ചരിത്രത്തിലേക്ക് വളയം പിടിച്ചവർ
text_fields2017 സെപ്റ്റംബർ 26ന് അർധരാത്രിയോടടുത്താണ് സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കി സൽമാൻ രാജാവ് പ്രത്യേക വിളംബരം പുറപ്പെടുവിച്ചത്. 2018 ജൂൺ 24 മുതലാണ് നിരോധനം നീങ്ങുകയെന്നും പ്രഖ്യാപിച്ചു. വനിതകൾക്കായി എല്ലാ സൗകര്യവും ഒരുക്കാനായിരുന്നു ആറുമാസത്തെ സമയം അനുവദിച്ചത്. സർക്കാർ തീരുമാനം നടപ്പാക്കാൻ വേണ്ടിയുള്ള ഒരുക്കം രാജകൽപന വന്നയുടൻ തകൃതിയായി തുടങ്ങി. ആത്മാർഥമായി സ്ത്രീകളെ പരിഗണിച്ചുകൊണ്ടുള്ള ഒരുക്കം. സർക്കാർ മേൽനോട്ടത്തിൽ ഡ്രൈവിങ് സ്കൂളുകൾ, പരിശീലന പരിപാടികൾ, ലൈസൻസ് നടപടികൾ, സ്ത്രീകൾക്ക് മാത്രമായി പാർക്കിങ് സൗകര്യപ്പെടുത്തൽ, അവരുടെ സുരക്ഷക്കാവശ്യമായ നിയമനിർമാണം എന്നിവയെല്ലാം കൃത്യമായി ഏർപ്പാടാക്കി. ഒടുവിൽ ഒറ്റ രാത്രികൊണ്ട് വിലക്കുകളെല്ലാം പഴങ്കഥയായി.
സ്വാതന്ത്ര്യം അർധരാത്രിയിൽ
കൗതുകകരമായിരുന്നു അന്നത്തെ അർധരാത്രി. ഘടികാര സൂചി ജൂൺ 24നെ തൊട്ട പുലരിയിൽ തന്നെ ആഘോഷപൂർവം സൗദി നഗരങ്ങളിലെ രാജപാതകളിലേക്ക് അവർ കാറോടിച്ചുവന്നു. നിലാവുദിച്ചുനിന്ന രാവിൽ ഡ്രൈവിങ് സീറ്റിലിരുന്ന് അവർ ചരിത്രത്തിലേക്ക് സ്വപ്നയാത്ര നടത്തി. നിയോൺ വെളിച്ചങ്ങൾ രാവിനെ പകലാക്കുന്ന മഹാനഗരങ്ങളിലെ വെളിച്ചത്തിൽ അവർ സന്തോഷത്തിെൻറ മാലാഖമാരായി തിളങ്ങി. പാതയോരങ്ങളിൽ ട്രാഫിക് പൊലീസ് അവർക്ക് പൂച്ചെണ്ടുമായി കാത്തിരുന്നു. വാഹനങ്ങൾ തടഞ്ഞുനിർത്തി പൊലീസ് പനിനീർപ്പൂക്കൾ സമ്മാനിച്ചു. അഭിവാദ്യംചെയ്യാൻ പുരുഷസമൂഹം വഴിയോരങ്ങളിൽ തടിച്ചുകൂടി. കോർണിഷുകളിൽ വനിതകൾ വട്ടംകൂടിനിന്ന് സെൽഫിയെടുത്തു. അതിർത്തിരാജ്യങ്ങളായ ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽനിന്ന് സൗദി വനിതകളുടെ സന്തോഷത്തിൽ പങ്കുചേരാൻ സഹോദരിമാർ കാറോടിച്ചെത്തി. വഴിയരികിൽ വണ്ടിനിർത്തി ഇറങ്ങിവന്ന് അവർ പരസ്പരം ആലിംഗനം ചെയ്തു. പൂക്കൾ കൈമാറി. കാൽപനികമായിരുന്നു ചിലരുടെ ആഹ്ലാദപ്രകടനങ്ങൾ.
അൽഖോബാറിലെ കടൽത്തീര വസതിയിൽനിന്ന് സമാ അൽഗുസൈബി എന്ന സൗദി വ്യാപാര പ്രമുഖ ആറു ദശകം പ്രായമുള്ള ഷെവർലെ കാറുമായി റോഡിലേക്കിറങ്ങിയത് 24ന് അർധരാത്രി 12 മണിയോടെ. വീട്ടുമുറ്റത്ത് തുടച്ചുമിനുക്കി നിർത്തിയിട്ട 1959 മോഡൽ ഷെവർലെയുടെ ഏറ്റവും വിശിഷ്ടമായ സീരീസിൽ പെട്ട കോർവെറ്റ് സി.വൺ വിേൻറജ് കാറിൽ അവർ യാത്രക്കൊരുങ്ങുന്ന ദൃശ്യം മാധ്യങ്ങളിൽ ഇടംനേടി. രാജ്യത്തിെൻറ മാറ്റത്തിെൻറ ചക്രത്തിനു പിന്നിൽ ഇരിക്കാൻ അവസരം ലഭിച്ചതുവഴി താൻ ആദരിക്കപ്പെട്ടിരിക്കുന്നു എന്നായിരുന്നു സമായുടെ പ്രഖ്യാപനം. ഉമ്മയുടെ ലെക്സസ് കാറുമായി ശൂറ കൗൺസിൽ അംഗം ലീന അൽ മഇൗന പ്രതീകാത്മകമായി നിരത്തിലിറങ്ങി. എന്നെക്കുറിച്ച് മാത്രമല്ല, സൗദി അറേബ്യയിലെ മുഴുവൻ വനിതകളെക്കുറിച്ചും ആഹ്ലാദം തോന്നുന്നു എന്നായിരുന്നു റിയാദ് നഗരത്തിൽ ആദ്യമായി നിരത്തിലിറങ്ങിയ ഡോ. തഗ്രീദ് അൽ ഹാലി പ്രതികരിച്ചത്.
ആഹ്ലാദം സൗദിയിലൊതുങ്ങിയില്ല എന്നതാണ് രസകരം. ലോസ് ആഞ്ജലസിൽ താമസക്കാരിയായ സൗദി പാെട്ടഴുത്തുകാരിയും ഗായികയുമായ തംതം ജൂൺ 24െൻറ സന്തോഷത്തിൽ പങ്കുചേരാൻ പാശ്ചാത്യ സംഗീത വിഡിയോ ആൽബം പുറത്തിറക്കി. സന്തോഷത്തിെൻറ പാട്ടുപാടി ലോസ് ആഞ്ജലസിെൻറ തെരുവീഥികളിലൂടെ തംതമും കൂട്ടുകാരികളും വില്ലീസിൽ കറങ്ങുന്ന വിഡിയോ ആൽബം സൗദിയിലെ വനിതകൾക്ക് അവിടെ നിന്നുള്ള െഎക്യദാർഢ്യമായിരുന്നു. ഫ്രഞ്ച് ഗ്രാൻഡ്പ്രീ സർക്യൂട്ടിൽ ഫോർമുല വൺ കാർ ഒാടിച്ചായിരുന്നു സൗദി അറേബ്യൻ മോേട്ടാർ സ്പോർട്സ് ഫെഡറേഷനിലെ ആദ്യ വനിത അംഗം അസീൽ അൽ ഹമദ് ചരിത്രദിനത്തിലെ സന്തോഷത്തിൽ പങ്കുചേർന്നത്.
ഡ്രൈവർ സീറ്റിലിരുന്ന് റീം ഫറാഹത് കരഞ്ഞു
കാറീം ഒാൺലൈൻ ടാക്സിയിലെ ആദ്യ വനിത ഡ്രൈവർമാരിലൊരാളാണ് റിയാദിലെ റീം ഫറാഹത്. ജൂൺ 24െൻറ പുലരിക്കായി അവരും അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. ‘‘ഡ്രൈവിങ് സീറ്റിലേക്ക് കയറിയിരുന്നപ്പോൾ കണ്ണു നിറഞ്ഞുപോയി. താൻ സ്വപ്നത്തിലാണോ എന്ന് സംശയിച്ചുപോയി. മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത വിങ്ങൽ. സൗദിയുടെ നിരത്തുകളിലൂടെ ഞാൻ വണ്ടിയോടിക്കുകയാണെന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാനാവാത്ത അവസ്ഥ’’ -റീമിെൻറ പ്രതികരണം ഇങ്ങനെയായിരുന്നു.
ലൈല ആശ്രി എന്ന യാത്രക്കാരിയാണ് റീമിെൻറ ആദ്യ കസ്റ്റമർ. അവരുടെ അടുത്തെത്തുന്നതുവരെ തെൻറ ആദ്യ കസ്റ്റമറെ കാണാനുള്ള തിടുക്കവും കൗതുകവും. ആദ്യ ഒാൺലൈൻ വനിത ടാക്സിക്കാരിയെ കണ്ടപ്പോൾ ലൈലയും സന്തോഷത്തിൽ വീർപ്പുമുട്ടി. തിരക്കുള്ള നഗരത്തിലൂടെ ലൈലയെ കാറിലിരുത്തി റീം ഫറാഹത് വണ്ടിയോടിക്കുേമ്പാൾ അത് ഇരുവർക്കും പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് നൽകിയത്. സ്ത്രീകൾക്ക് വാഹനേമാടിക്കുന്നതിന് വിലക്ക് നീക്കിയ ഉടൻ പ്രമുഖ ഒാൺലൈൻ ടാക്സി കമ്പനികളും സ്ത്രീഡ്രൈവർമാരെ നിയമിക്കാൻ തുടങ്ങിയിരുന്നു. കാറീം, ഉബർ തുടങ്ങിയ കമ്പനികൾ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വമ്പിച്ച പ്രതികരണമായിരുന്നു എന്നതും കൗതുകമായി. മൂവായിരത്തോളം അപേക്ഷകരാണ് കാറീമിന് മാത്രം ലഭിച്ചത്. കമ്പനികൾ സൗദിയിൽ വനിത ഡ്രൈവർമാരെ നിയോഗിക്കാൻ പ്രേത്യക താൽപര്യമെടുക്കാൻ കാരണം അവരുടെ കസ്റ്റമേഴ്സിൽ 80 ശതമാനവും സ്ത്രീകളാണ് എന്നതുകൊണ്ടാണ്.
40 വർഷത്തെ ഒളിച്ചോടിക്കൽ
അംസ ഹാതെൽ എന്ന സൗദി വനിത ജൂൺ 24ന് വേണ്ടി കാത്തിരുന്നില്ല. അൽബാഹയിലെ ഇൗ അറുപതുകാരി സൗദിയിൽ 40 വർഷമായി വണ്ടിയോടിക്കുന്നുണ്ടായിരുന്നു. അനിവാര്യമായ സാഹചര്യം അവരെ വാഹനമോടിക്കാൻ നിർബന്ധിതയാക്കുകയായിരുന്നു. വിലക്കുകൾ ലംഘിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല. സാഹചര്യങ്ങളുടെ സമ്മർദം അംസയെ വളയം പിടിക്കാൻ നിർബന്ധിതയാക്കി. ‘‘പിതാവ് വളരെ നേരത്തേ മരിച്ചുപോയി. രോഗിയായ ഉമ്മയെ സ്ഥിരമായി ആശുപത്രിയിൽ കൊണ്ടുപോകേണ്ടിയിരുന്നു. അത് കാരണമാണ് വാഹനമെടുത്ത് ഒാടിക്കാൻ തുടങ്ങിയത്. കാറിൽ ഉമ്മയെയുമായി ട്രാഫിക് പൊലീസിെൻറ കണ്ണിൽപെടാതെ വണ്ടിയോടിക്കും.അമ്മാവൻ കാറോടിക്കുന്നത് കണ്ടാണ് ഡ്രൈവിങ് പഠിച്ചത്. ആരും പരിശീലിപ്പിക്കാതെ തന്നെ ഡ്രൈവിങ് പഠിച്ചു.
തെൻറ ഗ്രാമത്തിൽ യാത്രാവഴികൾ ദുഷ്കരമായിരുന്നു. പ്രേത്യകിച്ച് പൊലീസ് കാണാതിരിക്കാൻ ടാറിങ് ഇല്ലാത്ത വഴികളിലൂടെ വണ്ടിയോടിക്കും. നാട്ടുകാരാരും തന്നെ എതിർത്തില്ല. കല്യാണം കഴിക്കാൻ പോവുന്നയാളോട് ആദ്യം സമ്മതം വാങ്ങി, വിവാഹത്തിനുശേഷവും താൻ കാറോടിക്കുമെന്ന്. അദ്ദേഹം സമ്മതിച്ചു. പിന്നീട് തന്നെ ഉപേക്ഷിച്ച് ഭർത്താവ് റിയാദിലേക്ക് പോയി. ഇതോടെ എല്ലാ കാര്യങ്ങളിലും സ്വയംപര്യാപ്തയാവാൻ നിർബന്ധിതയായി. കൂടുതൽ ഉത്തരവാദിത്തങ്ങളായി. നാൽപതു വർഷമായി കരുതലോടെ വാഹനമോടിക്കുന്നു. ഇതുവരെ ഒരു അപകടവും വരുത്തിയിട്ടില്ല’’ -അംസ അഭിമാനത്തോടെ പറയുന്നു. അൽബാഹ മേഖലയിൽ ഡ്രൈവിങ് ലൈസൻസ് ലഭിച്ച ആദ്യ വനിത കൂടിയാണ് അംസ ഹാതെൽ. രാജ്യത്തെ മറ്റു വനിതകൾക്കും ഇനി ധൈര്യമായി അനുമതിയോടുകൂടി തന്നെ വാഹനമോടിക്കാവുന്ന ദിനം വന്നണഞ്ഞതിൽ അതിരറ്റ സന്തോഷത്തിലാണ് ഇൗ വനിത.
മാറ്റത്തോടൊപ്പം മലയാളി മങ്കമാരും
സൗദിയിലെ മാറ്റത്തിന് വേണ്ടി പ്രവാസി മലയാളി സമൂഹവും കാത്തിരിക്കുകയായിരുന്നു. ജോലിക്ക് പോകുന്ന പ്രവാസി വനിതകൾ ഏറെയുണ്ടിവിടെ. എണ്ണയുടെ നാടായതിനാൽ വാഹനം സ്വന്തമായുള്ളവർക്ക് യാത്ര ചെയ്യാൻ ചെലവ് കുറവാണ്. (ട്രാഫിക് പിഴ കിട്ടാതെ നോക്കണം.) സൗദിയിൽ ഡ്രൈവിങ് ലൈസൻസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതി അവകാശപ്പെടുന്നത് പത്തനം തിട്ടക്കാരി സാറാമ്മ തോമസാണ്.
ജുബൈൽ കിങ് അബ്ദുൽഅസീസ് നേവൽ ബേസ് മിലിറ്ററി ഹോസ്പിറ്റലിൽ നഴ്സാണിവർ. കുമ്പഴ പുതുപ്പറമ്പിൽ മേലേതിൽ മാത്യു പി. തോമസിെൻറ ഭാര്യ. ഡ്രൈവിങ് വിലക്ക് നീക്കി സൽമാൻ രാജാവിെൻറ വിജ്ഞാപനം വന്നത് മുതൽ സാറാമ്മ കാത്തിരിക്കുകയായിരുന്നു. നാട്ടിൽ ഇവർക്ക് ലൈസൻസുള്ളതിനാൽ അത് പ്രകാരം ഇവിടെ അപേക്ഷിക്കാനുള്ള അവസരമുണ്ട്. നോട്ടീസ് വന്ന ഉടൻ ലൈസൻസ് കിട്ടാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി. ടെസ്റ്റുകളെല്ലാം ആദ്യഘട്ടം തന്നെ പാസായി. പത്ത് വർഷത്തേക്കുള്ള ലൈസൻസ് കാർഡ് സ്വന്തമാക്കി. ജൂൺ 24 ന് തന്നെ സാറാമ്മയും സവാരി തുടങ്ങി.
തിരുവനന്തപുരം മുളവന സ്വദേശിനി ഡോ. ഇന്ദുവിെൻറ സൗദിയിലെ ആദ്യ ഡ്രൈവിങ് മക്കയിൽ നിന്ന് ജിദ്ദയിലേക്കായിരുന്നു. ലൈസൻസിന് അപേക്ഷിച്ചപ്പോൾ മക്കയിലാണ് ടെസ്റ്റ് ലഭിച്ചത്. 20 വർഷമായി ഇന്ത്യൻ ഡ്രൈവിങ് ലൈസൻസുള്ള ഇന്ദു ആദ്യ ടെസ്റ്റിൽ തന്നെ പാസായി. ഉടനെ തന്നെ ലൈസൻസ് ലഭിച്ചു. ഭർത്താവ് പെരിന്തൽമണ്ണ സ്വദേശി നൗഷാദിനൊപ്പമാണ് ടെസ്റ്റിന് പോയത്. തിരിച്ച് വരുേമ്പാൾ ഡോ. ഇന്ദു ഡ്രൈവറായി. ജിദ്ദ നാഷനൽ ആശുപത്രിയിൽ ഇേൻറണൽ മെഡിസിൻ വിഭാഗം മേധാവിയാണ് ഡോ. ഇന്ദു. 13 വർഷമായി ജിദ്ദയിൽ ജോലിചെയ്യുന്നു. സൗദിയുടെ പടിഞ്ഞാറൻ മേഖലയിൽ ആദ്യ ഡ്രൈവിങ് ലൈസൻസ് ലഭിച്ച മലയാളി വനിത ഇവരാണ്. ഭർത്താവ് നൗഷാദ് ജിദ്ദയിൽ ബിസിനസ് നടത്തുകയാണ്.
അവർക്ക് ആഹ്ലാദം, ഇവിടെ നെഞ്ചിടിപ്പ്
വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിച്ച് രാജവിജ്ഞാപനം വന്നതുമുതൽ കേരളക്കരയിലെ പല കുടുംബങ്ങളിലും നെഞ്ചിടിപ്പുണ്ടായി. ഹൗസ് ഡ്രൈവർ വിസയിൽ സൗദിയിൽ ജോലിചെയ്യുന്ന പതിനായിരക്കണക്കിനാളുകളുടെ നാടാണ് കേരളം. സൗദിയിൽ പലതരം തൊഴിൽ പ്രതിസന്ധികൾ ഉണ്ടായപ്പോഴും ഹൗസ് ഡ്രൈവർ തൊഴിൽ മേഖലയിൽ വലിയ അലോസരങ്ങളുണ്ടായില്ല. വനിതകൾക്ക് വാഹനമോടിക്കാൻ അനുമതിയില്ല എന്ന കാരണം തന്നെയാണ് സൗദിയിൽ ഇത്രമാത്രം തൊഴിലവസരം ഉണ്ടാക്കിയത്. സ്ത്രീകൾ വണ്ടിയോടിക്കാൻ തുടങ്ങിയാൽ പിന്നെ ആ തൊഴിലവസരം നഷ്ടപ്പെടുമെന്ന ആശങ്ക അസ്ഥാനത്തല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.