Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്വാതന്ത്ര്യത്തിന്‍റെ ആകാശം പണിതവർ
cancel

വീടകങ്ങളില്‍ തളക്കപ്പെട്ട പെണ്‍ജീവിതങ്ങളെ സ്വാതന്ത്ര്യത്തി​​​​​​​​​െൻറ ആകാശത്തിലേക്ക്​ എത്തിച്ച നാടകമായിരുന്നു വി.ടി. ഭട്ടതിരിപ്പാടി​​​​​​​​​െൻറ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്. സമൂഹത്തില്‍ സ്ത്രീകളുടെ മുന്നേറ്റത്തിനും ന​േവാത്ഥാനത്തിനും തുടക്കം കുറിച്ച നാടകത്തി​​​​​​​​​െൻറ പിറവിക്ക്​ പത്തു വര്‍ഷം മുമ്പ് കൊച്ചി മഹാരാജ്യത്ത് സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് ഒരു സംഘടന രൂപവത്​കരിക്ക​പ്പെട്ടു. എറണാകുളം വിമന്‍സ് അസോസിയേഷന്‍. കൃത്യമായി പറഞ്ഞാല്‍ 1919ല്‍. സ്ത്രീകള്‍ക്ക് സംവദിക്കാനും ആശയങ്ങള്‍ കൈമാറാനും അവരെ വിദ്യാഭ്യാസപരമായി മുന്നോട്ടു നടത്താനുമായാണ് എറണാകുളം വിമന്‍സ് അസോസിയേഷന്‍ രൂപം കൊണ്ടത്. ‘അറിവുള്ള സ്ത്രീകള്‍ ലോകത്തിന് ആഭരണംപോലെ അലങ്കാരമാണ്’ എന്നതായിരുന്നു ആ സംഘടനയുടെ ആപ്തവാക്യം. കേരളത്തിലെ തന്നെ ആദ്യത്തെ സ്വതന്ത്ര വനിത കൂട്ടായ്മ. സ്ത്രീകളുടെ മുന്നേറ്റം ലക്ഷ്യമിട്ട് അന്ന് തുടങ്ങിയ ജൈത്രയാത്ര നൂറാംവര്‍ഷത്തിൽ എത്തിനില്‍ക്കുകയാണ്. 

വനിത കൂട്ടായ്മ പിറക്കുന്നു
അന്നത്തെ കൊച്ചി രാജാവി​​​​​​​​​െൻറ ഭാര്യ പാറുക്കുട്ടി നെയ്ത്യാരമ്മയാണ് എറണാകുളം വിമന്‍സ് അസോസിയേഷന്‍ സ്ഥാപിക്കുന്നത്. എറണാകുളം സ്ത്രീ സമാജം എന്നായിരുന്നു അക്കാലത്ത് സംഘടന അറിയപ്പെട്ടിരുന്നത്. വീടി​​​​​​​​​െൻറ അകത്തളങ്ങളിൽ കുടുംബം നോക്കി കഴിഞ്ഞിരുന്ന സ്​ത്രീകളായിരുന്നു അക്കാലത്ത് കൂടുതലും. ഇവർക്ക് ഒരുമിച്ച് കൂടിയിരിക്കാനോ വിശേഷങ്ങൾ പങ്കുവെക്കാനോ അവസരങ്ങളുണ്ടായിരുന്നില്ല. അതിനൊരു മാർഗമെന്ന നിലക്കാണ് സ്ത്രീസമാജം എന്ന ആശയം ഉദിക്കുന്നത്. ബ്രിട്ടീഷ് വിദ്യാഭ്യാസം ലഭിച്ചിരുന്ന പാറുക്കുട്ടി നെയ്ത്യാരമ്മക്ക് സ്​ത്രീ വിദ്യാഭ്യാസത്തി​​​​​​​​​െൻറ പ്രാധാന്യവും ആവശ്യകതയും വ്യക്തമായി അറിയാമായിരുന്നു. മറ്റു സ്ത്രീകളെയും വിദ്യാഭ്യാസം നല്‍കി പ്രബുദ്ധരാക്കാനും അവര്‍ക്ക് പരസ്പരം ആശയങ്ങള്‍ കൈമാറാനും സംവദിക്കാനും സംഘടന അവസരമൊരുക്കി. വളരെ ദീർഘവീക്ഷണമുള്ള സ്​ത്രീകൂടിയായിരുന്നു പാറുക്കുട്ടി.

ernakulam-women's-association
എറണാകുളം വിമൻസ്​ അസോസിയേഷൻ കെട്ടിടം
 


പത്തു വര്‍ഷത്തോളം അവർ തന്നെയായിരുന്നു സംഘടനയുടെ പ്രസിഡൻറ്​. തുടര്‍ന്ന് രാജകുടുംബാംഗമായിരുന്ന ലക്ഷ്മിക്കുട്ടി നെയ്ത്യാരമ്മ ആ സ്ഥാനത്തേക്ക് കടന്നുവന്നു. അമ്പാടി കാര്‍ത്ത്യായിനി, ടി.സി. കല്യാണിഅമ്മ, ജസ്​റ്റിസ് ജാനകി അമ്മ, മീനാക്ഷി എൻ. മേനോൻ, ശാരദ അയ്യർ, രാധാമണി മുരളീധരൻ,  അമ്മിണി അമ്മ, സുജാത നായർ, ലക്ഷ്മി ഗോപാലൻ, ശോഭ തമ്പി, മീന അനന്ത നാരായൺ തുടങ്ങി നിരവധി പേര്‍ വിവിധ കാലങ്ങളിലായി അസോസിയേഷൻ സാരഥികളായി. ഇപ്പോഴത്തെ പ്രസിഡൻറ്​ ശ്രീകുമാരി സുന്ദരവും സെക്രട്ടറി രോഹിണി പ്രസാദുമാണ്. മഹാരാജാസ് കോളജിനടുത്തായിരുന്നു ആദ്യ ഓഫിസ്. കോളജ് ആരംഭിച്ചപ്പോള്‍ സ്ഥലം വിട്ടുകൊടുക്കേണ്ടിവന്നു. തുടര്‍ന്ന് വളഞ്ഞമ്പലത്തായിരുന്നു ഓഫിസ് പ്രവര്‍ത്തിച്ചത്. 1992ല്‍ എറണാകുളം സൗത്തിലേക്ക് മാറ്റി. 1947ല്‍ ദര്‍ബാര്‍ ഹാളിന് എതിര്‍വശത്തായി അസോസിയേഷന് സ്വന്തമായി കെട്ടിടം പണിതു. ലേഡി മൗണ്ട് ബാറ്റണായിരുന്നു കെട്ടിടത്തി​​​​​​​​​െൻറ ഉദ്ഘാടനം നിര്‍വഹിച്ചത്. വെറുമൊരു സ്ത്രീ കൂട്ടായ്മ എന്നതിനപ്പുറം സമൂഹത്തിനു വേണ്ടി തങ്ങളാൽ കഴിയുംവിധം എന്തെങ്കിലും ചെയ്യണമെന്ന് അവർ തുടക്കം ഉറപ്പിച്ചിരുന്നു. നൂറു വർഷങ്ങൾ പിന്നിടുമ്പോഴും ആ കാര്യത്തിൽ ഇന്നും മാറ്റമുണ്ടായിട്ടില്ല.

വായനയിലൂടെ പ്രബുദ്ധരാവുക
സ്ത്രീകളെ വായനയുടെ ലോകത്തേക്ക് കൈപിടിക്കാനായി അസോസിയേഷൻ നേതൃത്വത്തില്‍ 1954 ലാണ്  ലൈബ്രറി ആരംഭിക്കുന്നത്. ചിന്തയെയും അറിവുകളെയും തേച്ചുമിനുക്കാനും ലോകത്തെ കൂടുതല്‍ തെളിച്ചത്തോടെ നോക്കിക്കാണാനും ഈ വായനപ്പുര സ്ത്രീകളെ സഹായിച്ചു. സ്ത്രീകള്‍ക്ക് മാത്രമായൊരു ലൈബ്രറി എന്നത് അക്കാലത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമായിരുന്നു. പുസ്തകങ്ങളെ കൂട്ടുപിടിക്കാന്‍ തുടങ്ങിയപ്പോള്‍ അത് വായനയുടെ വിശാലലോകമാണ് തുറന്നുവന്നത്​. ആഴ്ചതോറും പുസ്തക നിരൂപണവും ചര്‍ച്ചകളും സംഘടിപ്പിച്ചു. വിപണിയില്‍ ഇറങ്ങുന്ന ഒട്ടുമിക്ക പുസ്തകങ്ങളും ലൈബ്രറിയിലെ അലമാരയില്‍ സ്ഥാനംപിടിച്ചു. ഇന്ന് ലൈബ്രറി കൗണ്‍സിലി​​​​​​​​​െൻറ എ ഗ്രേഡ് ഈ ലൈബ്രറിക്ക് സ്വന്തമാണ്. ആദ്യകാലത്ത് സ്ത്രീകള്‍ക്ക് മാത്രമാണ് ലൈബ്രറി സൗകര്യമെങ്കില്‍ ഇന്ന് എല്ലാവര്‍ക്കും ഇവിടെ അംഗത്വമെടുക്കാം.

ernakulam-women's-association
1947ൽ അസോസിയേഷ​ൻ കെട്ടിടം ലേഡി മൗണ്ട് ബാറ്റൺ ഉദ്ഘാടനം ചെയ്​തപ്പോൾ
 


ഏകദേശം 700 അംഗങ്ങള്‍ ഇന്ന് ഈ ലൈബ്രറിയിലുണ്ട്. ലൈബ്രറിയെപ്പോലെ അസോസിയേഷന്‍ കൊണ്ടുവന്ന മറ്റൊരു ആശയമായിരുന്നു കുട്ടികള്‍ക്കുള്ള നഴ്‌സറി സ്‌കൂള്‍. 64 വര്‍ഷം മുമ്പ് നഴ്‌സറി സ്‌കൂള്‍ എന്ന് കേരളത്തിലുള്ളവര്‍ കേട്ടിട്ട് പോലുമില്ലായിരുന്നു. കൂടാതെ സ്ത്രീകൾക്ക് ചെസ്, ഷട്ടിൽ, കാരംസ് തുടങ്ങിയ കായിക വിനോദങ്ങളിൽ ഏർപ്പെടാനുള്ള അവസരവും ഒരുക്കിയിരുന്നു. എല്ലാ വർഷവും കായിക മേളകളും നടത്തുന്നു. സ്ത്രീ ഉന്നമനം ലക്ഷ്യമിട്ടാണ് തുടങ്ങിയതെങ്കിലും സംഘടനയുടെ വളര്‍ച്ചക്കൊപ്പം സമൂഹത്തി​​​​​​​​​െൻറ പല മേഖലയിലേക്കും അസോസിയേഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ലോകയുദ്ധകാലത്ത് നാട്ടിലെങ്ങും പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിവാണപ്പോള്‍ അരിയും മറ്റ് അവശ്യസാധനങ്ങളുമായി അസോസിയേഷന്‍ ഭാരവാഹികള്‍ മുന്നിട്ടിറങ്ങി. പട്ടിണികിടന്നു മരിക്കുമെന്നുറപ്പിച്ചിരുന്ന എത്രയോ കുടുംബങ്ങള്‍ക്ക് മുന്നിലേക്ക് അവരുടെ സഹായഹസ്തം നീട്ടി.

റെഡ് ക്രോസ് സൊസൈറ്റിയിലും വളരെ സജീവമായിരുന്നു സംഘടന. 100 വര്‍ഷം മുമ്പ് തുടങ്ങിയ ഈ സേവനങ്ങള്‍ ഇന്നും തുടരുന്നു. 10 രൂപയുടെ സഹായം ചെയ്താല്‍ 100 പേരോട് കൊട്ടിഘോഷിച്ച് നടക്കുന്നവരുടെ കൂട്ടത്തില്‍നിന്ന്​ തെല്ല് വേറിട്ടാണ് അന്നും ഇന്നും അസോസിയേഷന്‍ മുന്നോട്ട് പോകുന്നത്. 
സഹായങ്ങള്‍ ചെയ്തതിനെക്കുറിച്ച് ഒരിക്കലും മേനിപറഞ്ഞ് നടക്കരുതെന്ന് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ഈ കാലത്തിനിടക്ക് ചെയ്യാത്ത സഹായങ്ങളില്ല. കേരളത്തിലെ ഒട്ടുമിക്ക അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും ഭക്ഷണവും വസ്ത്രവുമെല്ലാം മുടങ്ങാതെ എത്തിക്കും. വീടില്ലാത്ത നിര്‍ധനര്‍ക്ക് വീട് നിര്‍മിച്ചുകൊടുക്കല്‍, മരുന്ന് വാങ്ങാന്‍ പോലും കാശില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് വേണ്ട മരുന്ന്​ മുടങ്ങാതെ എത്തിക്കുക, നിര്‍ധന വിദ്യാര്‍ഥികളുടെ പഠനച്ചെലവ് ഏറ്റെടുക്കല്‍ അങ്ങനെ നിരവധി കാര്യങ്ങള്‍.

നൂറിൽ ആർഭാടങ്ങളില്ല, ഓർമപ്പെടുത്തൽ മാത്രം
അസോസിയേഷ​​​​​​​​​െൻറ നൂറാം ജന്മദിനം കടന്നുവരുമ്പോഴും കാരുണ്യപ്രവൃത്തിയിലൂന്നിയ ആഘോഷങ്ങള്‍ മാത്രമാണ് സംഘടിപ്പിക്കുന്നത്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള ആഘോഷം മതിയെന്നത് അംഗങ്ങള്‍ കൂട്ടമായി എടുത്ത തീരുമാനമായിരുന്നു. ഇത്രയും വർഷം ഇങ്ങനെയൊരു സംഘടന ഈ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് ഒന്ന് ഓർമപ്പെടുത്താൻ മാത്രമാണ് നൂറാം വാർഷികം ആഘോഷിക്കാൻ തീരുമാനിച്ചതെന്ന് പ്രസിഡൻറ്​ കുമാരി സുന്ദരം പറയുന്നു. മുൻഗാമികൾ ചെയ്തതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുമായ പല കാര്യങ്ങളും സമൂഹത്തിൽ പലർക്കും അറിയില്ല. അറിയണമെന്ന് ഞങ്ങൾക്ക് ആർക്കും ആഗ്രഹവുമില്ല. എങ്കിലും ഓർമപ്പെടുത്തൽ എന്ന നിലക്ക് മാത്രം ചെറിയ ആഘോഷം ജനുവരിയിൽ നടത്തും. ഒരു വർഷം നീണ്ടുനിന്ന നൂറാം വാർഷിക പരിപാടികളുടെ സമാപനവും അന്നു തന്നെ നടത്തും.

അമ്മമാരുടെ വിമാനയാത്രയും ക്ഷേത്രദർശനവും
വിശ്രമജീവിതം നയിക്കേണ്ട പ്രായത്തിലും മൂന്നും നാലും വീടുകളിൽ ജോലിയെടുത്ത് കുടുംബം നോക്കുന്ന എത്രയോ പേർ എറണാകുളം നഗരത്തിലുണ്ട്. മറ്റുള്ളവരുടെ അടുക്കളയിലും അകത്തളങ്ങളിലും കഴിയുന്ന 15 ഓളം പേരെ കണ്ടെത്തി ഒരു വിമാനയാത്ര സംഘടിപ്പിച്ചു. ജീവിതത്തിൽ ഇ​േന്നവരെ ​ട്രെയിനിൽ പോലും കയറാത്തവരായിരുന്നു അവരിൽ ഭൂരിഭാഗം പേരും. എല്ലാവരും 60 വയസ്സിന് മുകളിലുള്ളവർ. കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് അവർ മേഘങ്ങൾ തൊട്ടുരുമ്മി പറന്നു. അവിടെയിറങ്ങി ഒരു ദിവസം മുഴുവൻ  തിരുവനന്തപുരം നഗരത്തിൽ കറക്കം. തിരിച്ചുവീണ്ടും എറണാകുളത്തേക്ക്...

Parukutty-Neythyaramma
അസോസിയേഷൻ സ്ഥാപക പാറുക്കുട്ടി നെയ്ത്യാരമ്മ
 


പ്രശസ്തമായ വൃദ്ധസദനത്തിലെ 30 ഓളം അമ്മമാർ. കാത്തിരിക്കാനോ വിരുന്നു പോകാനോ ഒന്നുമില്ലാത്തവർ. അവർക്ക് എല്ലാവർക്കും പുറത്തുപോകണം, ക്ഷേത്രദർശനം നടത്തണം. 80നും മുകളിൽ പ്രായമുള്ളവരാണ് മിക്കവരും. പലർക്കും നിവർന്ന് നടക്കാൻപോലും പറ്റാത്ത അവസ്ഥ. അവരെ വണ്ടിയിൽ ക്ഷേത്രത്തിൽ കൊണ്ടുപോയി. ഭക്ഷണം പാർസൽ വാങ്ങാമെന്ന് പറഞ്ഞപ്പോൾ അവരാരും മിണ്ടുന്നില്ല. മടിച്ചു മടിച്ചാണെങ്കിലും ആ അമ്മമാർ കാര്യം പറഞ്ഞു. ഞങ്ങൾക്ക് ഹോട്ടലിൽ പോയി കഴിക്കാൻ ആഗ്രഹമുണ്ട്. ഇനി ജീവിതത്തിൽ ഹോട്ടലിൽ പോയി കഴിക്കാൻ പറ്റുമോ എന്നറിയില്ല. അവരുടെ ആഗ്രഹം പോലെ നല്ലൊരു ഹോട്ടലിൽ കൊണ്ടുപോയി ഉച്ചഭക്ഷണം വാങ്ങിച്ചു നൽകി. മനസ്സും വയറും നിറഞ്ഞാണ് അവർ തിരിച്ച് വൃദ്ധസദനത്തിലേക്ക് പോയത്. ഈ അമ്മമാരുടെ ജീവിതത്തിലെ ഒരിക്കലും മറക്കാത്ത രണ്ടു ദിനങ്ങൾ സമ്മാനിച്ചായിരുന്നു അസോസിയേഷ​​​​​​​​​െൻറ നൂറാം വാർഷിക ആഘോഷങ്ങൾ തുടങ്ങിയത്. പിന്നീട് നഗര ശുചീകരണം, വിദ്യാർഥികൾക്കും അധ്യാപകർക്കും ബോധവത്കരണ ക്ലാസുകൾ, കുട്ടികൾക്ക് മത്സരങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളും ഇതിന് തുടർച്ചയായി ചെയ്തു.

അവരുടെ പുഞ്ചിരിക്കായി ‘ശ്രദ്ധ’ 
മാനസിക വെല്ലുവിളി നേരിടുന്ന കുഞ്ഞുങ്ങള്‍ എന്നും മാതാപിതാക്കള്‍ക്ക് തീരാ വേദനയാണ്. ഒരുപ്രായം കഴിഞ്ഞാല്‍ പിന്നെ അവരെ സ്‌കൂളുകളിലോ മറ്റു സ്ഥാപനങ്ങളിലോ തുടരാന്‍ അനുവദിക്കില്ല. ഈ സങ്കടം മനസ്സിലാക്കിയാണ് 1990 ല്‍ വിമന്‍സ് അസോസിയേഷന്‍ ശ്രദ്ധ സ്‌പെഷൽ സ്‌കൂള്‍ ആരംഭിക്കുന്നത്. ശാരദാമണി മുരളീധരന്‍ ആയിരുന്നു ശ്രദ്ധയുടെ സ്ഥാപക. അഞ്ചുകുട്ടികളുമായി തുടങ്ങിയ സ്‌കൂളില്‍ ഇന്ന് 46 കുട്ടികളുണ്ട്. എട്ടു മ​ുതൽ 47 വയസ്സ്​ വരെയുള്ളവരാണ് ശ്രദ്ധയിലെ വിദ്യാര്‍ഥികള്‍. സ്വന്തം വീടുപോലെ അവര്‍ക്ക് പരിചരണം നല്‍കുന്നു. 

നന്നായി പാട്ടുപാടുന്ന, നൃത്തമാടുന്ന, ചിത്രം വരക്കുന്ന മിടുക്കരും മിടുക്കികളും ‘ശ്രദ്ധ’യിലുണ്ട്. സ്വന്തം പ്രാഥമികാവശ്യങ്ങള്‍പോലും നിറവേറ്റാന്‍ ഇപ്പോഴും അറിയാത്തവരും ഇവരുടെ കൂട്ടത്തിലുണ്ട്. പരിശീലനം ലഭിച്ച അഞ്ചു അധ്യാപകരാണ് ഇവരെ പരിചരിക്കുന്നത്. പിന്നെ പാട്ടിനും കലക്കും രണ്ടു അധ്യാപകരും. ഇവരെ കൊണ്ടുവരാനും വീട്ടില്‍ വിടാനുമായി ഒരു ബസുമുണ്ട്. ഒറ്റ​ക്ക്​ നടന്ന് ബസ്​സ്​റ്റോപ്പിലെത്താന്‍പോലും സാധിക്കാത്തവരാണ് ഇവരില്‍ പലരും. അതുകൊണ്ടുതന്നെ ഓരോ വിദ്യാര്‍ഥിയുടെയും വീടിനു മുന്നിലേക്ക് ബസ് എത്തും. ഉൾപ്രദേശങ്ങളിലാണ്​ മിക്കവരുടെയും വീട്. എല്ലാവരെയും കയറ്റി കൊച്ചിയിലെ ബ്ലോക്കും കഴിഞ്ഞ് ശ്രദ്ധയിലെത്തുമ്പോൾ ഒരു സമയമാകും. എന്നാലും രക്ഷിതാക്കൾക്ക് പരാതിയില്ല. മക്കളെ വീട്ടിൽ പൂട്ടിയിട്ടും മറ്റും ജോലിക്ക് പോവേണ്ടി വന്നവരാണ് ഈ രക്ഷിതാക്കളിൽ പലരും. അതിനൊരു മാറ്റം വന്നത് ശ്രദ്ധ തുടങ്ങിയപ്പോഴാണ്.

ernakulam-women's-association
ശ്രദ്ധ സ്ക്കൂളിലെ കുട്ടികൾ
 


കുട്ടികൾക്ക് പേപ്പര്‍ ബാഗ്, ആഭരണ ബാഗ്, ടേബിള്‍ മാറ്റ് നിർമാണം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നുണ്ട്. ഇവിടെ നിന്നുപോയ ചിലരെല്ലാം സ്വന്തം നിലയില്‍ വരുമാനമുണ്ടാക്കി ജീവിക്കുന്നു എന്നത് ശ്രദ്ധയുടെ വലിയ നേട്ടങ്ങളിലൊന്നാണ്. സമൂഹത്തി​​​​​​​​​െൻറ വിവിധ കോണുകളില്‍നിന്ന്  തള്ളിമാറ്റപ്പെടുന്ന പ്രത്യേകം ശ്രദ്ധ നല്‍കേണ്ട  കുട്ടികളുടെ പുഞ്ചിരിക്കുവേണ്ടിയാണ് ശ്രദ്ധ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഈ സ്‌കൂളിനെ കുറിച്ച് കേട്ടറിഞ്ഞ് പല നാടുകളില്‍നിന്ന് രക്ഷിതാക്കള്‍ എത്തുന്നുണ്ട്. പക്ഷേ, അത്രയും കുട്ടികളെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമില്ലാത്തതിനാല്‍ ഇവരെ മടക്കി അയക്കേണ്ടി വരുന്നു. സര്‍ക്കാറില്‍നിന്ന് നാമമാത്ര ഫണ്ടാണ് ശ്രദ്ധക്ക് ലഭിക്കുന്നത്. ഇവിടെ പഠിക്കുന്ന കുട്ടികളില്‍ 95 ശതമാനവും പാവപ്പെട്ട ചുറ്റുപാടില്‍നിന്ന് വരുന്നവരാണ്. എല്ലാ ചെലവും അസോസിയേഷനാണ് വഹിക്കുന്നത്. സുമനസ്സുകളുടെ സഹായം കൊണ്ടും അസോസിയേഷന്‍ അംഗങ്ങള്‍ സ്വന്തം കൈയില്‍നിന്ന്​ എടുത്തുമാണ് സ്‌കൂള്‍ നടത്തിക്കൊണ്ടുപോകുന്നത്. അധ്യാപകരുടെ ശമ്പളമടക്കം ഓരോ വര്‍ഷവും ഭീമമായ തുകയാണ് ‘ശ്രദ്ധ’ക്ക് വേണ്ടിവരുന്നത്. 

കുട്ടികളെ സുരക്ഷിതമായി വീടുകളിലെത്തിക്കാൻ ബസ്​ അനുവദിക്കാമെന്ന് ഹൈബി ഈഡൻ എം.എൽ.എ ഉറപ്പു നൽകിയിട്ടുണ്ട്. അസോസിയേഷ​​​​​​​​​െൻറ നൂറാം വാർഷികത്തോടനുബന്ധിച്ച് മറ്റ് സ്പെഷൽ സ്​കൂളുകളിലെയും ശ്രദ്ധയിലേയും കുട്ടികൾ നിർമിച്ച വസ്​തുക്കളുടെ വിപണന മേള വൻ വിജയമായിരുന്നു. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഇനിയും ശ്രദ്ധക്കുവേണ്ടി ചെയ്യണമെന്നുണ്ട്. പക്ഷേ, പണം കണ്ടെത്തുക എന്നത് മാത്രമാണ് ഇവര്‍ക്ക് മുന്നിലെ പ്രധാന വെല്ലുവിളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsernakulam women's associationParukutty NeythyarammaCentenary YearLifestyle News
News Summary - ernakulam women's association At Centenary Year -Lifestyle News
Next Story