്റി... അവർ പലർക്കായി പകുത്തുനൽകിയ ജീവനെപ്പറ്റി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.